ഏക സിവില്‍കോഡ്: ലക്ഷ്യംവെക്കുന്നത് ഏകമതത്തെ
അബൂബക്കര്‍
ഏക സിവില്‍ കോഡ് ലക്ഷ്യമിടുന്നത് ഏകമതമെന്ന ഫാസിസ്റ്റ് തന്ത്രമാണ്. എല്ലാം ഒന്നിലേക്ക് കേന്ദ്രീകരിക്കുകയും അതുവഴി ഇന്ത്യയുടെ വൈവിധ്യങ്ങളെ തകര്‍ക്കാനുമാണ് ശ്രമിക്കുന്നത്. ഹിന്ദുരാഷ്ട്രത്തിലേക്കുള്ള അതിവേഗ പാതയാണ് ഈ ഏക സിവില്‍കോഡ്. മറ്റെല്ലാ ജാതി-മതവിഭാഗങ്ങളെയും ഒഴിവാക്കിക്കൊണ്ട് മുസ്‌ലിംകളെ മാത്രം ഉന്നമിടുന്നതാണ് ഈ സിവില്‍ കോഡ് എന്ന് കേന്ദ്രം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഭാവിയില്‍ മുസ്‌ലിംകള്‍ക്കു മാത്രമായി പുതിയ നിയമനിര്‍മാണം ആവശ്യമായി വന്നാല്‍ അത് ആലോചിക്കുമെന്നാണ് ഒന്നാം മോദി സര്‍ക്കാരിലെ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് മുത്വലാഖ് നിരോധനത്തിന്റെ വേളയില്‍ പറഞ്ഞത്.
ഏക സിവില്‍കോഡ് നിലവിലുള്ള ചെറിയ പ്രതിഷേധങ്ങളെയും ഏതു സമയത്തും സംഭവിച്ചേക്കാവുന്ന വന്‍ പ്രതിഷേധങ്ങളെയും പൂട്ടിക്കെട്ടാനുള്ള ഒന്നാന്തരം മരുന്നാണ്. ഈ കോഡ് എടുത്തുവീശുമ്പോഴൊക്കെ മുസ്‌ലിംകള്‍ മാത്രം ചാടിവീഴണം എന്നതുതന്നെയാണ് അവരുടെ ഒളിയജണ്ട. ബഹുസ്വര പ്രതിഷേധത്തിന്റെ നാമ്പുകള്‍ മുളപൊട്ടുന്നുവെന്ന് മനസ്സിലാക്കി അതിനെ നുള്ളിക്കളയാന്‍ മുസ്‌ലിംകള്‍ അല്ലാത്തവരെയെല്ലാം സിവില്‍ കോഡില്‍ നിന്നൊഴിവാക്കുമെന്ന പ്രഖ്യാപനം ഉടനടി വന്നു. ഉന്നം മുസ്‌ലിംകള്‍ തന്നെയെന്ന് പ്രഖ്യാപിക്കുക വഴി ഏക സിവില്‍ കോഡിനെതിരായി ഉയര്‍ന്നുവരുന്ന ബഹുസ്വര പ്രതിഷേധങ്ങള്‍ തണുക്കും.
മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം ഏക സിവില്‍ കോഡിനെ എങ്ങനെയാണ് നേരിടേണ്ടതെന്ന് അറിയാത്ത അവസ്ഥയുണ്ട്. എവിടെ നിന്ന് തുടങ്ങണമെന്നോ ഏതു വഴി നീങ്ങണമെന്നോ ആരെ കൂടെ കൂടണമെന്നോ പോലും അറിയാത്ത വിധം ആശയക്കുഴപ്പത്തില്‍ ചാടിയിരിക്കുകയാണ് മുസ്‌ലിം സംഘടനകള്‍. ഇന്ത്യന്‍ മുസ്‌ലിംകള്‍ പുതിയൊരു പ്രതിസന്ധി കൂടി നേരിടുകയാണ്.