ഏകസിവില്‍കോഡ് ലക്ഷ്യംവെക്കുന്നത് രാഷ്ട്രീയ നേട്ടം
അഹ്മദ് ഷരീഫ്
ഏക സിവില്‍കോഡ് സംബന്ധിച്ച ചര്‍ച്ചകള്‍ കൊടുമ്പിരിക്കൊണ്ടുകഴിഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികള്‍ എങ്ങനെ കൂടുതല്‍ വോട്ടു നേടാം എന്ന കാര്യമാണ് കാര്യമായി ചര്‍ച്ച ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ഏകീകൃത സിവില്‍ കോഡ് ബി ജെ പിയുടെ രാഷ്ട്രീയ തന്ത്രമല്ലാതെ മറ്റൊന്നുമല്ല. കോണ്‍ഗ്രസിന്റെ പ്രശ്‌നം അവരുടെ ദേശീയ നേതൃത്വത്തിന് ഏക സിവില്‍കോഡ് വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് എടുക്കാന്‍ കഴിയുന്നില്ല എന്നതാണ്. ഹിമാചല്‍ മന്ത്രിസഭയിലെ അംഗമായ കോണ്‍ഗ്രസ് നേതാവ് വിക്രമാദിത്യ സിംങിനെ പോലുള്ള പലരും ബിജെപിയുടെ ഏകീകൃത സിവില്‍ കോഡിനെ സ്വാഗതം ചെയ്ത് പ്രസ്താവന ഇറക്കിയിട്ടുമുണ്ട്.
രാജ്യത്തിന്റെ മതനിരപേക്ഷ-ജനാധിപത്യ ഘടനയെ തകര്‍ക്കുന്ന ആര്‍ എസ് എസ് അജണ്ടക്കെതിരായി രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ നിലപാടുകള്‍ സ്വീകരിക്കാന്‍ പലപ്പോഴും കോ ണ്‍ഗ്രസ് മടിച്ചുനില്‍ക്കുന്നതാണ് കഴിഞ്ഞ ഒമ്പതു വര്‍ഷമായി നാം കാണുന്നത്. എന്‍ഐഎ, യുഎപിഎ നിയമ ഭേദഗതി, മുത്തലാഖ് നിരോധന നിയമം, 370ാം വകുപ്പ് എടുത്തുകളയല്‍ എന്നീ പ്രശ്‌നങ്ങളിലെല്ലാം പ്രതിപക്ഷപാര്‍ട്ടികളെ യോജിപ്പിച്ച് രാജ്യസഭയില്‍ നിയമ ഭേദഗതികള്‍ പരാജയപ്പെടുത്താനുള്ള ഒരു മുന്‍കൈയും കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
ഇടതുപക്ഷം തന്നെയും ഇതിലെ ചതിക്കുഴി നേരാംവണ്ണം മനസ്സിലാക്കിയിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. പലപ്പോഴും ‘ഇങ്ങനെയല്ല വരേണ്ടത്’ എന്ന ലൈനിലാണ് പല ഇടതു കാഴ്ചപ്പാട് അവകാശപ്പെടുന്നവരും എന്ന കാര്യം ഭീതിപ്പെടുത്തുന്നുണ്ട്. നാസ്തികര്‍, യുക്തിവാദികള്‍ എന്നിവര്‍ തീവ്ര ഹിന്ദുത്വരുടെ ഈ നീക്കം മുസ്‌ലിംകളെ കാര്യമായി ബാധിക്കും എന്ന ഒറ്റക്കാരണത്താല്‍ മാത്രം അനുകൂലിക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അമിത്ഷായുടേതായി വന്ന പ്രസ്താവനകള്‍ മുസ്‌ലിം സമുദായത്തെ കൃത്യമായി ടാര്‍ഗറ്റ് ചെയ്യാനുള്ള ശ്രമത്തിനുള്ള സൂചന നല്‍കുന്നുണ്ട്. ഏക സിവില്‍കോഡില്‍ നിന്ന് വിവിധ ആദിവാസി വിഭാഗങ്ങളും ക്രിസ്ത്യന്‍ സമൂഹങ്ങളും ഒഴിവാക്കപ്പെടും എന്നായിരുന്നു പ്രസ്താവന.