പരിഷ്‌കരണം ആവശ്യപ്പെടുന്ന ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനം
ഇബ്‌റാഹീം ശംനാട്
ലോകത്തിന് തന്നെ മാതൃകയായ ജനാധിപത്യത്തിന്റെ ഉഛികോവിലില്‍ വിരാജിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ആര്‍ക്കും എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന യുക്തിയോട് കൂടിയായ ഒരു ജനാധിപത്യ പ്രക്രിയയാണ് ഇന്ത്യയിലുള്ളത്. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നവര്‍ക്ക്, അനായാസേന അധികാരപീഠത്തിലേക്ക് കയറിവരാനുള്ള സംവിധാനം ഇതുവരെയും നമ്മുടെ രാജ്യത്തുണ്ട്. ലോകത്തിന് മുന്നില്‍ മാതൃകയാണെന്ന് കൊട്ടിഘോഷിക്കുന്ന അമേരിക്കന്‍ ജനാധിപത്യത്തിന്റെ ബലഹീനത, ട്രംപ് അധികാരത്തില്‍ നിന്ന് ഇറങ്ങുന്ന പ്രക്രിയയിലൂടെ ലോകം കണ്ടതാണ്. അതുമായി തുലനം ചെയ്യുമ്പോള്‍ ഇന്ത്യന്‍ ജനാധിപത്യം നേടിയെടുത്ത വിശ്വാസ്യതയും ആര്‍ജവവും എടുത്തു പറയത്തക്കതാണ്.
ഏതൊരു സംവിധാനവും കാലത്തിന്നനുസരിച്ച് പരിഷ്‌കരിക്കാതിരുന്നാല്‍, അത് ചിതലരിക്കുകയും കാലത്തെ അതിജീവിക്കാന്‍ കഴിയാതെ ജീര്‍ണതയിലേക്ക് നീങ്ങുകയും ചെയ്‌തേക്കും. ഇതിനെ അതിജീവിക്കാനുള്ള പരിഷ്‌കാര മാര്‍ഗങ്ങളെ കുറിച്ച് നിരന്തരമായ ചര്‍ച്ചകളും ആലോചനകളും അനിവാര്യമാണ്. നമ്മുടെ ജനാധിപത്യ സംവിധാനത്തെ സംബന്ധിച്ചേടുത്തോളം അതില്‍ രണ്ട് കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധയര്‍ഹിക്കുന്നു. ഒന്ന്, അധികാര സ്ഥാനങ്ങളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം. രണ്ട്, ന്യൂനപക്ഷങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തല്‍. ഈ രണ്ട് വിഭാഗങ്ങളും പുറന്തള്ളപ്പെടുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തും.
ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സംവിധാനത്തില്‍ ഉണ്ടാക്കേണ്ട മറ്റു പരിഷ്‌കാരങ്ങള്‍ സാങ്കേതികമായ കാര്യങ്ങളാണ്. സ്ഥാനാര്‍ഥികള്‍ ആവര്‍ത്തിച്ച് തെരഞ്ഞെടുപ്പ് ഗോഥയിലിറങ്ങുന്നത് തടയാനുള്ള നിയമം അനിവാര്യമാണ്. ഇത് യുവാക്കളുടെ കര്‍മ്മവീര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും. സകല തൊഴില്‍ മേഖലയിലും ഇന്ന് ജോലിയില്‍ നിന്ന് വിരമിക്കല്‍ പ്രായപരിധി ഒരു സാമൂഹ്യസുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി മാറിയിരിക്കുന്നൂ. എന്തുകൊണ്ട് സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് പ്രായപരിധി നിശ്ചയിച്ചുകൂടാ? ആയുസ്സ് ഉള്ളയത്രയും കാലം ഒരേ നേതാവ് തന്നെ മത്സരിക്കണമെന്നില്ലല്ലോ? സാമാജിക മെമ്പറെന്ന നിലയില്‍ ഒരേ വ്യക്തി തന്നെ എത്ര തവണയാണ് പെന്‍ഷന്‍ കൈപ്പറ്റുന്നത് എന്ന് ആലോചിക്കുമ്പോഴാണ് ഇതിന്റെ ബീഭത്സത ബോധ്യമാവുക.
കാര്യക്ഷമമായ വോട്ടര്‍ ലിസ്റ്റ് നടപ്പാക്കുക എന്നതാണ് നമ്മുടെ തെരഞ്ഞെടുപ്പ് സംവിധാനം ആവശ്യപ്പെടുന്ന മറ്റൊരു പരിഷ്‌കരണം. ഇരട്ടവോട്ടുകള്‍ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയ്ക്ക് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. കേരളം പോലെ ഉയര്‍ന്ന സാക്ഷരതയുള്ള സംസ്ഥാനങ്ങളില്‍ പോലും ഇരട്ടവോട്ട് നിലനില്‍ക്കുന്നുണ്ടെങ്കില്‍, മറ്റു സംസ്ഥാനങ്ങളുടെ കാര്യം പറയാതിരിക്കുകയാവും ഭേദം. വോട്ടിംഗ് സംവിധാനത്തെ തന്നെ പരിഹസിക്കുന്ന ഇരട്ടവോട്ട് ഒഴിവാക്കിയേ പറ്റൂ. തെരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടക്കുന്നുണ്ട്്.
ഒരു സാധാരണക്കാരന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ തന്നെ, ഇത്തരം നിര്‍ണായകമായ പരിഷ്‌കരണങ്ങള്‍ ആവശ്യമാണെങ്കില്‍, ഇതിന് ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥര്‍ നമ്മുടെ തെരഞ്ഞെടുപ്പ് പരിഷ്‌കരണത്തെ കുറിച്ച് കൂലങ്കഷമായി ചിന്തിച്ചാല്‍ കുറ്റമറ്റ ഒരു തെരഞ്ഞെടുപ്പ് രീതി നമുക്ക് ആവിഷ്‌കരിക്കാനും ലോകത്തിന് തന്നെ മാതൃക കാണിച്ചുകൊടുക്കാനും സാധിക്കുന്നതാണ്. സര്‍വോപരി, ഇന്ത്യന്‍ ജനാധിപത്യം ചിതലരിക്കാതെ നിലനില്‍ക്കാനും ഇത്തരം പരിഷ്‌കരണങ്ങള്‍ അനിവാര്യമാണ്. ഭരണത്തിലുള്ള പാര്‍ട്ടികള്‍ ഇത്തരം പരിഷ്‌കരണങ്ങളോട് മുഖംതിരിഞ്ഞ് നില്‍ക്കുക സ്വാഭാവികമാണ്. കാരണം അവരാണ് അതിന്റെ പ്രായോജകര്‍. ഉദ്ബുദ്ധരായ പൊതുജനങ്ങള്‍ പരിഷ്‌കരണങ്ങള്‍ക്ക് വേണ്ടി മുറവിളി കൂട്ടിയാല്‍ മാത്രമേ നമ്മുടെ ജനാധിപത്യ സംവിധാനത്തെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ. അത്തരം ബഹുജന സമ്മര്‍ദത്തിലൂടെ മാത്രമേ അധികാരത്തിലൂള്ളവരുടെ കണ്ണ് തുറപ്പിക്കാനുള്ള പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് വരുകയുള്ളൂ.