8 Sunday
September 2024
2024 September 8
1446 Rabie Al-Awwal 4

ഈദുല്‍ ഫിത്വ്‌റിന്റെ സുഗന്ധം

ഷാജഹാന്‍ ഫാറൂഖി


ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിനു സമാപ്തി കുറിച്ചുകൊണ്ട് മുസ്‌ലിം ലോകം ഈദുല്‍ ഫിത്വ്ര്‍ ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. പകല്‍സമയങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ വെടിഞ്ഞ്, രാവുകളില്‍ മുണ്ട് മുറുക്കിയുടുത്ത് ആരാധനകളില്‍ കഴിച്ചുകൂട്ടിയ മുപ്പതു നാളുകളെ ദീപ്തമാക്കുന്ന ഓര്‍മകളാണ് ഈ പെരുന്നാള്‍ സുദിനം. കാരുണ്യവാനായ രക്ഷിതാവിന്റെ അടിമകള്‍ക്ക് വാഗ്ദാനം ചെയ്ത അനുഗൃഹീത സമ്മാനം. അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്.
1500 വര്‍ഷങ്ങള്‍ക്കു മുമ്പ് ആയിരം കാതമകലെ നിന്ന് ഒരു വിളംബരമുണ്ടായി. വിശ്വാസികളേ, വേദവെളിച്ച പ്രസാരണത്തിന് സാക്ഷ്യം വഹിച്ച വിശുദ്ധ റമദാനില്‍ സാക്ഷികളായ ഓരോരുത്തരും നോമ്പനുഷ്ഠിച്ചുകൊള്ളട്ടെ. തലമുറ കൈമാറി നൂറ്റാണ്ടുകളായി ആ വിളംബര സന്ദേശം ശിരസാവഹിച്ചു ലോകത്തിന്റെ അഷ്ടദിക്കുകളിലുമുള്ള വിശ്വാസി സമൂഹം ‘ഞങ്ങള്‍ കേട്ടു, അനുസരിച്ചു’ എന്നു പ്രഖ്യാപിക്കുന്നതിന്റെ മറ്റൊരു വാര്‍ഷികവും കൂടിയാണ് ഈ സുദിനം.
മലര്‍ക്കെ തുറന്നിട്ടിരുന്ന സ്വര്‍ഗഭവനത്തിന്റെ റയ്യാന്‍ കവാടത്തെ നോക്കി ആര്‍ത്തിയോടെ വിശ്വാസികള്‍ പ്രാര്‍ഥിച്ചു: നാഥാ, ഈ റയ്യാന്‍ കവാടം നീ ഞങ്ങള്‍ക്കു വേണ്ടി ഒരുക്കിവെച്ചിരിക്കുന്നു. ഞങ്ങളെ അനുഗ്രഹിച്ചാലും.
കൊട്ടിയടയ്ക്കപ്പെട്ട ആ നരക വാതിലുകള്‍ ഇനി തുറക്കരുതേ എന്നും അവിടേക്കു നയിക്കുന്ന പിശാചുക്കളെ ചങ്ങലകളില്‍ നിന്ന് മോചിപ്പിക്കരുതേ എന്നും സ്രഷ്ടാവിനോട് യാചിക്കാനുള്ള സമയമാണിത്. അല്ലാഹു മാനവരാശിക്ക് എളുപ്പമാണ് പ്രയാസങ്ങളല്ല വ്രതാനുഷ്ഠാനത്തിലൂടെ ലക്ഷ്യംവെക്കുന്നത് എന്നതിന്റെ പൊരുള്‍ ബോധ്യമാകുന്ന സന്തോഷ പെരുന്നാള്‍.
നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കാനും വേണ്ടിയത്രേ ഇങ്ങനെ കല്‍പിച്ചിട്ടുള്ളത് (2:285).
റമദാന്‍ യാത്രയാകുന്നതോടുകൂടി ദേഹത്തിന്റെ വ്രതം മാത്രമാണ് അവസാനിക്കുന്നത്. ദേഹിയുടെ വ്രതം നാം തുടരുകയാണ്. ചിന്തകനായ ഇമാം ഗസ്സാലി സൂചിപ്പിച്ചതുപോലെ, ആമാശയത്തിന്റെ വ്രതത്തെ മാത്രമാണ് തല്‍ക്കാലം നാം യാത്രയാക്കിയത്. പഞ്ചേന്ദ്രിയങ്ങളുടെയും ഹൃദയത്തിന്റെയും നോമ്പ് എല്ലാ മാസങ്ങളിലും തുടര്‍ന്നുപോരേണ്ടതാണ്. അനുഭവങ്ങളുടെ തീച്ചൂളയില്‍ പാകപ്പെടുത്തിയ ഒരുപാട് ആശയങ്ങള്‍ നമുക്ക് പങ്കുവെച്ച ശേഷമാണ് റമദാന്‍ വിടവാങ്ങുന്നത്. ഭാവിയിലേക്ക് വേണ്ട ഈമാനിക ഊര്‍ജവും പരലോക യാത്രയ്ക്കു വേണ്ട പാഥേയവും റമദാന്റെ രാപകലുകളില്‍ നാം സ്വാംശീകരിച്ചുവെന്നു സാരം.
അല്ലാഹുവിനു വേണ്ടി വിശപ്പും ദാഹവും നാം ആസ്വദിച്ചു. മിഴി നനഞ്ഞു മനസ്സിന്റെ തേട്ടങ്ങള്‍ ഇരുളിന്റെ മറവില്‍ അവനു മുമ്പില്‍ കെട്ടഴിച്ചു. ഒരു നേരത്തെ അന്നത്തിനു വേണ്ടി കൈ നീട്ടിയ ആരെയും നാം ആട്ടിയകറ്റിയില്ല. അര്‍ഹതപ്പെട്ടവന്റെ അവകാശമായ നമ്മുടെ സ്വത്തിന്റെ ഒരു ഓഹരി ഇടതുകൈ അറിയാതെത്തന്നെ അവരുടെ കൈകളിലെത്തിച്ചു. ഖുര്‍ആന്‍ പാരായണം ചെയ്ത് പാപമോചനത്തിനായി പ്രാര്‍ഥിച്ചു. പുണ്യ രാവിന്റെ നന്മ പ്രതീക്ഷിച്ച് അവസാന പത്ത് സജീവമാക്കി. പെരുന്നാള്‍ ദിനം വിശക്കുന്ന ഒരു വിശ്വാസിയുമുണ്ടാകരുത് എന്ന് നിര്‍ബന്ധമുള്ളതുകൊണ്ട് ഫിത്വ്ര്‍ സകാത്തിന്റെ വിഹിതം അവരുടെ വീടുകളില്‍ എത്തിച്ചു. അല്ലാഹുവേ, ഞങ്ങളില്‍ നിന്ന് ഇത് സ്വീകരിച്ചാലും.
ശവ്വാലമ്പിളി മാനത്ത് തെളിയുന്നതോടെ അന്തരീക്ഷം തക്ബീര്‍ ധ്വനികളാല്‍ മുഖരിതമാകുന്ന രംഗം വിശ്വാസികളുടെ മനം കുളിര്‍പ്പിക്കുന്നതാണ്. അല്ലാഹുവാണ് ഏറ്റവും വലിയവന്‍ എന്ന പ്രഖ്യാപനം അളവറ്റ ആനന്ദവും അഭിമാനബോധവും എന്നും വിശ്വാസികളുടെ മനം നിറയ്ക്കും. ചരിത്രത്തിന്റെ ഗതിവിഗതികളെ മാറ്റിമറിച്ച അത്ഭുതകരവും അതുല്യവുമായ മുദ്രാവാക്യമാണ് ‘അല്ലാഹു അക്ബര്‍.’ ഞാനെന്ന ഭാവം ഇല്ലാതാക്കി സര്‍വ ലോക സ്രഷ്ടാവായ അല്ലാഹുവിന്റെ വിനീത ദാസനാണെന്ന ബോധം ഓരോ വിശ്വാസിയിലും അങ്കുരിപ്പിക്കുന്ന മന്ത്രധ്വനി. കിസ്‌റായുടെയും കൈസറിന്റെയും സിംഹാസനങ്ങളെ വിറപ്പിച്ച മന്ത്രവാക്യം. നംറൂദും ഫറോവയും ഖാറൂനും ഹാമാനും ആത്യന്തികമായി അടിയറവു പറയേണ്ടിവന്ന സൂത്രവാക്യം. അഹങ്കാരികളായ സ്വേച്ഛാധിപതികളുടെ അധികാര ചെങ്കോലുകളെ എന്നന്നേക്കുമായി തകര്‍ത്തെറിഞ്ഞ മന്ത്രോച്ചാരണം. ബദ്‌റിലും ഉഹ്ദിലും ഖന്‍ദഖിലും മുഴങ്ങിക്കേട്ട തൗഹീദിന്റെ മാസ്മരിക നാദം. മനുഷ്യോല്‍പത്തി മുതല്‍ ഇസ്‌ലാമിന്റെ അജയ്യത ഉയര്‍ത്തിപ്പിടിച്ച പ്രവാചക ശ്രേഷ്ഠരുടെ ജീവിതരേഖ. സര്‍വോപരി തലമുറ തലമുറയായി വിശ്വാസികളുടെ മനസ്സിന് കരുത്തും നാവിന് ഊര്‍ജവും നല്‍കുന്ന ആദര്‍ശങ്ങളുടെ കേന്ദ്രബിന്ദു.
നാവു കൊണ്ട് ഉച്ചരിക്കാവുന്ന ലളിതമായ മന്ത്രവാക്യമാണെങ്കിലും പ്രപഞ്ചത്തോളം വലിയ അനുരണനങ്ങള്‍ സൃഷ്ടിക്കാന്‍ മതിയായ കരുത്താര്‍ന്ന ആദര്‍ശത്തിന്റെ പേരാണ് ‘അല്ലാഹു അക്ബര്‍.’ ആഘോഷങ്ങള്‍ക്ക് പൊലിമ പകരാനും ഇഹ-പര വിജയങ്ങള്‍ക്ക് നിദാനമായി വര്‍ത്തിക്കാനും മതിയായ പ്രഖ്യാപനമാണ് അല്ലാഹു അക്ബര്‍. മക്ക പൂര്‍ണമായി മുസ്‌ലിംകള്‍ക്ക് അധീനമായപ്പോള്‍ കഅ്ബയുടെ മിനാരത്തില്‍ കയറിനിന്ന് മഹാനായ ബിലാല്‍ ‘അല്ലാഹു അക്ബര്‍’ എന്ന് അത്യുച്ചത്തില്‍ വിളംബരം ചെയ്തതിന് ചരിത്രം സാക്ഷിയാണ്. പടിഞ്ഞാറും കിഴക്കും ദിനേന അഞ്ചു നേരങ്ങളില്‍ ആവര്‍ത്തിക്കുന്ന ഈ ആദര്‍ശവാക്യം കേട്ടുണരാത്ത ഒരു പ്രദേശവും ഈ ഭൂമിലോകത്തില്ല എന്ന അറിവ് നമുക്ക് പ്രചോദനമാണ്.
സന്മാര്‍ഗപാത കാണിച്ചുതന്ന നാഥന് നന്ദി രേഖപ്പെടുത്തി വിശ്വാസികള്‍ ഒന്നടങ്കം ഈദ്ഗാഹുകളിലേക്കും പള്ളികളിലേക്കും നീങ്ങുന്ന കാഴ്ച സന്തോഷദായകമാണ്. ഈദ് സന്ദേശം കൈമാറി ഹസ്തദാനവും ആലിംഗനവും ഏറ്റുവാങ്ങി വ്യത്യസ്ത വഴികളിലൂടെ മടങ്ങണമെന്ന പ്രവാചക നിര്‍ദേശം നൂറ്റാണ്ടുകളായി വിശ്വാസി സമൂഹം സസന്തോഷം പുലര്‍ത്തിവരുന്നു. ഇതര സമുദായങ്ങളുമായുള്ള ബന്ധവും കെട്ടുറപ്പും ശക്തിപ്പെടുത്തുന്ന മാതൃകാ സമീപനം തന്നെയാണ് എക്കാലത്തും നാം ഉയര്‍ത്തിപ്പിടിച്ചത്. സൗഹൃദസന്ദര്‍ശനങ്ങള്‍, വിനോദസഞ്ചാരങ്ങള്‍ തുടങ്ങി ശരീരത്തിനും മനസ്സിനും കുളിര്‍മ പകരുന്ന കര്‍മപദ്ധതികള്‍ സ്വീകരിക്കാവുന്നതാണ്. രോഗികളെ സാന്ത്വനിപ്പിക്കാനും ബന്ധുജനങ്ങളുടെ ഖബറുകള്‍ സന്ദര്‍ശിക്കാനും സമയം കണ്ടെത്തേണ്ടതുണ്ട്.

പെരുന്നാള്‍ ആഘോഷങ്ങള്‍ ഗസ്സയുടെ കണ്ണീരില്‍ കുതിര്‍ന്ന അനുഭവമാണ് ലോക മുസ്‌ലിംകള്‍ക്ക് പറയാനുണ്ടാവുക. ഇഫ്താറിനു ശേഷവും നോമ്പ് തുടരേണ്ടിവന്ന വാര്‍ത്തകളാണ് ഈ റമദാനില്‍ ഗസ്സയില്‍ നിന്ന് കേള്‍ക്കേണ്ടിവരുന്നത്. സമാനതകളില്ലാത്ത ദുരന്തങ്ങളാണ് ഫലസ്തീന്‍ എന്ന രാജ്യത്തെ പതിനായിരക്കണക്കിന് മുസ്‌ലിംകള്‍ക്ക് അനുഭവിക്കേണ്ടിവരുന്നത്. അഭയാര്‍ഥി ക്യാമ്പുകളും ആതുരാലയങ്ങളും വരെ ഇസ്രായേല്‍ എന്ന കൊടും ഭീകര സയണിസ്റ്റ് രാഷ്ട്രം ബോംബാക്രമണങ്ങളില്‍ തകര്‍ത്തുകളഞ്ഞു. കോണ്‍ക്രീറ്റ് തൂണുകള്‍ക്കിടയില്‍ നിന്ന് ഉയരുന്ന പിഞ്ചുമക്കളുടെ ഞരക്കങ്ങള്‍ ലോക മനഃസാക്ഷിയെ ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു. ബോംബര്‍ വിമാനങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും സാന്നിധ്യം ഈ കൊച്ചു പ്രദേശത്തെ ശവപ്പറമ്പാക്കി മാറ്റിയിരിക്കുന്നു. അന്താരാഷ്ട്ര നിയമങ്ങളും യു എന്‍ ഇടപെടലും ലോക കോടതി മുന്നറിയിപ്പും അവഗണിച്ചു മുന്നേറുന്ന ഈ ഭീകര രാഷ്ട്രം ലോക സമാധാനത്തിനു തന്നെ ഭീഷണിയായി പരിണമിച്ചിരിക്കുകയാണ്.
പെരുന്നാളാഘോഷത്തിന്റെ പേരില്‍ കുട്ടികളും യുവാക്കളും അനഭിലഷണീയമായ വിനോദങ്ങളില്‍ പങ്കാളികളായി അനര്‍ഥങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കേണ്ടതാണ്. സാഹസിക യാത്രകള്‍, ട്രാഫിക് നിയമലംഘനങ്ങള്‍, ബീച്ചുകളിലും റിസോര്‍ട്ടുകളിലുമുള്ള അനിയന്ത്രിത പ്രകടനങ്ങള്‍ എന്നിവയെല്ലാം ആഘോഷങ്ങളുടെ പ്രഭ കെടുത്തുമെന്നും ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും ആലോചിക്കുക. ഒരു നാറാണത്തു ഭ്രാന്തനായി നാം അധഃപതിക്കാതിരിക്കുക. ഒരു മാസം കൊണ്ട് നാം കെട്ടിപ്പൊക്കിയ തഖ്‌വയുടെ, വിശ്വാസമഹിമയുടെ മതില്‍ക്കെട്ടുകളെ ഒരു നിമിഷം കൊണ്ട് തകര്‍ത്ത് തരിപ്പണമാക്കാന്‍ ആര്‍ക്കാണ് ധൈര്യം ഉണ്ടാവുക!
ഒരുകൂട്ടം വേവലാതികളാണ് ഈ പെരുന്നാള്‍ സുദിനത്തിലും വിശ്വാസികളുടെ മനസ്സിനെ മഥിച്ചു കടന്നുപോകുന്നത്. ജനാധിപത്യവും മതസ്വാതന്ത്ര്യവും വേട്ടയാടപ്പെടുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളുടെ ഭാവി, ന്യൂനപക്ഷങ്ങളും പാര്‍ശ്വവല്‍കൃത ജനവിഭാഗങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വെല്ലുവിളികളുടെ രാഷ്ട്രീയ മാനം, ഏക സിവില്‍കോഡ്, പൗരത്വ നിയമം എന്നിവയുടെ സ്വാഭാവിക പരിണാമങ്ങള്‍ എന്നിങ്ങനെ നീളുന്ന പൊള്ളുന്ന വെല്ലുവിളികള്‍. ആദര്‍ശങ്ങളുടെ വൈവിധ്യം ഐക്യത്തിനു തടസ്സമാണെങ്കിലും ഒറ്റക്കെട്ടായി പൊതുശത്രുവിനെ നേരിടാനുള്ള ആര്‍ജവം മുസ്‌ലിം ഉമ്മത്ത് കൈവിട്ടുകൂടാ എന്നതാണ് മുസ്‌ലിം ജനസാമാന്യത്തിന്റെ നിലപാട്.
ആശയും പ്രതീക്ഷയുമായി മുസ്‌ലിം ഉമ്മത്ത് ഇനിയും കാതങ്ങള്‍ താണ്ടിയാല്‍ മാത്രമേ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കഴിയൂ. തൗഹീദി ആദര്‍ശം ഇനിയും എത്തിയിട്ടില്ലാത്ത ജനവിഭാഗങ്ങള്‍ സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങളുടെ മുമ്പില്‍ ഒരു ചോദ്യചിഹ്നമാണ്. വേലി തന്നെ വിള തിന്നുന്നുവെന്ന മട്ടില്‍ ചില പരിഷ്‌കരണവാദികള്‍ സമൂഹത്തെ വീണ്ടും അന്ധവിശ്വാസങ്ങളുടെ ആലയില്‍ കെട്ടാന്‍ വ്യഗ്രത കാട്ടുമ്പോള്‍ ഇസ്‌ലാഹി നേതൃത്വത്തിന്റെ ഉത്തരവാദിത്തം ഇരട്ടിക്കുകയാണ്. അതിനായുള്ള പ്രതിജ്ഞ പുതുക്കാന്‍ ഈ പെരുന്നാള്‍ സുദിനം നമുക്ക് പ്രചോദനമാകട്ടെ.

1 1 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x