12 Thursday
December 2024
2024 December 12
1446 Joumada II 10

ഇലക്ടറല്‍ ബോണ്ട് അഴിമതി


ഇലക്ട്രല്‍ ബോണ്ടുകളെ സംബന്ധിച്ച് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്ത് വിട്ട ഡാറ്റ ഒട്ടേറെ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ കൈക്കൂലിയാണ് തെളിവോടെ പിടിക്കപ്പെട്ടിരിക്കുന്നത്. ചെറുകിട കമ്പനികള്‍ വലിയ തുക സംഭാവനയായി നല്‍കിയിട്ടുണ്ട് എന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയില്‍ നടക്കുന്ന അഴിമതിയിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നതാണ് ഇലക്ട്രല്‍ ബോണ്ടുകള്‍. കാമ്‌ന ക്രെഡിറ്റ്‌സ്, ഇന്നസെന്റ് മെര്‍ച്ചന്‍ഡൈസ്, രേണുക ഇന്‍വെസ്റ്റ്‌മെന്റ് എന്നീ കമ്പനികള്‍ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ ഹൈ റിസ്‌ക് പട്ടികയില്‍ ഇടം പിടിച്ച കമ്പനികളാണ്.
എന്നാല്‍ ഈ മൂന്ന് കമ്പനികളും വാര്‍ഷിക വിറ്റുവരവിനെ വെല്ലുന്ന വിധത്തിലാണ് സംഭാവന നല്‍കിയത്. ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസ് നടത്തുന്ന കമ്പനികള്‍ക്ക് ബാധകമായ പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ടിലെ വ്യവസ്ഥകള്‍ ഈ കമ്പനികള്‍ ലംഘിച്ചുവെന്ന് പ്രാഥമികമായി തന്നെ വിലയിരുത്താനാവും. കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായി ഇലക്ട്രല്‍ ബോണ്ടുകള്‍ മാറി എന്നതാണ് ഈ ഡാറ്റകള്‍ കാണിക്കുന്നത്. ഇലക്ഷന്‍ കമ്മീഷന്‍ ഡാറ്റ പുറത്ത് വിട്ടത് മുതല്‍ നെറ്റിസണ്‍സ് കാര്യമായി ഗവേഷണം നടത്തിയാണ് ഇത്തരം വിവരങ്ങള്‍ പുറത്ത് കൊണ്ടുവരുന്നത്. ഇപ്പോള്‍ വെളിപ്പെടുത്തിയ ഡാറ്റയിലെ ഏറ്റവും വലിയ പരിമിതി ഏത് രാഷ്ട്രീയ പാര്‍ട്ടിക്ക് ഏതൊക്കെ കമ്പനികളാണ് സംഭാവന നല്‍കിയത് എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല എന്നതാണ്.
എന്നാല്‍ തന്നെയും പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ അപഗ്രഥനം ചെയ്ത് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടിയും തമ്മിലുള്ള ലിങ്ക് കണ്ടെത്താവുന്നതാണ്.
നേരത്തെ സംശയിച്ചത് പോലെ തന്നെ ഇലക്ട്രല്‍ ബോണ്ടിലൂടെ ഏറ്റവും കൂടുതല്‍ പണം ലഭിച്ചത് ഭാരതീയ ജനതാ പാര്‍ട്ടിക്കാണ്. ഏകദേശം 11,562 കോടി രൂപയുടെ 46.74% വിഹിതവും ഭരണകക്ഷിക്കാണ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പണം നല്‍കിയത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനാണ്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസസ് കമ്പനി 1368 കോടി രൂപ സംഭാവന ചെയ്തിട്ടുണ്ട്. നിയമ നടപടികളും അന്വേഷണങ്ങളും നേരിടേണ്ടി വന്നിട്ടും, കമ്പനി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഗണ്യമായ തുകകള്‍ സംഭാവന നല്‍കുന്നത് തുടരുന്നു എന്നത് ഇലക്ട്രല്‍ ബോണ്ട് അഴിമതിയുടെ ഏറ്റവും വലിയ ഉദാഹരണമാണ്. സര്‍ക്കാര്‍ കരാറുകളില്‍ പ്രധാന പങ്കുവഹിക്കുന്ന മേഘാ എഞ്ചിനീയറിംഗിന്റെ സംഭാവന മറ്റൊരു ഉദാഹരണമാണ്. സംഭാവന നല്‍കിയതിന്റെ തൊട്ടടുത്ത മാസം അതിനേക്കാള്‍ പതിന്മടങ്ങ് മൂല്യമുള്ള കോടിക്കണക്കിന് രൂപയുടെ സര്‍ക്കാര്‍ പ്രോജക്ടുകളാണ് മേഘ എഞ്ചിനീയറിംഗിന് ലഭിക്കുന്നത്. ഫ്യൂച്ചര്‍ ഗെയിം കമ്പനിയുടെ സമീപ വര്‍ഷങ്ങളിലെ വിറ്റുവരവ് സംബന്ധിച്ച കണക്കുകള്‍ പബ്ലിക് ഡൊമൈനില്‍ ലഭ്യമാണ്. 2020-21, 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ കമ്പനി യഥാക്രമം 84 കോടി, 84 കോടി, 82 കോടി രൂപ ലാഭമാണ് ഉണ്ടാക്കിയത്. ഈ കമ്പനിയാണ് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി 1368 കോടി സംഭാവന നല്‍കുന്നത്. ഇത് കള്ളപ്പണം തന്നെയാണെന്ന് തറപ്പിച്ചു പറയാന്‍ മറ്റു തെളിവുകള്‍ ആവശ്യമില്ല.
ഈ കോര്‍പ്പറേറ്റുകളുടെ ലിസ്റ്റില്‍ റിലയന്‍സിനെ നമുക്ക് കാണാന്‍ സാധിക്കില്ല. അതുപോലെ തന്നെ അദാനിയെയും. എന്നാല്‍ ഈ രണ്ട് കമ്പനികളും ബിനാമി ഇടപാടിലൂടെയാണ് സംഭാവന നല്‍കിയത് എന്നാണ് ഡാറ്റ അനലിസ്റ്റുകള്‍ പറയുന്നത്.
ഇലക്ടറല്‍ ബോണ്ടുകള്‍ വഴി സംഭാവന നല്‍കുന്നതില്‍ റിലയന്‍സിന്റെ വ്യക്തമായ വിലക്ക് ഉണ്ടായിരുന്നിട്ടും, ക്വിക് സപ്ലൈ ചെയിന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ റിലയന്‍സ് എക്‌സിക്യൂട്ടീവായ തപസ് മിത്രയുടെ സാന്നിധ്യം ബിനാമി ഇടപാടുകളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. അതാര്യമായ സാമ്പത്തിക ഇടപാടുകള്‍ക്കുള്ള ടൂള്‍ എന്ന നിലയില്‍, തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ രാഷ്ട്രീയ മേഖലയിലെ ഏറ്റവും വലിയ അഴിമതിയായാണ് ഇപ്പോള്‍ നാം കാണുന്നത്. ഇ. ഡി. റെയ്ഡ് നടന്ന മിക്ക സ്ഥാപനങ്ങളും തൊട്ടടുത്ത മാസങ്ങളില്‍ ഇലക്ട്രല്‍ ബോണ്ട് വഴി വലിയ തുക സംഭാവന നല്‍കിയിട്ടുണ്ട്. സംശയാസ്പദമായ സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവ തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് വഴി ജനാധിപത്യത്തിന്റെ അടിത്തറയെ ഇല്ലാതാക്കുന്ന സാമ്പത്തിക ഉപകരണമാണ് ഇലക്ട്രല്‍ ബോണ്ടുകള്‍.
രാജ്യം ഒരു വഴിത്തിരിവില്‍ നില്‍ക്കുന്നതിനാലും 2024 തെരഞ്ഞെടുപ്പ് അത്രയും പ്രാധാന്യമുള്ളതായതിനാലും ജനാധിപത്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ ഇലക്ട്രല്‍ ബോണ്ടുകളുടെ സ്വാധീനവും നിയമസാധുതയും പുനപ്പരിശോധിക്കേണ്ടതാണ്. ഏതെല്ലാം കമ്പനികള്‍ ഏതെല്ലാം പാര്‍ട്ടികള്‍ക്കാണ് നല്‍കിയതെന്ന ലിങ്ക് കൂടി പുറത്ത് വരേണ്ടതുണ്ട്. എങ്കില്‍ മാത്രമേ ചങ്ങാത്ത മുതലാളിത്തത്തിന്റെ ജീര്‍ണതകളില്‍ നിന്ന് രക്ഷപ്പെടാനും, സുതാര്യത വര്‍ധിപ്പിക്കുന്നതിനും, നിയന്ത്രണം കൊണ്ടുവരുന്നതിനും സാധിക്കുകയുള്ളൂ.

Back to Top