തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഷ്ട്രീയ നിയമനമാകുമോ?
തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടെത്താനുള്ള നിയമന കമ്മിറ്റിയില്‍ ഭേദഗതി വരുത്തിക്കൊണ്ടുള്ള ബില്‍ ലോകസഭ പാസാക്കിയിരിക്കുകയാണ്. അതനുസരിച്ച് നിയമന കമ്മിറ്റിയില്‍ പ്രധാനമന്ത്രി, ഒരു കേന്ദ്ര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിങ്ങനെ മൂന്ന് പേരാണ് ഉണ്ടാവുക. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കൂടി ഉള്‍പ്പെടണമെന്ന സുപ്രീംകോടതി വിധിയെ മറികടക്കാനാണ് പുതിയ ബില്‍ പാസാക്കിയിരിക്കുന്നത്. മൂന്നംഗ കമ്മിറ്റിയില്‍ രണ്ടു പേരും ഭരണകക്ഷി ആയതുകൊണ്ടു തന്നെ ഭരിക്കുന്ന പാര്‍ട്ടിയുടെ താല്‍പര്യ പ്രകാരമായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിക്കപ്പെടുക.
ഈ ബില്‍ ലോകസഭയില്‍ ചര്‍ച്ചക്ക് വന്ന സമയത്ത് മിക്കവാറും പ്രതിപക്ഷ ലോകസഭാ അംഗങ്ങളെല്ലാം സസ്‌പെന്‍ഷനിലാണ്. ബില്‍ സംബന്ധിച്ച ചര്‍ച്ചയാവട്ടെ രണ്ട് മണിക്കൂറില്‍ താഴെയാണ് നടന്നത്. ചൂടപ്പം പോലെ സുപ്രധാന ബില്ലുകള്‍ ചുട്ടെടുക്കുന്നു എന്ന ആരോപണത്തെ ശരിവെക്കുന്ന വിധമാണ് നടപടികളുണ്ടായത്. ബി ജെ പിയോട് സൗഹൃദമുള്ള പാര്‍ട്ടിയുടെ പ്രതിനിധികളാണ് കാര്യമായി ചര്‍ച്ചയില്‍ പങ്കെടുത്തത്. അസദുദ്ദീന്‍ ഒവൈസി മാത്രമാണ് എതിര്‍ത്ത് സംസാരിച്ച ലോകസഭാംഗം. ഒരു സുപ്രധാന ഭേദഗതി പോലും കാര്യമായ ചര്‍ച്ചകളോ എതിര്‍പ്പുകളോ ഇല്ലാതെ പാസാക്കുന്നു എന്നത് ലോകസഭയിലെ സംവാദാത്മക അന്തരീക്ഷം എത്തിച്ചേര്‍ന്ന ദുരവസ്ഥയെ വരച്ചുകാണിക്കുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നാല്‍ സ്വതന്ത്രവും സുതാര്യവും ആയിരിക്കണമെന്ന് വകുപ്പ് 364 ല്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഭരിക്കുന്ന പാര്‍ട്ടികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്ന ഒന്നായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറരുത്. ഭരണ നിര്‍വഹണത്തില്‍ എന്തെല്ലാം അഴിമതികള്‍ കാണിച്ചാലും സുതാര്യവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അഭിമുഖീകരിച്ച് ജനവിധി തേടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍ബന്ധിതരാവുമ്പോള്‍ മാത്രമാണ് രാഷ്ട്രീയ ജനാധിപത്യം പ്രയോഗികമായി പുലരുന്നത്.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ബി ജെ പി സര്‍ക്കാറിന്റെ മുദ്രാവാക്യം കുറച്ചു കാലമായി ചര്‍ച്ചയിലുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭരണഘടനാ പദവിയില്‍ അധിഷ്ഠിതമായ സ്വാതന്ത്ര്യവുമാണ് ഈ മുദ്രാവാക്യത്തെ പ്രയോഗതലത്തില്‍ എത്തിക്കാന്‍ തടസ്സമായിട്ടുള്ളത്. അതിനെ മറികടക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ നിയന്ത്രണത്തില്‍ വരണം. ഭരണഘടനാ പദവിയുള്ള സ്ഥാപനം എന്ന നിലയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ക്രമം തെറ്റിക്കുവാനും ലോകസഭയും നിയമസഭയും ഒരുമിച്ച് നടത്താനും സാധിക്കും. സ്വാഭാവികമായും ഇത്തരം ചെയ്തികള്‍ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടാല്‍ തന്നെ ജുഡീഷ്യറിയെ മറികടക്കാവുന്ന പഴുതുകള്‍ ഉണ്ടാക്കുകയും വേണം. ഇങ്ങനെ ദീര്‍ഘ കാലാടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ വരുതിയില്‍ വരുത്താവുന്ന ഭേദഗതിയാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമന പ്രക്രിയയില്‍ എക്‌സിക്യൂട്ടീവിന് വ്യക്തമായ നിയന്ത്രണം നല്‍കുന്നത് വഴി അതിന്റെ സ്വതന്ത്രഭാവം നഷ്ടപ്പെടുമെന്ന ആശങ്കയാണ് പൊതുവില്‍ ഉന്നയിക്കപ്പെടുന്നത്. സെര്‍ച്ച് കമ്മിറ്റിയുടെ മുമ്പിലുള്ള ശുപാര്‍ശകള്‍ക്ക് പുറമെ സ്വന്തമായി തന്നെ പേരുകള്‍ കണ്ടെത്താനും നിയമന സമിതിക്ക് അധികാരമുണ്ട്. ഇത് സ്വാഭാവികമായും പ്രധാനമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു കമ്മീഷന്‍ മാത്രമായി തെരഞ്ഞെടുപ്പ് കമ്മീഷനെ മാറ്റുമെന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന പ്രശ്‌നം. സമിതിയലെ രണ്ടു പേരും ഭരണകക്ഷിയില്‍ നിന്നാണ് എന്നിരിക്കെ പ്രധാനമന്ത്രിക്ക് താല്‍പ്പര്യമുള്ള വ്യക്തികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആയി നിയമിക്കപ്പെടുമെന്നതാണ് ഫലത്തില്‍ സംഭവിക്കുക. അതുകൊണ്ടു തന്നെ, ഇന്ത്യയിലെ സുതാര്യവും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സംവിധാനം ഒരു ചോദ്യചിഹ്നമായി മാറുമോ എന്ന ആശങ്ക സ്വാഭാവികമാണ്. ജുഡീഷ്യറി അതിന്റെ മാത്രം പണി നോക്കട്ടെ എന്ന അധികാരവിഭജനത്തിന്റെ ഭാഷയില്‍ നല്‍കുന്ന മറുപടി രാഷ്ട്രീയ നിയമനങ്ങള്‍ക്ക് പച്ചക്കൊടി കാണിക്കുകയാണ് ചെയ്യുന്നത്. എക്‌സിക്യൂട്ടീവിന് സമ്പൂര്‍ണ അധികാരം നല്‍കുന്ന മേഖലയിലെല്ലാം രാഷ്ട്രീയ നിയമനങ്ങള്‍ സ്വഭാവികമായി മാറിയിട്ടുണ്ട് എന്ന് ഭരണനിര്‍വഹണ മേഖലയിലൂടെ കണ്ണോടിച്ചാല്‍ മനസ്സിലാകും. ഒരു രാജ്യം ജനാധിപത്യപരമായി നിലനില്‍ക്കണോ എന്ന ചോദ്യത്തിന്റെ അടിസ്ഥാനപരമായ ഉത്തരം ആ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയാണ്. രാഷ്ട്രീയ വിധേയത്വമുള്ള ഒരു തെരഞ്ഞെടുപ്പ് കമ്മീഷന്‍ ജനാധിപത്യ സംസ്‌കാരത്തെ ദുര്‍ബലപ്പെടുത്തും.