എല്ലാ ഹദീസുകളും വഹ്‌യാണോ?
അബ്ദുല്‍അലി മദനി
ഹദീസുകളില്‍ പെട്ട പ്രധാനമായ ഒരിനമാണ് ഖുദ്‌സിയ്യായ ഹദീസുകള്‍. നബി(സ) ഞാന്‍ അല്ലാഹുവില്‍ നിന്ന് കേട്ടു, നേരിട്ട് പഠിച്ചെടുത്തു, അറിഞ്ഞു എന്നീ ശൈലിയില്‍ ഉദ്ധരിക്കപ്പെട്ട ഹദീസുകളാണിവ. ഖുദ്‌സിയെന്ന് കേള്‍ക്കുമ്പോള്‍ അവയെല്ലാം മുതവാതിറാണെന്ന് കരുതാന്‍ പാടില്ല. വിരലിലെണ്ണാവുന്ന ഹദീസുകള്‍ മാത്രമേ ഖുദ്‌സിയായിട്ടുള്ളൂ. ഖുദ്‌സിയായ ഹദീസുകള്‍ എന്ന് അവയ്ക്ക് നാമകരണം ചെയ്തത് ഹദീസ് പണ്ഡിതന്മാരാണ്.
എന്നാല്‍ ഇതും ഖുര്‍ആനും തമ്മില്‍ വ്യത്യാസമുണ്ട്. ഖുര്‍ആനിന്റെ പദങ്ങളും ആശയങ്ങളും അല്ലാഹുവിന്റേതാണ്. ഖുദ്‌സിയായ ഹദീസുകള്‍ മറ്റു ഹദീസുകളെപ്പോലെ തന്നെ നബി(സ)യുടെ വാക്കുകളാണ്. ഖുര്‍ആന്‍ പാരായണം ചെയ്യുന്നത് പ്രതിഫലാര്‍ഹമായ ഒന്നാണ്. ഖുദ്‌സിയായ ഹദീസുകള്‍ ഓതപ്പെടുന്നവയല്ല. ഖുര്‍ആന്‍ മുഴുവനും മുതവാതിറാണ്. ഖുദ്‌സിയായ ഹദീസുകള്‍ അങ്ങനെയല്ല.
അബൂദര്‍റില്‍(റ) നിന്ന് മുസ്‌ലിം ഉദ്ധരിച്ച ‘എന്റെ അടിമകളെ ഞാന്‍ അക്രമം പ്രവര്‍ത്തിക്കല്‍ എന്റെ മേല്‍ നിഷിദ്ധമാക്കിയതു പോലെ നിങ്ങളും നിങ്ങള്‍ക്കിടയില്‍ അക്രമപ്രവര്‍ത്തനങ്ങളെ നിരോധിക്കണം’ എന്ന് അല്ലാഹു അറിയിച്ചുവെന്ന് അര്‍ഥം വരുന്ന ഹദീസ് ഖുദ്‌സിയായ ഹദീസിന് തെളിവാണ്.
ഹദീസുകള്‍ മുതവാതിര്‍, ഖബ്‌റുല്‍ വാഹിദ് എന്നീ ഇനങ്ങളിലായി വരുംപോലെ അവയെ മഖ്ബൂല്‍ (സ്വീകാര്യമായത്) മര്‍ദൂദ് (തള്ളപ്പെടേണ്ടത്) എന്നീ ഇനങ്ങളിലും വേര്‍തിരിക്കപ്പെടും. അഥവാ, ഹദീസുകളില്‍ ഒഴിച്ചുമാറ്റേണ്ടവയുമുണ്ടെന്ന് സാരം. എന്നാല്‍ ഖുര്‍ആനില്‍ മഖ്ബൂല്‍, മര്‍ദൂദ് എന്നീ ഇനങ്ങളില്ല. അതിലെ എല്ലാ ആയത്തുകളും മഖ്ബൂലും മുതവാതിറുമാണ്. ഹദീസുകളില്‍ അധികവും ഖബ്ര്‍ വാഹിദാണ്. അതിനാല്‍ തന്നെ മഖ്ബൂലും മര്‍ദൂദുമുണ്ടാകും. ഇതാണ് വ്യത്യാസം. നാം നേരത്തെ സൂചിപ്പിച്ച മാനദണ്ഡങ്ങള്‍ക്ക് വഴങ്ങാത്ത ഹദീസുകളില്‍ ഖുദ്‌സിയായവ ഉണ്ടായാലും സ്വീകരിക്കപ്പെടുകയില്ല.
സ്വീകാര്യമായ (മഖ്ബൂല്‍) ഹദീസുകളെ തന്നെ അവയുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ വീണ്ടും രണ്ട് വിധമായി മുഹദ്ദിസുകള്‍ തരം തിരിച്ചിട്ടുണ്ട്. സ്വഹീഹ്, ഹസന്‍ എന്നിവയാണവ. ഇവ രണ്ടും അവയുടെ പ്രത്യേകതകളിലെ ഏറ്റക്കുറവിനാല്‍ വീണ്ടും ഉപവിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്.
സ്വഹീഹ് എന്നാല്‍ ഹദീസുകളിലെ ഒന്നാംകിട ഹദീസുകളാണ്. ഹസന്‍ എന്നത് സ്വഹീഹിന്റെ അത്രതന്നെ ഉയര്‍ന്ന നിലയിലുള്ളവയല്ല. സ്വഹീഹ് ആകാനുള്ള നിബന്ധനകള്‍ ഹസനില്‍ ശക്തമായിക്കൊള്ളണമെന്നില്ല. എന്നാലും സ്വഹീഹും ഹസനും മഖ്ബൂലിന്റെ ഗണത്തിലാണ് ചേര്‍ക്കുക. നിദാനശാസ്ത്ര പണ്ഡിതന്മാര്‍ സ്വഹീഹിനെയും ഹസനിനെയും രണ്ട് വിഭാഗമാക്കിയിട്ടുണ്ട്. സ്വഹീഹ് ലി ദാത്തിഹി, സ്വഹീഹ് ലി ഗയ്‌രിഹി, ഹസന്‍ ലി ദാത്തിഹി, ഹസന്‍ ലി ഗയ്‌രിഹി എന്നിവയാണത്.
ഇതില്‍ ലിദാത്തിഹി എന്ന് പറഞ്ഞാല്‍ സ്വയം അവയുടെ ശക്തിയിലും സ്വീകാര്യതയിലും കൃത്യതയിലും ഒന്നാം സ്ഥാനത്തുള്ളവ എന്ന അര്‍ഥത്തിലാണ്. ലി ഗയ്‌രിഹി എന്ന് പറഞ്ഞാല്‍ അത്രതന്നെ ശക്തിയില്ലെങ്കിലും മറ്റു പല ഘടകങ്ങളും കാരണമായി അവ മികവു പുലര്‍ത്തുന്നു എന്നതുമാണ്. ഇതെല്ലാം തന്നെ ഹദീസുകളെ പരമാവധി ശുദ്ധീകരിച്ച് പരിഗണനയിലേക്ക് ഉയര്‍ത്തുക എന്ന നിലയ്ക്കാണ്. അപ്പോഴാണ് പ്രമാണങ്ങള്‍ പ്രൗഢമായതാവുക.
ഹദീസുകളുടെ കാതലായ ഭാഗമായി എണ്ണപ്പെടുന്ന അവയുടെ മത്‌നുകളില്‍ ഖുര്‍ആനിക സൂക്തങ്ങള്‍ക്ക് എതിരാവും വിധമുള്ളത് വന്നാല്‍ അതിന്റെ നിവേദക പരമ്പര എത്രതന്നെ മികച്ചതായാലും അത് സ്വീകരിക്കപ്പെടാവതല്ലെന്നാണ് ഹദീസ് പണ്ഡിതരുടെ ഒന്നിച്ചുള്ള അഭിപ്രായം. ഹദീസ് ഗ്രന്ഥങ്ങളില്‍ അതിനുള്ള ഉദാഹരണങ്ങള്‍ ധാരാളമായി കാണാന്‍ കഴിയും. ഒരു ഹദീസ് സ്വഹീഹായതാവാന്‍ അഞ്ച് നിബന്ധനകള്‍ വേണം.
(1) റിപ്പോര്‍ട്ട് ചെയ്ത നിവേദക പരമ്പര കണ്ണിമുറിയാതെ ചേര്‍ന്നതാവുക (2) റിപ്പോര്‍ട്ടര്‍മാര്‍ നീതിമാന്മാരാവുക (3) റിപ്പോര്‍ട്ടര്‍മാര്‍ ഹദീസ് ഹൃദിസ്ഥമാക്കുന്നതിലും സൂക്ഷിക്കുന്നതിലും കണിശതയുള്ളവരാവുക (4) ഒരു നിവേദകന്‍ അദ്ദേഹത്തെക്കാള്‍ യോഗ്യതയുള്ള നിവേദകനുമായി എതിരായി ഒറ്റപ്പെടാതാവുക (5) ഹദീസുകളുടെ സ്വീകാര്യതയ്ക്ക് ഭംഗം വരത്തക്ക ഒരു കാരണവും ഉണ്ടാവാതിരിക്കുക. ഇതില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെട്ടാല്‍ അതിനെ സ്വഹീഹായ ഹദീസാണെന്ന് പറയുകയില്ല. പക്ഷെ അവയെല്ലാം ഒറ്റയടിക്ക് തള്ളിക്കളയുകയുമില്ല. പരിശോധിച്ച് കണ്ടെത്തുന്ന ന്യൂനതകളെ വീണ്ടെടുക്കാവുന്ന സാധ്യതയുള്ളതിനാലാണത്.
നബിചര്യകളെ പ്രാവര്‍ത്തിക തലത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ് ഹദീസ് പണ്ഡിതന്മാര്‍ സ്വീകരിച്ച നയം. ഈ വിഷയകമായി ഒട്ടനേകം ഗ്രന്ഥങ്ങള്‍ വിരചിതമായിട്ടുണ്ട്. നബിചര്യകളെ അപഗ്രഥിച്ച് പഠനം നടത്തിയ ഗ്രന്ഥങ്ങള്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. ജാമിഅ്, മുജമ്മഅ്, മുസ്‌നദ്, സുനന്‍, മുസന്നഫ്, മുസ്തഖ്‌റജ്, അഹ്കാം തുടങ്ങിയവ ഇതില്‍ പെടുന്നവയാണ്.
ഹദീസ് ക്രോഡീകരണ രംഗത്ത് വ്യാപൃതരായ മുഹദ്ദിസുകളുടെ മാനദണ്ഡങ്ങളുടെ ശക്തിയും മികവും പരിഗണിച്ചു തന്നെ വ്യത്യസ്തമായ സ്ഥാനങ്ങള്‍ നല്‍കപ്പെട്ടതായും കാണാം. ക്രോഡീകൃതമായ ഹദീസ് ഗ്രന്ഥങ്ങളില്‍ ആദ്യത്തേത് ഇമാം മാലികിന്റെ(റ) മുവത്വയാണ്. എന്നാല്‍ ഇത് ഹദീസ് ഗ്രന്ഥങ്ങളില്‍ ഒന്നാം സ്ഥാനത്തല്ല. ഇതിന് ചില കാരണങ്ങളുണ്ട്. ഹദീസുകളെപ്പോലെ, കര്‍മശാസ്ത്ര അറിവുകള്‍ അതില്‍ കൂടിക്കലരുന്നതിനാലും സ്വഹാബികളുടെ അസറുകള്‍ അതില്‍ ധാരാളം ഉദ്ധരിക്കപ്പെട്ടതിനാലുമാണത്. ബുഖാരി, മുസ്‌ലിം, തിര്‍മിദി, അബൂദാവൂദ്, ഇബ്‌നുമാജ, നസാഈ എന്നിവരുടെ ക്രോഡീകൃത ഗ്രന്ഥങ്ങള്‍ സ്വിഹാഹുസ്സിത്ത എന്ന പേരിലാണറിയപ്പെടുന്നത്. എങ്കിലും ചിലര്‍ക്ക് ചിലരേക്കാള്‍ മുന്‍ഗണനകള്‍ നിശ്ചയിക്കപ്പെടുന്നുണ്ട്. അതിന്റെ കാരണം ഓരോരുത്തരുടെയും ഹദീസ് ശേഖരണ, ക്രോഡീകരണ രംഗത്തുള്ള നിബന്ധനകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ്.
ഈ ഗ്രന്ഥങ്ങളൊന്നും പ്രവാചകന്റെ സവിധത്തിലും സന്നിധാനത്തിലും വെച്ച് വായിച്ചുകേള്‍പ്പിച്ച് ക്രമപ്പെടുത്തിയവയൊന്നുമല്ല. യാതൊരു വിധ ന്യൂനതകളും ഇല്ലാത്തവയാണ് എന്നും പറയാനാവില്ല. അതിനാല്‍ തന്നെ സിഹാഹുസ്സിത്തയില്‍ ക്രോഡീകരിക്കപ്പെട്ട ഹദീസുകളും നാം നേരത്തെ സൂചിപ്പിച്ച അളവുകോലുകള്‍ക്ക് വിധേയമായതാണ്.
എന്നാല്‍ ഇപ്പോള്‍ പുതിയ ചില ചിന്തകളും സമീപനങ്ങളും ഹദീസുകളോട് വെച്ചുപുലര്‍ത്തുന്നതായി കാണപ്പെടുന്നുണ്ട്. അതിലൊന്ന് ഖുര്‍ആന്‍ വ്യാഖ്യാനിക്കുന്നതിന് നബിചര്യയുടെ ആവശ്യമില്ലെന്നതാണ്. ഈ ചിന്ത ഖുര്‍ആനിന്റെ അന്തസ്സത്തക്ക് നിരക്കാത്തതും ഹദീസ് നിഷേധത്തിന്റെ മുന്‍പന്തിയില്‍ നില്‍ക്കുന്നതുമാണ്. രണ്ടാമത്തേത് ഖുര്‍ആനും ഹദീസും ഒരേപോലെ വഹ്‌യാണ് എന്നതാണ്. ആയതിനാല്‍ ഹദീസുകളെ മാറ്റിവെക്കുന്നത് ഹദീസ് നിഷേധവും വഹ്‌യിനെ നിഷേധിക്കലുമാണ്.
യഥാര്‍ഥത്തില്‍ മുഹദ്ദിസുകളാരും പറഞ്ഞിട്ടില്ലാത്ത ഒരു വാദഗതിയാണിത്. മുഹദ്ദിസുകള്‍ അവരവര്‍ കണ്ടെത്തിയ ന്യൂനതകള്‍ക്കനുസൃതമായി ചില ഹദീസുകള്‍ മാറ്റിവെച്ചിരുന്നതൊന്നും ഹദീസ് നിഷേധമായി കണ്ടിരുന്നില്ല. ഖുര്‍ആനും ഹദീസും ഒന്നു തന്നെയാണെന്ന് വന്നാല്‍ വിശുദ്ധ ഖുര്‍ആനിന് മുന്‍ഗണന കൊടുക്കാന്‍ സാധ്യമല്ലാതാവും. സ്ഥിരീകരിക്കാത്ത ന്യൂനതകളുള്ള പല റിപ്പോര്‍ട്ടുകളും പ്രമാണമാണെന്ന് അംഗീകരിക്കേണ്ടതായും വരും. അതിനാല്‍ ഈ വാദം മുസ്‌ലിം ലോകത്ത് സര്‍വാംഗീകൃതമല്ല.
മറ്റൊന്ന് പ്രവാചകന്‍ പറയാത്ത പലതും ദീനിന് ഗുണകരമാണെങ്കില്‍ വ്യക്തി സംസ്‌കരണത്തിനുതകുന്നതാണെങ്കില്‍ പ്രവാചകന്‍ പറഞ്ഞതായി പ്രചരിപ്പിക്കാമെന്ന വാദമാണ്. ഈ വീക്ഷണമാണ് സൂഫികളും ത്വരീഖത്തുകാരും മുതലെടുക്കുന്നത്. ദീനിന്ന് ഗുണകരമായതെല്ലാം പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ടെന്നിരിക്കെ അനാചാരങ്ങള്‍ക്ക് ദീനില്‍ സ്ഥാനം പിടിക്കാന്‍ വഴിയൊരുക്കുന്ന ഈ ചിന്തയും സ്വീകാര്യമല്ല.
ഏറ്റവും പുതുതായി കേള്‍ക്കുന്ന ഒരു ചിന്ത ഇങ്ങനെയാണ്: ധാരാളം ദ്വഈഫായ ഹദീസുകള്‍ ഉണ്ടായാല്‍ അവയെ ഒരു ചെറിയ പരിഗണന കൊടുത്ത് പ്രാവര്‍ത്തികമാക്കാം. ഈ വാദഗതി നബി(സ) പറയാത്തതും പഠിപ്പിക്കാത്തും നബിയുടെ പേരില്‍ കൂട്ടിച്ചേര്‍ക്കുന്ന വ്യാജന്മാരെ അംഗീകരിക്കലാവും.
ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ സ്വന്തം ബുദ്ധിയുടെ ഭാഷാപരിജ്ഞാനവും നിഘണ്ടുക്കളും ഉപയോഗിച്ചാല്‍ മതിയെന്നും നബിചര്യയുടെ ആവശ്യമില്ലെന്നുമുള്ള ചില കാടുകയറിയ ചിന്തകളും ഇസ്‌ലാമിക പ്രമാണങ്ങളെ അട്ടിമറിക്കാനുപയോഗപ്പെടുത്തുന്നവരുണ്ട്. ഇതിലെല്ലാം ഇസ്‌ലാമിക ചിന്തകരും പ്രബോധകരും ജാഗരൂകരാകേണ്ടതുണ്ട്.
മര്‍ദൂദ് ആയ (തള്ളപ്പെടേണ്ട) ഹദീസുകളില്‍ പെട്ടതാണ് ദ്വഈഫ്, മുഅല്ലഖ്, മുള്ത്വറബ്, മുര്‍സല്‍, മുഅ്ദ്വല്‍, മുന്‍ഖതിഅ്, മുദല്ലസ് എന്നിവ. ഹദീസ് റിപ്പോര്‍ട്ട് ചെയ്യുന്നതിലെ അപാകതകള്‍ കണക്കിലെടുത്താണ് ഈ നാമങ്ങള്‍ നല്‍കപ്പെട്ടിട്ടുള്ളത്.
ഹദീസുകളില്‍ കയറിപ്പറ്റിയ അതീവ ഗുരുതരമായ ഒരിനമാണ് മൗദ്വൂഅ്. അഥവാ, കേള്‍ക്കുന്ന മാത്രയില്‍ തന്നെ വ്യാജമായി ചമച്ചുണ്ടാക്കിയതാണെന്ന് ബോധ്യമാകുന്നവ. ഇതിന് വ്യാജ റിപ്പോര്‍ട്ടര്‍മാരുടെ പരമ്പരകളും നിര്‍മിക്കും. ചില തല്പരകക്ഷികള്‍ അവരവരുടെ ഉദ്ദേശ്യങ്ങളെ ചില വാക്കാല്‍ പ്രവാചകന്റെ മേല്‍ കെട്ടി പറയുന്നതാണിതെല്ലാം. ശീഅകള്‍, ഖവാരിജുകള്‍, സാധനങ്ങള്‍ വിറ്റഴിക്കാന്‍ വേണ്ടി കച്ചവടക്കാര്‍, കഥകള്‍ പറഞ്ഞ് ആനന്ദിപ്പിക്കുന്ന കാഥികര്‍, ഭരണം പിടിച്ചടക്കാന്‍ രാഷ്ട്രീയക്കാര്‍, ഇല്ലാത്ത സ്വപ്‌നക്കഥകള്‍ വിശ്വസിപ്പിക്കാന്‍ സൂഫികള്‍ എന്നിവരെല്ലാം നബി(സ) പറയാത്തത് പറഞ്ഞെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നവരാണ്. ലൗലാക്ക ലൗലാക്ക ലമാ ഖലക്തുല്‍ അഫ്‌ലാക്ക് എന്നതെല്ലാം ഇതില്‍പെട്ടതാണ്. അഥവാ, പ്രവാചകരേ, താങ്കള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഈ പ്രപഞ്ചത്തെ തന്നെ സൃഷ്ടിക്കുമായിരുന്നില്ലെന്ന് അല്ലാഹു നബി(സ)യോട് പറഞ്ഞു എന്ന വാദം.
പ്രമാണങ്ങളെ വികലമാക്കുകയും വിശ്വാസ കര്‍മ രംഗങ്ങളെ വികൃതമാക്കുകയും രേഖകളെ അട്ടിമറിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മുസ്‌ലിംകള്‍ പ്രമാണങ്ങളെ തിരിച്ചറിയണം. അല്ലാഹു അല്ലാത്തവരെ വിളിച്ചുതേടാനും ആരാധിക്കാനും ഖുര്‍ആന്‍ ഓതി വ്യാഖ്യാനിക്കുന്ന കാലമാണിത്. ദീന്‍ നിശ്ചയിച്ച ആരാധനകളെ കയ്യടി ലഭിക്കാന്‍ വേണ്ടി പരിഹസിക്കുന്നവരുടെ കാലമാണിത്. മതാധ്യാപനങ്ങള്‍ക്ക് ദുരൂഹമായ വ്യാഖ്യാനങ്ങള്‍ കേള്‍ക്കുന്ന കാലമാണിത്.
രിസാലത്തിനെയും നുബുവ്വത്തിനെയും ആഖിറത്തിനെയും തള്ളിക്കളയുന്നവര്‍ വര്‍ധിക്കുന്നു. നബി(സ) വളര്‍ത്തിയെടുത്ത സ്വഹാബത്തിന് ഇന്ന് മുസ്‌ലിംകള്‍ വിശ്വസിച്ചാചരിക്കുന്നതെല്ലാം ഉണ്ടായിരുന്നോ എന്ന് വിശകലനം ചെയ്യാന്‍ സ്വയം സന്നദ്ധരാവുക. ഉത്തമ നൂറ്റാണ്ടുകാരും ഉത്തമസമൂഹവും അവരായിരുന്നുവല്ലോ. പ്രമാണങ്ങളെ ഉള്‍ക്കൊള്ളുക. എന്നാല്‍ വഴിപിഴക്കില്ല.
പ്രവാചകന്‍(സ) വഹ്‌യില്ലാതെ സ്വയം യാതൊന്നും മൊഴിയുകയില്ലെന്ന അര്‍ഥത്തിലുള്ള ഖുര്‍ആനിലെ 53:3,4 വചനങ്ങള്‍ ഖുര്‍ആനും ഹദീസും ഒന്നുതന്നെയാണെന്ന് സ്ഥാപിക്കാന്‍ ചിലര്‍ ഉദ്ധരിക്കാറുണ്ട്. എന്നാല്‍ യഥാര്‍ഥത്തില്‍ പ്രസ്തുത വചനങ്ങള്‍ നബി(സ) ഓതിക്കേള്‍പ്പിക്കുന്ന ഖുര്‍ആനിക വചനങ്ങള്‍ വഹ്‌യിന്റെ അടിസ്ഥാനത്തില്‍ തന്നെയാണെന്ന് സ്ഥിരപ്പെടുത്താനുള്ളതാണ്. നബി(സ) ഖുര്‍ആനിനു നല്‍കുന്ന വിശദാംശങ്ങള്‍(ഹദീസുകള്‍) എല്ലാം വഹ്‌യാണെന്ന് സ്ഥിരപ്പെടുത്താനുള്ളതല്ല. വഹ്‌യ് ലഭിക്കാതെ തന്നെ നബി(സ)ക്ക് ഖുര്‍ആന്‍ വിവരിച്ചു കൊടുക്കാന്‍ അധികാരം നല്‍കിയിട്ടുണ്ട്.