തിരഞ്ഞെടുപ്പു കമ്മീഷന്റെ കുറ്റകരമായ അനാസ്ഥ
ഷംന പി എ പാറമ്മല്‍
പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പുവേളയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത് രാജ്യം തലകുനിക്കുന്ന ജനാധിപത്യ ധ്വംസനങ്ങളാണെന്നു പറയാതെ വയ്യ. ബിജെപിക്ക് സഹായകരമാകുന്ന വിധത്തില്‍ ഒന്നിലേറെ ലോക്‌സഭാ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പത്രികകള്‍ തള്ളെപ്പടുകയോ പിന്‍വലിക്കപ്പെടുകയോ ചെയ്തു.
ഔദ്യോഗിക ഫലപ്രഖ്യാപനം നടക്കുന്നതിനു മുമ്പുതന്നെ സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി വിജയിയായി പ്രഖ്യാപിക്കപ്പെട്ടു. മോദിക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിയുടെ പത്രിക തള്ളി. അമിത്ഷാക്കെതിരെ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന അനുയായികളെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ വിളിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തു. ബിജെപി കടുത്ത വെല്ലുവിളി നേരിടുന്ന മണ്ഡലങ്ങളില്‍ രാജ്യവ്യാപകമായി ദലിത്-മുസ്‌ലിം വോട്ടര്‍മാരുടെ പേരുകള്‍ പട്ടികയില്‍ നിന്നു വെട്ടിക്കളയുകയും ചെയ്തിരിക്കുന്നു. ഇത്രയും പറഞ്ഞത് പോളിങ് ബൂത്തിനു പുറത്തെ കഥകള്‍. ഇനി പോളിങ് ബൂത്തിനകത്തെ അഴിഞ്ഞാട്ടങ്ങളുടെ ‘മഹത്തായ’ ഉദാഹരണങ്ങള്‍ നോക്കാം: യുപിയിലെ ഫാറൂഖാബാദ് ലോക്‌സഭാ മണ്ഡലത്തിലെ ഒരു ബൂത്തില്‍ ബിജെപിക്കാരനായ ഗ്രാമമുഖ്യന്റെ പ്രായപൂര്‍ത്തിയാകാത്ത മകന്‍ വോട്ടര്‍മാരുടെ സ്ലിപ്പുകള്‍ പിടിച്ചുവാങ്ങി താമര ചിഹ്നത്തില്‍ എട്ടു വോട്ടുകള്‍ ചെയ്തു. അതു മുഴുവന്‍ വീഡിയോയില്‍ പകര്‍ത്താനും പയ്യന്‍ മറന്നില്ല. പോലീസ് ഏമാന്‍ ‘മോനെ’ സഹായിക്കാന്‍ കയ്യും മെയ്യും മറന്ന് ക്രമസമാധാനപാലനത്തില്‍ ജാഗ്രത കാണിക്കുന്നതും വീഡിയോയിലുണ്ട്.
ഹൈദരാബാദ് മണ്ഡലത്തിലെ ബൂത്തുകളില്‍ ഹിജാബ് ധരിച്ച് വോട്ടു ചെയ്യാനെത്തിയ സ്ത്രീകളോട് മൂടുപടം നീക്കാന്‍ ആവശ്യപ്പെട്ട് ബിജെപി സ്ഥാനാര്‍ഥി ബഹളം വെച്ചു. മഹാരാഷ്ട്രയിലെ ബീഡ് ലോക്‌സഭാ മണ്ഡലത്തിലെ പാര്‍ലി സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ നിരവധി പേരെ വിരലില്‍ അടയാള മഷി പുരട്ടിയ ശേഷം വോട്ടു ചെയ്യാന്‍ സമ്മതിക്കാതെ ഭീഷണിപ്പെടുത്തി ഓടിച്ചുവിട്ടു. ഓടിച്ചുവിട്ടെങ്കിലും മാന്യന്മാരായ ഗുണ്ടകള്‍ ഇവരുടെ പേരില്‍ സമ്മതിദാനാവകാശം വിനിയോഗിക്കാന്‍ മറന്നില്ല എന്നത് ഏറെ അഭിമാനാര്‍ഹമായ കാര്യം.
പാര്‍ലി നിയമസഭാ മണ്ഡലത്തിലെ 33 ഗ്രാമങ്ങളിലും കൈജ്, മജല്‍ഗാവ് മണ്ഡലത്തിലെ നിരവധി ഗ്രാമങ്ങളിലും വളരെ കാര്യക്ഷമമായ രീതിയില്‍ ബൂത്തുപിടിത്തം നടന്നതായി വീഡിയോ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തിയപ്പോള്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ബൂത്തുപിടിത്തം നടന്നതായി തെളിയിക്കപ്പെട്ടിട്ടില്ലെന്ന ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുത്ത് തിരഞ്ഞെടുപ്പു കമ്മീഷന്‍ വീണ്ടും കൃത്യാന്തരബാഹുല്യത്തില്‍ മുഴുകുകയായിരുന്നു. ഏതായാലും, ആരു ജയിച്ചാലും തിരഞ്ഞെടുപ്പു കമ്മീഷന്റെ പക്ഷപാതപരവും കുറ്റകരവുമായ അനാസ്ഥ ജനാധിപത്യ ഇന്ത്യയുടെ തലയ്‌ക്കേറ്റ മാരകമായ പ്രഹരമായി എന്നെന്നും നിലനില്‍ക്കും.