3 Tuesday
December 2024
2024 December 3
1446 Joumada II 1

വഴിത്തിരിവായി മാറിയ ഈജിപ്ത് യാത്ര

എസ് മുഹമ്മദ് യൂനുസ് (കൊളംബോ സ്റ്റോര്‍സ്)


സഈദ് മൗലവിയെ ആദ്യം കാണുന്നത് സി ഐ സി എസിലാണ്. 1980-കളിലാണത്. അന്ന് നീണ്ട താടി വെച്ച ആളുകള്‍ വളരെ കുറവാണ്. അതുകൊണ്ട് തന്നെ പരിചയപ്പെടാന്‍ താല്‍പര്യം തോന്നി. ആദ്യമായി ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്യുന്നത് 1985-ലാണ്. പട്ടാളപ്പള്ളി ഐ എസ് എം യൂണിറ്റിന്റെ ഒരു ദഅ്‌വ ക്യാമ്പ് കല്‍പ്പറ്റ പള്ളിയില്‍ വെച്ച് നടത്തിയിരുന്നു. ഹുസൈന്‍ മൗലവിയും സഈദ് ഫാറൂഖിയും ഞങ്ങളും ക്യാമ്പിന് വേണ്ടി പുറപ്പെട്ടു. പിന്നീട് അദ്ദേഹം ഇടയ്ക്കിടെ ഷോപ്പില്‍ വരാറുണ്ടായിരുന്നു. അതുപോലെ സംഘടനാ പരിപാടികളില്‍ നിന്ന് കാണുകയും ചെയ്യുമായിരുന്നു.
അദ്ദേഹത്തോട് കൂടുതല്‍ അടുപ്പമായത് അല്‍ഫിത്‌റയിലൂടെയാണ്. അന്‍ജുമന്‍ തഅ്‌ലീമുല്‍ ഖുര്‍ആനില്‍ ഹിഫ്ദ് മാത്രമാണ് ഉണ്ടായിരുന്നത്. അവിടെ മറ്റെന്തെങ്കിലും കൂടി ആരംഭിക്കണമെന്ന ആഗ്രഹമാണ് ഈജിപ്തിലെ നൂറുല്‍ ബയാന്‍ പഠന പദ്ധതിയെക്കുറിച്ച് അറിയാന്‍ ഇടയായത്. ഈജിപ്തിലേക്ക് വിസക്ക് അപേക്ഷിച്ച് എനിക്ക് പാസായി വന്നു. ജൂണ്‍ – ജൂലൈയിലാണ് വിസ ലഭിച്ചത്. ഡിസംബര്‍ വരെയാണ് കാലാവധി ഉണ്ടായിരുന്നത്. ഒരിക്കല്‍ ഷോപ്പില്‍ വന്നപ്പോള്‍ ഈജിപ്തിലേക്ക് ഒരുമിച്ച് പോകുന്നതിനെക്കുറിച്ച് സൂചിപ്പിച്ചു. സഈദ് ഫാറൂഖി വിസ നടപടികള്‍ക്കായി ഒരു ട്രാവല്‍ ഏജന്റിനെ സമീപിച്ചു. അദ്ദേഹം അപേക്ഷ നല്കാന്‍ പറയുകയും കോണ്‍സുലേറ്റില്‍ വിളിക്കാന്‍ ഒരു നമ്പര്‍ തരികയും ചെയ്തു. സഈദ് ഫാറൂഖി ആ നമ്പറില്‍ വിളിച്ച് അറബിയില്‍ സംസാരിച്ചു. അങ്ങനെയാണ് അദ്ദേഹത്തിന് വിസ ലഭിച്ചത്.
ഷാര്‍ജയിലുള്ള ഒരു പണ്ഡിതന്‍ മുഖേനയാണ് ഈജിപ്തുമായി ബന്ധം സ്ഥാപിതമാകുന്നതും അല്‍ഫിത്റ സാധ്യമാവുന്നതും. വലിയ യാത്രാസൗകര്യങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ ഗ്രാമമായ അറബ് അല്‍റാം എന്ന സ്ഥലത്ത് ഞങ്ങള്‍ എത്തിച്ചേര്‍ന്നു. അവര്‍ ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്തു. രാത്രിയില്‍ അവിടെയെത്തുമ്പോള്‍ ചെറിയൊരു റൂമില്‍ കുറെ അറബ് ശൈഖന്മാര്‍ ഇരിക്കുന്നതാണ് കണ്ടത്. ഞങ്ങളെ കണ്ടപ്പോള്‍ തന്നെ അല്‍ഹംദുലില്ലാഹ് എന്നാണവര്‍ പറഞ്ഞത്. ചൈന, കസാക്കിസ്ഥാന്‍, മലേഷ്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് ധാരാളം പേര്‍ ഇവിടെ വരാറുണ്ട്. ഇന്ത്യയില്‍ നിന്ന് ആരെയെങ്കിലും എത്തിച്ചുതരണേ എന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കാറുണ്ടായിരുന്നു എന്നാണ് ശൈഖ് പറഞ്ഞത്. അവിടെ നിന്നാണ് അല്‍ഫിത്‌റയുടെ തുടക്കം.

നാട്ടിലെത്തിയിട്ട് കമ്മിറ്റിയുമായി സംസാരിച്ചു. അധ്യാപകര്‍ക്ക് പരിശീലനം കൊടുക്കാന്‍ ഈജിപ്തില്‍ നിന്നുള്ളവര്‍ വരണം. അക്കാലത്ത് ഇ അഹമ്മദ് സാഹിബ് വിദേശകാര്യ സഹമന്ത്രിയാണ്. അദ്ദേഹം വഴി സംസാരിച്ച് അവരുടെ വിസാ നടപടികള്‍ വേഗത്തിലാക്കി. അവര്‍ ഏകദേശം ഒരു മാസത്തോളം ഇവിടെ ഉണ്ടായിരുന്നു. അവര്‍ ഇവിടെയുള്ളപ്പോള്‍ എല്ലാ ദിവസവും രാത്രി വൈകുവോളം അവരുമായി ഞങ്ങള്‍ സംസാരിച്ചിരിക്കും. ‘ശുദ്ധ പ്രകൃതിയിലാണ് ഓരോരുരത്തരും ജനിക്കുന്നത്’ എന്ന ഹദീസില്‍ നിന്നാണ് അല്‍ ഫിത്‌റ എന്ന പേര്‍ സ്വീകരിക്കുന്നത്.
സഈദ് ഫാറൂഖിയെ സംബന്ധിച്ചേടത്തോളം എല്ലാ കാര്യങ്ങള്‍ക്കും ചിട്ടവട്ടങ്ങളുണ്ടായിരുന്നു. അത് പാലിക്കുന്നതില്‍ കണിശത പുലര്‍ത്തുകയും ചെയ്തു. മൂന്ന് വയസ്സിലാണ് കുട്ടികളെ ചേര്‍ക്കേണ്ടത് എന്ന് ശൈഖന്മാര്‍ പറഞ്ഞിരുന്നു. ആ സമയത്ത് മൗലവിയുടെ മകള്‍ക്ക് നാല് വയസ്സ് കഴിഞ്ഞിരുന്നു. അതുകൊണ്ട് ചേര്‍ക്കേണ്ടതില്ല എന്നാണ് നിലപാട് സ്വീകരിച്ചത്. അതേ സമയം, ആദ്യത്തെ ബ്രോഷറില്‍ ബെഞ്ചിലിരിക്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയുടെ ഫോട്ടോ ഉണ്ടായിരുന്നു. അത് മൗലവിയുടെ മകളാണ്. ഞാനാണ് ആ ഫോട്ടോ എടുത്തത്. മകളെ ചേര്‍ക്കാന്‍ പറ്റാത്തതില്‍ അദ്ദേഹത്തിന് വലിയ വിഷമം ഉണ്ടായിരുന്നു. എനിക്കൊരു കുഞ്ഞിനെക്കൂടി തരണേ എന്ന് ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചിട്ടുണ്ട് എന്നാണ് മൗലവി പറഞ്ഞത്. പിന്നീടുണ്ടായ മകന്‍ സിയാദിനെ അല്‍ഫിത്‌റയില്‍ ചേര്‍ത്തുകൊണ്ടാണ് അദ്ദേഹം ആഗ്രഹം നിറവേറ്റിയത്. അറബി ഭാഷയിലുള്ള അദ്ദേഹത്തിന്റെ പ്രാവീണ്യം എടുത്തുപറയേണ്ടതാണ്. നൂറുല്‍ ബയാന്‍ സിലബസിലെ പഴയ ചില പുസ്തകങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നു. അതിലെ ചില ഗ്രാമര്‍ പ്രശ്‌നങ്ങള്‍ അദ്ദേഹം ശൈഖന്മാരോട് ചൂണ്ടിക്കാണിച്ചപ്പോള്‍ അവര്‍ അതിശയപ്പെട്ടു.!
സംഘടനാ ഭേദമെന്യെ ആരുമായും സഹകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. ആരെക്കുറിച്ചും കുറ്റമോ മോശമോ പറയില്ല. മകന്റെ നികാഹ് കഴിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാനോര്‍ക്കുന്നു. വലീമ നിന്റെ ബാധ്യതയാണ്, അത് നീ തന്നെ ചെലവഴിക്കണം എന്ന് മകനോട് പറഞ്ഞു. ജനാസയുടെ ചെലവ് മറ്റാരും വഹിക്കരുതെന്നും സ്വന്തം സമ്പാദ്യത്തില്‍ നിന്ന് ചെലവഴിക്കണമെന്നും അദ്ദേഹം വസിയത്ത് ചെയ്തിരുന്നു. കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കാനുള്ള ഓഹരിയെല്ലാം കൃത്യമായി എഴുതി വെച്ചാണ് അദ്ദേഹം യാത്രയായത്. കാര്‍, ലാപ്‌ടോപ്പ്, ഫോണ്‍ തുടങ്ങിയവ എന്തു ചെയ്യണം എന്നും അദ്ദേഹം എഴുതിവെച്ചിട്ടുണ്ട്. വ്യക്തിപരമായി, ഞാന്‍ എന്റെ പ്രയാസങ്ങളെല്ലാം അദ്ദേഹത്തോടാണ് പങ്കുവെച്ചിരുന്നത്. അങ്ങനെയൊരു അത്താണിയാണ്നഷ്ടപ്പെട്ടത്.

Back to Top