ഈദ് ഉയിർ
ഐനു നുഹ
കാത്തിരിക്കുകയാണ്
അവരൊരു പെരുന്നാളിനെ.
തീരാത്ത അതിന്റെ അനുഗ്രഹത്തെയും.
ഈദ് പ്രതിരോധമാണവര്‍ക്ക്,
മേല്‍വിലാസമില്ലാത്തവരാക്കി
ചെയ്യുന്നതെല്ലാം കുറ്റമാക്കി
ഇല്ലായ്മകളാലവരെ മരിച്ചു വീഴാനനുവദിച്ച്
സമാധാനം നഷ്ടപ്പെടുത്തിയവരോട്
മൈലാഞ്ചിച്ചുവപ്പിന്റെ
ചിരിയാല്‍ തീര്‍ക്കുന്ന പ്രതിരോധം.
ഈദ് ഒരു വാതിലാണവര്‍ക്ക്,
അകപ്പെട്ട തടവറകളില്‍ നിന്ന്
വെളിച്ചത്തിലേക്ക് തുറക്കുന്ന വാതില്‍.
ശരി പറഞ്ഞതാണവര്‍ ചെയ്ത തെറ്റ്,
രാജാവ് മുടന്തി നടന്നപ്പോള്‍
അനുകരിച്ചാല്‍ മതിയായിരുന്നില്ലേ?
ഈദ് പുത്തനുടുപ്പാണവര്‍ക്ക്,
കറകളില്ലാത്ത കുഞ്ഞുടുപ്പ്.
സ്നേഹിക്കുന്നവരെന്ന് തോന്നിയവരെ
ഇനിയും മനസ്സിലാക്കാന്‍ കഴിയാത്ത
കുഞ്ഞുങ്ങളുടെ ആഹ്ലാദപ്പുടവ.
ഈദ് ഉയിര്‍ത്തെഴുന്നേല്‍പ്പാണവര്‍ക്ക്
യുഗങ്ങളായി ഇകഴ്്ത്തിക്കൊണ്ടിരിക്കുന്ന
അളവുകോലുകളില്‍ നിന്നുള്ള മോചനം.
കറുപ്പാണ്. പെണ്ണാണ്. താഴ്ന്നതാണ്.
കുരുടനാണ്. ഒമ്പതാണ്. ചട്ടുകാലനാണ്…
ഇപ്പോളവര്‍ കേള്‍ക്കുന്നത്
‘മനുഷ്യനാണ്.’ എന്നല്ലേ?
ഈദ് സ്നേഹമാണവര്‍ക്ക്
തേടി വരുന്നവരുടെ
ചേര്‍ത്തുപിടിച്ചവരുടെ
വാക്കുകള്‍ ജ്വലിപ്പിച്ച
കണ്ണിലെ തിളക്കം.
ഈദ് കാത്തിരിപ്പാണ്.
നോമ്പുകാരന്റെ ഈത്തപ്പഴം പോലെ.
വിശപ്പും ദാഹവും താങ്ങി
രോഗപീഢകള്‍ കടന്ന്
വേദനകള്‍ കഴിഞ്ഞു
ഏറെ മധുരിക്കുന്ന ഒന്ന്.