നിര്‍ണായകമായ തെരഞ്ഞെടുപ്പ്
രാജ്യം 18-ാമത് ലോകസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുകയാണ്. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടം വിവിധ സംസ്ഥാനങ്ങളില്‍ നടന്നുകഴിഞ്ഞു. രണ്ടാം ഘട്ടത്തില്‍ കേരളം പോലെയുള്ള സംസ്ഥാനങ്ങള്‍ വിധിയെഴുതും. തെരഞ്ഞെടുപ്പിന് മുമ്പായുള്ള വിവിധ സര്‍വേ ഫലങ്ങള്‍ പുറത്ത് വന്നുകഴിഞ്ഞു. ഇനി എല്ലാ ഘട്ടവും പിന്നിട്ട ശേഷം മാത്രമാണ് പോസ്റ്റ് പോള്‍ സര്‍വേ പുറത്തുവരിക. സര്‍വേ ഫലങ്ങളെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ല എന്നതാണ് മുന്നനുഭവങ്ങള്‍ കാണിക്കുന്നത്. അതുകൊണ്ട് തന്നെ പ്രവചനം അസാധ്യമാണ്.
കേന്ദസര്‍ക്കാറിനെതിരായ ഭരണവിരുദ്ധ വികാരം പ്രകടമാണ്. രാജ്യത്തെ തൊഴിലില്ലായ്മയും സാമ്പത്തിക അവസ്ഥയും യുവജനങ്ങളില്‍ പ്രതിഷേധം നിറച്ചിട്ടുണ്ട്. അതേസമയം, അഴിമതിക്കെതിരായ പാര്‍ട്ടി എന്ന ലേബലിലാണ് ബി ജെ പി 2014-ല്‍ അധികാരത്തിലേക്ക് വരുന്നത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു പി എ സര്‍ക്കാറിനെതിരായ നിരവധി അഴിമതി ആരോപണങ്ങളും ‘ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍’ പോലെയുള്ള മൂവ്‌മെന്റുകളുമാണ് ബി ജെ പിക്ക് അധികാരത്തിലേക്ക് വഴിയൊരുക്കിയത്.
സമാനമായ സാഹചര്യം ഇപ്പോള്‍ ബി ജെ പിക്ക് എതിരെയുണ്ട്. ഇലക്ടറല്‍ ബോണ്ട് രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയാണെന്ന് പൊതുസമൂഹം തിരിച്ചറിയുന്നു. രാജ്യത്ത് നടന്നിട്ടുള്ള എല്ലാ തട്ടിപ്പുകളെക്കാളും വലിയ സംഖ്യയാണ് ഇലക്ടറല്‍ബോണ്ട് വഴി ബി ജെ പി സ്വരൂപിച്ചിട്ടുള്ളത്. മാത്രമല്ല, കോര്‍പ്പറേറ്റ് രംഗത്തെ വലിയ കെടുകാര്യസ്ഥത കൂടിയാണ് ഇതിലൂടെ വെളിപ്പെട്ടത്. ഭരിക്കുന്ന പാര്‍ട്ടിക്ക് പണം നല്‍കി നിരവധി കരാറുകളും ഇളവുകളും കരസ്ഥമാക്കിയാണ് കോര്‍പ്പറേറ്റുകള്‍ മുന്നോട്ടുപോയിരുന്നത് എന്ന രഹസ്യമായ പരസ്യം തെളിവുകളോടെ പിടിക്കപ്പെട്ടിരിക്കുകയാണ്. ഇത് കോര്‍പ്പറേറ്റ് മേഖലയില്‍ കൂടി വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.
ഭരണവിരുദ്ധ വികാരം പൊതുവെ നിലനില്‍ക്കുന്നുണ്ട് എന്ന് ബി ജെ പി മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വികസന പ്രശ്‌നങ്ങളില്‍ നിന്നു വിഭാജക അജണ്ടകളിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തെ വഴിതിരിച്ചുവിടാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഒന്നാം ഘട്ടത്തില്‍ പോളിംഗ് ശതമാനം കുറഞ്ഞതിന്റെ കാരണം, ബി ജെ പി പ്രവര്‍ത്തകരുടെ ആത്മവിശ്വാസക്കുറവാണ് എന്നാണ് സര്‍വേ ഏജന്‍സികളുടെ പ്രതികരണം. വോട്ടിംഗിന് എത്താതിരുന്നത് പ്രതീക്ഷ നഷ്ടപ്പെട്ട ബി ജെ പി പ്രവര്‍ത്തകരാണ്. ഇത് മനസ്സിലാക്കിയ നരേന്ദ്ര മോദി അടക്കമുള്ളവര്‍ രൂക്ഷമായ വര്‍ഗീയ പ്രസ്താവനകളുമായി രംഗത്ത് വന്നിട്ടുണ്ട്.
മുസ്‌ലിം വിരുദ്ധ വികാരം കത്തിച്ചുനിര്‍ത്തുന്നതിലൂടെ മാത്രമേ ജയിക്കാനാവൂ എന്നാണവര്‍ കരുതുന്നത്. രാമക്ഷേത്രം, സി എ എ പോലെയുള്ള പ്രശ്‌നങ്ങള്‍ പരമാവധി കത്തിച്ചുനിര്‍ത്താന്‍ ബി ജെ പി ശ്രമിച്ചിരുന്നെങ്കിലും രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങളിലേക്ക് ചര്‍ച്ച എത്തിക്കാന്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ‘ഇന്‍ഡ്യ’ മുന്നണിക്ക് സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച പ്രകടന പത്രിക ഏറെക്കുറെ യുവജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത നേടിയിട്ടുണ്ട്. കേരളത്തില്‍ വോട്ടെടുപ്പ് നടക്കുന്നത് വെള്ളിയാഴ്ച ദിവസമാണ്. മുസ്‌ലിംകളെ സംബന്ധിച്ചേടത്തോളം അത് ജുമുഅ നടക്കുന്ന ദിവസമായത് കൊണ്ട് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് പല മുസ്‌ലിം സംഘടനകളും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അക്കാര്യത്തില്‍ മാറ്റമുണ്ടായില്ല. സ്വാഭാവികമായും, പിന്നെ എന്തുചെയ്യണമെന്നാണ് മുസ്‌ലിം സംഘടനകള്‍ ആലോചിക്കുക. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്കും ബൂത്ത് ഏജന്റുമാര്‍ക്കും ഇളവുകള്‍ സ്വീകരിക്കാമെന്നാണ് പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നത്. വോട്ടര്‍മാരെ സംബന്ധിച്ചേടത്തോളം പല മഹല്ലുകളിലും ജുമുഅ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ സമയം അഡ്ജസ്റ്റ് ചെയ്ത് ജുമുഅയില്‍ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്താനും സാധിക്കും. സമ്മതിദാനവകാശം വിനിയോഗിക്കുക എന്നത് ഓരോ പൗരന്മാരുടെയും ബാധ്യതയാണ്. അതില്‍ ഒരു നിലക്കും വീഴ്ച ഉണ്ടായിക്കൂടാ. രാജ്യത്തിന്റെ ഭരണഘടനയും ജനാധിപത്യവും മതസ്വാതന്ത്ര്യവും നിലനിര്‍ത്താനുള്ള പോരാട്ടമാണ് ലോകസഭ തെരഞ്ഞെടുപ്പ്. സമകാലിക സാഹചര്യത്തെ തിരിച്ചറിഞ്ഞ് വിവേകത്തോടെ വോട്ട് ചെയ്യുന്നവരാണ് കേരളത്തിലെ പ്രബുദ്ധ ജനത. ഏപ്രില്‍ 26 ന് നടക്കുന്ന തെരഞ്ഞെടുപ്പിലും ജനാധിപത്യ അവകാശം വിനിയോഗിക്കാന്‍ എല്ലാ വോട്ടര്‍മാരും തയ്യാറകണമെന്ന് ഉണര്‍ത്തുന്നു.