ഈദിന്‍ സുഗന്ധവുമായി ഇശല്‍ നിലാവ്
വി എസ് എം കബീര്‍
ക്രിസ്തുവര്‍ഷം 622 സപ്തംബര്‍ 27 തിങ്കളാഴ്ച.അന്നാണ് ഈത്തപ്പനകള്‍ കുലച്ചുനില്‍ക്കുന്ന യസ്‌രിബിന്റെ ശാദ്വല താഴ്‌വാരത്തിലേക്ക് തിരുനബിയെയും വഹിച്ചുകൊണ്ട് ഖസ്‌വാ കാലുകുത്തിയത്. സഫലമായ കാത്തിരിപ്പിന്റെ ആഹ്ലാദം കളങ്കമില്ലാതെ പ്രകടിപ്പിച്ചുകൊണ്ടിരുന്ന ആബാലവൃദ്ധം യസ്‌രിബുകാരെ അഭിവാദ്യം ചെയ്ത് മഹാനായ ആ പലായകനും സന്തത സഹചാരി സിദ്ദീഖുല്‍ അക്ബറും അവര്‍ക്കിടയിലൂടെ നീങ്ങി; ദിവ്യകല്‍പന പ്രകാരം വഴിനടന്ന ഖസ്‌വ അബൂ അയ്യൂബില്‍ അന്‍സാരിയുടെ ഇരുനില വീടിനു മുന്നില്‍ മുട്ടുകുത്തുന്നതുവരെ. അന്നു മുതലാണ് ഇസ്‌ലാമിക ചരിത്രത്തിന്റെ സംഭവബഹുലമായ രണ്ടാംഘട്ടം ആരംഭിക്കുന്നത്.
അവിടെ മസ്ജിദുന്നബവിക്ക് അടിത്തറയൊരുങ്ങി. അതില്‍ ബാങ്കും നമസ്‌കാരവും തുടങ്ങി. അതിനു ചുറ്റും വീടുകളും കുടുംബങ്ങളും നിറഞ്ഞു. കടകളും ചന്തകളും വ്യാപിച്ചു. യസ്‌രിബ് മെല്ലെ മെല്ലെ ഒരു പട്ടണത്തിന്റെ പ്രൗഢി പ്രാപിക്കുകയായിരുന്നു. റസൂലിന്റെ പട്ടണമെന്ന അഭിമാനപൂരിതമായ പദവി. ആ പട്ടണം കേന്ദ്രമാക്കി പുതിയൊരു സംസ്‌കാരം നാമ്പെടുക്കുകയുമായിരുന്നു.
ഹിജ്‌റാബ്ദം രണ്ട് പിറന്നു. ആ ശഅ്ബാനിലതാ പുതിയൊരു ആരാധനയുടെ പ്രഖ്യാപനവുമായി ഖുര്‍ആന്‍ വചനമിറങ്ങുന്നു, റമദാന്‍ വ്രതം. വിശുദ്ധ വേദത്തിന്റെ അവതരണംകൊണ്ട് അനുഗൃഹീതമായ മാസത്തില്‍ നിര്‍ബന്ധമായ നോമ്പനുഷ്ഠിക്കുക. മദീനയിലെ ആ പുതിയ സമൂഹം ദൈവികകല്‍പനയെ ഹൃദയത്തിലേറ്റുവാങ്ങി. പ്രഭാതം മുതല്‍ പ്രദോഷംവരെ പ്രിയ നബിയോടൊപ്പം അവര്‍ നോമ്പെടുത്തു. ആത്മീയമായ നവോല്‍ക്കര്‍ഷത്തിലേക്ക് അവര്‍ പ്രയാണമാരംഭിക്കുകയായിരുന്നു.
രണ്ടാഴ്ചയേ പിന്നിട്ടുള്ളൂ, അതാ വരുന്നു അടുത്ത കല്‍പന. അവരൊരിക്കലും പ്രതീക്ഷിക്കാത്തതായിരുന്നു അത്. ‘നാം മക്കയില്‍ ഉപേക്ഷിച്ചുപോന്ന നമ്മുടെ ധനം കൊള്ളയടിച്ച് തടിച്ചുകൊഴുത്ത ഖുറൈശിക്കൂട്ടത്തിന്റെ വ്യാപാരസംഘം കനത്ത ലാഭവുമായി നാട്ടിലേക്ക് മടങ്ങുന്നുണ്ടത്രേ. ആ ധനം വിട്ടുകൊടുത്താല്‍ നാം അപകടത്തിലാകും. അതിനാല്‍ അവരെ തടഞ്ഞേ പറ്റൂ. കഴിയുന്നവര്‍ പുറപ്പെടുക’. വ്രതകാലമായിട്ടും തിരുനബിയുടെ ആഹ്വാനം അവര്‍ താമസംവിനാ ഉള്‍ക്കൊണ്ടു. കിട്ടിയത് മാത്രം കൈയിലെടുത്ത് ദൂതരോടൊപ്പം ഇറങ്ങിയ അവര്‍ പിന്നീട് എത്തിപ്പെട്ടത് മറ്റൊരു താഴ് വാരത്ത്. പച്ചപ്പിനിടം നല്‍കാതെ ഉണങ്ങിവരണ്ടു കിടന്ന ആ താഴ്‌വരയെ ചരിത്രം പേരിട്ടു വിളിച്ചത് ബദ്ര്‍ എന്നായിരുന്നു. അന്നമൊഴിഞ്ഞ ആമാശയവും വിശ്വാസം നിറഞ്ഞ ഹൃദയവുമായി അവര്‍ സര്‍വായുധരായ നിഷേധിക്കൂട്ടത്തെ നേരിട്ടു. എന്നു മാത്രമോ, അവരെ നാമാവശേഷമാക്കി ചരിത്രത്തിന് പുളകമേകുകയും ചെയ്തു.
ബദ്‌റിന്റെ ആരവം നിലച്ചു. വിജയാവേശമടങ്ങി. ഏതാനും ദിനങ്ങള്‍ പിന്നിട്ടു. ഉപവാസവും ഉപാസനയുമായി അവസാന പത്തിന്റെ പുണ്യം തേടിക്കഴിയുകയാണ് സഹാബിമാര്‍. ആയിടെയാണ് തിരുദൂതര്‍ക്ക് ദിവ്യവെളിപാടിറങ്ങിയത്. സകാത്തുല്‍ ഫിത്വ്ര്‍. നോമ്പിനിടയില്‍ അറിഞ്ഞോ അറിയാതെയോ വന്നുപോയ നിസ്സാര വീഴ്ചകള്‍പോലും ശവ്വാല്‍ പിറക്കപ്പുറം പോകരുത്. അതിനെ തേച്ചുമായ്ച്ച് കളയണം. മനസ്സും ശരീരവും വിശുദ്ധിയില്‍ സ്ഫുടം ചെയ്യപ്പെടണം. അതിനായി ഏതാനും കൈക്കുമ്പിള്‍ ധാന്യം പാവപ്പെട്ടവന് നല്‍കിയേ പറ്റൂ. സമ്പത്തില്‍നിന്ന് ഒരു നിശ്ചിത വിഹിതം അര്‍ഹരായ അവകാശികള്‍ക്കായി നീക്കിവെക്കാനുള്ള ദൈവിക ഉത്തരവ് മുമ്പ് തന്നെ അവര്‍ക്ക് ലഭിച്ചിരുന്നു. ഇതെല്ലാം അവര്‍ യഥാവിധി പാലിക്കുകയും ചെയ്തു. അങ്ങനെ ഭക്തിയും ശക്തിയും സ്‌നേഹവും സാഹോദര്യവും ക്ഷേമവും കളിയാടുന്ന പച്ചത്തുരുത്തായി മാറി മദീന.ഇനി മദീനക്ക് വേണ്ടത് മറ്റൊന്നാണ്, ഒരാഘോഷം.
അങ്ങനെയൊരു സമ്മാനവുമായിട്ടായിരുന്നു അടുത്ത വഹ്‌യ് എത്തിയത്. നോമ്പ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ള ദിവ്യസമ്മാനം. ദൂതര്‍ അത് പ്രഖ്യാപിച്ചു. ഈദുല്‍ ഫിത്വ്ര്‍. ആഹ്‌ളാദത്തിന്റെ ദിനം. ആഘോഷത്തിന്റെ സുദിനം.
ബാങ്ക്, കഅ്ബയിലേക്കുള്ള ഖിബ്‌ല മാറ്റം, റമദാന്‍ നോമ്പ്, സകാത്തുല്‍ ഫിത്വ്ര്‍, സകാത്ത് എന്നിവ നിയമമാക്കുകയും ബദ്‌റില്‍ വിജയം സമ്മാനിക്കുകയും ചെയ്തതിനു പിന്നാലെ മദീനയുടെ മാനത്ത് ശവ്വാലിന്റെ പൊന്നമ്പിളിയുദിക്കുന്നു, ഈദുല്‍ ഫിത്വ്‌റിന്റെ നിലാവ് പരത്തിക്കൊണ്ട്. രണ്ടു വര്‍ഷം മുമ്പ് യസ്‌രിബില്‍ രൂപംകൊണ്ട ആ കൊച്ചു സമൂഹം ആരാധനകളും അനുഷ്ഠാനങ്ങളും ചെറുത്തുനില്‍പും ആഘോഷങ്ങളുമൊക്കെയായി തങ്ങളുടെ സമ്പൂര്‍ണ വളര്‍ച്ചയിലേക്കുള്ള പ്രയാണത്തിന്റെ നാഴികക്കല്ലുകളോരോന്നും പിന്നിടുകയായിരുന്നു.
ഈദിന്റെ ആനന്ദം അവരെ ഉള്‍പ്പുളകിതരാക്കി. കുളിച്ച് പുതുപുടവകളുടുത്ത് മേത്തരം സുഗന്ധം പുരട്ടി, രണ്ട് ഈത്തപ്പഴവും കഴിച്ച് സകുടുംബം തക്ബീറൊലികളുമായി അവര്‍ വിശാലമായ മൈതാനത്തേക്കൊഴുകി. തോളുരുമ്മി നിന്ന് രണ്ടു റക്അത്ത് നമസ്‌കാരം. നമസ്‌കാരം കഴിഞ്ഞ് മിമ്പറില്‍ കയറിയ തിരുനബി തന്റെ പ്രിയപ്പെട്ടവരെ ആദ്യമൊന്ന് കണ്‍നിറയെ കണ്ടു. ആ കാഴ്ച തിരുനബിയുടെ മനസ്സിനെയും മിഴികളെയും ഒരുപോലെ നിറച്ചു. അവിടുന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ദൈവമഹത്വം വാഴ്ത്തി. ‘അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍… വലില്ലാഹില്‍ ഹംദ്’.
അതുകേട്ട നിമിഷം, സഹാബിമാര്‍ അതേറ്റു ചൊല്ലി. വിശ്വാസികളുടെ ബാധ്യതയും ഐക്യവും ഊന്നിപ്പറഞ്ഞ് ഒരു ചെറിയ പ്രഭാഷണം. പിന്നെ, ആലിംഗനങ്ങളും ഹസ്തദാനങ്ങളും പ്രാര്‍ഥനകളും വഴി സൗഹൃദം പങ്കുവെച്ച് അവര്‍ വീടകങ്ങളിലേക്ക് മടങ്ങി. പെരുന്നാള്‍ ഭക്ഷണമുണ്ടു. വൈകുന്നേരത്ത് ചില കളികളിലും വിനോദങ്ങളിലും അവര്‍ പങ്കുകൊണ്ടു. അനുവാദവും പ്രോത്സാഹനവുമായി തിരുനബിയും കൂടെ നിന്നു. ആഘോഷപ്പകല്‍ അസ്തമിച്ചതോടെ മുസ്‌ലിം സമൂഹത്തിന്റെ പ്രഥമ ഫിത്വ്ര്‍ പെരുന്നാളിന് പരിസമാപ്തിയായി.
പെരുന്നാളിന് യോഗ്യരാവുക
വിശുദ്ധിയുടെ മാസത്തെ യാത്രയാക്കിയ ശേഷമാണ് വിശ്വാസികള്‍ ആത്മഹര്‍ഷത്തിന്റെ നിറവില്‍ ഫിത്വ്ര്‍ പെരുന്നാള്‍ ആഘോഷിക്കുന്നത്. വലുപ്പച്ചെറുപ്പമോ ആണ്‍പെണ്‍ ഭേദമോ സമ്പന്ന ദരിദ്ര വേര്‍തിരിവോ ഇല്ലാതെ, നോമ്പെടുത്തവരുടെയും നോമ്പെടുക്കാന്‍ കഴിയാതെ പോയവരുടെയും ഹൃദയങ്ങളില്‍ ആനന്ദത്തിന്റെ കുളിര്‍മഴ പെയ്യുന്ന വേളയാണ് പെരുന്നാള്‍. വിശ്രമമറിയാതെ, ആരാധനാനുഷ്ഠാനങ്ങളാല്‍ നിര്‍ഭരമായ വ്രതമാസ രാപകലുകളിലലിഞ്ഞ അടിമകളുടെ മനസ്സിനും ശരീരത്തിനും കുളിരും കുളിര്‍മയും പകരാന്‍ നാഥന്‍ നിശ്ചയിച്ച ആഘോഷ സുദിനവുമാണിത്. ജീവിതവഴിയില്‍ വെളിച്ചമായി നീങ്ങുന്ന വിശുദ്ധ വേദപുസ്തകം അവതരിച്ചതിന് അകമഴിഞ്ഞ നന്ദിയര്‍പ്പിച്ച തന്റെ അടിമകള്‍ക്ക് അല്ലാഹു നല്‍കുന്ന സമ്മാനം കൂടിയാണ് ഈദുല്‍ ഫിത്വ്ര്‍.
നോമ്പുകാല ജീവിതം ആലസ്യത്തിലോ ആഘോഷത്തിലോ തളച്ചിട്ട് വ്രതപുണ്യം നേടാനാവാതെ റമദാന്‍ കടന്നവര്‍ക്ക് പെരുന്നാളിന്റെ പ്രഭാതത്തില്‍ പുതുവസ്ത്രമണിയാന്‍ അവകാശമില്ലെന്നാണ് മതം പറയുന്നത്.
ഒരിക്കല്‍ മിമ്പറില്‍ കയറവെ ജിബ്‌രീല്‍ മാലാഖയുടെ പ്രാര്‍ഥനക്ക് തിരുനബി ആമീന്‍ ചൊല്ലിയതായി ഹദീസില്‍ വായിക്കാം. മാലാഖയുടെ പ്രാര്‍ഥന ഇങ്ങനെയായിരുന്നു: ‘ഒരു റമദാന്‍ കഴിഞ്ഞുപോയിട്ടും തന്റെ പാപങ്ങള്‍ പൊറുക്കപ്പെടാതെ പോയവന്‍ നരകാവകാശിയാകട്ടെ’. അല്ലാഹുവിന്റെ വിശ്വസ്തനായ മാലാഖയുടെ പ്രാര്‍ഥനക്ക് അല്‍ അമീനായ പ്രിയദൂതന്‍ ആമീന്‍ പറഞ്ഞുവെങ്കില്‍ അത് അല്ലാഹു സ്വീകരിക്കുമെന്നത് സുനിശ്ചിതമാണ്. ഓര്‍ത്തുനോക്കൂ, എന്തുമാത്രം ദൗര്‍ഭാഗ്യവാന്‍മാരായിരിക്കും അക്കൂട്ടര്‍.നരകാവകാശികള്‍ക്ക് ആഘോഷിക്കാനുള്ളതല്ലല്ലോ ഈദുല്‍ ഫിത്വ്ര്‍.
ഖുര്‍ആനിന്റെ മാസം കൂടിയാണ് റമദാന്‍. റമദാന്‍ കഴിയുന്നതോടെ ഖുര്‍ആനിന്റെ പതിപ്പുകളാവണം യഥാര്‍ഥ വിശ്വാസികള്‍. അത് പാരായണം ചെയ്താല്‍ പോരാ, അതിന്റെ ആശയം ഗ്രഹിച്ചാലും പോരാ, അതിന്റെ വെളിച്ചത്തില്‍ ജീവിതം ക്രമപ്പെടുത്തുക കൂടി വേണം. അല്ലെങ്കില്‍ പരലോകത്തുവെച്ച് തിരുനബി അല്ലാഹുവിനോട് പറയുന്ന സങ്കടഹരജിയില്‍ നമ്മളും പ്രതികളാവും. സംശയം വേണ്ട. ആ സങ്കട ഹരജി ഇതാണ്: ”ദൈവദൂതന്‍ പറയും: നാഥാ, എന്റെ ജനം ഈ ഖുര്‍ആനിനെ തീര്‍ത്തും നിരാകരിച്ചല്ലോ”(അല്‍ ഫുര്‍ഖാന്‍ 30). പ്രിയ നബിയുടെ പരാതി ആര്‍ക്കുനേരെയാണോ ഉയരുന്നത് അവര്‍ക്കെങ്ങനെ ഈദ് കൊണ്ടാടാന്‍ കഴിയും? ഓരോ ആരാധനകള്‍ക്കു ശേഷവുമുള്ള ആത്മവിചാരണകള്‍ വിശ്വാസത്തെ തേച്ചുമിനുക്കാന്‍ സഹായിക്കും.
സമ്മാനദിനമാണ് ഈദ്
ഈദ് ദിനത്തിലുദിക്കുന്ന സൂര്യന് പ്രകാശമേറെയൊന്നുമില്ല. എന്നിട്ടും ആ പ്രഭാതം എന്തെന്നില്ലാത്ത ആനന്ദവും ആവേശവും നമുക്ക് പകരുന്നു. പതിവായി ബാങ്കൊലിയില്‍ മുഴങ്ങാറുള്ള ‘അല്ലാഹു അക്ബര്‍’ തന്നെയാണ് ഈദ് തക്ബീറിലെ ‘അല്ലാഹു അക്ബറും. പക്ഷെ ഈദിലെ തക്ബീര്‍ എന്തോ ഒരു വികാരവായ്പ് നമ്മില്‍ ഉദ്ദീപിപ്പിക്കുന്നുണ്ട്. ഈദ് ദിന പുലര്‍വേളയില്‍ സുന്നത്തെന്നോണം നാം കഴിക്കുന്ന ലഘുഭക്ഷണം പറഞ്ഞറിയിക്കാനാവാത്ത ഒരുതരം സംതൃപ്തി നമുക്ക് നല്‍കാറുണ്ട്. അഞ്ചു നേരം നിര്‍ബന്ധ നമസ്‌കാരത്തിന് പള്ളിയിലേക്ക് പോകുന്നതിന്റെ എത്രയോ ഇരട്ടി ആനന്ദവും ആമോദവും നല്‍കുന്നുണ്ട് ഈദ് നമസ്‌കാരത്തിനായി അതേ പള്ളിയിലേക്ക് നാം പോകുമ്പോള്‍. പെരുന്നാളിന് അണിയുന്ന പുതുവസ്ത്രത്തിന് വല്ലാത്തൊരു ചേലാണ്.അന്ന് പൂശുന്ന അത്തറിന് പതിവില്‍ക്കവിഞ്ഞ സുഗന്ധമാണ്. എന്താവാം ഇതിന് കാരണം?
സംശയമില്ല, ഒരു മാസക്കാലം നീണ്ടുനിന്ന നോമ്പ് നമ്മിലുണ്ടാക്കുന്ന ആത്മീയമായ മാറ്റമാണത്. നോമ്പുകാരന് രണ്ടു സന്തോഷമുണ്ടെന്ന് തിരുനബി വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിലൊരു സന്തോഷം, നോമ്പ് പൂര്‍ത്തിയാക്കി പെരുന്നാളിനെ സ്വീകരിക്കുമ്പോഴാണ്. ആ സന്തോഷമാണ് നോമ്പുകാരനില്‍ പെരുന്നാള്‍ ദിനത്തില്‍ പ്രതിഫലിക്കുന്നത്. അടുത്ത നോമ്പുമാസം വരെ ഈ വികാരം നിലനിര്‍ത്താനായാല്‍ നാം ഭാഗ്യവാന്മാരായി.
നോമ്പിലൂടെ വിശുദ്ധമായ മനസ്സും ശരീരവുമായാണ് നാം ഈദുല്‍ ഫിത്വ്‌റിലേക്ക് കാലെടുത്തു വെക്കുന്നത്. നോമ്പ് പൂര്‍ത്തിയാക്കിയശേഷം ആഘോഷിക്കേണ്ടതാണ് ഫിത്വ്ര്‍ പെരുന്നാള്‍. പെരുന്നാള്‍ ആഘോഷത്തിലൂടെ മാത്രമേ വ്രതം പൂര്‍ണമാവൂ. യൗമുല്‍ ജാഇസ (സമ്മാനദിനം) എന്ന് തിരുനബി ഈദിനെ വിശദീകരിച്ചിട്ടുണ്ട്. ഈദ് നാളില്‍ മാലാഖമാര്‍ പാതയോരത്ത് നില്‍ക്കുമത്രേ. എന്നിട്ട് അവര്‍ ഇങ്ങനെ വിളിച്ചു പറയും:
വിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിലേക്ക് പോവുക. അവന്‍ നിങ്ങള്‍ക്ക് നന്മയുടെ പാതയും ഉയര്‍ന്ന പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു. പകല്‍ നോമ്പ് നോല്‍ക്കാന്‍ അവന്‍ പറഞ്ഞു. നിങ്ങളത് നോറ്റു. രാത്രി നമസ്‌കരിക്കാന്‍ അവന്‍ പറഞ്ഞു. നിങ്ങളതും ചെയ്തു. അതിനാല്‍ അല്ലാഹു നല്‍കുന്ന സമ്മാനം നിങ്ങള്‍ ആഹ്ലാദപൂര്‍വം സ്വീകരിച്ചുകൊള്ളുക’.
പെരുന്നാള്‍ ദിനത്തില്‍ തക്ബീര്‍ മുഴക്കി ഈദ്ഗാഹുകളില്‍ ആബാലവൃദ്ധം പങ്കെടുക്കണമെന്നാണ് ഇസ്‌ലാമിക നിര്‍ദേശം. ഋതുമതികള്‍ പോലും ഈദ് ഗാഹിലെത്തണമെന്നും തിരുനബി പറഞ്ഞിട്ടുണ്ട്. ദൈവിക സമ്മാനം സ്വീകരിച്ച് ആഹ്ലാദപ്പെരുന്നാള്‍ കൊണ്ടാടാന്‍ എല്ലാവരും വേണം. അപ്പോഴാണല്ലോ പെരുന്നാള്‍ ആഘോഷമാവുക.
ഊട്ടിയുറപ്പിക്കാനാവണം
ഐക്യബോധം
ഇസ്‌ലാമിലെ ആരാധനകളെല്ലാം വിശ്വാസികളില്‍ ഐക്യബോധമുണര്‍ത്തുന്നത് കൂടിയാണ്. നോമ്പ് തന്നെ എടുത്തുനോക്കാം. അത്താഴത്തിനുണരുന്നത് ഒരേ വേളയില്‍. വ്രതം തുടങ്ങുന്നതും മുറിക്കുന്നതും ഒരേ നേരത്ത്. അതിനിടയിലെ നിര്‍ബന്ധ നമസ്‌കാരങ്ങള്‍ അനുഷ്ഠിക്കുന്നത് ഒരുമിച്ച്. ഐച്ഛിക നമസ്‌കാരമായ തറാവീഹ് പോലും ഒരേ അണിയില്‍ നിന്നുകൊണ്ട്. പ്രാര്‍ഥനാ വചനങ്ങള്‍ക്ക് പോലും ഐക്യഭാവം. പെരുന്നാള്‍ പിറന്നാലോ? വിശ്വാസി സമൂഹത്തിന്റെതായി പള്ളികളിലും വീടുകളിലും ഊടുവഴികളിലും അങ്ങാടികളിലും നിന്നുയരുന്ന തക്ബീറുകള്‍ക്ക് ഒരേ ഈണവും ഒരേ താളവും. സകാത്തുല്‍ ഫിത്വ്ര്‍ നല്‍കി, പെരുന്നാള്‍ ദിനത്തില്‍ പട്ടിണികിടക്കുന്ന ഒരൊറ്റ സഹോദരന്‍ പോലും നാട്ടിലുണ്ടാവില്ലെന്ന് ഉറപ്പുവരുത്തുന്നു. തനിക്കു വേണ്ടി പ്രാര്‍ഥിക്കുന്ന അതേ വികാരവുമായി തന്റെ സഹോദരര്‍ക്ക് വേണ്ടിയും അവര്‍ പരസ്പരം പ്രാര്‍ഥിക്കുന്നു.
നെഞ്ച് നെഞ്ചോടു ചേര്‍ത്തുവെച്ച് ആലിംഗനങ്ങളിലമരുകയും രോഗിയായ സഹോദരന്റെ വീട്ടിലെത്തി അവന്റെ കരങ്ങള്‍ കവര്‍ന്ന് പ്രാര്‍ഥനയിലലിയുകയും ചെയ്യുന്നു. വേദനിക്കുന്നവരുടെ കണ്ണീരൊപ്പാന്‍ കൈയിലുള്ളതില്‍ നിന്ന് ഒരോഹരി നിറഞ്ഞ മനസ്സോടെ ദാനം ചെയ്താണ് വിശ്വാസി ഈദ്ഗാഹില്‍നിന്ന് ഇറങ്ങുന്നത്. പെരുന്നാളിനെ സാര്‍ഥമാക്കുന്ന ഈ ഐക്യബോധത്തിന് സമാനതകളുണ്ടോ?
മറക്കരുത്, നിസ്സഹായരെ
നറുമണം പരത്തുന്ന പുത്തന്‍ ഉടയാടകളണിഞ്ഞും മേത്തരം അത്തറു പുരട്ടിയും നാം ഈദ്‌നാളില്‍ ആഘോഷത്തിലമരുമ്പോഴും നമ്മുടെ ഉള്ളില്‍ ഒരു നീറ്റലുണ്ടാവണം.അത് നമുക്ക് വേണ്ടിതന്നെയാണ്. ഇന്നൊരു പക്ഷേ ആ നീറ്റല്‍ നമ്മുടെ സഹോദരങ്ങള്‍ക്കുള്ള ഐക്യദാര്‍ഢ്യമാവാം.നാളെ അത് നമുക്കുവേണ്ടി തന്നെയാവും. പിറന്ന നാട്ടില്‍ ജീവിക്കാനുള്ള അവകാശപ്പോരാട്ടത്തില്‍ മരിച്ചുവീഴുന്നവരും ജീവച്ഛവങ്ങളായി മാറുന്നവരും ജീവിതത്തില്‍ പെരുന്നാളിന്റെ ആനന്ദമനുഭവിക്കാന്‍ ഭാഗ്യം ലഭിക്കാതെ പോയവരാണ്. അത് ഇന്ന് ചിലരാണെങ്കില്‍ നാളെ ഒരുപക്ഷെ നാം തന്നെയാവും. മുന്‍ വര്‍ഷങ്ങളില്‍ ഫലസ്തീനിലും യമനിലും ഇറാഖിലുമായിരുന്നു ഈ ഹതഭാഗ്യരെങ്കില്‍ ഈ വര്‍ഷം തലസ്ഥാന നഗരി ഉള്‍പ്പെടെയുള്ള നമ്മുടെ സ്വന്തം രാജ്യത്താണ്.
ഡല്‍ഹിയിലും മധ്യപ്രദേശിലും അസമിലും ഉത്തര്‍പ്രദേശിലുമെല്ലാം ആകാശത്തിനു താഴെ അന്തിയുറങ്ങാന്‍ വിധിക്കപ്പെട്ട സഹോദരങ്ങളുണ്ട്. ഭരണം വാഴുന്ന ചിലരുടെ ബുള്‍ഡോസര്‍ മന:സ്ഥിതിയാണ് കിടക്കപ്പായ വിരിക്കാനുള്ള നിലംപോലും കുറെ മുസ്‌ലിം സഹോദരങ്ങള്‍ക്ക് മുന്നില്‍ ഇടിച്ചുനിരപ്പാക്കിയത്. അവര്‍ക്കിനി എന്തു പെരുന്നാള്‍? എന്താഘോഷം? ഇതര സംസ്ഥാനങ്ങളില്‍ ആശങ്കകളുമായി കഴിയുന്ന മുസ്‌ലിം സഹോദരങ്ങളുടെ നെഞ്ചിടിപ്പും നാം കേള്‍ക്കാതെ പോയിക്കൂടാ. ജീവനും സ്വത്തിനും തൊഴിലിനും അതിലുപരി പൗരത്വത്തിനു മേല്‍ പോലും കഴുകന്മാര്‍ വട്ടമിട്ടു പറക്കുന്ന ഭീഷണമായ അവസ്ഥയിലാണ് അവരില്‍ പലരും.
നമ്മുടെ പ്രാര്‍ഥനകളാണ് അവര്‍ തേടുന്നത്. അതിനായി നാം കരങ്ങളുയര്‍ത്തിയേ പറ്റൂ. അവര്‍ക്കുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനവേദികള്‍ കൂടിയാവണം നമ്മുടെ ഈദ്ഗാഹുകള്‍. വൈകുന്ന നീതിയില്‍ നിരപരാധിത്വം മുങ്ങിപ്പോകുന്ന കുറേ സഹോദരങ്ങള്‍ അഴികള്‍ക്കകത്ത് കഴിയുന്നുണ്ട്. അവരെയും നാം മറക്കരുത്. മാറാരോഗങ്ങളും തീരാവേദനകളുമായി രോഗാവസ്ഥയില്‍ കിടക്കുന്നവരുമുണ്ട്. കഴിഞ്ഞ പെരുന്നാളിന് നമ്മുടെ സ്വഫ്ഫില്‍ അവരുമുണ്ടായിരുന്നു. ഇപ്പോഴില്ല. അവരും നമ്മുടെ പ്രാര്‍ഥന അര്‍ഹിക്കുന്നുണ്ട്.
മുന്‍കാല പാപങ്ങളെല്ലാം പൊറുക്കപ്പെട്ട നോമ്പുകാരന്‍ പുതിയ ജീവിതം ആരംഭിക്കുന്ന സുദിനമാണല്ലോ ഈദുല്‍ ഫിത്വ്ര്‍. അതില്‍ നാം ഉയര്‍ത്തുന്ന ഹൃദയമറിഞ്ഞുള്ള തേട്ടങ്ങള്‍ അല്ലാഹു സ്വീകരിക്കാതിരിക്കില്ല.
അല്ലാഹു അക്ബര്‍….വലില്ലാഹില്‍ ഹംദ്