30 Monday
June 2025
2025 June 30
1447 Mouharrem 4

എളുപ്പമൊന്നും അടങ്ങില്ല പാലായില്‍നിന്ന് പുറപ്പെട്ട വിഷപ്പുക

എ പി അന്‍ഷിദ്‌


പാലായിലെ പുകയടങ്ങുന്നില്ല. നീറിക്കത്തിയും പുകഞ്ഞും കേരളത്തിന്റെ സാംസ്‌കാരിക, രാഷ്ട്രീയ അന്തരീക്ഷത്തെയാകെ അത് ദിവസം തോറും കൂടുതല്‍ കൂടുതല്‍ മൂടിക്കെട്ടുകയാണ്. പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്ന ക്രൈസ്തവ സഭകളും അവരുടെ പ്രസിദ്ധീകരണങ്ങളും അതിനെ രാഷ്ട്രീയ ആയുധമാക്കാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുന്ന ബി ജെ പി അടക്കമുള്ള സംഘ്പരിവാര്‍ ശക്തികളും ചേരുമ്പോള്‍ മതേതര കേരളത്തിന്റെ മനസ്സില്‍ ഇത് ഏല്‍പ്പിക്കാന്‍ ഇടയുള്ള മുറിവിന്റെ ആഴം പ്രവചിക്കുക അസാധ്യമായി മാറിയിരിക്കുന്നു. ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ അവതരിപ്പിക്കുന്നതിനായി സി പി എം നേതൃത്വം തയ്യാറാക്കി നല്‍കിയ പ്രസംഗക്കുറിപ്പിലെ ന്യൂനപക്ഷ വര്‍ഗീയതാ പരാമര്‍ശം പാലാ ബിഷപ്പിന്റെ പരാമര്‍ശവുമായി ചേര്‍ത്തുവായിക്കുമ്പോള്‍ എരിതീയില്‍ എണ്ണയൊഴിച്ച പ്രതീതിയാണ്.
അപക്വമായ കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇടപെടലുകള്‍ സൂചികൊണ്ട് എടുക്കാമായിരുന്ന ഒരു മുള്ളിനെ തൂമ്പ കൊണ്ടുപോലും എടുക്കാന്‍ കഴിയാത്ത പരുവത്തിലേക്ക് മാറ്റിക്കഴിഞ്ഞിരിക്കുന്നു. ആത്യന്തികമായി ഇതിന്റെ എല്ലാ നഷ്ടങ്ങളും പേറേണ്ടിവരുന്നത് കേരളത്തിലെ പൊതുസമൂഹവും പതിറ്റാണ്ടുകളായി മുറിവേല്‍ക്കാതെ, നോവിക്കാതെ പരസ്പര സഹവര്‍ത്തിത്തത്തോടെ അവര്‍ കൊണ്ടുനടന്ന മതേതര മനസ്സിനേയുമാകുമെന്നതില്‍ തര്‍ക്കമില്ല.
സപ്തംബര്‍ ഒമ്പതിനാണ് കുറവിലങ്ങാട് മാര്‍ത്തമറിയം ദേവാലയത്തില്‍ നടത്തിയ പ്രഭാഷണത്തില്‍ അതുവരെ കേരളത്തിന് അപരിചതമായിരുന്ന നാര്‍ക്കോട്ടിക് ജിഹാദ് എന്ന പരാമര്‍ശം പാലാ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് കുറവിലങ്ങാട്് തൊടുത്തു വിട്ടത്. വിസ്‌ഫോടനാത്മകമായ ഒരു സാഹചര്യം സൃഷ്ടിക്കാന്‍ പോന്നതായിരുന്നു അതെന്ന് ഒരുപക്ഷേ അത്തരമൊരു പ്രയോഗം നടത്തുമ്പോള്‍ ബിഷപ്പ് കരുതിക്കാണണമെന്നില്ല. വാവിട്ട വാക്കും കൈവിട്ട ആയുധവും എവിടെ ചെന്ന് കൊള്ളുമെന്ന് പറയാനാവില്ലെന്ന പഴമൊഴി യാഥാര്‍ഥ്യമാവുകയാണ് ഇവിടെ. സമാനമായ രീതിയില്‍ തന്നെയാണ് നേരത്തെ ലൗജിഹാദ് പ്രയോഗം ക്രൈസ്തവ മത മേലധ്യക്ഷന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടായതും.
സാമൂഹിക യാഥാര്‍ഥ്യങ്ങളായ ചില കാര്യങ്ങളെ ജിഹാദുമായി ചേര്‍ത്തുവെക്കുന്നിടത്താണ് പ്രശ്‌നം. അത് നൂറുശതമാനം ദുരുദ്ദേശ്യപരമാണ്. പ്രണയം എന്നത് യാഥാര്‍ഥ്യമാണ്. ഏതു സമൂഹത്തിലും എല്ലാ കാലത്തും തുടര്‍ന്നു പോന്നിട്ടുള്ളതുമാണ്. മനുഷ്യ മനസ്സുകള്‍ പരസ്പരം ഇഷ്ടപ്പെടുക എന്നത് സ്വാഭാവികമായ പ്രകൃതി പ്രതിഭാസമാണ്. മതവിശ്വാസികളെ സംബന്ധിച്ചിടത്തോളം അതിന് അവരുടേതായ വിധിവിലക്കുകള്‍ ഉണ്ടാവാം. അത് പാലിക്കപ്പെടുന്നതും പാലിക്കപ്പെടാതിരിക്കുന്നതും വ്യക്തിനിഷ്ടമായ കാര്യമാണ്. ഇന്ത്യ പോലുള്ള, വ്യക്തിസ്വാതന്ത്ര്യത്തെ പരമകാഷ്ടയില്‍ പ്രതിഷ്ഠിച്ചിട്ടുള്ള ബഹുസ്വര മതേതര രാജ്യത്ത് ഇരുമ്പുദണ്ഡുപയോഗിച്ച് അതിനെ നേരിടാനോ ചെറുക്കാനോ കഴിയില്ല. മാത്രമല്ല, ഇതിനെ ഏതെങ്കിലും ഒരു മതത്തിന്റെ മാത്രം ലാഭനഷ്ടക്കണക്കായി കൂട്ടിക്കിഴിക്കാനേ പാടില്ല. മതപരമായ ധാര്‍മികതയുടെ മാത്രം വിഷയമാണത്. അതിനെ ആ നിലയില്‍ തന്നെ കാണുകയും ബോധവത്കരണത്തിലൂടെ നിയന്ത്രിക്കാന്‍ ശ്രമിക്കുകയും മാത്രമാണ് പോംവഴി.
ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ആരാധനാ കര്‍മങ്ങള്‍ നിര്‍വഹിക്കാനും ഭരണഘടനാദത്തമായി മൗലികാവകാശം കല്‍പ്പിച്ചു നല്‍കിയിട്ടുള്ള ഒരു സമൂഹമാണ് ഇന്ത്യയിലേത്. മതപരിവര്‍ത്തനം തടയല്‍ നിയമം പോലുള്ളവ ചോദ്യം ചെയ്യപ്പെടുന്നതും ഈ പശ്ചാത്തലത്തിലാണ്. എല്ലാ മതങ്ങളിലും പെട്ടവര്‍ ഇതരമതക്കാരെ പ്രണയിക്കുന്നുണ്ട്. അവരില്‍ ഒരു വിഭാഗം വിവാഹ ബന്ധത്തില്‍ ഏര്‍പ്പെട്ട് മതംമാറിയോ അല്ലാതെയോ ജീവിതം നയിക്കുന്നവരുമുണ്ട്. അതിനെ മറ്റൊരു മതത്തിന്റെ ഭാഗത്തു നിന്നുള്ള ആസൂത്രിതമായ അതിക്രമമായി ചിത്രീകരിക്കുന്നിടത്തു നിന്നാണ് ലൗജിഹാദ് പോലുള്ള പ്രയോഗങ്ങള്‍ മുള പൊട്ടുന്നത്. ഇത്തരം പ്രയോഗങ്ങള്‍ സമൂഹത്തിലേക്ക് തൊടുത്തു വരുന്നവരുടെ ഉദ്ദേശ്യ ശുദ്ധിയെയാണ് ആദ്യം പരിശോധനക്ക് വിധേയമാക്കേണ്ടത്.
ഇതിന് സമാനം തന്നെയാണ് ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള നാര്‍ക്കോട്ടിക് ജിഹാദ് ആരോപണവും. സമൂഹത്തെ മഹാവ്യാധി പോലെ പിടികൂടിക്കൊണ്ടിരിക്കുന്ന ഒന്നാണ് ലഹരിയുടെ ഉപയോഗം. സിഗരറ്റിലും മദ്യത്തിലും ആനന്ദം കണ്ടെത്താമെന്ന് കരുതിയ ഒരു യുവത്വമുണ്ടായിരുന്നു. അത് വൃഥാവിചാരമാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും അവരില്‍ പലരുടേയും ജീവിതം തന്നെ പുകഞ്ഞു തീര്‍ന്നിരുന്നു. ഇന്ന് അതിനേക്കാള്‍ അപ്പുറത്താണ് കാര്യങ്ങള്‍. വിലകൂടിയ, വീര്യംകൂടിയ ലഹരി പദാര്‍ഥങ്ങളാണ് യുവത്വത്തെ ത്രസിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന നിശാപാര്‍ട്ടികള്‍ കേന്ദ്രീകരിച്ചാണ് ഇവയുടെ ഉപയോഗം വ്യാപകമായിട്ടുള്ളത്. ആവശ്യക്കാര്‍ക്ക് ഇത്തരം ‘മുന്തിയ’ ഇനങ്ങള്‍ എത്തിച്ചു നല്‍കുന്ന വലിയ ശൃംഖല തന്നെ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് സമീപ കാലങ്ങളില്‍ നടന്ന ലഹരിവേട്ടകള്‍ തെളിയിക്കുന്നത്. വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും അടക്കമുള്ള നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാണ് ഇവര്‍ ആവശ്യക്കാരെ കണ്ടെത്തുന്നതും വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതും. പെട്ടെന്ന് ദൃഷ്ടിയില്‍ പെടാതിരിക്കാനുള്ള ചില കോഡ് നെയിമുകളിലാണ് ഇത്തരം ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിട്ടുള്ളത്.
സാംസ്‌കാരിക കേരളം നേരിടുന്ന വലിയ അപചയവും സാമൂഹ്യ വിപത്തുമാണിത്. എല്ലാ മതങ്ങളിലും പെട്ടവര്‍ ഇത്തരം സംഘങ്ങളിലുണ്ട്. മതപരമായ വിലാസം നോക്കിയല്ല അതില്‍ ആളെ ചേര്‍ക്കുന്നതും ആവശ്യക്കാരനെ നിശ്ചയിക്കുന്നതും. എല്ലാവരും ഒരു മെയ്യും മനസ്സുമായി എതിര്‍ക്കേണ്ട ഈ വിപത്തിനെ ജിഹാദുമായി ചേര്‍ത്തുവച്ച് മതങ്ങള്‍ തമ്മിലുള്ള പോരിന് വിളനിലമൊരുക്കുന്നവര്‍ ചെയ്യുന്ന പാപം മാപ്പര്‍ഹിക്കാത്തതാണ്. ആ നിലക്ക് പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ രണ്ട് അടിസ്ഥാനത്തിലേ വായിച്ചെടുക്കാന്‍ കഴിയൂ. ഒന്നുകില്‍ മുന്‍നിശ്ചയപ്രകാരമല്ലാതെ പ്രസംഗത്തിനിടെ വന്നുപോയ അപക്വമായ വാക്കുകള്‍. രണ്ടാമത്തേത് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ പ്രക്ഷുബ്ധമാക്കാന്‍ ലക്ഷ്യമിട്ടുള്ള ബോധപൂര്‍വമായ നുണപ്രചാരണം.
അപക്വമെന്ന് കരുതിയാല്‍ പോലും ക്രൈസ്തവ സഭകളും ഇതര രൂപതകളും മതമേലധ്യക്ഷന്‍മാരും ഈ വിഷയത്തില്‍ പിന്നീട് കൈക്കൊണ്ട നിലപാടുകളെ യാദൃച്ഛികമെന്ന് കരുതാനാവില്ല. വീണിടത്തു കിടന്ന് ഉരുളാന്‍ ശ്രമിച്ചതാണെങ്കില്‍ പോലും തിരുത്താന്‍ കഴിയുമായിരുന്ന ഒരു തെറ്റിനെ കൂടുതല്‍ കൂടുതല്‍ വലിയ തെറ്റിലേക്ക് കൊണ്ടെത്തിക്കുകയാണ് അവര്‍ ചെയ്തത്. ബിഷപ്പിന്റെ പ്രയോഗത്തെ ആദ്യം ഏറ്റെടുത്തതും അരമനയിലേക്ക് ഓടിയെത്തിയതും ആര്‍ എസ് എസ് നേതാവ് വത്സന്‍ തില്ലങ്കേരി അടക്കമുള്ളവരായിരുന്നു എന്നത് ദുരൂഹത വര്‍ധിപ്പിക്കുന്നുണ്ട്. ദീപിക അടക്കമുള്ള സഭാ മുഖപ്രസിദ്ധീകരണങ്ങള്‍ തൊടുത്തുവിടുന്ന ലേഖനങ്ങളും വാര്‍ത്തകളും തീയണക്കാനുള്ള എല്ലാ ശ്രമങ്ങളേയും വിഫലമാക്കുന്നതാണ്.
അതിനേക്കാള്‍ അപ്പുറത്താണ് പാര്‍ട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് സി പി എം കീഴ്ഘടകങ്ങള്‍ക്ക് വിതരണം ചെയ്ത പ്രസംഗക്കുറിപ്പ്. ന്യൂനപക്ഷ വര്‍ഗീയത എന്ന ഉപതലക്കെട്ടില്‍ കുറിപ്പില്‍ ചേര്‍ത്തിരിക്കുന്ന കാര്യങ്ങള്‍ പാലാ ബിഷപ്പ് ഉന്നയിച്ച ആരോപണത്തോട് സാമ്യം നില്‍ക്കുന്നത് തന്നെയാണ്. കാമ്പസുകള്‍ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് അടുപ്പിക്കാന്‍ പ്രത്യേക സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കരുതിയിരിക്കണെന്നുമാണ് കുറിപ്പില്‍ സി പി എം പറയുന്നത്. കാമ്പസുകളെ ജമാഅത്തെ ഇസ്‌ലാമി മുസ്‌ലിം രാഷ്ട്രസ്ഥാപനത്തിനുള്ള പ്രചാരണ കേന്ദ്രമാക്കുന്നുവെന്നും മുസ്‌ലിം പൊതുസമൂഹം തള്ളിക്കളഞ്ഞിട്ടുള്ള താലിബാന്‍ മോഡലിനു പോലും അനുകൂലിച്ച് ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നുവെന്നത് കരുതലോടെ കാണണമെന്നുമാണ് കുറിപ്പില്‍ പറയുന്നത്.
പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് വായിക്കുമ്പോള്‍ മുസ്‌ലിം ന്യൂനപക്ഷങ്ങളെ ആശങ്കപ്പെടുത്തുന്നതാണ് സി പി എം നിലപാട്. നിലവിലെ സാഹചര്യത്തില്‍ ഏതു വിഷയത്തിലും സി പി എം കൈക്കൊള്ളുന്ന നിലപാട് കേവലം ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാഴ്ചപ്പാടിനപ്പുറം സംസ്ഥാന സര്‍ക്കാറിന്റെ തന്നെ ആ വിഷയത്തോടുള്ള സമീപനമായാണ് വായിക്കപ്പെടുക. സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണ് സി പി എം എന്നതു കൊണ്ടാണിത്. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പു നടത്തിയ രാഷ്ട്രീയ പ്രചാരണ ജാഥയിലാണ് ജാഥാനായകന്‍ കൂടിയായ സി പി എം സെക്രട്ടറി എ വിജയരാഘവന്‍ ന്യൂനപക്ഷ വര്‍ഗീയതയാണ് മറ്റെല്ലാ വര്‍ഗീയതയേക്കാളും അപകടകരമെന്ന് പറഞ്ഞത്. അതിന്റെ തുടര്‍ച്ചയായി ഇത്തരം നിലപാടുകള്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്ക് ആ പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. മാത്രമല്ല, മുസ്‌ലിം ന്യൂനപക്ഷങ്ങളില്‍ അത് കൂടുതല്‍ അരക്ഷിതബോധം വളര്‍ത്തുകയും സാമൂഹിക അന്തരീക്ഷം കൂടുതല്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.
തല്ലു കൊണ്ടവനേക്കാള്‍ കൂടുതല്‍ തല്ലിയവനെ ആശ്വസിപ്പിക്കാനാണ് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം ഇപ്പോള്‍ വെമ്പല്‍ കൊള്ളുന്നത്. പാലാ ബിഷപ്പിന്റെ അരമനയിലേക്ക് പ്രവേശനത്തിന് ഊഴം കാത്തുനില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ നിര കാണുമ്പോള്‍ ഇന്നാട്ടിലെ മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ പാലാ ബിഷപ്പിനോട് എന്തോ മഹാപരാധം പ്രവര്‍ത്തിച്ചതു പോലെയാണ് തോന്നുന്നത്.
നാലു വോട്ടിനു വേണ്ടിയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഈ തരംതാഴല്‍ അപഹാസ്യമായ ഒന്നാണ്. പാലാ ബിഷപ്പിനെ കാണാനെത്തുന്ന ബി ജെ പി – ആര്‍ എസ് എസ് നേതാക്കളുടെ പട്ടിക രണ്ടക്കത്തിലും നില്‍ക്കാത്ത മട്ടാണ്. നടനും എം പിയുമായ സുരേഷ് ഗോപിയും ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനും അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇത്തരം അവസരങ്ങള്‍ മുതലെടുക്കാനുള്ള സംഘ്പരിവാറിന്റെ രാഷ്ട്രീയ താല്‍പര്യത്തെ നമുക്ക് തിരിച്ചറിയാന്‍ കഴിയും. അതുകൊണ്ടുതന്നെ അരമനയിലേക്കുള്ള സംഘ്പരിവാരത്തിന്റെ ഇടിച്ചുകയറല്‍ ആരെയും ആശ്ചര്യപ്പെടുത്തുന്നുമില്ല.
മെത്രാന്മാരെ പിണക്കാന്‍ ഭയപ്പെടുന്ന പി സി ജോര്‍ജിന്റെയും ജോസ് കെ മാണിയുടേയും പി ജെ ജോസഫിന്റേയുമെല്ലാം രാഷ്ട്രീയവും നമുക്ക് തിരിച്ചറിയാന്‍ കഴിയും. അവര്‍ക്കത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. ബിഷപ്പിന്റെ നിലപാടിനോട് യോജിപ്പില്ലെങ്കിലും കൂടെ നിന്നേ തീരൂ. അതേസമയം മതേതര കക്ഷികളെന്ന് മേനി നടിക്കുന്ന സി പി എമ്മും കോണ്‍ഗ്രസുമെല്ലാം സ്വീകരിക്കുന്ന നിലപാടാണ് ആശ്ചര്യപ്പെടുത്തുന്നത്. പാലാ ബിഷപ്പിന്റെ പ്രസ്താവനയെ രഹസ്യമായും പരസ്യമായും പിന്തുണക്കുന്നവരില്‍ മുന്‍പന്തിയില്‍ സി പി എം തന്നെയാണ്. സഹകരണ മന്ത്രി വി എന്‍ വാസവന്‍ അടക്കമുള്ളവര്‍ ഇതിനകം തന്നെ ബിഷപ്പ് ഹൗസില്‍ നേരിട്ടെത്തി പിന്തുണ അറിയിച്ചതായാണ് വിവരം. ബിഷപ്പുമായുള്ള കൂടിക്കാഴ്ചക്കു ശേഷം വാസവന്‍ നടത്തിയ പ്രസ്താവന കാര്യങ്ങളെ കൂടുതല്‍ വഷളാക്കുന്നതാണ്. ബിഷപ്പ് പണ്ഡിതനാണെന്നും അദ്ദേഹത്തെ എതിര്‍ക്കുന്നവര്‍ തീവ്രവാദികളാണെന്നുമായിരുന്നു വാസവന്റെ പ്രതികരണം.
പാര്‍ട്ടി പ്രതിനിധിയായല്ല, വ്യക്തിപരമായാണ് ബിഷപ്പിനെ കാണാനെത്തിയതെന്ന് വാസവന്‍ അവകാശപ്പെടുമ്പോഴും സി പി എമ്മിന്റെ ഇക്കാര്യത്തിലുള്ള നിലപാട് തന്നെയാണ് വാസവനിലൂടെ പുറത്തു വരുന്നത്. എ വിജയരാഘവന്‍ അടക്കമുള്ളവര്‍ ഈ വിഷയത്തില്‍ നേരത്തേയും ഇപ്പോഴും സ്വീകരിച്ച നിലപാടുകള്‍ ഇത് സാക്ഷ്യപ്പെടുത്തും.
കെ പി സി സി പ്രസിഡണ്ട് കെ സുധാകരനും കഴിഞ്ഞ ദിവസം അരമനയിലെത്തിയിരുന്നു. ബിഷപ്പിന്റെ പരാമര്‍ശത്തെക്കുറിച്ച് തൊടാതെയായിരുന്നു കൂടിക്കാഴ്ചക്കു ശേഷമുള്ള സുധാകരന്റെ പ്രതികരണങ്ങള്‍. വി ഡി സതീശന്‍ അടക്കമുള്ള ചുരുക്കം ചില നേതാക്കളാണ് തെല്ലെങ്കിലും കാര്യങ്ങളെ അതിന്റെ അര്‍ഥത്തില്‍ ഉള്‍ക്കൊള്ളുന്നത് എന്നാണ് സമീപ ദിവസങ്ങളിലെ രാഷ്ട്രീയ കേരളത്തിന്റെ പ്രതികരണങ്ങളില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നത്. അതുതന്നെ നിലപാടുകള്‍ തുറന്നു പറയാന്‍ ആരെയോ ഭയപ്പെടുന്നതു പോലെയാണ് ഇവരുടെ പ്രതികരണം. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാനും തിരുത്തല്‍ നിര്‍ദേശിക്കാനുമുള്ള ആര്‍ജവം കേരളത്തിലെ രാഷ്ട്രീയ നേതൃത്വത്തിന് നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് വേണം ഇതില്‍ നിന്ന് കരുതാന്‍. സമ്മര്‍ദ്ദ കേന്ദ്രങ്ങള്‍ക്ക് പൂര്‍ണമായും അടിമപ്പെട്ടുപോകുന്ന ഈ അവസ്ഥ രാഷ്ട്രീയ ദൈന്യതയാണ്. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തെ കൂടുതല്‍ അപത്തുകളിലേക്കാണ് ഇത് നയിക്കുക.
ലൗജിഹാദ് പരാമര്‍ശം ആദ്യം ഉയര്‍ന്നുവന്നതും ക്രൈസ്തവ സഭകളുടെ ഭാഗത്തു നിന്നായിരുന്നു. എന്നാല്‍ അതിനെ ഏറ്റവും കൂടുതല്‍ മുതലെടുപ്പിന് ഉപയോഗിച്ചത് സംഘ്പരിവാര്‍ കേന്ദ്രങ്ങളായിരുന്നു. രാജ്യത്തെ ഏതാണ്ടെല്ലാ പ്രമുഖ അന്വേഷണ ഏജന്‍സികളും വിശദമായ പിരശോധകള്‍ നടത്തി അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് കണ്ടെത്തിയ ഒന്നാണ് ലൗജിഹാദ്. രാജ്യത്തെ പരമോന്നത നീതിപീഠം തന്നെ ഇക്കാര്യം അടിവരയിട്ട് ഒന്നിലധികം തവണ പറഞ്ഞിട്ടുണ്ട്. എന്നിട്ടും ലൗജിഹാദ് ഉണ്ടെന്ന് ആവര്‍ത്തിക്കാനാണ് കേരളത്തിലെ ക്രൈസ്തവ സമൂഹം ശ്രമിക്കുന്നത്. ആരോപണത്തിന് കുടപിടിക്കുന്നതാവട്ടെ സംഘ് പരിവാരവും. ഇതിനു പിന്നാലെയാണ് നാര്‍ക്കോട്ടിക് ജിഹാദിലൂടെ ക്രൈസ്തവ സഭകള്‍ സംഘ്പരിവാരത്തിന് ആയുധം പണിഞ്ഞു കൊടുക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ കേരളത്തിലുണ്ടായ മതപരിവര്‍ത്തനങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒരു കാര്യം ബോധ്യമാകും. ഇതര മതങ്ങളില്‍ നിന്ന് അനിയന്ത്രിതമായതോ ഏകപക്ഷീയമായതോ ആയ ഒഴുക്കൊന്നും ഇസ്‌ലാം മതത്തിലേക്ക് ഉണ്ടായിട്ടില്ല എന്നതാണത്. പ്രത്യേകിച്ച് ക്രൈസ്തവ മതത്തില്‍ നിന്ന്. ക്രിസ്തു മതത്തി ല്‍നിന്ന് 209 പേര്‍ ഹിന്ദു മതത്തിലേക്ക് പോയപ്പോള്‍ ഇസ്‌ലാമിലേക്ക് എത്തിയത് കേവലം 33 പേര്‍ മാത്രമാണ്. ഹിന്ദുമതത്തി ല്‍നിന്ന് ക്രിസ്ത്യന്‍ മത്തിലേക്ക് 111 പേര്‍ എത്തിയപ്പോള്‍ മുസ്‌ലിമായത് അത്ര തന്നെ ആളുകള്‍. മുസ്്‌ലിം മതത്തില്‍നിന്ന് ഹിന്ദു മതത്തിലേക്ക് 32 പേര്‍ എത്തിയപ്പോള്‍ എട്ടു പേര്‍ ക്രൈസ്തവ മതത്തില്‍ ചേര്‍ന്നു.
പാലാ ബിഷപ്പ് പറഞ്ഞതു പോലെ പ്രണയത്തിന്റെയോ ലഹരിയുടേയോ മാര്‍ഗത്തില്‍ ഇസ്‌ലാം മതത്തില്‍ ആളെക്കൂട്ടാന്‍ ജിഹാദ് നടക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരം ഈ കണക്കുകളില്‍ കാണേണ്ടതായിരുന്നു. അതായത് അങ്ങനെ ഒന്നില്ല എന്ന് ചുരുക്കം. എന്നിട്ടും പറഞ്ഞ നുണ തന്നെ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് നുണകളേയും അര്‍ധ നുണകളേയും സത്യമെന്ന് വിശ്വസിപ്പിക്കുന്ന ഗീബല്‍സിയന്‍ തന്ത്രം പയറ്റുന്നത് ആര്‍ക്കു വേണ്ടിയാണെന്ന് കൂടി ഇക്കൂട്ടര്‍ വെളിപ്പെടുത്തണം.
രാജ്യത്തെ വലിയൊരു വിഭാഗം വരുന്ന സാധാരണ ക്രൈസ്തവ മതവിശ്വാസികള്‍ ബിഷപ്പുമാരുടേയും പാതിരിമാരുടേയും വാക്കുകള്‍ വിശ്വസിച്ച് മുസ്‌ലിം വിശ്വാസികള്‍ക്കെതിരെ തിരിയുന്ന സാഹചര്യമുണ്ടായാല്‍ അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കും എന്ന് ഇക്കൂട്ടര്‍ ആലോചിച്ചിട്ടുണ്ടോ? സ്വയം പ്രതിരോധത്തിനെന്ന ന്യായം നിരത്തി മറുപക്ഷത്തും വര്‍ഗീയത വളര്‍ത്താന്‍ മാത്രമല്ലേ ഇത്തരം നുണപ്രചാരണങ്ങള്‍ വഴിയൊരുക്കൂ. മേല്‍ പറഞ്ഞ കണക്കുകള്‍ പ്രകാരം ക്രിസ്ത്യാനികള്‍ ഏറ്റവും കൂടുതല്‍ പോയത് ഹിന്ദു മതത്തിലേക്കാണ്. ഈ യാഥാര്‍ഥ്യം മുന്നില്‍വച്ചുകൊണ്ടാണ് സംഘ് പരിവാറിന്റെ കരങ്ങളിലേക്ക് നര്‍ക്കോട്ടിക് ജിഹാദെന്ന ആയുധം വച്ചുകൊടുക്കുന്നത്. അതിന് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം കൂടി വളം വെച്ചുകൊടുക്കുന്നു എന്നതാണ് ഏറ്റവും പരിതാപകരം.

Back to Top