21 Saturday
December 2024
2024 December 21
1446 Joumada II 19

വൈവിധ്യങ്ങളുടെ ലോകത്ത് ഏകത്വത്തിന്റെ ദര്‍ശനം

മുഹമ്മദ് ശമീം


തൗഹീദ് എന്ന ആശയത്തെ ഖുര്‍ആന്‍ പരിപാലിക്കുന്നത് ദൈവം എന്ന സങ്കല്‍പത്തെ മുന്‍നിര്‍ത്തി മാത്രമാണെന്ന് തോന്നുന്നില്ല. അല്ലാഹുവിന്റെ സൃഷ്ടിപ്പില്‍ നമ്മുടെ ഭാഷയില്‍ ശാസ്ത്രീയം എന്ന് വിവക്ഷിക്കാവുന്ന ഒരു ക്രമം ദീക്ഷിക്കപ്പെടുന്നുണ്ട്. കണത്തില്‍ നിന്ന് വിശ്വത്തിലേക്കും പദാര്‍ഥത്തില്‍ നിന്ന് ജീവിയിലേക്കും പിന്നെ വ്യത്യസ്ത ജീവിവര്‍ഗങ്ങളിലൂടെയും വികസിക്കുന്ന ഒരു പരിണാമക്രമം.
പ്രപഞ്ചം ഉണ്ടായതങ്ങനെയാണ്. ഒരേ പിണ്ഡത്തില്‍ നിന്ന്. ‘ഈ ആകാശങ്ങളും ഭൂമിയുമെല്ലാം ഒന്നായൊട്ടിച്ചേര്‍ന്നു കിടക്കെയാണ് നാമവയെ വേര്‍പെടുത്തിയത്’ എന്ന് സൂറത്തു അന്‍ബിയാഅ് 30-ാം വചനത്തില്‍ പറയുന്നു. എന്നുവെച്ചാല്‍ ഭൗമികവും പ്രാപഞ്ചികവുമായ സകല അസ്തിത്വങ്ങളും എല്ലാ രൂപത്തിലുമുള്ള ഊര്‍ജവും ദ്രവ്യവും അവയാല്‍ രൂപപ്പെടുന്ന അതിസൂക്ഷ്മം മുതല്‍ ബൃഹദ്സ്ഥൂലം വരെയുള്ള, സബ്അറ്റോമിക് ഘടകങ്ങള്‍ മുതല്‍ ഗാലക്‌സികളും ഇന്റര്‍ഗാലക്റ്റിക് സ്‌പെയ്‌സുകളും ഉള്‍പ്പെടെയുള്ള, ഘടനകളും ഇവയെല്ലാം തമ്മിലുള്ള അടിസ്ഥാന വിനിമയങ്ങളും ഓരോന്നിന്റെയും ഭൗതികപ്രക്രിയകളും ഭൗതികസ്ഥിരതയും ചലനങ്ങളും പരിണാമങ്ങളും എന്നു വേണ്ട സകലത്തിനെയും ഉള്‍ക്കൊള്ളുന്ന ഒരേയൊരു മഹാപിണ്ഡത്തില്‍ നിന്ന് മേല്‍പ്പറഞ്ഞവയോരോന്നും വേര്‍പെട്ടു. ശേഷം ഈ വിശ്വം വികസിച്ചു കൊണ്ടിരിക്കുന്നു. ഭൗതികമായ സ്ഥലകാലപരിമിതികള്‍ക്കകത്തുള്ള ഈ വിശ്വത്തെ, പക്ഷേ നമുക്ക് പൂര്‍ണമായും അളക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല.
ചില ശാസ്ത്രജ്ഞര്‍ മള്‍ട്ടിവേഴ്‌സ് എന്ന ഒരു ഹൈപൊതിസീസ് അവതരിപ്പിച്ചിട്ടുണ്ട്. അതുപ്രകാരം ഒന്നിലധികം വിശ്വങ്ങള്‍ (universes) സമാന്തരമായി നിലനില്‍ക്കുന്നു. ഈ വിശ്വങ്ങളെല്ലാം ചേര്‍ന്ന ഒരു മഹാവിശ്വമായി കോസ്‌മോസിനെ (cosmos) സങ്കല്‍പിക്കാം. സമാനമായ ഭൗതികശാസ്ത്ര നിയമങ്ങളാല്‍ ബന്ധിതമായിരിക്കുന്ന സമാന്തരപ്രപഞ്ചങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതായി സങ്കല്‍പിക്കാവുന്ന ഒരു പുതപ്പാണ് മള്‍ട്ടിവേഴ്‌സ് (multi verse). റബ്ബുല്‍ആലമീന്‍ (വിശ്വങ്ങളുടെ വിധാതാവ്) എന്ന് അല്ലാഹുവിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നതിന്റെയും യുക്തി ഇതായിരിക്കാം. ഖുര്‍ആനില്‍ സമാഅ് അഥവാ ആകാശം ഇല്ല, ആകാശങ്ങളേ (സമാവാത്) ഉള്ളൂ. അതുപോലെ വിശ്വം (ആലം) എന്നതിന് പകരം പൊതുവെ വിശ്വങ്ങള്‍ (ആലമൂന്‍) ഉപയോഗിക്കുന്നു. അത്രമേല്‍ ബഹുത്വമായി നിലകൊള്ളുന്ന മഹാവിശ്വത്തിലെ സ്ഥൂല, സൂക്ഷ്മ ഘടകങ്ങളെല്ലാം പക്ഷേ, ഏകമായ ദ്രവ്യപിണ്ഡത്തിലേക്ക് ചേര്‍ന്നു നില്‍ക്കുന്നു.
ഇപ്രകാരം അനന്തമായി വികസിച്ച, സമാന്തരമായി വികസിച്ചു കൊണ്ടേയിരിക്കുന്ന വിശ്വങ്ങളെല്ലാം ഉത്ഭവിച്ചത് ഒരേയൊരു ദ്രവ്യപിണ്ഡത്തില്‍ നിന്നാണെന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. ഇതിലെ ശാസ്ത്രവശങ്ങള്‍ തല്‍ക്കാലം മാറ്റിവെക്കുക. ഏകം എന്നതാണ് ഇതിലെ തത്വശാസ്ത്രം. ഏകത്തില്‍ നിന്നുത്ഭവിക്കുന്ന മഹാവിശ്വം, അതിന്റെ വേര്‍പെടലുകളില്‍ നിന്നുണ്ടാകുന്ന ബഹുവിശ്വങ്ങളും.
ജീവന്റെ ഉത്പത്തിയെക്കുറിച്ച ഖുര്‍ആനിക സിദ്ധാന്തവും ഏകം എന്നതിലേക്ക് ചേര്‍ത്തു വെക്കാന്‍ പറ്റും. അന്‍ബിയാഅ് 30-ാം വചനത്തില്‍ തുടര്‍ന്നു പറയുന്നത് ‘ജീവനുള്ള സകലത്തിനെയും നാം വേര്‍പെടുത്തിയത് (സൃഷ്ടിച്ചത്, പരിണമിപ്പിച്ചത്) ജലത്തില്‍ നിന്നാകുന്നു’ എന്നത്രേ. ജലം ഏകമാണ്. പ്രപഞ്ച പരിണാമത്തിന്റെ ആദിമബിന്ദു ഒരു ധൂമപടലം അഥവാ ഒരു വാതകപിണ്ഡം ആയിരിക്കാം. സൂറത്തു ഫുസ്സ്വിലതില്‍ അതിനെ ദുഖാന്‍ എന്ന് വിശേഷിപ്പിച്ചിട്ടുമുണ്ട്. വാതകം, പുക, ശൂന്യത എന്നൊക്കെ അര്‍ഥമുള്ള പദമാണ് ദുഖാന്‍.
ജീവപരിണാമമാകട്ടെ, ഒരു ദ്രവപിണ്ഡത്തില്‍ നിന്ന് തുടങ്ങുന്നു. ഭൂമിയില്‍ ഒരു പ്രോകാരിയോട്ട് ഏകകോശജീവി മുതല്‍ക്ക് സസ്യങ്ങളും ജന്തുക്കളും, നട്ടെല്ലുള്ളവയും ഇല്ലാത്തവയും, പിന്നെ മത്സ്യങ്ങളും ഉഭയജീവികളും ഉരഗങ്ങളും സസ്തനികളും, പാറ്റകളും മീനുകളും പാമ്പുകളും എലികളും ആള്‍ക്കുരങ്ങുകളും ആനകളും നീലത്തിമിംഗലങ്ങളുമൊക്കെയായി മനുഷ്യന്‍ വരെ എത്തിനില്‍ക്കുന്ന സകല ജീവികളുടെയും ഉത്ഭവം, ഈ ജലത്തില്‍ നിന്ന് അഥവാ ഒരേ ദ്രവപിണ്ഡത്തില്‍ നിന്ന് തന്നെയാകുന്നു.

സമാനമായി മനുഷ്യോത്പത്തിയെ പരാമര്‍ശിക്കുമ്പോള്‍ ഖുര്‍ആന്‍ നഫ്‌സുന്‍ വാഹിദഃ അഥവാ ഒരേയൊരു നഫ്‌സ് എന്ന് പ്രയോഗിക്കുന്നു (അന്നിസാഅ് 1). ഒരുപാട് അര്‍ഥങ്ങളുള്ള ശബ്ദമാണ് നഫ്‌സ്. സ്വന്തം അഥവാ ആത്മം (self) എന്നതാണ് പ്രധാന അര്‍ഥം. അതോട് ചേര്‍ത്ത് അഹം (ego), ചേതന (spirit), ധിഷണ (intellect), മനസ്സ് (mind), ബോധം (consciounsess), പ്രാണശക്തി (pneuma), ജീവതത്വം (psyche) എന്നിങ്ങനെയും സത്ത (essence), പ്രകൃതി (nature) എന്നിങ്ങനെയും ജീവശാസ്ത്രപരമായി ശരീരം (body), ജീവന്‍ (life), ഹൃദയം (heart), പ്രാണന്‍ (breath) എന്നിങ്ങനെയും സാമൂഹികമായി സ്വത്വം (identity), തുല്യം (same) എന്നിങ്ങനെയുമെല്ലാം ആ പദത്തിന് അര്‍ഥമുണ്ട്.
മേല്‍വിവരിച്ച അര്‍ഥങ്ങളോരോന്നും വേണമെങ്കില്‍ ഖുര്‍ആനിലെ നഫ്‌സുന്‍ വാഹിദയിലേക്ക് ചേര്‍ത്തുവെക്കാവുന്നതാണ്. ഏകമായ ആത്മരൂപം എന്ന് നഫ്‌സുന്‍ വാഹിദക്ക് സാമാന്യമായി അര്‍ഥം പറയാം. ഇത്, വ്യത്യസ്ത ഐഡന്റിറ്റികളില്‍ നിലനില്‍ക്കെത്തന്നെ, നാമോരോരുത്തരെയും മനുഷ്യന്‍ എന്ന ഏകത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നു. അതിനുമപ്പുറം, ജീവന്‍, ജീവതത്വം തുടങ്ങിയ അര്‍ഥങ്ങള്‍ ഈ പദത്തോട് ചേര്‍ത്തുവെക്കുമ്പോള്‍ നമ്മുടെ സ്വത്വം ജീവലോകത്തിലേക്ക് തന്നെ വികാസം പ്രാപിക്കുന്നുണ്ട്.
അത്രമേല്‍ ഏകമാണ് മഹാവിശ്വം, അത്രമേല്‍ ഏകമാണ് ലോകം, അത്രമേല്‍ ഏകമാണ് ജീവന്‍, അത്രമേല്‍ ഏകമാണ് മനുഷ്യനും.
വൈവിധ്യത്തിന്റെ
യാഥാര്‍ഥ്യം

നഫ്‌സുന്‍ വാഹിദയെക്കുറിച്ച് പരാമര്‍ശിക്കുന്ന, അന്നിസാഇലെ പ്രഥമവചനം ഇങ്ങനെയാണ്: ”മാനവകുലമേ, നിങ്ങളുടെ ഈശനെപ്പറ്റി ജാഗ്രത്താകുവിന്‍. അവന്‍ ഒരേയൊരാത്മത്തില്‍ നിന്ന് നിങ്ങള്‍ക്കുയിരേകി. അതില്‍ നിന്ന് തന്നെ അതിന്റെ ഇണയെയും പുറപ്പെടുവിച്ചു. എന്നിട്ടാ യുഗ്മത്തില്‍ നിന്നും നരരും നാരികളുമായ ധാരാളമാളുകളെ (ഈയുലകില്‍) പടര്‍ത്തി വിട്ടു. അല്ലാഹുവിനെപ്പറ്റി ജാഗ്രത്താവുക, അവനെ മുന്‍നിര്‍ത്തിയല്ലോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്. കുടുംബബന്ധങ്ങളെയും (കരുതലോടെ പരിപാലിക്കുക) അവന്‍ നിങ്ങള്‍ക്ക് മേല്‍ സൂക്ഷ്മനിരീക്ഷകനാകുന്നു”.
ഭൂലോകത്തെവിടെയെല്ലാം ഏതെല്ലാം വര്‍ഗത്തിലും ഏതെല്ലാം വംശത്തിലും മനുഷ്യരുണ്ടോ, അവരെല്ലാം തന്നെ ഒരേ നഫ്‌സില്‍ നിന്ന് രൂപം കൊണ്ട ഇണകളുടെ ജനിതകത്തുടര്‍ച്ചയാണ് എന്നത്രേ ഖുര്‍ആന്‍ ഇതിലൂടെ സ്ഥാപിക്കുന്നത്.
ഭൂലോകത്തിന്റെ വിവിധ കോണുകളില്‍ മനുഷ്യര്‍ പാര്‍പ്പുറപ്പിച്ചത് പറ്റങ്ങളായാണ്. മറ്റു ജീവജാലങ്ങള്‍ക്കുള്ളതുപോലെ പ്രകൃത്യായുള്ള ജീവിതാനുകൂലനങ്ങള്‍ മനുഷ്യര്‍ക്ക് വളരെക്കുറവാണ്. ഹിമപ്രദേശത്ത് ജീവിക്കുന്ന ഒരു കരടിയും ഉഷ്ണമേഖലയിലെ കാടുകളില്‍ ജീവിക്കുന്ന കരടിയും ഒരു പോലെയല്ല. മധ്യരേഖയോട് കൂടുതല്‍ അടുത്തു നില്‍ക്കുന്ന ഗാലപഗോസിലും ഇക്വഡോറിലും വസിക്കുന്ന ചെറു പെന്‍ഗ്വിനുകള്‍ ചാള്‍സ് ഡാര്‍വിന്റെ ആകാംക്ഷയെ ഉണര്‍ത്തിയ ജീവികളായിരുന്നല്ലോ. അതിശൈത്യത്തില്‍ ജീവിക്കുന്ന അന്റാര്‍ടിക് പെന്‍ഗ്വിനുകളുടെ ശരീരവലുപ്പം ഉഷ്ണമേഖലയിലെ ഗാലപഗോസ് പെന്‍ഗ്വിനുകള്‍ക്കില്ല. ശരീരപ്രകൃതത്തില്‍ വേറെയും ഒട്ടേറെ മാറ്റങ്ങളുണ്ട്. വ്യത്യസ്തങ്ങളായ ഇത്തരം സവിശേഷതകള്‍ അതത് കാലാവസ്ഥകളിലെയും ഭൂപ്രകൃതികളിലെയും അതിജീവനത്തിന് ജീവജാതികളെ പ്രാപ്തമാക്കുന്നതാണ്.
അതേസമയം, ശൈത്യ, ഉഷ്ണ മേഖലകളില്‍ വസിക്കുന്ന മനുഷ്യര്‍ തമ്മില്‍ ചുരുക്കം ചില സവിശേഷതകള്‍ ഒഴിച്ചാല്‍, കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. തങ്ങള്‍ക്കുള്ള അനുകൂലനങ്ങള്‍ ദൈവകല്‍പനയാല്‍ മനുഷ്യര്‍ സ്വയം സൃഷ്ടിച്ചതാണ്. അതിനാകട്ടെ, അവരെ ഏറ്റവുമധികം സഹായിച്ചത് അവരില്‍ ദൈവം നിക്ഷേപിച്ച യുക്തിബോധവും വിവേചനശേഷിയും അവയുപയോഗിച്ച് അവരാര്‍ജിച്ച അറിവും ആ അറിവ് രേഖപ്പെടുത്താനും പകര്‍ന്നു കൊടുക്കാനും സഹായകമായ ഭാഷാ സിദ്ധിയുമാണ്. ‘അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചു, ഭാഷണം ചെയ്യാനുള്ള ശേഷിയുമേകി’ (റഹ്മാന്‍ 3,4). എന്നാല്‍ സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റുന്നതിനും അനുകൂലനങ്ങള്‍ സൃഷ്ടിക്കുന്നതിനും ഇപ്പറഞ്ഞവയോടൊപ്പം മനുഷ്യരെ സഹായിച്ച മറ്റൊരു ഘടകം കൂടിയുണ്ട്.
അവരുടെ സംഘബോധമായിരുന്നു അത്. വ്യാപിക്കുകയും വ്യാപരിക്കുകയും ചെയ്ത ഇടങ്ങളിലെല്ലാം അവര്‍ കൂട്ടായ്മകള്‍ സൃഷ്ടിച്ചു. പാരസ്പര്യത്തിന്റെ ചരിത്രമാണ് മനുഷ്യവികാസത്തിന്റെ ചരിത്രം.
അങ്ങനെ വ്യത്യസ്ത പ്രദേശങ്ങളില്‍ വ്യത്യസ്തങ്ങളായ കൂട്ടായ്മകളുണ്ടായി. അവ കുലങ്ങളും ഗോത്രങ്ങളും ആയി വികസിച്ചു. പിന്നീട് കുലങ്ങളുടെയും ഗോത്രങ്ങളുടെയും കൂട്ടായ്മകളുണ്ടായി. മനുഷ്യര്‍ക്കിടയില്‍ വിവിധ വംശങ്ങളുണ്ടായി. വ്യത്യസ്തങ്ങളായ കൂട്ടായ്മകള്‍ മനുഷ്യചരിത്രത്തില്‍ പുരോഗതിയെത്തന്നെയാണ് അടയാളപ്പെടുത്തിയത്. എന്നാല്‍ ഒരേയൊരാത്മത്തില്‍ നിന്ന് വികസിച്ച മനുഷ്യന്‍ എന്ന പൊതു ഐഡന്റിറ്റിയെ തകര്‍ക്കുന്ന വംശീയ ബോധമായി അവ മാറിയതോടെ കുലങ്ങളും മറ്റ് കൂട്ടായ്മകളും പ്രതിലോമ സ്വഭാവം കെവരിക്കുകയും സങ്കുചിതത്വത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്തു.
വ്യാപനം വ്യത്യസ്ത സമൂഹങ്ങളായിക്കൊണ്ട് തന്നെയായിരുന്നു. സാമൂഹിക വിഭജനങ്ങളെ അടയാളപ്പെടുത്തുന്ന ഒന്നിലധികം പദങ്ങള്‍ ഉപയോഗിക്കുന്നുണ്ട് വിശുദ്ധ ഖുര്‍ആന്‍. ഖൗം, ഖബീല, ശഅ്ബ് എന്നിവയാണതില്‍ പ്രധാനം. സാമാന്യേന സമുദായം എന്ന അര്‍ഥത്തിലാണ് ഖൗം എന്ന പദം ഉപയോഗിക്കാറുള്ളതെങ്കില്‍, ഖബീല ഗോത്രവും ശഅ്ബ് കുലവും ആണ്. ഹുജുറാത്ത് 13-ാം വചനം ഇങ്ങനെ വായിക്കാം: ”മനുഷ്യസമൂഹമേ, ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും നാം നിങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. നിങ്ങളെ നാം കുലങ്ങളും ഗോത്രങ്ങളുമായി വികസിപ്പിച്ചത്, നിങ്ങള്‍ പരസ്പരം അറിയാന്‍ വേണ്ടി മാത്രം. നിങ്ങളില്‍ ഏറ്റം വിശുദ്ധി പുലര്‍ത്തുന്നവനാകുന്നു ഏറ്റവും ശ്രേഷ്ഠന്‍.”
ഗോത്രവും കുലവുമൊക്കെ ജനനം, പാരമ്പര്യം, ആചാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളാല്‍ തീരുമാനിക്കപ്പെടുന്നതാണ്. ഒരു വംശത്തിലോ ഗോത്രത്തിലോ പിറന്നതിന്റെ പേരില്‍ അഭിമാനം കൊള്ളുന്നതില്‍ അര്‍ഥമൊന്നുമില്ല. ഒരിക്കലും നമ്മുടെ ജനനം നമ്മുടെ തീരുമാനത്തിന് വിധേയവുമല്ല. സ്ത്രീ-പുരുഷ സ്വത്വങ്ങളുടെ ഒരേ സ്വഭാവത്തിലുള്ള ചേര്‍ച്ചയില്‍ നിന്നാണ് എല്ലാ വംശത്തിലെയും ഓരോ മനുഷ്യനും ഉണ്ടാകുന്നത്. അയാള്‍ ജനനത്തിന്റെ പേരില്‍ അഹങ്കരിക്കുന്നതിനെക്കാള്‍ വിഡ്ഢിത്തമായി മറ്റൊന്നുമില്ല. ഓരോ വ്യക്തിയുടെയും ഔന്നത്യം ജീവിതത്തില്‍ അയാള്‍ പുലര്‍ത്തുന്ന സൂക്ഷ്മതയിലും വിശുദ്ധിയിലുമത്രേ.

ഇപ്രകാരം വ്യത്യസ്ത ദേശ-കാലാവസ്ഥകളില്‍, വ്യത്യസ്ത ഗോത്രങ്ങളിലും കുലങ്ങളിലും പിറന്നു പുലരുന്ന മനുഷ്യര്‍ വ്യത്യസ്ത വര്‍ണങ്ങളും സംസ്‌കാരങ്ങളുമാര്‍ജിക്കുന്നു. സംസ്‌കാരങ്ങളിലെ ഈ വൈവിധ്യങ്ങളെ ഖുര്‍ആന്‍ ദൈവിക ദൃഷ്ടാന്തങ്ങളോട് ചേര്‍ത്തുവെക്കുന്നു. ഇക്കാര്യമാണ് സൂറത്തുര്‍റൂം 220 ാം വചനത്തില്‍ പ്രതിപാദിക്കുന്നത്: ‘ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പ്, അവന്റെ അടയാളങ്ങളില്‍പ്പെട്ടതാകുന്നു. ഒപ്പം മൊഴികളിലും വഴികളിലും നിങ്ങള്‍ക്കിടയിലുള്ള വൈവിധ്യങ്ങളും. തീര്‍ച്ചയായും അറിവാളര്‍ക്കിതില്‍ കുറിമാനങ്ങളുണ്ട്.’
ഒട്ടേറെ വിശ്വങ്ങളടങ്ങിയ മഹാവിശ്വം എന്ന് സങ്കല്‍പിച്ചാലും വൈവിധ്യമാര്‍ന്ന ഗോളഗണങ്ങളടങ്ങിയ വിശ്വം എന്ന് സങ്കല്‍പിച്ചാലും ബഹുത്വത്തെ അടയാളപ്പെടുത്തുന്ന, സമാവാത് എന്ന പദം അര്‍ഥവത്താണ്. ഇക്കാര്യം മുകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം ഉത്പത്തിയില്‍ ഇതെല്ലാം ഏകത്വം ആയിരിക്കുന്നതിനെയും നാം പരാമര്‍ശിച്ചിട്ടുണ്ട്. ഈ ആകാശങ്ങളും ഭൂമിയും വൈവിധ്യങ്ങളുടെ പ്രകാശനമാകുന്നു. സ്രഷ്ടാവിന്റെ സര്‍ഗാത്മകതയുടെ സമഗ്രതയുടെയും സമ്പൂര്‍ണതയുടെയും അടയാളം. ഈ മഹാവിശ്വം പോലെ വൈവിധ്യപൂര്‍ണമാണ് മനുഷ്യജീവിതവും. ഭാഷകളിലും വര്‍ണങ്ങളിലുമുള്ള വൈവിധ്യം എന്നാണ് വചനത്തിലെ ‘ഇഖ്തിലാഫു അല്‍സിനതികും വ അല്‍വാനികും’ എന്നതിന്റെ വാച്യാര്‍ഥം. ഭാഷകളെ മൊഴികള്‍ എന്ന് പരാവര്‍ത്തനം ചെയ്യുന്നതില്‍ തെറ്റില്ല. അല്‍വാന്‍ എന്നത് ലൗന്‍ എന്ന പദത്തിന്റെ ബഹുവചനമാണ്. ലൗന്‍ എന്നതിന് വര്‍ണം എന്ന് മാത്രമല്ല അര്‍ഥം. തരം, ഇനം, വകഭേദം, വിവിധത്വം എന്നിങ്ങനെയും അര്‍ഥങ്ങളുള്ള പദമാണത്. എന്നുവെച്ചാല്‍ തൊലിനിറത്തെ മാത്രമല്ല ആ പദം കൊണ്ടടയാളപ്പെടുത്തുന്നത്. മറിച്ച് ജീവിത വൈവിധ്യങ്ങളെത്തന്നെയാണ്. അങ്ങനെ വരുമ്പോള്‍ അല്‍സിനതികും വ അല്‍വാനികും എന്നതിന് നമ്മുടെ ഭാഷയില്‍ സമഗ്രമായ ഒരു പരിഭാഷ നിങ്ങളുടെ മൊഴികളും വഴികളും എന്ന് തന്നെയാണെന്ന് തോന്നുന്നു. ഇപ്രകാരം വേദഗ്രന്ഥം വൈവിധ്യത്തിന്റെ യാഥാര്‍ഥ്യത്തെ കൃത്യമായി രേഖപ്പെടുത്തുന്നു. വൈവിധ്യങ്ങളിലാണ് ഖുര്‍ആന്‍ ഏകത്വത്തെ അടയാളപ്പെടുത്തുന്നത്.
വൈവിധ്യങ്ങള്‍ എന്നാല്‍ ഭിന്നതയല്ല. വ്യത്യസ്തരായി ജീവിക്കുന്ന മനുഷ്യരെ ഒരേ ആത്മത്തിലേക്കും വിവിധങ്ങളായ ജീവരൂപങ്ങളിലൂടെ വികസിക്കുന്ന ജീവനെ ഒരേ ജലത്തിലേക്കും പ്രപഞ്ചങ്ങളെ മുഴുവനായും ഒരേ പിണ്ഡത്തിലേക്കും ചേര്‍ത്തു വെക്കുന്ന ഖുര്‍ആന്റെ ദര്‍ശനം സൃഷ്ടിലോകത്തിന്റെ രൂപകമായി മുന്നോട്ടു വെക്കുന്നത് തുലാസിനെയാണ് (മീസാന്‍; റഹ്മാന്‍ 7). സന്തുലിതത്വത്തെയാണല്ലോ തുലാസ് സൂചിപ്പിക്കുന്നത്. മനുഷ്യരും അവരുടെ വ്യവഹാരങ്ങളില്‍ സന്തുലിതത്വം കൊണ്ടുവരാനാണ് വേദം കല്‍പിക്കുന്നത്. ഈ കല്‍പനയുടെ നിരാകരണമാണ് വംശീയതയുടെ വേര് എന്ന് പറയാം.
ഗോത്രവാദത്തിന്റെയും കുലബോധത്തിന്റെയും പശ്ചാത്തലത്തില്‍ പ്രചാരത്തില്‍ വന്ന അറബി പദമാണ് അസ്വബിയഃ. ഒരു സവിശേഷ ഗ്രൂപ്പിനകത്തുള്ളവര്‍ തമ്മിലുണ്ടാകുന്ന സവിശേഷ ബന്ധത്തെ സൂചിപ്പിക്കുന്ന ശബ്ദമാണത്. ഐക്യദാര്‍ഢ്യത്തിന്റെയും സംഘബോധത്തിന്റെയും ഏറ്റവും പ്രാചീന രൂപം എന്ന നിലക്ക് ഇതിന് തന്റെ ചരിത്രവിശകലനത്തില്‍ ഇബ്‌നു ഖല്‍ദൂന്‍ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. രക്ത ബന്ധങ്ങളില്‍ നിന്നും മറ്റും ഉത്ഭവിക്കുന്ന സംഘബോധമല്ല അസ്വബിയഃ. മനുഷ്യസമൂഹത്തിന്റെ അടിസ്ഥാനപരമായ ബന്ധമായും ചരിത്രത്തിന്റെ അടിസ്ഥാന പ്രേരക ശക്തിയായും ഇബ്‌നു ഖല്‍ദൂന്‍ അസ്വബിയയെ കാണുന്നു. ഒരു കൂട്ടമായി രൂപം പ്രാപിക്കുന്ന സമൂഹത്തിലെ യോജിപ്പിന്റെ ബന്ധമാണത്. ആദിമ നാടോടി ഗോത്രങ്ങള്‍ മുതല്‍ക്ക് രാഷ്ട്രങ്ങളും സാമ്രാജ്യങ്ങളും വരെയുള്ള സാമൂഹിക രൂപങ്ങളിലെല്ലാം ബാധകമാണ് അസ്വബിയഃ. നാഗരികതയുടെ ഉത്ഥാനത്തിലും പതനത്തിലും പ്രസക്തമായ തത്വമാണത്. നാഗരികതയുടെ തുടക്കത്തില്‍ ശക്തമായിരിക്കും അത്. എന്നാല്‍ നാഗരികത പുരോഗമിക്കുന്നതോടെ അതിന്റെ ശക്തി കുറയുന്നു. അതോടെ വ്യത്യസ്തമായ മറ്റൊരു നാഗരികതയുടെ സംസ്ഥാപനത്തെ സഹായിക്കുന്ന, കൂടുതല്‍ ശ്രദ്ധേയമായ മറ്റൊരു അസ്വബിയഃ രൂപം കൊള്ളുന്നു. ചരിത്രത്തിന്റെ ചാക്രികഗതി എന്ന, തന്റെ ആശയത്തെ അങ്ങനെയാണ് ഇബ്‌നു ഖല്‍ദൂന്‍ വിവരിക്കുന്നത്. അതേസമയം തന്നെ സ്വന്തം നാഗരികതയുടെ നാശത്തിന്റെ വിത്തുകളും അസ്വബിയകള്‍ ഉള്ളില്‍ പേറുന്നുണ്ടെന്നും അദ്ദേഹം വിശദീകരിക്കുന്നു.
വംശീയതയുടെ
ചരിത്രം

എന്നാല്‍ ഈ അസ്വബിയഃ സങ്കുചിത പക്ഷപാതിത്വത്തിലേക്ക് നീങ്ങുകയും അതിന്റെ നിഷേധാത്മക സ്വഭാവം വെളിപ്പെടുത്തുകയും ചെയ്യുന്ന സാമൂഹിക പശ്ചാത്തലത്തിലാണ് അതിനെതിരായ കര്‍ശനമായ പ്രവാചകശാസനയെ നാം അനുസ്മരിക്കേണ്ടത്. ഒരു സവിശേഷ ഗ്രൂപ്പിനകത്തുള്ളവര്‍ തമ്മിലുണ്ടാകുന്ന സവിശേഷ ബന്ധത്തെയാണ് അസ്വബിയഃ അര്‍ഥമാക്കുന്നതെന്ന് പറഞ്ഞല്ലോ. ഇതിന് ഇംഗ്ലീഷില്‍ partisanship എന്ന് പറയും. ഒരു സമൂഹത്തിന്റെ വികാസത്തിനും നാഗരികതയുടെ സംസ്ഥാപനത്തിനും സഹായകമാകുന്ന സംഘശക്തി എന്ന നിലക്കാണ് പാര്‍ടിസാന്‍ഷിപ്പിനെ നാം ക്രിയാത്മകമായി സമീപിക്കുന്നത്. എന്നാല്‍ ഇതേ വികാരം തന്നെ ക്ലാനിഷ്‌നെസ് (clannishness) ആയും പ്രവര്‍ത്തിക്കാം. ഒരു പ്രത്യേക ഗ്രൂപ്പിനോട് മാത്രം ബന്ധം പുലര്‍ത്തുന്ന അവസ്ഥയാണത്. അത് തന്നെ ഷോവനിസം (chauvi nism), ഫനാറ്റിസിസം (fanati cism) എന്നീ അവസ്ഥകളും പ്രാപിക്കാം. സ്വന്തം വിഭാഗത്തോടുള്ള ഉന്മാദാത്മകമായ ഭ്രമമാണ് ഷോവനിസമെങ്കില്‍, സ്വസമൂഹത്തിന്റെ വിശ്വാസാചാരങ്ങളിലുള്ള അമിതാഭിരമണമാണ് ഫനാറ്റിസിസം. ഈ വികാരങ്ങള്‍ വളരെപ്പെട്ടെന്ന് തന്നെ പരവിദ്വേഷം അഥവാ സെനഫോബിയ (xenophobia) ആയും മാറുന്നു. പ്രസ്താവ്യമായ വസ്തുതയെന്തെന്നാല്‍, ഇവിടെ ഇപ്പറഞ്ഞ വാക്കുകളെല്ലാം അസ്വബിയയുടെ അര്‍ഥങ്ങളാണ്. ഈ വാക്കുകളില്‍ പാര്‍ടിസാന്‍ഷിപ് ഒഴിച്ചെല്ലാം വംശീയതയിലേക്കുള്ള ക്രമപ്രവൃദ്ധമായ ചുവടുകളെയാണ് അടയാളപ്പെടുത്തുന്നത്.
‘ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും’ എന്ന, ഹുജുറാത്തില്‍ നിന്നു മുകളിലുദ്ധരിച്ച ആയത്തിന് മൂന്ന് തലങ്ങളുണ്ട്. ഒന്ന് ജീവശാസ്ത്രപരമാണ്. രണ്ടാമത്തേത് ചരിത്രപരവും മൂന്നാമത്തേത് തത്വശാസ്ത്രപരവുമാണ്. ഗോത്രം, കുലം, ജാതി, വര്‍ണം എന്നിതുകളിലേതിന്റെ അടിസ്ഥാനത്തിലുമുള്ള എല്ലാ വംശീയബോധവും അര്‍ഥശൂന്യമാണെന്നതാണ് ഇതിലെ ഗുണപാഠം. ഇതിലെ മിന്‍ ദകരിന്‍ വ ഉന്‍സാ എന്ന വാചകത്തിന് ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും എന്നാണര്‍ഥം. ജീവശാസ്ത്രപരമായി ഇത് ഓരോ വ്യക്തിയും അവരവരുടേതായ മാതാപിതാക്കളില്‍ നിന്ന്, ഓരോ വ്യക്തിയും ഓരോ ഇണയില്‍ നിന്ന് എന്നതിനെ സൂചിപ്പിക്കുന്നു.
അതായത്, ഏത് കുലത്തിലും ഏത് വര്‍ണത്തിലും പിറന്നു വീഴുന്ന ഏതൊരു വ്യക്തിയുടെയും ഭ്രൂണം ഒരു സ്ത്രീയുടെയും പുരുഷന്റെയും ഒരേ തരത്തിലുള്ള സംയോഗത്തിലൂടെ മുളപൊട്ടുന്നതാണ്. തുടര്‍ന്ന് ഒരേ രീതിയില്‍ ഒരു പെണ്ണിന്റെ ഗര്‍ഭത്തില്‍ വളരുകയും യോനിയിലൂടെ പിറക്കുകയും ചെയ്യുന്നു. ഒരാഢ്യനും ഒരാര്യനും ആകാശത്ത് നിന്ന് പൊട്ടിവീഴുകയോ ഭൂമി പിളര്‍ന്ന് പ്രത്യക്ഷപ്പെടുകയോ ചെയ്യുന്നതല്ല. അവജ്ഞയോടെ കാണുന്ന ഏതൊരു ഗോത്രത്തിലും പിറക്കുന്നവരെ നായ്ക്കളോ പന്നികളോ പ്രസവിക്കുന്നതോ അവര്‍ ചേറിലോ ചെളിയിലോ ജനിക്കുന്നതോ അല്ല.
മറ്റൊരാള്‍ കാണ്‍കെ ചെയ്യാന്‍ പോലും മടിക്കുന്ന സ്ത്രീ-പുരുഷ സംയോഗം തന്നെയാണ് എല്ലാവരുടെയും ജനനഹേതു. ഒരു ഭാഗത്ത് ഇതിങ്ങനെ വായിക്കപ്പെടുമ്പോള്‍ മറുഭാഗത്ത്, ഓരോ ആണും പെണ്ണും എന്നതിന് പകരം ഒരേ ആണും പെണ്ണും എന്നും മേല്‍ വാചകത്തെ വായിക്കാം. അതിലൂടെ ചരിത്രപരമായോ മിത്തോളജിക്കലായോ ഇസ്ലാം മനുഷ്യരുടെ ആദിമപ്പിറവിയെ നഫ്‌സുന്‍ വാഹിദയില്‍ നിന്നുണ്ടായ പ്രഥമ മിഥുനത്തിലേക്ക് ചേര്‍ക്കുന്നു. ഈ രണ്ട് അര്‍ഥകല്‍പനകളില്‍ നിന്നു ലഭിക്കുന്ന സന്ദേശം തന്നെയാണ് ഇതിന്റെ തത്വശാസ്ത്രം. സമഭാവനയുടെ ചിന്തയാണത്.
മനുഷ്യര്‍ക്കിടയില്‍ കല്‍പിക്കപ്പെടുന്ന എല്ലാത്തരം പക്ഷപാതപരമായ ചായ്‌വുകളെയും സകല ശ്രേണീബദ്ധതകളെയും അതിശക്തമായി നിരാകരിക്കുന്നതാണ് ഈ വചനമെന്ന് വ്യക്തം. ഇത് എബ്രായരുടെ ഔന്നത്യത്തെയും നോര്‍ഡിക്കുകളുടെ അഹന്തയെയും ആര്യരുടെ മഹത്വത്തെയും വെളുപ്പിന്റെ ശ്രേഷ്ഠതയെയും ബ്രാഹ്മണ്യത്തിന്റെ വിശുദ്ധിയെയുമെല്ലാം ഒരേസമയം വേര് പറിച്ചെറിഞ്ഞു കളയുന്നു. മുഹമ്മദ് എന്ന ഖുറൈശി അറബി ആ സ്ഥാനത്തൊരിടത്തും അറബികളെയോ ഖുറൈശികളെയോ പ്രതിഷ്ഠിക്കുന്നില്ല താനും. ഔന്നത്യത്തിന്റെയും വിശുദ്ധിയുടെയും പ്രതലത്തില്‍ കയറി നില്‍ക്കുന്നത് ഉത്തമനായ വ്യക്തിയാണ്, അല്ലാതെ തെരഞ്ഞെടുക്കപ്പെട്ട സമൂഹമല്ല.
‘നാം നിങ്ങളെ കുലങ്ങളും ഗോത്രങ്ങളുമാക്കി’ എന്നാണ് അല്ലാഹു പറയുന്നത്. മനുഷ്യസമൂഹത്തിന്റെ വിഭജനത്തെയല്ല, മറിച്ച് വികാസത്തെയാണ് അത് സൂചിപ്പിക്കുന്നത്. മൊഴികളിലും വഴികളിലുമുള്ള വൈവിധ്യത്തെ സൂചിപ്പിക്കുമ്പോള്‍ ഖുര്‍ആന്‍ ഇഖ്തിലാഫ് എന്ന പദം ഉപയോഗിക്കുന്നുണ്ട് (അര്‍റൂം 22). അവിടെ ആ വൈവിധ്യം അല്ലാഹുവിന്റെ ദൃഷ്ടാന്തമായി വരുന്നു. എന്നാല്‍ ഇതേ പദത്തിന്റെ ക്രിയാരൂപം അല്‍ബഖറയില്‍ (213) മനുഷ്യര്‍ സ്വയമുണ്ടാക്കുന്ന വിഭജനം എന്ന അര്‍ഥത്തിലും വരുന്നുണ്ട്. മനുഷ്യര്‍ എന്ന ഏകസമുദായത്തെപ്പറ്റി അവിടെ പരാമര്‍ശിക്കുന്നു. പരസ്പരമുള്ള കിടമത്സരങ്ങളും പക്ഷപാതിത്വങ്ങളും സൃഷ്ടിച്ച വ്യതിയാനങ്ങളാല്‍ മനുഷ്യര്‍ അവര്‍ക്കിടയില്‍ത്തന്നെ വിഭജനത്തിന്റെ മതില്‍ക്കെട്ടുകളുയര്‍ത്തിയതാണ് അവിടെ വിഷയം. എന്നാല്‍ കുലങ്ങളും ഗോത്രങ്ങളുമാവുക എന്നത് (ഹുജുറാത്ത്) മനുഷ്യസമൂഹത്തിന്റെ സ്വാഭാവിക പരിണാമവും ജീവിത വികാസത്തിലെ അനിവാര്യ പ്രക്രിയയുമായിരുന്നു.
ഹുജുറാത്തില്‍ ഉപയോഗിക്കുന്നത് ശുഊബ്, ഖബാഇല്‍ എന്നീ പദങ്ങളാണ്. ജനം എന്നര്‍ഥമുള്ള പദമാണ് ശഅ്ബ്. ഇവിടെ അത് കുലം എന്ന അര്‍ത്ഥത്തിലെടുക്കാം. ഖബീല എന്നാല്‍ ഗോത്രം. ഓരോ ഗ്രൂപ്പിലും സ്വാഭാവികമായി ഉണ്ടാകുന്ന അസ്വബിയയെ മുകളില്‍ സൂചിപ്പിച്ചു. എന്നാല്‍ ഈ ഐകമത്യം തന്നെ ശുഊബിയഃ, ഖബലിയ എന്നിങ്ങനെ നിഷേധാത്മകമായ നിലപാടുകളായി മാറുന്നതോടെ വംശീയത ഉത്ഭവിക്കുന്നു. സത്യത്തില്‍ വംശം എന്ന പദം മറ്റ് സാമൂഹികപദങ്ങള്‍ പോലെയല്ല. വംശം എന്നൊരു വിഭജനം യഥാര്‍ഥത്തിലില്ല. ഇതര വിഭജനങ്ങള്‍ക്ക് പാരമ്പര്യം, ജനിതകം, കുലത്തൊഴില്‍, നിറം തുടങ്ങിയ അടിസ്ഥാനങ്ങളുണ്ടാകും. ഗോത്രം, കുലം, ജാതി, വര്‍ണം എന്നിങ്ങനെയുള്ള ഏത് വിഭജനങ്ങള്‍ക്കും പകരം ഉപയോഗിക്കാവുന്ന പദമാണ് വംശം എന്നത്. അതായത് ഇവിടെ പരാമര്‍ശിച്ച കുലം, ഗോത്രം എന്ന് തൊട്ട് സാമുദായികത വരെ നിഷേധാത്മക സ്വഭാവത്തിലുള്ള അസ്വബിയകള്‍ക്കെല്ലാം പകരം ഉപയോഗിക്കാവുന്ന പദമാണ് വംശീയത. ഇതര വിഭാഗങ്ങളോടുള്ള അസഹിഷ്ണുതയെ നാം വര്‍ഗീയത എന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍ വംശീയത അതിനെക്കാള്‍ ആപത്കാരിയാണ്. മറ്റ് വിഭാഗങ്ങളോടുള്ള കടുത്ത വെറുപ്പും വിദ്വേഷവുമാണ് വംശീയത. ഈ വംശീയത പാരമ്പര്യമായി മാറുകയോ അതിന് നിയമപ്രാബല്യം ലഭിക്കുകയോ ചെയ്യുന്നതോടെ വ്യവസ്ഥ അപാര്‍തൈഡ് (apar theid) ആയിത്തീരുന്നു.
തങ്ങളുടേതല്ലാത്ത മതങ്ങളോടും വിശ്വാസങ്ങളോടുമുള്ള വിദ്വേഷവും വംശീയതയുടെ പരിധിയില്‍ വരും. ആന്റിസെമിറ്റിസം, ഇസ്ലാമോഫോബിയ തുടങ്ങിയവ വംശീയതയായി പരിഗണിക്കുന്നതിന്റെ പശ്ചാത്തലം അതാണ്. ലോകചരിത്രത്തില്‍ ഏറ്റവും മാരകമായ പ്രതിഫലനങ്ങളുളവാക്കിയിട്ടുള്ള നിലപാടാണ് വംശീയത. മനുഷ്യരെ ചെകുത്താനെക്കാള്‍ അധമരാക്കിത്തീര്‍ക്കുന്ന രാസപ്രവര്‍ത്തനമാണ് വംശീയത ഉണ്ടാക്കുന്നത്. എന്ത് ക്രൂരതയും പ്രവര്‍ത്തിക്കാന്‍ അത് സാധാരണക്കാരെപ്പോലും ‘പ്രാപ്ത’രാക്കുന്നു. വംശീയതയുടെ പേരില്‍ ലോകചരിത്രത്തിലൊഴുകിയിട്ടുള്ള രക്തപ്പുഴക്ക് കണക്കൊന്നുമില്ല. ഇന്നും ലോകത്ത് പല ദേശങ്ങളും വംശീയതയുടെ ഉഗ്രഭീഷണിയെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
ചരിത്രത്തിലെ വേദങ്ങളുടെയെല്ലാം തുടര്‍ച്ചയാണ് വിശുദ്ധ ഖുര്‍ആന്‍. മൗലികമായി അത് മുന്നോട്ടുവെക്കുന്നത് വംശീയവിരുദ്ധ ചിന്തകളാണ്. ലോകത്തിനും മനുഷ്യര്‍ക്കും വിജയവും സമാധാനവും നല്‍കുക എന്നതാണ് വേദങ്ങളുടെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടത്. സ്വാഭാവികമായും വേദങ്ങളെല്ലാം മാനവികത ഉദ്‌ബോധിപ്പിക്കുന്നു. അനുഷ്ഠാനങ്ങളിലും വൈകാരികതകളിലും കെട്ടിപ്പിണയുന്നതിലാണ് പൊതുവെ വിശ്വാസികളെന്ന് സ്വയം കരുതുന്നവര്‍ ചെയ്യാറുള്ളത്. എന്നാല്‍ വേദങ്ങളുടെ, വിശിഷ്യ ഖുര്‍ആനിന്റെ തത്വങ്ങള്‍ ധാര്‍മിക ബോധമുള്ള ജീവിതത്തെയാണ് പഠിപ്പിക്കുന്നതും പ്രയോഗിക്കാന്‍ ആവശ്യപ്പെടുന്നതും. ഈ ആഹ്വാനം വിശ്വാസികളെങ്കിലും ചെവിക്കൊണ്ടിരുന്നെങ്കില്‍ വംശീയമായ അസ്വാസ്ഥ്യങ്ങളെ ചരിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്യാന്‍ സാധിക്കുമായിരുന്നു.

Back to Top