29 Wednesday
October 2025
2025 October 29
1447 Joumada I 7

തിരഞ്ഞെടുപ്പ് നിര്‍ണായകം; വോട്ട് പാഴാക്കരുത് -കെ എന്‍ എം മര്‍കസുദ്ദഅ്‌വ


കോഴിക്കോട്: രാജ്യത്ത് നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് രാജ്യത്തിന്റെ നിലനില്‍പുമായി ബന്ധപ്പെട്ട അതീവ ഗൗരവതരമാണെന്നതിനാല്‍ വോട്ട് പാഴാവാതിരിക്കാന്‍ പ്രത്യേകം ജാഗ്രവത്താവണമെന്ന് കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറിയേറ്റ് പൗരന്‍മാരെ ഉണര്‍ത്തി. കേരളത്തില്‍ പോളിംഗ് വെള്ളിയാഴ്ചയാണെന്നതിനാല്‍ വെള്ളിയാഴ്ചയുടെ പരിമിതികളെ മുന്‍കൂട്ടി കണ്ട് ഓരോ വോട്ടും പോള്‍ ചെയ്യപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. രാജ്യത്ത് നിര്‍ഭയമായ ജനാതിപത്യ മതേതര സാഹചര്യം തിരിച്ചു കൊണ്ടുവരാനാവണം വോട്ടവകാശം വിനിയോഗിക്കേണ്ടത്.
പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും രാജ്യത്തെ വിഴുങ്ങിക്കൊണ്ടിരിക്കെ മതത്തിന്റെയും ജാതിയുടെയും പേര് പറഞ്ഞ് ജനങ്ങളെ തമ്മിലടിപ്പിച്ച് വീണ്ടും അധികാരത്തിലേറാനുള്ള വര്‍ഗീയ ശക്തികളുടെ ദുഷ്ടലാക്കിനെ ചെറുത്തു തോല്പിക്കണം. മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിനായുള്ള വിശാല സഖ്യത്തെ ആത്മാര്‍ഥമായി പിന്തുണക്കണമെന്നും കെ എന്‍ എം മര്‍കസുദ്ദഅ്‌വ സെക്രട്ടറിയേറ്റ് അഭ്യര്‍ഥിച്ചു.
കെ എന്‍ എം മര്‍കസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ കെ അഹമ്മദ്കുട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. എം അഹമ്മദ്കുട്ടി മദനി, അഡ്വ. പി മുഹമ്മദ് ഹനീഫ, എം എം ബഷീര്‍ മദനി, കെ പി അബ്ദുറഹിമാന്‍ സുല്ലമി, കെ പി സകരിയ്യ, എന്‍ എം അബ്ദുല്‍ജലീല്‍, കെ എ സുബൈര്‍, ഫൈസല്‍ നന്മണ്ട, സി അബ്ദുല്ലത്തീഫ്, പി പി ഖാലിദ്, കെ പി അബ്ദുറഹ്മാന്‍, ബി പി എ ഗഫൂര്‍, ഡോ. അനസ് കടലുണ്ടി, ഹമീദലി ചാലിയം, സഹല്‍ മുട്ടില്‍ പ്രസംഗിച്ചു.

Back to Top