മുസ്‌ലിം ലോകത്തെ പെരുന്നാള്‍ കാഴ്ചകള്‍
കെ എന്‍ സുലൈമാന്‍ മദനി
അറബി ഭാഷയില്‍ പെരുന്നാളിന് ഈദ് എന്നാണുപയോഗിക്കുന്നത്. പതിവ് എന്നര്‍ഥമുള്ള ‘ആദത്ത്’, മടക്കം എന്നര്‍ഥമുള്ള ‘ഔദത്ത്’ എന്നീ പദ ധാതുക്കളില്‍ നിന്നാണ് ഈദ് എന്ന പദം ഉടലെടുത്തത്. എല്ലാ വര്‍ഷവും നിശ്ചിത വേളകളില്‍ സന്തോഷവും ആനന്ദവും ആവര്‍ത്തിച്ചു വരുന്ന സുദിനം എന്നതാണ് ഈദുകൊണ്ടര്‍ഥമാക്കപ്പെടുന്നത്. കൂടിച്ചേരുകയും സമ്മേളിക്കുകയും ചെയ്യുന്ന ദിനമെന്നര്‍ഥത്തിലാണ് ഈദ് ഉപയോഗിച്ചു വരുന്നത് എന്നു നിരീക്ഷിച്ച ഭാഷാ പണ്ഡിതരുമുണ്ട്. സ്‌നേഹവും സന്തോഷവും സമ്മേളിക്കുന്ന, ജനങ്ങള്‍ ആഹ്‌ളാദത്തോടെ ഒരുമിച്ചു കൂടുന്ന ദിവസമെന്നായിരിക്കും അപ്പോള്‍ ഈദിന്റെ വിവക്ഷ. സമഖ്ശരിയെപ്പോലുള്ള പണ്ഡിതര്‍ നിര്‍വചിച്ചത് ആദരിക്കപ്പെടുകയും മഹത്വവല്‍കരിക്കപ്പെടുകയും ചെയ്യേണ്ട ദിനമെന്നാണ്. മറ്റു ദിവസങ്ങളെ അപേക്ഷിച്ചു പ്രാധാന്യവും പ്രത്യേകതകളുമുള്ള മഹത്വമേറിയ ദിനം എന്നതാണല്ലോ മലയാളത്തില്‍ ‘പെരുന്നാള്‍’ എന്ന വാക്കുകൊണ്ടുദ്ദേശിക്കപ്പെടുന്നത്.
ദേശീയവും പ്രാദേശികവുമായ ആഘോഷങ്ങള്‍, സാംസ്‌കാരികവും സാമൂഹികവും ഗോത്രപരവുമായ ഉത്സവങ്ങള്‍, മഹാന്‍മാരുടെയും ചരിത്ര പുരുഷന്‍മാരുടെയും ജന്മദിനാഘോഷങ്ങള്‍, വിളവെടുപ്പും വ്യാപാരങ്ങളുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ തുടങ്ങി വ്യത്യസ്ത ആഘോഷങ്ങള്‍ ലോകത്ത് എല്ലാ കാലങ്ങളിലുമുണ്ടായിട്ടുണ്ട്. യുദ്ധങ്ങളില്‍ വിജയം കൈവരിച്ച ദിനങ്ങള്‍ വര്‍ഷാവര്‍ഷം ആഘോഷിക്കുക പൗരാണിക അറബികളുടെ പതിവായിരുന്നു. ഇത്തരം ആഘോഷങ്ങളില്‍ നിന്ന് ഇസ്ലാമിലെ ഈദ് വ്യത്യസ്തമാവുന്നത്ആലോഷത്തിനപ്പുറം അതൊരു ആരാധനയും കൂടിയാണ് എന്നതാണ്. ശവ്വാല്‍ പിറവി ദൃശ്യമായത് മുതല്‍ വീടുകളിലും മസ്ജിദുകളിലും മുഴങ്ങുന്ന തക്ബീര്‍, പെരുന്നാള്‍ സുദിനത്തിലെ സംഘടിത നമസ്‌കാരം, നമസ്‌കാരാനന്തരമുള്ള ഉദ്‌ബോധനം, പെരുന്നാള്‍ രാവിനോ അതിന് മുമ്പോ നിര്‍വഹിക്കപ്പെടുന്ന സകാത്തുല്‍ ഫിത്വര്‍ എന്ന അന്നദാനം, കുടുംബ ബന്ധം ചേര്‍ക്കല്‍ ഇവയൊക്കെ ഈദാഘോഷത്തെ ആരാധനയുമായി ചേര്‍ത്തു നിര്‍ത്തുന്നു. സുപ്രധാനങ്ങളായ രണ്ട് വലിയ ആരാധനകള്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണ് ഇസ്ലാമിലെ ഈദ് ആലോഷിക്കപ്പെടുന്നത്. ഓരോ വിശ്വാസിയും നിര്‍ബന്ധമായും ആഘോഷിച്ചിരിക്കേണ്ടവയാണ് ഈദുല്‍ ഫിത്വറും ഈദുല്‍ അദ്ഹയും. അന്നേ ദിവസങ്ങളില്‍ വ്രതമനുഷ്ഠിക്കുന്നത് മതത്തില്‍ കുറ്റകരമാണ്. ആത്മാവില്‍ റമദാന്‍ വ്രതം വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ നിര്‍വൃതിയും ചുണ്ടില്‍ തക്ബീര്‍ ധ്വനികളുമായി മുസ്ലിം ലോകം ശവ്വാലിനെ വരവേല്‍ക്കുന്നു.
അഫ്ത്വറ എന്ന അറബി പദത്തിന് ഉപവാസം അവസാനിപ്പിച്ചു എന്നാണര്‍ഥം. റമദാന്‍ വ്രതത്തിന്റെ സമാപ്തിയില്‍ ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട അന്നദാനമാണ് സകാത്തുല്‍ ഫിത്വര്‍. ഇസ്ലാമിന്റെ മാനുഷികവും സാമൂഹികവുമായ വശം കൂടുതല്‍ അനാവരണം ചെയ്യപ്പെടുന്ന കര്‍മവുമാണത്. ഒപ്പം പെരുന്നാള്‍ സമൂഹത്തിലെ എല്ലാവരും ഒന്നിച്ചാഘോഷിക്കേണ്ടതാണെന്നതിന്റെ പ്രായോഗിക രൂപവും. പണ്ടു കാലങ്ങളില്‍ ആഘോഷങ്ങള്‍ സമൂഹത്തിലെ ഉന്നതര്‍ക്കിടയില്‍ മാത്രമാണ് കാണപ്പെട്ടിരുന്നത്. അവര്‍ക്ക് ആഘോഷത്തിനുള്ള വിഭവങ്ങള്‍ സമാഹരിച്ചു നല്‍കലും പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കലുമായിരുന്നു പാവപ്പെട്ടവന്റെ ദൗത്യം.
എന്നാല്‍ ഇസ്ലാമിലെ ഈദ് ഹൃദയങ്ങളെ അടുപ്പിക്കുന്നു. പണക്കാരനും പാവപ്പെട്ടവനുമിടയിലുള്ള അകല്‍ച്ച ചുരുങ്ങുന്നു. അകലങ്ങളില്‍ താമസിക്കുന്നവര്‍ വീടകങ്ങളില്‍ ഒന്നിക്കുന്നു. മനസ്സുകള്‍ കലങ്ങിത്തെളിയുന്നു. പരസ്പരം ആശംസകള്‍ കൈമാറുകയും വ്രതവും പുണ്യപ്രവര്‍ത്തനങ്ങളും സ്വീകരിക്കപ്പെടാന്‍ അന്യോന്യം പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ലോകം ഒന്നിച്ചാചരിച്ച അനുഷ്ഠാനങ്ങളില്‍ പങ്കുചേരാന്‍ സാധിച്ചതില്‍ സ്രഷ്ടാവിന് നന്ദി പ്രകാശിപ്പിക്കുന്നു. പാവങ്ങളുടെ അവകാശങ്ങളും ബാധ്യതകളും കൊടുത്തു തീര്‍ക്കുന്നു. എല്ലാ കുടുംബങ്ങളിലും സന്തോഷവും അനുഗ്രഹങ്ങളും പെയ്തിറങ്ങുന്നു. ആത്മീയവും സാമൂഹികവുമായ ബന്ധങ്ങളിലൂടെ കുടുംബം ശക്തിപ്പെടുന്നു. ആഘോഷവും ആരാധനയും സന്തോഷവുമായി സംഗമിക്കുന്നു. ഇസ്ലാമിക ചിഹ്നങ്ങളെ ആദരിക്കുന്നു. സമൂഹം പുതിയ കര്‍മപദ്ധതികള്‍ക്ക് രൂപം നല്‍കുകയും അതിനുള്ള ഊര്‍ജ്ജം സംഭരിക്കുകയും ചെയ്യുന്നു.
പടച്ചവന്റെ ഹദ്‌യ
സ്റ്റേഹവും സാഹോദര്യവും പൂത്തുലയാന്‍ സഹായകമാവണം ഈദ്. ധാര്‍മിക മൂല്യങ്ങള്‍ വിനഷ്ടമാകാതെ അനുവദനീയതയുടെ പരിധിക്കുള്ളില്‍ നിന്നു കൊണ്ടായിരിക്കണം ഈദ് ആഘോഷിക്കപ്പെടേണ്ടത്. നോമ്പും ഹജ്ജും അനുഷ്ഠിച്ചതിന് പടച്ചവന്‍ നല്‍കിയ ‘ഹദ്യ’ യാണ് പെരുന്നാള്‍ എന്ന ബോധം ഓരോ വിശ്വാസിക്കുമുണ്ടാവണം. മറ്റു ആഘോഷങ്ങളില്‍ നിന്ന് ഈദിനെ വ്യതിരിക്തമാക്കുന്ന സാംസ്‌കാരിക തലവും ഇതാണ്.
ജീവിത രീതികളിലും വേഷവിധാനങ്ങളിലും ലോക മുസ്ലിംകള്‍ വ്യത്യസ്തത പുലര്‍ത്തുന്നുണ്ടെങ്കിലും ഈദ് ആലോഷങ്ങളില്‍ പൊതുവെ കാണപ്പെടുന്നത് സമാനതകളാണ്.പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇസ്ലാമിക് സെന്ററുകള്‍ കേന്ദ്രീകരിച്ചായിരിക്കും ആഘോഷങ്ങള്‍. ഔദ്യോഗികമായി അവധി പ്രഖ്യാപിക്കപ്പെടാത്ത ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ഭൂരിപക്ഷം മുസ്ലിംകളും ഈദിന് അവധിയെടുത്ത് കുടുംബത്തോടൊപ്പം ചെലവഴിക്കുകയും തൊട്ടടുത്ത ഒഴിവുദിനത്തില്‍ എല്ലാവരും സംഗമിച്ചു ആഘോഷം സംഘടിപ്പിക്കുകയും ചെയ്യും. മള്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയായതിനാല്‍ ആഘോഷരീതികളില്‍ വൈവിധ്യമുണ്ടാവുക സ്വാഭാവികമാണ്.
പള്ളികളിലോ സ്‌കൂളുകളിലോ ഈദ് നമസ്‌കാരം സംഘടിപ്പിക്കപ്പെടുന്നു. തണുപ്പ് കാലാവസ്ഥയുള്ള രാജ്യങ്ങളില്‍ ഈദുഗാഹുകള്‍ സംഘടിപ്പിക്കുക പ്രയാസമാണ്. തക്ബീറുകള്‍ ഉറക്കെ ചൊല്ലുന്ന പതിവില്ല. ഹിജാബും മറ്റു പെരുന്നാള്‍ വസ്ത്രങ്ങളും മിക്കപ്പോഴും ഓണ്‍ലൈനില്‍ വാങ്ങിക്കേണ്ടിവരും. സ്വന്തം രാജ്യങ്ങളില്‍ നിന്നു വാങ്ങിക്കൊണ്ടുവരുന്ന ഇസ്ലാമിക വസ്ത്രങ്ങള്‍ ഈദിന്റെ രാവുകളില്‍ പള്ളികളില്‍ ഡിസ്‌പ്ലേ ചെയ്യുന്ന പതിവുണ്ട്.
ആദ്യ നൂറ്റാണ്ടുകളിലെ ആഘോഷരീതികളില്‍ കാര്യമായ മാറ്റങ്ങള്‍ കൊണ്ടുവന്നത് ഈജിപ്ത് കേന്ദ്രമായി ഭരിച്ച ഫാത്വിമികളാണ്. ശീഈ വിശ്വാസം പുലര്‍ത്തിയിരുന്ന ഫാത്വിമികളാണ് പുതിയ നിരവധി ആഘോഷങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ അവതരിപ്പിച്ചതും. പുതുവര്‍ഷാഘോഷം, മുഹറം, പ്രവാചകന്‍, അലി, ഫാത്വിമ, ഹസന്‍, ഹുസൈന്‍ (റ) തുടങ്ങിയവരുടെ ജന്മദിനാഘോഷങ്ങള്‍, റജബ്, ശഅബാന്‍ ആഘോഷങ്ങള്‍ തുടങ്ങിയവ ഇവയില്‍ ചിലതു മാ്രതമാണ്. പഴയ പേര്‍ഷ്യന്‍ ഭരണകാലത്തുണ്ടായിരുന്ന നൗറൂസ് പുതിയ രൂപത്തില്‍ അവതരിപ്പിച്ചു. ശിയാക്കള്‍ പുണ്യദിനങ്ങളായി കരുതുന്ന ഗദീറും കര്‍ബലയും അധികാരബലത്തില്‍ ഔദ്യോഗിക ആഘോഷങ്ങളാക്കി. ഫാത്വിമികളുടെ രാഷ്ട്രീയ അജണ്ട മനസ്സിലാക്കാതെ അക്കാലത്തെ മുസ്ലിം സമൂഹം അവയില്‍ പലതും മതപരമായ ആഘോഷങ്ങളായി ഗണിച്ചുപോന്നു. ഇന്നും അവയില്‍ ചിലതു മുസ്ലിംകള്‍ പിന്തുടര്‍ന്നു പോരുന്നു. അബ്ബാസികളും ഫാത്വിമികളും നടപ്പില്‍ വരുത്തിയ പല ആഘോഷരീതികളും സലാഹുദ്ദീന്‍ അയ്യൂബി നിര്‍ത്തലാക്കി. പക്ഷെ ഒട്ടോമന്‍ ഭരണം നിലവില്‍ വന്നപ്പോള്‍ പഴയ ആഘോഷങ്ങളില്‍ പലതിനും അവര്‍ പുതുജീവന്‍ നല്‍കി.
ഇന്ന് ഒട്ടുമിക്ക അറബി രാജ്യങ്ങളിലും ഈദിന് വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന പ്രത്യേക കേക്കുകള്‍ ഉണ്ടാക്കുന്നത് പതിവാണ്. അല്‍ഫിത്വറ എന്ന പേരില്‍ ഇതിന് തുടക്കം കുറിച്ചത് ഫാത്വിമികളാണ്. പെരുന്നാള്‍ രാവില്‍ അയല്‍പക്കങ്ങളിലുള്ള സ്ത്രീകള്‍ ഒരു വീട്ടില്‍ സംഗമിച്ചു ഒന്നിച്ചു കേക്കുണ്ടാക്കുന്ന രീതി ഫലസ്തീന്‍, ലബണോന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോഴും നിലവിലുണ്ട്.
ഈദിയ്യ
ഭരണാധികാരികളും പ്രവിശ്യകളിലെ ഗവര്‍ണര്‍മാരും ഉന്നത ഉദ്യോഗസ്ഥര്‍ക്കും സൈന്യാധിപന്‍മാര്‍ക്കും മധുരപലഹാരങ്ങളും നാണയങ്ങളും ഉള്‍ക്കൊള്ളുന്ന തളികകളും ബൊക്കകളും നല്‍കുന്ന രീതി അബ്ബാസികളുടെ അവസാന കാലഘട്ടങ്ങളിലുണ്ടായിരുന്നു. ഇന്ന് പല അറബി രാജ്യങ്ങളിലും കാണപ്പെടുന്ന ‘ഈദിയ്യ’ യുടെ തുടക്കം ഇതാണെന്ന് പറയപ്പെടുന്നു. പെരുന്നാള്‍ ദിവസങ്ങളില്‍ കുടുംബനാഥന്‍മാര്‍ വീട്ടിലെ കുട്ടികള്‍ക്ക് നല്‍കുന്ന പണക്കിഴിയാണ് ഈദിയ്യ. ജോര്‍ദാനില്‍ കുടുംബത്തിലെ വരുമാനമുള്ള പുരുഷന്‍മാര്‍ സഹോദരിമാര്‍ക്ക് ഈദിയ്യ നല്‍കുന്ന പതിവുണ്ട്. മുതിര്‍ന്ന സഹോദരിമാര്‍ക്ക് ഇളയവരേക്കാള്‍ കൂടുതല്‍ പണം നല്‍കുകയും ചെയ്യും.
തുര്‍ക്കിയില്‍ ഈദ് സുദിനങ്ങളില്‍ കുടുംബത്തിലെ മുതിര്‍ന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായി അവരുടെ കൈകള്‍ ചുംബിക്കും. അനുഗ്രഹം സ്വീകരിക്കാനെന്നോണം അവരുടെ കൈകള്‍ തങ്ങളുടെ നെറ്റിയില്‍ ചേര്‍ത്തു വെക്കും. കുട്ടികള്‍ വീടുവീടാന്തരം കയറിയിറങ്ങി ആശംസകള്‍ നേരുകയും മധുരപലഹാരങ്ങള്‍ സ്വീകരിക്കുകയും ചെയ്യും.
മൊറോക്കോയില്‍ കുടുംബത്തിലെ ആണ്‍മക്കള്‍ പിതാവിന്റെ വീട്ടില്‍ ഒരുമിച്ചു ചേരുകയും അവിടെ താമസിക്കുകയും ചെയ്യും. വിവാഹിതരായ പെണ്‍കുട്ടികള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ സമ്മേളിക്കുന്ന സ്ഥലത്ത് ഒരുമിച്ചു ചേരും. പിറ്റെ ദിവസം അവര്‍ പിതാവിന്റെ വീട്ടിലെത്തും. പിതാവിന്റെയും മാതാവിന്റെയും കൈമുത്തുന്നത് പതിവാണ്. ബദാം ചേര്‍ത്തുണ്ടാക്കുന്ന പാരമ്പര്യ ഭക്ഷണമായിരിക്കും മിക്ക വീടുകളിലും ഈദിന് പാചകം ചെയ്യുക. പാരമ്പര്യ ശൈലിയിലുള്ള പ്രത്യേക ഈദാശംസകളും പ്രചാരത്തിലുണ്ട്.
ഓരോ പ്രദേശങ്ങളിലേയും കളിസ്ഥലങ്ങളില്‍ കുട്ടികള്‍ ഒരുമിച്ചു ചേര്‍ന്നു ചെറിയ കളികളില്‍ ഏര്‍പ്പെടുന്നത് സിറിയയിലെ പെരുന്നാള്‍ കാഴ്ചയാണ്. തൈര് ഉപയോഗിച്ചുള്ള പുളിരസമുള്ള പാരമ്പര്യ ഭക്ഷണം പ്രത്യേകമായി തയ്യാറാക്കും. ഈത്തപ്പഴവും നട്‌സും ഉപയോഗിച്ചുള്ള കേക്ക് ഉണ്ടാക്കുകയും ചെയ്യും. ഡമസ്‌കസിലെ പ്രസിദ്ധമായ മസ്ജിദുല്‍ ഉമവിയുടെ പരിസരത്ത് പതിനായിരക്കണക്കിന് ആളുകള്‍ സമ്മേളിക്കും. ഹെറിറ്റേജ് സൂഖുകള്‍ ഈദ് ദിനങ്ങളില്‍ ജനനിബിഢമാകും. നബിയുടെ പേരിലുള്ള സ്വലാത്തും സഫാ – മര്‍വകള്‍ക്കിടയിലെ സഅ്‌യില്‍ ചൊല്ലുന്ന ദിക്‌റുകളും ചേര്‍ത്തു അല്‍പം ദീര്‍ഘമേറിയ തക്ബീറുകളായിരിക്കും ഈദുമുസല്ലകളില്‍ നിന്നും കേള്‍ക്കുക.
ഖത്തറില്‍ മുതിര്‍ന്നവരും കുട്ടികളും പാരമ്പര്യ രീതിയില്‍ പുതുവസ്ത്രമണിയും. സ്ത്രീകള്‍ മൈലാഞ്ചിയണിയും. കുട്ടികള്‍ക്ക് ഈദിയ്യക്ക് പുറമെ പെരുന്നാള്‍ സമ്മാനമായി കളിപ്പാട്ടങ്ങള്‍ നല്‍കും. പുരുഷന്‍മാര്‍ മജ്‌ലിസുകളിലും സ്ത്രീകള്‍ വീടിനകത്തെ സ്വാലയിലും സംഗമിക്കും. പുരുഷന്‍മാര്‍ വാളുകളുയര്‍ത്തിയുള്ള പാരമ്പര്യ കലാപ്രകടനങ്ങളിലേര്‍പ്പെടുമ്പോള്‍ സ്ത്രീകള്‍ ചെറിയ രൂപത്തിലുള്ള പ്രശ്‌നോത്തരികളും മറ്റും നടത്തി ഈദ് ആഘോഷകരമാക്കും. ഡ്രൈവര്‍മാരേയും വീട്ടുജോലിക്കാരേയും പ്രത്യേകം പരിഗണിക്കുകയും സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യും.
പെരുന്നാള്‍ ദിനത്തില്‍ പ്രത്യേകം തയ്യാര്‍ ചെയ്യുന്ന അറബി ഖഹ്‌വയും മുന്തിയ ഈത്തപ്പഴവും അതിഥികള്‍ക്ക് നല്‍കുന്ന പതിവ് സൗദി അറേബ്യയില്‍ കാണാം. വ്യത്യസ്ത പേരുകളിലറിയപ്പെടുന്ന മധുരപലഹാരങ്ങളും ഉണ്ടാവും.
തേനും മുട്ടയും തൈരും ചേര്‍ത്തുണ്ടാക്കുന്ന വൃത്താകൃതിയിലുള്ള കേക്ക് യമനികളുടെ ആഘോഷത്തിന്റെ ഭാഗമാണ്. ഒലീവ് എണ്ണയും ഉണക്കമുന്തിരിയും വിവിധതരം മത്സ്യങ്ങളും ചേര്‍ത്തുണ്ടാക്കുന്ന ‘ഷര്‍മൂല’യാണ് ടുണീഷ്യക്കാരുടെ പെരുന്നാള്‍ സുദിനത്തിലെ ഇഷ്ടവിഭവം. കേക്കുകളും ‘ഫസീഖു’ മാണ് ഈജിപ്ഷ്യരുടെ പെരുന്നാള്‍ സ്പെഷല്‍. ഉപ്പ് തേച്ചുപിടിപ്പിച്ച മത്സ്യം ഏതാനും ദിവസം സുര്‍ക്കയിലിട്ട് അടച്ചുവെക്കുകയും പിന്നീട് പാചകം ചെയ്യാതെ കഴിക്കുകയും ചെയ്യുന്നതാണ് ഫസീഖ്.
നൈജീരിയ, മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലും തങ്ങളുടേതായ പെരുന്നാള്‍ ആചാരങ്ങളും ഉപചാരങ്ങളും കാണാം. പിരമിഡിന്റെ ആകൃതിയില്‍ മിഠായികളും മധുരപലഹാരങ്ങളും അടുക്കിവെച്ച സമൂഹത്തിലെ ഉന്നതര്‍ വിതരണത്തിന് ഏല്‍പ്പിക്കുന്നതും ജനങ്ങള്‍ അവ സ്വീകരിക്കാന്‍ മത്സരിക്കുന്നതും ഇന്തോനേഷ്യയിലെ ഈദ് കാഴ്ചയാണ്. തേങ്ങാപാലും മാംസവും ചേര്‍ത്തുണ്ടാക്കുന്ന പ്രത്യേക അരിഭക്ഷണമായിരിക്കും വിളമ്പുക. പാരമ്പര്യ വസ്ത്രം ധരിക്കുന്ന ഇന്തോനേഷ്യക്കാര്‍ മരിച്ചു പോയ കുടുംബക്കാരുടെ ഖബറുകള്‍ അന്നേ ദിവസം സന്ദര്‍ശിക്കുന്നതും പതിവാണ്.
സെനഗലില്‍ കുടുംബ വീടുകള്‍ സന്ദര്‍ശിക്കുന്ന അതേ പ്രാധാന്യത്തോടെ അയല്‍വാസികളെയും സന്ദര്‍ശിക്കും. അഫ്ഗാനിസ്ഥാനില്‍ മുതിര്‍ന്നവരും കുട്ടികളും പാരമ്പര്യ കളികളില്‍ ഏര്‍പ്പെടും. കുവൈത്തില്‍ ഈദ് അടുത്തു വരുമ്പോള്‍ കുട്ടികള്‍ വീടുവീടാന്തരം കയറി ചോക്ലേറ്റുകള്‍ വിതരണം ചെയ്യും. ‘ഗിര്‍ഗിയ’ എന്നാണിതിന് പറയുക. പെരുന്നാളിന് ഒന്നിച്ചു ഭക്ഷണം കഴിച്ചു കുടുംബസന്ദര്‍ശനം നടത്തും. കുട്ടികള്‍ക്ക് ഈദിയ്യ വിതരണം ചെയ്യും. പുത്തന്‍ നോട്ടുകളായിരിക്കും ഈദിയ്യക്കായി ഉപയോഗിക്കുക. കുവൈത്തിലെ ബാങ്കുകള്‍ ഈദിയ്യക്കായി പുതിയ നോട്ടുകള്‍ മാര്‍ക്കറ്റിലിറക്കുകയും ചെയ്യും.
ഗള്‍ഫിലെ പ്രവാസി കുടുംബങ്ങള്‍ ഈദുഗാഹുകളില്‍ പങ്കെടുത്ത ശേഷം അവരുടെ നാട്ടിലെ പാരമ്പര്യ ഭക്ഷണമുണ്ടാക്കും. റസ്റ്റോറന്റുകളില്‍ ഓര്‍ഡര്‍ ചെയ്യുന്നവരും കുറവല്ല. അധിക ഹോട്ടലുകളും ഈദ് സ്‌പെഷല്‍ ഭക്ഷണമുണ്ടാക്കുകയും വിലകള്‍ പരസ്യപ്പെടുത്തി നേരത്തേ ഓര്‍ഡര്‍ സ്വീകരിക്കുകയും ചെയ്യും. ഉച്ചക്ക് ശേഷം കുടുംബങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുകയും വൈകുനേരങ്ങളില്‍ കോര്‍ണിഷ്, പാര്‍ക്ക്, സൂഖ്, മൃഗശാലകള്‍, മറ്റു വിനോദ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സമയം ചെലവഴിക്കുകയും ചെയ്യും.
കുടുംബം കൂടെയില്ലാത്തവര്‍ താമസസ്ഥലത്ത് വിഭവസമൃദ്ധമായ ഭക്ഷണമുണ്ടാക്കുകയും പാട്ടുകളും കളികളും വിനോദങ്ങളുമായി ഈദ് ആഘോഷിക്കുകയും ചെയ്യും. നാട്ടിലെ കുടുംബങ്ങളെ വിളിക്കാനും പെരുന്നാള്‍ വിശേഷങ്ങള്‍ അന്വേഷിച്ചറിയാനും സമയം കണ്ടെത്തുകയും ചെയ്യും.
ഒരു മാസത്തെ വ്രതാനുഷ്ഠാനത്തെ തുടര്‍ന്നു വരുന്നതു കൊണ്ടാവാം മിക്ക രാജ്യങ്ങളിലും ഈദുല്‍ ഫിത്വര്‍ ആണ് അദ്ഹയെ അപേക്ഷിച്ചു കൂടുതല്‍ പൊലിമയോടെ ആഘോഷിക്കപ്പെടുന്നത്.
ദൈവം മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങള്‍ കൂടുതല്‍ പ്രകടിപ്പിക്കേണ്ട വേളകളാണ് ഈദ്. പുതിയ വസ്ത്രങ്ങങ്ങളും പാദരക്ഷകളും സുഗന്ധദ്രവ്യങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണവുമൊക്കെ ഈദാഘോഷത്തിന്റെ സുന്നത്തുകളില്‍ പെട്ടതാണ്. ഈദിന്റെ ആത്മീയവും സാമൂഹ്യവുമായ വശങ്ങള്‍ ഒട്ടും ചോര്‍ന്നു പോവാത്ത വൈവിധ്യമാര്‍ന്ന കളികളുംവിനോദങ്ങളും പെരുന്നാളിന്റെ ഭാഗമാണ്.