പെരുന്നാള്‍ മണം
രസ്‌ന റിയാസ്
”പെരുന്നാളിന് ഒരു മണമുണ്ടായിരുന്നല്ലോ മ്മച്ച്യേ..”
അടുക്കളപ്പുറത്തിരുന്ന് ഫിദയാണ് അത് ചോദിച്ചത്. മറുപടികളില്ലാത്ത, ചിരിക്കാത്ത ഉമ്മച്ചി അവള്‍ക്ക് പുതുമയല്ല. ഉപ്പ എങ്ങോട്ടോ പറയാതെ പോയിരിക്കുന്നു. പിന്നെ ആരോടെങ്കിലും മിണ്ടണ്ടേ!
വെറും രണ്ടു പെരുന്നാളുകള്‍ക്കപ്പുറം സല്‍മ ചിരിക്കുകയും കഥ പറയുകയും ചെയ്തിരുന്ന ഉമ്മയായിരുന്നു, ഫിദയുടെയും ലിയയുടെയും. നിസാറും സല്‍മയും അവരുടെ പൂമ്പാറ്റപ്പെണ്‍കുഞ്ഞുങ്ങളും ചെറിയൊരു വീടും നിറയെ പൂച്ചെടികളും… ചിരിയും കളിയും ചെറിയ പരിഭവങ്ങളും… എല്ലാം വിസ്മൃതിയിലേക്ക് പൊടുന്നനെ മറഞ്ഞു കളഞ്ഞത് ഒരു നോമ്പിന്റെ വൈകുന്നേരമാണ്.
അന്ന് സല്‍മയുടെ വീട്ടില്‍ നോമ്പുതുറയായിരുന്നു. രണ്ടും ഏഴും വയസ്സുള്ള ഫിദയും ലിയയും ഉമ്മറത്ത് കളിച്ചുകൊണ്ടിരിക്കുകയും സല്‍മയും ഉമ്മയും അടുക്കളയിലൂടെ പരക്കംപായുകയുമായിരുന്നു. ഓരോ വിഭവവും തയ്യാറായി അടച്ചുവെക്കുമ്പോള്‍ മനസ്സിലെ ലിസ്റ്റില്‍ നിന്ന് സമാധാനത്തോടെ ഒന്ന് വെട്ടി അടുത്തതിലേക്ക് കടക്കുന്ന നേരം.
ഒരു ഇടവേള നോക്കി നോമ്പില്ലാക്കുഞ്ഞുങ്ങളെ കളികള്‍ക്കിടയില്‍ ഊട്ടാന്‍ ചെന്നപ്പോള്‍ നിലത്തിരുന്ന് ചിത്രം വരയ്ക്കുന്ന ഫിദയെ മാത്രമാണ് സല്‍മ കണ്ടത്. കയ്യിലൊരു സ്റ്റീല്‍പ്ലെയിറ്റുമായി സല്‍മ ഒരു തമാശയെന്നോണം തുടങ്ങിയ തിരച്ചിലാണ്. കര്‍ട്ടനുകള്‍ക്ക് പിന്നിലും ബാത്‌റൂമിലും വീടിന് പുറത്തുമായി വീട്ടിലെല്ലാരും ആഘോഷമായി ‘ലിയാ’ എന്നും വിളിച്ചുള്ള തിരച്ചില്‍ അല്‍പ്പസമയത്തിനുള്ളില്‍ മുറുക്കം കൂടി അടുത്ത വീട്ടിലേക്കും വഴികളിലേക്കും വ്യാപിച്ചു.
അടുക്കളയില്‍ നിന്ന് മാവ് പുരണ്ട കയ്യുമായി സല്‍മ അവസാനം വന്ന് നോക്കുമ്പോള്‍ ലിയമോള്‍ കളിപ്പാട്ടങ്ങള്‍ അടുക്കി വച്ച് കളിക്കുകയായിരുന്നു. ചെയ്തുകൊണ്ടിരുന്ന പണിയുംകൂടെ തീര്‍ത്തിട്ട് ഉടനെ വരാമെന്നോര്‍ത്തു കൊണ്ടാണവള്‍ തിരികെ പോയത്.
പിന്നെയെന്താണുണ്ടായത്…
ആര്‍ക്കുമറിയില്ല…
വര്‍ണചക്രങ്ങള്‍ അടുക്കി വച്ച് കളിക്കുന്ന പച്ചയുടുപ്പിട്ട ഒരു കുഞ്ഞിന്റെ ചിത്രം അവസാനത്തെ ഓര്‍മച്ചിത്രം പോലെ സല്‍മക്കുള്ളില്‍ ബാക്കിയായി.
അന്നത്തെ നോമ്പ് തീരാത്ത ദാഹങ്ങളുടേതായി അവശേഷിച്ചു. തിരച്ചിലിന്റെ മണിക്കൂറുകള്‍ ദിവസങ്ങളും മാസങ്ങളുമായിത്തീര്‍ന്നു. വീട്ടുകാരും നാട്ടുകാരും ചാനലുകാരും കിണഞ്ഞുശ്രമിച്ചിട്ടും കുട്ടിയെ കണ്ടെത്താനായില്ല.
പെരുന്നാളിന് മോഹിച്ചെടുത്ത കോടിയുടുപ്പുകള്‍ സങ്കടങ്ങളുടെ ചിതലരിച്ച് മൂലക്ക് കിടന്നു. അപരന്റെ ആധികളെ ഓര്‍ത്ത് വെക്കാവുന്ന പരിധിയിലും കൂടുതല്‍ മറ്റുള്ളവരും നിസാറിന്റെ നെഞ്ചിടിപ്പിനെ സ്വന്തമെന്നതു പോലെ ഏറ്റെടുത്തുവെന്നത് ശരി തന്നെയാണ്. എങ്കിലും ഒടുവില്‍ എല്ലാവരും അവരവരിലേക്ക് തിരിച്ചുപോവുകയും നിസാറും സല്‍മയും ഫിദയും ചിരികള്‍ അസ്തമിച്ച അവരുടെ വീട്ടില്‍ ബാക്കിയാവുകയും ചെയ്തു.
അവരുടെ ജീവിതത്തിന്റേതായ എല്ലാ നിറങ്ങളെയും മായ്ച്ചുകൊണ്ടാണവള്‍ മാഞ്ഞുപോയത്. കണ്ണീരുറഞ്ഞു കൂടി സല്‍മയുടെ ചങ്കിലൊരു കനല്‍ക്കട്ട നിത്യമായി പൊള്ളിച്ചു കിടന്നു.
എല്ലാവരെയും സമാധാനിപ്പിച്ചും പ്രാര്‍ഥിച്ചും നിസാറിന്റെ ഉമ്മ, ഒടുക്കം ഒരു പുലര്‍ച്ചെ ഖുര്‍ആനിലേക്ക് മുഖം കുത്തി മരിച്ചുകിടന്നു. സല്‍മക്കപ്പോള്‍ ഉമ്മയോട് അസൂയ തോന്നി.
ഒരു കുഞ്ഞിനെ കാണാതായ വീടിന് മരണവീടെന്ന പോലെ ഒരിക്കലും സങ്കടങ്ങളെ കബറടക്കാന്‍ സാധിക്കുന്നില്ല. മറവി കരുണാരഹിതമായി ഓര്‍മകളെ പറഞ്ഞയയ്ക്കും.
അവളുടെ ഉടുപ്പുകള്‍, കളിപ്പാട്ടങ്ങള്‍, കുറുക്ക് കൊടുക്കാന്‍ വാങ്ങിയ സ്റ്റീല്‍ പാത്രങ്ങള്‍… ഒക്കെയും കളയാനും സൂക്ഷിക്കാനും അരുതാത്ത കയ്പ്പു മധുരങ്ങളാല്‍ അസ്വസ്ഥപ്പെടുത്തും.
നിസാറിന് വീണ്ടും പണിക്ക് പോവേണ്ടിയിരുന്നു.
ചിലപ്പോള്‍ സല്‍മ എങ്ങോട്ടെന്നില്ലാതെ ഇറങ്ങി നടക്കും. കുറേ ദിവസം മിണ്ടാതിരുന്നിട്ട് പെട്ടെന്നൊരു ദിവസം ആര്‍ത്തു കരയും. പിന്നെപ്പിന്നെ, കുളിമുറിയില്‍ നിന്നോ അടുക്കളയില്‍ നിന്നോ നിനയ്ക്കാത്ത നേരത്തൊരു നിലവിളി കേട്ടാല്‍, പോയി നോക്കേണ്ടതില്ലാത്ത വിധം നിസാറും അതിനോട് യോജിച്ചുപോന്നു.
ഫിദ നിസാറിനെ ചുറ്റിപ്പറ്റി നടന്നു. അവള്‍ക്ക് നാളെ പെരുന്നാളാണോ അല്ലയോ എന്നറിയണം. അയാള്‍ അപ്പോള്‍ വന്ന ഒരു ഫോണ്‍ കോളിന് പിറകെ ഒന്നും പറയാതെ ചെരുപ്പിട്ട് ഇറങ്ങി നടന്നു. മുമ്പും ഇത്തരം ആശാഗോപുരങ്ങള്‍ പെട്ടെന്ന് മുമ്പില്‍ തെളിയുകയും അമ്പേ തകര്‍ന്നടിയുകയും ചെയ്തതാണ്. ഇനിയും മുറിപ്പെടാന്‍ വയ്യാത്തതിനാല്‍ അയാള്‍ സല്‍മയോടൊന്നും പറഞ്ഞില്ല.
പൊലീസ് സ്റ്റേഷനില്‍, മേശപ്പുറത്തിരിക്കുന്ന കുട്ടിയുടെ അടുത്തേക്ക് നിസാറിനെ കുട്ടിക്കൊണ്ടു പോയി. മുടി പറ്റേ വെട്ടിയ മങ്ങിയ ഉടുപ്പിട്ടൊരു നാലു വയസുകാരി. മുഖത്തൊരു ഭാവവുമില്ലാത്ത കുട്ടിയെ നിസാര്‍ സൂക്ഷിച്ചു നോക്കി.
കയ്യിലെ ഫോട്ടോയിലെ കുസൃതിച്ചിരിയും തിളങ്ങുന്ന കണ്ണുകളും മറഞ്ഞു പോയിരുന്നെങ്കിലും സല്‍മയില്‍ നിന്നും അനന്തരമെടുത്ത കൂട്ടുപുരികവും വലിയ ചെവികളും മാത്രമല്ല, തന്‍ചോരയുടെ ഗന്ധവും നിസാറിന് അറിയാനായി..
ലിയ….
അയാള്‍ പെട്ടെന്ന് മുട്ടു കുത്തി നിന്ന് മുഖം പൊത്തി. അയാള്‍ക്കല്‍പ്പ നേരം ഉറക്കെ നിലവിളിക്കണമായിരുന്നു. അറ്റമില്ലാത്ത ദു:ഖഭാരം ഹൃദയത്തില്‍ അണകെട്ടി വെക്കാന്‍ അയാളിത്ര കാലവും പാടുപെടുകയായിരുന്നല്ലോ!
നിസാറിന്റെ വീട്ടില്‍ നിറയെ ആളുകളായിരുന്നു. അവര്‍ക്കു വേണ്ടി പ്രാര്‍ഥിക്കാത്തവരായി, ഒരു സുജൂദിലെങ്കിലും ലിയമോളെ ഓര്‍ക്കാത്തവരായി അവരിലാരും തന്നെയുണ്ടായിരുന്നില്ല.
ലിയ ഏറ്റവും അപരിചിതത്വത്തോടെ എന്നാല്‍ അരുസരണയോടെ വീട്ടിലേക്ക് കയറി. സല്‍മക്ക് ഒറ്റ നോട്ടം കൊണ്ട് തന്നെ മകളെ തിരിച്ചറിയാനായി. കുട്ടി എല്ലാവരെയും, എല്ലാത്തിനേയും മറന്നിരിക്കുന്നു..
ലിയ മോള്‍ അല്‍പ്പമെങ്കിലും അടുത്തത് ഫിദയുമായാണ്. അവള്‍ വീടു മുഴുവനും കാണിച്ച് ലിയയെ കൊണ്ട് നടന്നു. അവളുടെ ഓര്‍മയിലെങ്ങുമില്ലാത്ത, പാകമല്ലാതായിപ്പോയ ഉടുപ്പുകളും കളിപ്പാവകളും കാണിച്ചുകൊടുത്തു.
അവളെ കുളിപ്പിക്കുകയും അമ്മായി കൊണ്ടുവന്ന പുതിയ ഉടുപ്പണിയിക്കുകയും ഉള്ള മുടിയില്‍ പൂമ്പാറ്റപ്പിന്നുകള്‍ കുടുക്കി വെക്കുകയും ചെയ്യുമ്പോള്‍ ഫിദയുടെ കവിളില്‍ ഒരു ചിരി പറ്റിക്കിടന്നു.
മൈലാഞ്ചിയിടുമ്പോള്‍ ഫിദ വിളിച്ചു പറഞ്ഞു: ”ഉമ്മച്ചീ ഓള് ന്നെ അക്കാന്ന് വിളിക്ക്ന്ന്..”
സല്‍മയെക്കാണുമ്പോള്‍ ലിയ ഭയന്നു മാറുന്നുണ്ടായിരുന്നു. അവളെ ആദ്യം കണ്ടമാത്രയില്‍ നിയന്ത്രണം വിട്ട് അലറിയടുത്ത ഒരു സ്ത്രീയായാണ് ആ കുഞ്ഞ് സല്‍മയെ കണ്ടത്.
ഇത്രയും നാള്‍ അവള്‍ ഉള്ളില്‍ നട്ട് കണ്ണീരൊഴിച്ച് വളര്‍ത്തുന്ന നോവിന്‍ ചെടിയായിരുന്നു ലിയ…
അത്യാഹ്‌ളാദങ്ങളുടെ പെരുമ്പറ കൊട്ടലിനിടയിലും ലിയമോളുടെ കണ്ണിലെ അപരിചിതത്വം, സ്വാഭാവികമാണെങ്കിലും സല്‍മയെ നോവിച്ചു.
ഇല്ല. ഇനി കരയരുത്. മരിച്ചെന്ന് കേട്ടാലും മതിയായിരുന്നെന്ന് പ്രാര്‍ഥിച്ച് പോയവളാണ്. അടുപ്പിന്‍തിണ്ണയില്‍ ചാരിയിരുന്ന് സല്‍മ സ്വന്തത്തെ ഓര്‍മിപ്പിച്ചു.
”മ്മച്ചീ..”
ശീലമില്ലാത്തൊരു പതുങ്ങിയ വിളിയില്‍ സല്‍മ തിരിഞ്ഞു നോക്കി. അവള്‍ ഉള്ളിലലയടിക്കുന്ന നോവോര്‍മകളെ തടഞ്ഞുവെച്ച് കുട്ടിയെ പതിയെ അണച്ചുചേര്‍ത്തു ചുംബിച്ചു…
രാവേറെ വൈകിയിരുന്നു. എല്ലാവരും പോയ്ക്കഴിഞ്ഞു. തക്ബീര്‍ ധ്വനികളും തല്‍ക്കാലത്തേക്ക് അവസാനിച്ചു..
സല്‍മക്ക് ഭൂമി വീണ്ടും ഭൂമിയാകുന്നു…
ആകാശം കാരുണ്യം ചൊരിയുന്നു…
പെരുന്നാള്‍ പുലര്‍ച്ചയിലേക്ക് മിഴിതുറക്കാന്‍ മുറ്റത്ത് ബാക്കിയായൊരു മന്ദാരം കാത്തിരിക്കുന്നൂ…
ഉമ്മച്ചീന്ന് വിളിക്കാന്‍ ഒളിഞ്ഞും മറഞ്ഞും പരിശീലനം നടത്തി വിട്ട ഫിദമോള്‍, പകരം കൊടുക്കാമെന്നേറ്റ മധുരവുമായി ചുമരിനപ്പുറം നുണക്കുഴി വിടര്‍ത്തി പുഞ്ചിരിച്ചു..
”ഉമ്മച്ചീ പെരുന്നാളിന്റെ മണം വെര്ന്നൂ…”
ഫിദപറഞ്ഞു.