20 Monday
October 2025
2025 October 20
1447 Rabie Al-Âkher 27

ഇലക്ടറല്‍ ബോണ്ട് നോട്ടുകെട്ടുകള്‍ക്കല്ല വോട്ടിനാണ് പ്രാധാന്യം

സോയ ഹസന്‍


ചരിത്രപരമായൊരു വിധിയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് പേര് വെളിപ്പെടുത്താത്തവരുടെ സംഭാവനകള്‍ സ്വീകരിക്കാന്‍ അനുമതി നല്‍കുന്ന ഇലക്ടറല്‍ ബോണ്ട് സംവിധാനം ഭരണഘടനാവിരുദ്ധമാണെന്നതിനാല്‍ സുപ്രീംകോടതി റദ്ദാക്കി. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഈ വന്‍പദ്ധതി വിവരാവകാശത്തിന് എതിരാണെന്നും അതിനാല്‍ ഭരണഘടനാ അനുച്ഛേദം 19 (1)(എ)ക്ക് കീഴിലുള്ള അഭിപ്രായപ്രകടന സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും വിധിച്ചു.
ഫെബ്രുവരി 15ലെ വിധി രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും പണം നല്‍കുന്നത് ആരാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ള വോട്ടറുടെ അവകാശം എന്ന ജനാധിപത്യത്തിന്റെ കാതലായ തത്വം ഉയര്‍ത്തിപ്പിടിച്ചു. ഇലക്ടറല്‍ ബോണ്ടുകളുടെ വില്‍പന അടിയന്തര പ്രാബല്യത്തോടെ നിര്‍ത്തണമെന്നും കോടതി നിര്‍ദേശിച്ചു. ആദായനികുതി നിയമത്തിലും ജനപ്രാതിനിധ്യ നിയമത്തിലും വരുത്തിയ ഭേദഗതികള്‍ കോടതി റദ്ദാക്കി. കമ്പനികള്‍ക്ക് അവരുടെ ലാഭത്തിന്റെ 7.5% വരെ മാത്രമേ സ്വന്തം ലാഭ നഷ്ട അക്കൗണ്ടില്‍ സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താതെ സംഭാവന ചെയ്യാന്‍ കഴിയൂ എന്ന വ്യവസ്ഥ നീക്കം ചെയ്ത കമ്പനി നിയമഭേദഗതി ഏകപക്ഷീയമാണ് എന്ന് വ്യക്തമാണ് എന്ന് കോടതി കണ്ടെത്തി.
രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കോര്‍പറേറ്റുകള്‍ പരിധിയില്ലാത്ത സംഭാവനകള്‍ നല്‍കുന്നത് ഏകപക്ഷീയവും നിയമത്തിനു മുമ്പില്‍ എല്ലാവര്‍ക്കും തുല്യത ഉറപ്പുവരുത്തുന്ന ഭരണഘടനയുടെ 14-ാം വകുപ്പിന്റെ ലംഘനവുമാണ് എന്ന് കോടതി അഭിപ്രായപ്പെട്ടു. വന്‍തുക സംഭാവനയായി നല്‍കുന്നതുവഴി കമ്പനികള്‍ക്ക് ഭരണകക്ഷിയെ അന്യായമായി സ്വാധീനിക്കാനുള്ള അവസരം നല്‍കുന്നതിനാല്‍ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് എതിരാണ് എന്ന് കോടതി അഭിപ്രായപ്പെട്ടു. പേര് വെളിപ്പെടുത്താത്ത കോര്‍പറേറ്റുകളുടെ സംഭാവനകളും അത് നല്‍കുന്നവര്‍ക്കനുയോജ്യമായ രീതിയില്‍ നയങ്ങളുണ്ടാക്കുന്നതിനുള്ള സാധ്യതയും യുക്തിസഹമായി ബന്ധപ്പെടുത്തുകയാണ് ഈ വിധിചെയ്യുന്നത്.
ഇലക്ടറല്‍ ബോണ്ട് പദ്ധതി ഒരു ‘തിരഞ്ഞെടുപ്പ് പരിഷ്‌കരണം’ എന്ന നിലയിലാണ് സര്‍ക്കാര്‍ അവതരിപ്പിച്ചത്. അഴിമതി, കള്ളപ്പണം എന്നിവയ്ക്കെതിരെ പോരാടാനും രാഷ്ട്രീയത്തിലെ ധനസമാഹരണത്തില്‍ സുതാര്യത കൊണ്ടുവരാനുമുള്ള ഒരു ഉപാധിയായിക്കാട്ടി ബിജെപി ഇതിനെ പ്രതിരോധിച്ചു. എന്നാല്‍ അജ്ഞാതരായ ദാതാക്കളെ പാര്‍ട്ടികള്‍ക്ക് പരിധിയില്ലാത്ത തുക സംഭാവന ചെയ്യാന്‍ അനുവദിക്കുക വഴി അത് നേരെ വിപരീതഫലമാണ് ചെയ്തത്. സുതാര്യത പ്രോത്സാഹിപ്പിക്കാനാണ് ഇലക്ടറല്‍ ബോണ്ടുകള്‍ രൂപകല്‍പന ചെയ്തതെന്ന് ബിജെപി വക്താക്കള്‍ ഇപ്പോഴും തറപ്പിച്ചുപറയുന്നു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാമ്പത്തികരംഗത്തെ കള്ളപ്പണം തടയാനുള്ള മാര്‍ഗമാണിതെന്ന വാദം സുപ്രീം കോടതി തള്ളി. എന്നാല്‍ ഈ അവകാശവാദം തുടര്‍ന്നും പ്രതിരോധത്തിനായി ഉപയോഗിച്ച് വരുന്നു. കൂടാതെ, രാഷ്ട്രീയ പാര്‍ട്ടികളുടെ ധനസഹായത്തിന്റെ ഉറവിടങ്ങള്‍ അറിയാന്‍ പൗരന്മാര്‍ക്ക് മൗലികാവകാശമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചത് അംഗീകരിക്കാതെയാണ് കോടതി ഈ വിധി പുറപ്പെടുവിച്ചത്. ദാതാക്കളുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ന്യായത്തിന്റെ അടിസ്ഥാനത്തില്‍ കക്ഷികള്‍ക്ക് ലഭിക്കുന്ന കോര്‍പ്പറേറ്റ് അല്ലെങ്കില്‍ വ്യക്തിഗത സംഭാവനകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരം നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചു.
ആരാണ് സംഭാവന വാങ്ങുന്നത്, ആരാണ് സംഭാവന നല്‍കുന്നത് എന്നതിനെക്കുറിച്ചൊന്നും പൊതുജനങ്ങളെ അറിയിക്കില്ലെങ്കിലും, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) നിന്ന് ഇത് ട്രാക്ക് ചെയ്യാന്‍ സര്‍ക്കാരിന് കഴിയും, അതില്‍ വിറ്റതും നിക്ഷേപിച്ചതുമായ എല്ലാ ബോണ്ടുകളുടെയും ലിസ്റ്റ് ഉണ്ട്. ആ ലിസ്റ്റ് ഇപ്പോളവര്‍ക്ക് പരസ്യമാക്കേണ്ടതുണ്ട്. ആത്യന്തികമായി, കോടതി സര്‍ക്കാരിന്റെ നിലപാട് അംഗീകരിച്ചില്ല, ‘രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് എങ്ങനെ ധനസഹായം ലഭിക്കുന്നു എന്നറിയാനുള്ള ഒരു പൗരന്റെ അവകാശം സ്വന്തം രാഷ്ട്രീയ ബന്ധങ്ങളുടെ സ്വകാര്യത നിലനിര്‍ത്താനുള്ള ഒരു വ്യക്തിയുടെ അവകാശവുമായി ഒത്തുപോകുന്നതാവണം എന്ന് കോടതി നിരീക്ഷിക്കുകയാണുണ്ടായത്.
പദ്ധതി അവതരിപ്പിക്കുന്നതിനു മുന്‍പു തന്നെ തിരഞ്ഞെടുപ്പു കമ്മീഷനും റിസര്‍വ് ബാങ്കും എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു. രാഷ്ട്രീയ കക്ഷികളുടെ ഫണ്ടിംഗിന്റെ സുതാര്യതയെ ഇത് ഗൗരവമായി ബാധിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. ഇത് ഒരു മോശം കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് റിസര്‍വ് ബാങ്കും ചൂണ്ടിക്കാട്ടിയിരുന്നു. ഈ പദ്ധതിയിലെ സുതാര്യതയില്ലായ്മയും പ്രശ്‌നങ്ങളും നിരവധി വിവരാവകാശ രേഖകള്‍ വഴി വിവരാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടി.
ഭരണഘടനാ സാധുതയെക്കുറിച്ച ആശങ്കകള്‍ നിലനില്‌ക്കെയും സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടു പോവുകയായിരുന്നു. തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതിയെ ന്യായീകരിക്കാന്‍ സര്‍ക്കാര്‍ നിരത്തിയ ഔദ്യോഗിക വാദങ്ങള്‍ പൊള്ളയായിരുന്നുവെന്ന് പിന്നീട് തെളിയുകയുമുണ്ടായി. ജനാധിപത്യത്തിന് വിവരങ്ങള്‍ അനുപേക്ഷണീയമാണ് എന്നതിനാല്‍ തന്നെ വോട്ടറുടെ അറിയാനുള്ള അവകാശത്തെ മറ്റെന്തിനേക്കാളും മുകളിലാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പണത്തിന് സ്വാധീനിക്കാന്‍ കഴിയുമെന്നതിനാല്‍ തന്നെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ലഭിക്കുന്ന സാമ്പത്തിക ഒഴുക്ക് വിവരാവകാശത്തിന്റെ പരിധിയിലുള്‍പ്പെടുമെന്ന് വിധിന്യായം ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ഏറെ ചിലവേറിയ കാര്യമാണ്. അതിന്റെ ഫണ്ടിംഗ് നടക്കുന്നത് കോര്‍പറേറ്റുകള്‍ വഴിയാണ്. ഈ ഫണ്ടിംഗ് രാഷ്ട്രീയവും കോര്‍പറേറ്റ് മൂലധനവും തമ്മിലുള്ള ബന്ധത്തെ സുദൃഢമാക്കുകയാണ് ചെയ്യുന്നത്. ഈ ബന്ധത്തെ ഒന്നുകൂടി ഉറപ്പിക്കാനുള്ള സുപ്രധാനമായ സ്ഥാപനവത്കൃത കണ്ടെത്തലായിരുന്നു ഇലക്ടറല്‍ ബോണ്ട്.
ഈ രഹസ്യ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ബി ജെ പിയാണ്. ഈ പദ്ധതിയിലൂടെ കോണ്‍ഗ്രസ്സിനും ബി ജെ പിക്കും വന്ന ഫണ്ടുകള്‍ തമ്മിലുള്ള അന്തരം വളരെ വലുതായിരുന്നു. ബി ജെ പിയും അവരുടെ എതിരാളികളും തമ്മിലുള്ള ഈ അന്തരം ഇലക്ടറല്‍ ബോണ്ട് സൃഷ്ടിച്ച അസമത്വം മുറ്റി നില്ക്കുന്ന ഒരു കളിമൈതാനത്തെ വ്യക്തമാക്കുന്നുണ്ട്. കാഷ് ഫണ്ടിംഗിന് ഒരു ബദല്‍ എന്ന നിലക്കായിരുന്നു ഇലക്ടറല്‍ ബോണ്ട് അവതരിപ്പിച്ചിരുന്നത്. എസ് ബി ഐ വഴി ഫണ്ടിന് പ്രേരിപ്പിക്കുന്നതിലൂടെ രാഷ്ട്രീയ ഫണ്ടിംഗ് കുറച്ചു കൂടി ശുദ്ധമാക്കാമെന്നുള്ളതായിരുന്നു കണക്കു കൂട്ടല്‍.
പണാധിഷ്ഠിതവും അനിയന്ത്രിതവും കണക്കില്‍പ്പെടാത്തതുമായ പണത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ സംഭാവനകളില്‍ നിന്ന് നിയന്ത്രിതവും ഡിജിറ്റല്‍, നിയമപരവുമായ രാഷ്ട്രീയ സംഭാവന ചട്ടക്കൂടിലേക്ക് മാറ്റുക എന്നതായിരുന്നു ലക്ഷ്യമെന്ന് ഗവണ്മെന്റ് കോണ്‍സില്‍ വാദിക്കുകയുണ്ടായി.
എന്നാല്‍ നേരിട്ടുള്ളതും കണ്ടെത്താന്‍ കഴിയാത്തതുമായ പണം അപ്രത്യക്ഷമായിട്ടില്ല. വാസ്തവത്തില്‍, തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഉണ്ടായിരുന്നിട്ടും അജ്ഞാത സ്രോതസ്സുകളിലൂടെയുള്ള ദേശീയ പാര്‍ട്ടികളുടെ വരുമാനത്തിന്റെ വിഹിതം 2018 മുതല്‍ വര്‍ധിക്കുകയാണുണ്ടായത്. ബി ജെ പിക്ക് നേട്ടമുണ്ടാക്കാനാണ് ഈ പദ്ധതി രൂപകല്പ്പന ചെയ്തിരിക്കുന്നത്. അടിസ്ഥാനപരമായി, കോര്‍പ്പറേറ്റ് മേഖലയ്ക്ക് ബിജെപിക്ക് ധനസഹായം നല്കാനുള്ള ഒരു മാര്‍ഗവും ബിജെപിയിലേക്കുള്ള പരിധിയില്ലാത്ത കോര്‍പ്പറേറ്റ് സംഭാവനകളെ പൊതു പരിശോധനയില് നിന്ന് സംരക്ഷിക്കുന്നതിലൂടെ പ്രതിപക്ഷത്തെ ഫണ്ടിന്റെ കാര്യത്തില്‍ ശ്വാസംമുട്ടിക്കാനുള്ള ഒരു മാര്‍ഗവുമായിരുന്നു ഇത്.

ഈ പദ്ധതി മുന്നോട്ടുവെച്ച 2018 ല്‍ തന്നെ തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുകൊണ്ട് നിരവധി പെറ്റിഷനുകള്‍ ഫയല്‍ ചെയ്യപ്പെട്ടിരുന്നു. ഈ പദ്ധതി പൊളിറ്റികല്‍ ഫണ്ടിംഗിന്റെ സുതാര്യത തകര്‍ക്കുമെന്നും തിരഞ്ഞെടുപ്പ് അഴിമതി വന്‍തോതില്‍ നിയമവ്‌ധേയമാക്കുമെന്നും 2019ന്റെ തുടക്കത്തില്‍ തന്നെ ഹര്‍ജിക്കാര്‍ വാദിക്കുന്നുണ്ടായിരുന്നു. എന്നാല്‍, അന്നത്തെ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് ഇടക്കാള്‍ സ്റ്റേ നല്കാന്‍ വിസമ്മതിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയും ഇതേ ആവശ്യം തള്ളുകയാണുണ്ടായത്.
ഈ പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന നിഗമനത്തിലെത്താന്‍ സുപ്രീം കോടതിക്ക് ആറ് വര്‍ഷമെടുത്തു. ഇപ്പോള്‍ അംഗീകരിക്കപ്പെട്ട എല്ലാ എതിര്‍പ്പുകളും ആ ഹര്‍ജികളില്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും പദ്ധതിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ച ‘ഭാരിച്ച പ്രശ്‌നങ്ങള്‍’ ഉയര്‍ത്തിയെന്നും ചര്‍ച്ചയ്ക്ക് സമയം ആവശ്യമാണെന്നും പറഞ്ഞ് കോടതി പദ്ധതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചു.
ഇത് ബി ജെ പിയെ പണം സ്വരൂപിക്കാനും ഈ ഫണ്ടുകള്‍ ഉപയോഗിച്ച് ഒരു പ്രബലമായ തിരഞ്ഞെടുപ്പ് യന്ത്രമായി മാറാനും അനുവദിച്ചു. ഈ നിയമവിരുദ്ധ തിരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഇതിനകം ഒരു പൊതു തിരഞ്ഞെടുപ്പിനും നിരവധി സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്കും ധനസഹായം നല്‍കിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തിലെത്തിച്ച 2016 ലെ അമേരിക്കന്‍ തിരഞ്ഞെടുപ്പിനേക്കാള്‍ ചെലവേറിയ 2019 ലെ തിരഞ്ഞെടുപ്പും ഇതില്‍ ഉള്‍പ്പെടുന്നു.
സുപ്രീം കോടതി നവംബറിലേക്ക് വിധി പറയാന്‍ മാറ്റിവെച്ചതിനാല്‍, തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് ഗഡുക്കള്‍ കൂടി ശേഖരിക്കാന്‍ ബിജെപിക്ക് അവസരമുണ്ടായി. 2024 ലെ പൊതുതിരഞ്ഞെടുപ്പിലേക്ക് നീളുന്ന അവസരത്തില്‍ ഈ പ്രശ്‌നപരിഹാര്‍ത്തിലെ കാലതാമസം ബി ജെപിക്ക് എതിരാളികള്‍ക്കു മേല്‍ ഒരു മുന്‍തൂക്കം നല്കുകയും അതുവഴി തിരഞ്ഞെടുപ്പ് ജനാധിപത്യത്തിന് വലിയ പരിക്കേല്പിക്കുകയും ചെയ്തിട്ടുണ്ട്.
പണവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം സൂക്ഷ്മമായി പരിശോധിച്ച വിധിന്യായം ഈ സന്ദര്‍ഭത്തില്‍ ‘പണം രാഷ്ട്രീയത്തെ നേരിട്ട് സ്വാധീനിക്കുന്നതിനുള്ള പ്രാഥമിക മാര്‍ഗം തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ അതിന്റെ സ്വാധീനമാണ്’ എന്ന് അഭിപ്രായപ്പെടുകയുമുണ്ടായി.
ഫണ്ടുകളുടെ ലഭ്യതയിലെ അസമത്വം രാഷ്ട്രീയ അസമത്വം സൃഷ്ടിക്കും, ഇത് പൊതുനയത്തെ അതിസമ്പന്നരുടെ താല്‍പ്പര്യങ്ങളിലേക്ക് ചായ്ച്ച്, ഭൂരിപക്ഷത്തിന്റെ, പ്രത്യേകിച്ച് ദരിദ്രരുടെയും ദുര്‍ബലരുടെയും താല്‍പ്പര്യങ്ങള്‍ അവഗണിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് ജനാധിപത്യത്തെ സ്വാധീനിക്കും.
ഈ ഫണ്ടിംഗ് ഘടന ബിജെപിക്ക് ധനസഹായം നല്‍കുന്ന മുന്‍നിര കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായി തിരഞ്ഞെടുപ്പിനെ വളച്ചൊടിക്കുമെന്ന് ഉറപ്പാണ്. കോടതി വിധിന്യായത്തില്‍ പറഞ്ഞതുപോലെ, അത്തരം പിന്തുണ പാര്‍ട്ടികളും ദാതാക്കളും തമ്മിലുള്ള ‘പ്രതിഫല ക്രമീകരണങ്ങളിലേക്ക്’ നയിക്കും, ഇത് തിരഞ്ഞെടുപ്പ് ജനാധിപത്യത്തെയും ഭരണത്തെയും ദുര്‍ബലപ്പെടുത്തും. ഇത് നയരൂപീകരണത്തെപ്പോലും സ്വാധീനിച്ചേക്കാം, പൊതുതാല്പര്യങ്ങള്‍ക്കു പകരം പ്രത്യേകമായ താല്പര്യങ്ങളിലേക്ക് നയരൂപീകരണം വ്യതിചലിക്കാന്‍ സാധ്യതയുണ്ട്.
ഇന്ത്യയുടെ സമീപകാല രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ ഈ വിധി ജനാധിപത്യത്തിനും സുതാര്യതയ്ക്കും ഭരണകക്ഷിയുടെ കോര്‍പ്പറേറ്റ് ബന്ധങ്ങളെ നിശിതമായി വിമര്‍ശിക്കുന്നവര്‍ക്കും ഒരു വലിയ വിജയമാണ്. പണത്തിന്റെ മേലുള്ള ജനങ്ങളുടെ അധികാരത്തിന്റെ പ്രാമുഖ്യം ഇത് സ്ഥാപിക്കുന്നു. നോട്ടിനു മുകളില്‍ വോട്ടു വരുന്ന അവസ്ഥ സംജാതമാക്കുന്നു.
പൊതുതെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെ ഈ വിധിന്യായം ഭരണകക്ഷിക്ക് വലിയ തിരിച്ചടിയാണ്. ദാതാക്കളുടെ പേരുകളും സംഭാവനകള്‍ സ്വീകരിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ വിശദാംശങ്ങളും പ്രസിദ്ധീകരിക്കാന്‍ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണകക്ഷികളും തിരഞ്ഞെടുത്ത കോര്‍പ്പറേറ്റുകളും തമ്മിലുള്ള പിന്‍വാതില്‍ ബന്ധം ഇത് വെളിപ്പെടുത്തും. അത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണെങ്കിലും ഔദ്യോഗികമായ ഒരു വിശദീകരണം കൈവരും.
കോര്‍പ്പറേറ്റ് സംഭാവനകളുടെ മൂടുപടം നീക്കം ചെയ്യുന്നത് ഭരണകക്ഷിയുടെ ധാര്‍മിക അധികാരത്തെ തകര്‍ക്കും. പ്രതിപക്ഷത്തെ അസാധുവാക്കാനും അപകീര്‍ത്തിപ്പെടുത്താനും ആസൂത്രിതമായി ഉപയോഗിച്ച അഴിമതി വിരുദ്ധ പദ്ധതി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം അത്തരമൊരു അവസ്ഥയാണ് ഉണ്ടാക്കുക.

Back to Top