എള്ളും കുറുഞ്ചാത്തനും
സത്താര്‍ കിണാശ്ശേരി
എള്ള് വെയിലത്തിട്ട് ഉണക്കിയാല്‍ ആട്ടി എണ്ണ എടുക്കാം. എന്നാല്‍ കുറുഞ്ചാത്തന്‍ വെയില്‍ കൊള്ളുന്നതെന്തിനാണെന്ന് മനസ്സിലാകുന്നില്ല എന്ന് മുമ്പുള്ളവര്‍ പറയാറുണ്ട്. അതുപോലെ ദൈവവിശ്വാസികളായ ആളുകള്‍ സല്‍ക്കര്‍മങ്ങള്‍ ചെയ്യുന്നത് ഭൗതികലോകത്തും പാരത്രിക ലോകത്തും ദൈവത്തിങ്കല്‍ നിന്ന് പ്രതിഫലം ലഭിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ നിരീശ്വരവാദികള്‍ സല്‍ക്കര്‍മം ചെയ്യുന്നത് ആരില്‍നിന്ന് പ്രതിഫലം ലഭിക്കും എന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ല. ഞങ്ങള്‍ സല്‍ക്കര്‍മം ചെയ്യുന്നത് മനുഷ്യത്വത്തിന്റെ പേരിലാണ് എന്നാണ് അവര്‍ പറയുന്നത്.
ഈ മനുഷ്യത്വം എന്നത് നോക്കിയാല്‍ കാണുന്ന ഒരു വസ്തു അല്ല. അതൊരു അഭൗതിക ശക്തിയാണ്. അപ്പോള്‍ മനുഷ്യത്വം എന്ന് പറയുന്ന അഭൗതിക ശക്തിയില്‍ നിരീശ്വര വിശ്വാസികള്‍ വിശ്വസിക്കുന്നു. ഈശ്വര വിശ്വാസികളും അഭൗതിക ശക്തികളിലാണല്ലോ വിശ്വസിക്കുന്നത്. സ്‌നേഹം എന്ന് പറയുന്നത് നോക്കിയാല്‍ കാണുന്ന ഒരു വസ്തുവല്ല. പട്ടി പെറ്റ മക്കളെ മുലയൂട്ടി നക്കിത്തുടച്ച് പരിരക്ഷിക്കും.
മുട്ടയില്‍ നിന്ന് വിരിഞ്ഞ് പുറത്തുവന്ന കോഴിക്കുഞ്ഞുങ്ങളെ കോഴി ശത്രുക്കളില്‍ നിന്ന് പരിരക്ഷിക്കും. അതൊക്കെ പ്രകൃതിയുടെ വരദാനമാണെന്ന് നിരീശ്വരവാദികള്‍ പറയും. അപ്പറയുന്ന പ്രകൃതി ശക്തിയെ ആര്‍ക്കെങ്കിലും കാണാന്‍ കഴിയുമോ? അഭൗതിക ശക്തിയായ പ്രകൃതി ശക്തി മൂലം ഉല്‍ഭൂതമാകുന്ന അനന്തരഫലമായാണ് പട്ടി മക്കളെയും കോഴിക്കുഞ്ഞുങ്ങളെയും പരിരക്ഷിക്കുന്നത്. ഒരു നിരീശ്വര വിശ്വാസി, ആരും സഹായത്തിനില്ലാത്ത അവസ്ഥയില്‍ ഒരു മനുഷ്യന്‍ നരകയാതന അനുഭവിക്കുന്നത് കണ്ടാല്‍ ആ മനുഷ്യനെ അയാള്‍ സഹായിക്കുമോ? സഹായിക്കുന്നുവെങ്കില്‍ അയാളുടെ മനസ്സില്‍ അന്തര്‍ലീനമായ ഒരു വിശ്വാസമുണ്ട്. അത് തന്റെ കടമയാണെന്ന വിശ്വാസം. അത്തരം വിശ്വാസം മനസ്സില്‍ ഉടലെടുക്കുന്നുണ്ടെങ്കില്‍ അയാള്‍ അഭൗതിക ശക്തിയില്‍ വിശ്വസിക്കുന്നു എന്നുള്ളതാണ് അതിന്നര്‍ഥം.
ഞാന്‍ പുരോഗമനവാദിയാണെന്നും ദൈവവിശ്വാസി അല്ലെന്നും മറ്റും അവര്‍ പറയും. അത് ഒരുതരം കുളൂസ് പറച്ചിലാണ്. നിരീശ്വരവാദികളും യുക്തിവാദികളുമെല്ലാം അഭൗതിക ശക്തിയില്‍ വിശ്വസിക്കുന്നുണ്ട്. ആ അഭൗതിക ശക്തിക്ക് അവര്‍ പല പേരുകളും കൊടുക്കും. താനൊരു പുരോഗമന വാദിയാണെന്ന് മറ്റുള്ളവര്‍ ധരിക്കണം എന്നവര്‍ ആഗ്രഹിക്കുന്നു.