28 Thursday
March 2024
2024 March 28
1445 Ramadân 18

ഏകീകൃത സിവില്‍ കോഡ് ഭീഷണി വീണ്ടും

അബ്ദുസ്സലാം

ഏക സിവില്‍ കോഡ് വീണ്ടും ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നു. ഉത്തരാഖണ്ഡില്‍ പൊതുജനാഭിപ്രായം എടുത്തുകഴിഞ്ഞു. ഒരു രാജ്യം, ഒരു നിയമം, ഒരു ഭാഷ, ഒരു തിരഞ്ഞെടുപ്പ് തരത്തിലുള്ള രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ഏക സിവില്‍ കോഡിനെയും കാണേണ്ടത്. എന്തിനാണ് ഏകീകൃത സിവില്‍ കോഡ് എന്ന ചോദ്യം ഉയര്‍ന്നുകൊണ്ടേയിരിക്കേണ്ടതുണ്ട്.
നിലവില്‍ ഇന്ത്യന്‍ സിവില്‍ നിയമങ്ങളില്‍ ഒട്ടുമുക്കാലും ഏകീകൃതമാണ്. ചിലയിടങ്ങളില്‍ പ്രത്യേക സാഹചര്യമായി പരിഗണിക്കുകയും ഭേദഗതികള്‍ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മതപരമായ വ്യക്തിനിയമങ്ങളില്‍ അത്തരമൊരു ഏകീകൃത രൂപം സാധ്യമല്ല. സംസ്ഥാനങ്ങള്‍ക്കനുസരിച്ച് കുറ്റമാവുന്നതും അല്ലാത്തതുമായ നിയമങ്ങളുണ്ട്. ഗുജറാത്തില്‍ മദ്യപിച്ചാല്‍ തടവുശിക്ഷ ലഭിക്കും. മറ്റു ചില സംസ്ഥാനങ്ങളില്‍ അതൊരു പ്രശ്‌നമല്ല. ഗോവധം കുറ്റകരമാകുന്ന സംസ്ഥാനങ്ങളുമുണ്ട്. സമ്പൂര്‍ണാര്‍ഥത്തില്‍ ക്രിമിനല്‍ കോഡില്‍ പോലും ഏകതാനത സാധ്യമല്ല എന്നര്‍ഥം.
ഹിന്ദു നിയമങ്ങള്‍ പോലും ഒരേപോലെയല്ല എല്ലായിടത്തും നിലനില്‍ക്കുന്നത്. ഹിന്ദു വിവാഹനിയമമനുസരിച്ച് അടുത്ത ബന്ധുക്കള്‍ തമ്മിലുള്ള വിവാഹം കുറ്റകരമാണ്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ അത് സാധാരണമാണ്. മുറച്ചെറുക്കനും മച്ചമ്പിയും എല്ലാം സ്ത്രീയുടെ സ്വാഭാവിക ഭര്‍ത്താക്കന്മാരാണ്. ഇത്തരം വൈരുധ്യങ്ങളെ മനസ്സിലാക്കുകയും അംഗീകരിക്കുകയും ഉള്‍ച്ചേര്‍ക്കുകയും അവധാനതയോടെ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുകയും ചെയ്യുന്നതാണ് ഇന്ത്യയുടെ ഭരണഘടനാപരമായ കീഴ്‌വഴക്കം.
പൊതുവേ ഉയര്‍ന്നുവരുന്ന ധാരണകളില്‍ ഒന്ന് ഏക സിവില്‍ കോഡ് വരുന്നത് എന്തോ ‘മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന’ കാര്യമാണെന്നാണ്. പരിഷ്‌കരിക്കപ്പെട്ട ഹിന്ദു വ്യക്തിനിയമങ്ങളിലും ഇത്തരത്തിലുള്ള ധാരാളം അനീതികള്‍ കാണാം. 2006-ലെ ഒരു നിയമത്തിലൂടെ ഉത്തര്‍പ്രദേശില്‍ കാര്‍ഷിക ഭൂമിക്ക് പിന്തുടര്‍ച്ചാ അവകാശം ഉള്ളത് അവിവാഹിതയായ മകള്‍ക്ക് മാത്രമാണ്. വിവാഹിതരായ പെണ്‍മക്കള്‍ക്ക് കൃഷിഭൂമിയില്‍ അവകാശമൊന്നുമില്ല. പ്രത്യക്ഷത്തില്‍ തന്നെ തുല്യതയ്ക്ക് വിരുദ്ധമായ ഈ നിയമം ചോദ്യം ചെയ്യപ്പെടാതിരിക്കാനായി ഭരണഘടനയുടെ ഒമ്പതാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഹിന്ദു സ്വത്തവകാശ നിയമത്തില്‍ മകള്‍ തുല്യാവകാശിയാണെങ്കിലും ജീവിച്ചിരിക്കെ മാതാപിതാക്കള്‍ക്ക് ഒസ്യത്തെഴുതാനുള്ള അവകാശമുണ്ട് എന്ന മാര്‍ഗത്തിലൂടെ പെണ്‍കുട്ടികള്‍ക്ക് സ്വത്തവകാശം നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ട്. ഇത്തരം പക്ഷപാതിത്വത്തിനൊന്നും ഏകീകൃത സിവില്‍ കോഡില്‍ ഇടം നേടാന്‍ കഴിയില്ല.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x