29 Friday
March 2024
2024 March 29
1445 Ramadân 19

ഏകദൈവ വിശ്വാസം മാറ്റത്തിന്റെ ചാലക ശക്തി

റഫീഖുര്‍റഹ്മാന്‍ /വിവ: റാഫിദ് ചെറുവന്നൂര്‍


ശഹാദത്താകുന്ന സത്യസാക്ഷ്യം ജീവിതത്തിലേറ്റെടുക്കുന്ന നിമിഷം മുതല്‍ ഒരാളിലുണ്ടാകുന്ന കാര്യമായ കുറേ മാറ്റങ്ങളുണ്ട്. ആരാണ് ആരാധനക്കര്‍ഹനായ ജഗന്നിയന്താവെന്നു മനസിലാക്കുകയും സൃഷ്ടിപ്പിന്റെ മഹത്തായ ലക്ഷ്യങ്ങള്‍ മനസിലാക്കുകയും ചെയ്യുന്നതിലൂടെയാണ് ഈലോകത്തും പരലോകത്തും വിജയത്തിലേക്കെത്താനാവുന്നത്. ഇത് സാധ്യമാവുന്നതെങ്ങനെയാണെന്നു നോക്കാം:
ഒരു വിശ്വാസിയുടെ ലോകവീക്ഷണം വളരെ വിശാലമായിരിക്കും, ഒരിക്കലും സങ്കുചിതത്വത്തിന്റെ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണാന്‍ വിശ്വാസിക്കാവില്ല. സകല അണ്ഡകടാഹങ്ങളെയും സൃഷ്ടിച്ചു പരിപാലിച്ചു പോരുന്ന ഒരു നാഥന്റെ സൃഷ്ടികളാണെന്ന് വിശ്വസിക്കുന്നവരാണ് ഏകദൈവ വിശ്വാസികള്‍. അതുകൊണ്ടു തന്നെ ഒരേ സ്രഷ്ടാവിന്റെ തത്തുല്യരായ സൃഷ്ടികളായാണ് അവര്‍ എല്ലാവരെയും കാണുന്നത്. ഒരേ സ്രഷ്ടാവിനാല്‍ സൃഷ്ടിക്കപ്പെട്ട് അവനെയാശ്രയിച്ചു മാത്രം ജീവിച്ച് അവനിലേക്ക് തന്നെ മടങ്ങുന്ന സഹസൃഷ്ടികളായാണ് ഒരു വിശ്വാസി എല്ലാവരെയും കാണുന്നത്. അല്ലാഹു പറയുന്നു: ”ചോദിക്കുക: ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം ആരുടേതാകുന്നു? പറയുക: അല്ലാഹുവിന്റേതത്രെ.” (6:12)
ഒരു വിശ്വാസിയുടെ സേവനങ്ങളും സ്‌നേഹബന്ധങ്ങളും ഒരു പ്രത്യേക വൃത്തത്തിലേക്ക് ചുരുങ്ങേണ്ടവയല്ല. ഇങ്ങനെ വിശ്വാസിയുടെ കാഴ്ചപ്പാടുകള്‍ വിശാലമാവുന്നു, ചിന്താമണ്ഡലം വികസിക്കുന്നു, ലോകവീക്ഷണം അല്ലാഹുവിന്റെ സൃഷ്ടിലോകത്തിന്റെ അതിരുകളോളം തന്നെ പ്രവിശാലമാവുന്നു. ഇത്രമേല്‍ വിശാലമായ ഒരു ലോകവീക്ഷണം ഒരു നിരീശ്വര വാദിക്ക് എങ്ങനെയാണുണ്ടാവുക.
ഈ വിശ്വാസം മനുഷ്യന് ഏറ്റവും മഹത്തരമായ സ്വാഭിമാനവും ഔന്നത്യവും നല്‍കുന്നു. സര്‍വശക്തനായ തന്റെ നാഥനല്ലാതെ മറ്റാര്‍ക്കും തന്നെ ആത്യന്തികമായി ഉപദ്രവിക്കാനോ സഹായിക്കാനോ കഴിയില്ല എന്നവര്‍ക്കുറപ്പാണ്. ആവശ്യങ്ങള്‍ നിവര്‍ത്തിച്ചു തരുന്നതും, ജീവന്‍ നല്‍കുന്നതും തിരിച്ചെടുക്കുന്നതും, തന്റെ മേല്‍ പരമമായ നിയന്ത്രണവും സ്വാധീനവും ഉള്ളവനും ഒക്കെ അല്ലാഹു മാത്രമാണ് എന്ന ബോധ്യമുള്ളവനാണ് വിശ്വാസി. ഈ ഉറപ്പ് വിശ്വാസികളെ മറ്റു സൃഷ്ടികളില്‍ നിന്ന് സ്വതന്ത്രരും നിര്‍ഭയരുമാക്കുന്നു. സ്രഷ്ടാവിനു മുന്നിലല്ലാതെ ഒരാള്‍ക്കു മുന്നിലും തലകുനിക്കാത്ത മനുഷ്യര്‍ എങ്ങനെയാണ് മറ്റുള്ളവരുടെ കനിവിനു കൈനീട്ടുന്നവരാവുക? സ്വേച്ഛാധികാരികള്‍ക്കും അധികാരികള്‍ക്കും മുന്നില്‍ അന്തിച്ചു നില്ക്കുന്നവരോ അവര്‍ക്കടിമപ്പണി ചെയ്യുന്നവരോ അല്ല വിശ്വാസികള്‍. വേറേതു വിശ്വാസത്തിനാണ് മനുഷ്യനെ ഇത്രമേല്‍ ഔന്നത്യത്തിലെത്തിക്കാനാവുക.
സ്വാഭിമാനത്തോടൊപ്പം ഏകദൈവ വിശ്വാസം വിനയവും മനുഷ്യരിലുണ്ടാക്കുന്നുണ്ട്. പകിട്ടുകളില്ലാത്ത ലാളിത്യം ജീവിത മന്ത്രമാക്കിയ മനുഷ്യരെയാണ് ഇസ്ലാം ഉണ്ടാക്കിയെടുക്കുന്നത്. ഒരു വിശ്വാസി ഒരിക്കലും അഹങ്കാരിയും തന്നിഷ്ടക്കാരനും ആവില്ല. പണത്തിന്റെ പകിട്ടിനോ അധികാരത്തിന്റെ ആമോദത്തിനോ വിശ്വാസിയുടെ ഹൃദയത്തിലിടമില്ല. കാരണം തന്റെ ജീവിതത്തില്‍ നേടിയതെല്ലാം അല്ലാഹു നല്കിയതാണെന്നും അവനതെപ്പോഴും തിരിച്ചെടുക്കാമെന്നും ബോധ്യമുള്ളവനാണ് വിശ്വാസി. ദൈവ നിഷേധിയാവട്ടെ നേട്ടങ്ങളെല്ലാം തന്റെ കഴിവുകള്‍ കൊണ്ടാണെന്ന മിഥ്യാ ധാരണയില്‍ ജീവിക്കുന്നു. സമാനമായ ഒരു മിഥ്യാ ധാരണ ബഹുദൈവ വിശ്വാസികള്‍ക്കിടയിലും കാണാനാവും. ചില ദൈവങ്ങള്‍ക്ക് തന്നോടും തന്റെ ജാതിയിലുള്ളവരോടും പ്രത്യേകമായ ഇഷ്ടമുണ്ടെന്നുള്ള വിശ്വാസം ഇതിനുദാഹരണമാണ്.
ഈ വിശ്വാസം മനുഷ്യനെ നന്മയുള്ളവനും സന്മാര്‍ഗിയുമാക്കുന്നു. ആത്യന്തികമായ വിജയത്തിലേക്കും മോക്ഷത്തിലേക്കും കളങ്കമില്ലാത്ത ജീവിതമല്ലാതെ മറ്റു എളുപ്പവഴികളൊന്നുമില്ലെന്ന തിരിച്ചറിവ് വിശ്വാസികള്‍ക്കുണ്ടല്ലോ. തന്റെ എല്ലാ തേട്ടങ്ങള്‍ക്കും ഉത്തരം നല്‍കുന്ന മറ്റൊരാളെയും ഒരുതരത്തിലും ആശ്രയിക്കേണ്ടതില്ലാത്ത ഒരു ജഗന്നിയന്താവുമായുള്ള ആത്മ ബന്ധമാണ് ഏകദൈവ വിശ്വാസം. അതിനാല്‍ തന്നെ ആ ലോക രക്ഷിതാവിലൂടെയല്ലാത്ത എല്ലാ മാര്‍ഗങ്ങളില്‍ നിന്നും വിശ്വാസികള്‍ മാറി നില്ക്കുന്നു. അവര്‍ കപട ആത്മീയതയുടെയും കാര്യസാധ്യക്കാരുടെയും തട്ടിപ്പുകള്‍ക്കിരയാവുന്നില്ല.
അവിശ്വാസികളാവട്ടെ തനിക്കു മുകളില്‍ നിരീക്ഷകനായ ഒരു മഹാ ശക്തിയുണ്ടെന്ന് അംഗീകരിക്കാത്തതിനാല്‍ തന്നെ തങ്ങളുടെ ചെയ്തികള്‍ തീര്‍ത്തും സ്വതന്ത്രമാണെന്നും ആരോടും മറുപടി പറയേണ്ടതില്ലെന്നും കരുതുന്നു. അങ്ങനെ അവരവരുടെ ദേഹേച്ഛകള്‍ക്കും തോന്നലുകള്‍ക്കും അടിമകളായി അവര്‍ ജീവിതം പാഴാക്കുന്നു. (45:23)
ഒരു വിശ്വാസി ഒരിക്കലും നിരാശനാവുന്നില്ല. സകലതിന്റെയും ഉടമസ്ഥനായ തന്റെ രക്ഷിതാവിന്റെ കഴിവുകള്‍ക്കും കാരുണ്യത്തിനും അതിരുകളില്ലെന്ന ഉറപ്പ് വിശ്വാസിക്ക് ആശ്വാസ തണലായി കൂടെയുണ്ടാവും. ഇത് അവന്റെ ഹൃദയത്തെ പ്രതീക്ഷ കൊണ്ട് നിറയ്ക്കും, അസാമാന്യമായ സംതൃപ്തിയും ആശ്വാസവും അവന്റെ മുന്നോട്ടുള്ള വഴിയില്‍ കൂട്ടായുണ്ടാവും. ഒരുപാട് പേരാല്‍ തിരസ്‌ക്കരിപ്പെട്ടാലും എപ്പോഴും കൂടെയുള്ള ജഗന്നിയന്താവിനെക്കുറിച്ചുള്ള ബോധ്യം നമുക്ക് നല്‍കുന്നത് വല്ലാത്തൊരാശ്വാസമാണ്. ഒഴുക്കിനെതിരെ നീന്താനും സാഹചര്യങ്ങളോട് പൊരുതാനും സഹായിക്കുന്ന ആശ്വാസത്തിന്റെ ഈ വിശ്വാസം മറ്റാര്‍ക്കാണ് കിട്ടുക, നമുക്കല്ലാതെ.

ഒരത്താണിയില്ലാതെ പ്രാരാബ്ധങ്ങളുടെയും പ്രശ്‌നങ്ങളുടെയും ഭാരം ഏറുമ്പോഴും, ഒരു നാസ്തികന്റെ ഹൃദയത്തിന് തന്നിലേക്ക് തന്നെ ചുരുങ്ങാന്‍ മാത്രമേ സാധിക്കുന്നുള്ളൂ. പലപ്പോഴും നിരാശയുടെ മൂര്‍ധന്യതയില്‍ അവര്‍ ആത്മഹത്യ പരിഹാരമായി തിരഞ്ഞെടുക്കുന്നു.
ബ്രിട്ടീഷ് ഫിലോസഫര്‍ ആയ പ്രൊഫസര്‍ ജോഡ് പടിഞ്ഞാറന്‍ സംസ്‌കാരത്തെക്കുറിച്ച് പറയുന്നതിങ്ങനെയാണ്: ‘ലോക ചരിത്രത്തിലാദ്യമായി മതരഹിതമായ ഒരു തലമുറ യൂറോപ്പില്‍ വളര്‍ന്നു വരികയാണ്. അവര്‍ മതങ്ങള്‍ ആവശ്യമാണെന്ന് കരുതുന്നില്ല, അവയെ പൂര്‍ണമായി അവഗണിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ അവര്‍ അസംതൃപ്തരാണ്, ആത്മഹത്യാനിരക്ക് അസാധാരണമാം വിധം കൂടി വരുന്നു.’ (C. E. M. Joad. The Present and Future of Religion, quoted by Sir Arnold Lunn., And Yet So New, London, 1958, p. 228)
ഇനി നമുക്ക് മുസ്ലിം ലോകത്തെ സാഹചര്യമെന്താണെന്നു നോക്കാം:
‘കലര്‍പ്പില്ലാത്ത ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ലളിതമായ ഒരു വിശ്വാസ സംഹിത എന്ന നിലക്കാണ് ഇസ്ലാം വ്യത്യസ്തമാവുന്നത്. പരമോന്നതമായ ഒരു രക്ഷിതാവിലേക്ക് സ്വയം സമര്‍പ്പിക്കുക എന്ന കാഴ്ചപ്പാടാണ് ഇസ്ലാമിന്റെ കരുത്ത്. മറ്റു വിശ്വാസികള്‍ക്കിടയിലൊന്നും വ്യാപകമായി കണ്ടുവരാത്തതും സംതൃപ്തിയിലധിഷ്ഠിതമായതുമായ ഒരു മനോഭാവം മുസ്ലിംകള്‍ക്കിടയില്‍ പൊതുവെ നിലനില്‍ക്കുന്നു.’ (Suicide is Rare in Muslim Lands] (Phillip K. Hitti, History of the Arabs, 1951, p.129)
ഈ വിശ്വാസപ്രഖ്യാപനം ധീരതയുടേത് കൂടെയാണ്. രണ്ടു കാര്യങ്ങളാണ് പ്രധാനമായും ഒരു മനുഷ്യനെ ഭീരുവാക്കുന്നത്: 1. മരിക്കാനുള്ള ഭയവും സുരക്ഷിതനായിരിക്കാനുള്ള ആഗ്രഹവും, 2. തന്റെ സ്രഷ്ടാവിനു പുറമെ തന്നെ അഭൗതികമായി സ്വാധീനിക്കാനും അപായപ്പെടുത്താനും കഴിവുള്ള സൃഷ്ടികളുണ്ടെന്ന വിശ്വാസം. എന്നാല്‍ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന അചഞ്ചലമായ വിശ്വാസം ഇത്തരം പേടികളില്‍ നിന്ന് മനുഷ്യനെ രക്ഷിക്കുന്നു. ഒന്നാമത് പറഞ്ഞ രൂപത്തിലുള്ള പേടികളില്‍ നിന്ന് വിശ്വാസിയെ രക്ഷിക്കുന്നത് തന്റെ ശരീരവും സമ്പാദ്യവുമെല്ലാം അല്ലാഹുവിനാണെന്നുള്ള ബോധ്യവും അതല്ലാഹു ഉദ്ദേശിക്കുമ്പോള്‍ തിരിച്ചെടുക്കുമെന്നുള്ള ഉറപ്പുമാണ്. എല്ലാം ഏതു നിമിഷവും ദൈവ മാര്‍ഗ്ഗത്തില്‍ ത്യജിക്കാന്‍ തയ്യാറായ ഒരുവന്‍ പിന്നെയാരെ പേടിക്കാന്‍. രണ്ടാമത്തെ ഭയത്തില്‍ നിന്ന് വിശ്വാസിയെ കാക്കുന്നത് തനിക്കുമേല്‍ അഭൗതികമായ ഉപദ്രവങ്ങളേല്പിക്കാന്‍ കഴിവുള്ളത് അല്ലാഹുവിനു മാത്രമാണെന്ന വിശ്വാസമാണ്. ലോകത്ത് ഒരു ശക്തിക്കും ഈ നിര്‍ഭയത്വത്തെ തകര്‍ക്കാന്‍ സാധ്യമല്ല തന്നെ.
ഇക്കാരണങ്ങള്‍ കൊണ്ടാണ് വിശ്വാസി ധീരമായ ജീവിതവീക്ഷണം പുലര്‍ത്തുന്നത്. പ്രതികൂലതകളുടെ പാരമ്യത്തിലും ധീരത പുലര്‍ത്താനും അതിശക്തരായ സൈന്യങ്ങളോട് ചെറുത്തുനില്‍ക്കാനും വേരാര്‍ക്കാണ് കഴിയുക.
ലാ ഇലാഹ ഇല്ലല്ലാ യിലുള്ള വിശ്വാസം സമാധാനത്തിന്റെയും സംതൃപ്തിയുടെയും കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതിനോടൊപ്പം തന്നെ അസൂയയും ആര്‍ത്തിയും ഇല്ലാതാക്കുന്നു. അര്‍ഹതയില്ലാത്തതില്‍ നിന്നും അന്യായമായ മാര്‍ഗങ്ങളില്‍ നിന്നും ഏക ദൈവവിശ്വാസി മാറി നില്‍ക്കുന്നു. സമ്പത്തും അധികാരവും ആഭിജാത്യവുമെല്ലാം അല്ലാഹുവിങ്കല്‍ നിന്നാണെന്ന് മനസിലാക്കുന്ന വിശ്വാസി നീതിയുടെ പാതയില്‍ അര്‍ഹമായ വിഭവങ്ങളാസ്വദിച്ചു ജീവിക്കുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x