ഏമ്പക്കം
അന്‍സിഫ് ഏലംകുളം
പൊട്ടിയ ഓടിന്റെ
വിടവിലൊപ്പിച്ച എക്‌സറേയില്‍
അച്ഛന്റെ വാരിയെല്ലു പൊട്ടിയത്
പതുങ്ങിയിരിപ്പുണ്ട്
മരണത്തലേന്ന്
പുരട്ടിയുഴിഞ്ഞ തൈലത്തിന്റെ
അസഹ്യമായ ഗന്ധം
മുറി തുറന്നിറങ്ങിയിട്ടേയില്ല
മുറുക്കിത്തുപ്പിയതിന്റെ
ചോപ്പ് മുറ്റം കവിഞ്ഞ്
കണ്ണിലും കയറി
കലങ്ങി മറിയുന്നു
പൊട്ടാറായ
ചെരിപ്പിന്‍ വാറുകള്‍
വിണ്ടകാലുകളോടെ തൊഴുത്തിലും
പറമ്പിലും നടക്കാനിറങ്ങുന്നു
പൊറുതിമുട്ടിയ
ചായപ്പീടിക വെളുപ്പാന്‍ കാലത്ത്
അച്ഛനെ തിരഞ്ഞ് ചൂടുകട്ടനുമായി
ഉമ്മറപ്പടിയിലെത്തുമ്പോള്‍
ഞാനെന്ത് പറയും?