19 Friday
July 2024
2024 July 19
1446 Mouharrem 12

ഈഗോ കേന്ദ്രീകൃത ആത്മവിശ്വാസത്തില്‍ നിന്നുള്ള മോചനം

ഹഫ്‌സ അദ്ഹം; വിവ. നാദിര്‍ ജമാല്‍


നമ്മുടെ ബാഹ്യസാഹചര്യങ്ങള്‍ എന്തുതന്നെയായാലും നമ്മുടെ ഉള്ളില്‍ ആഴത്തില്‍ വേരൂന്നിയ ആത്മവിശ്വാസം അനുഭവിക്കാനുള്ള കഴിവ് അല്ലാഹു നമുക്ക് നല്‍കിയത് അവന്റെ കാരുണ്യത്തില്‍ നിന്നാണ്. അല്ലാഹുവിലുള്ള അചഞ്ചലമായ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും അടിത്തറയിലാണ് ഈ ആത്മവിശ്വാസം ഉറപ്പിച്ചിരിക്കുന്നത്.
ആത്മവിശ്വാസം തവക്കുലില്‍ വേരൂന്നിയാല്‍, അത് പ്രവാചകന്‍മാരുടെ മാതൃകയില്‍ കൃപയോടെയും സമചിത്തതയോടെയും കഠിനമായ പരീക്ഷണങ്ങളെ പോലും നേരിടാന്‍ നമ്മെ സഹായിക്കും. തടുക്കാനാവാത്ത പ്രതിസന്ധികളും പോരാട്ടങ്ങളും അവര്‍ അഭിമുഖീകരിച്ചു. എന്നിട്ടും അല്ലാഹുവില്‍ തികഞ്ഞ ആത്മവിശ്വാസവും വിശ്വാസവും അവര്‍ക്ക് ഉണ്ടായിരുന്നു. അല്ലാഹുവിന്റെ ഇച്ഛ പ്രകാരമല്ലാതെ അവര്‍ക്ക് ഒന്നും സംഭവിക്കാനോ അവരെ വേദനിപ്പിക്കാനോ കഴിയില്ലെന്ന് വിശ്വസിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്തു. ഈ ആത്മീയ കവചം ഉപയോഗിച്ച്, മറ്റുള്ളവരുടെ വാക്കുകളോ പ്രവൃത്തികളോ തടസ്സപ്പെടുത്താത്തവിധം, ലക്ഷ്യബോധത്തോടെ ഓരോ ദിവസവും വീടു വിട്ടിറങ്ങാന്‍ അവര്‍ക്ക് സാധിച്ചു. അല്ലാഹുവിന്റെ ഈ വചനങ്ങളാണ് അവരെ ഊര്‍ജസ്വലരാക്കിയത്: ”പറയുക: അല്ലാഹു വിധിച്ചത് മാത്രമേ നമുക്ക് സംഭവിക്കുകയുള്ളൂ. അവനാണ് നമ്മുടെ യജമാനന്‍; വിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കട്ടെ” (ഖുര്‍ആന്‍ 9:51).
ആത്മവിശ്വാസത്തിന്റെ ഉപരിപ്ലവമായ താല്‍ക്കാലിക പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ആഴത്തില്‍ വേരൂന്നിയ ആത്മീയ ആത്മവിശ്വാസം വിവേചിച്ചറിയാന്‍ നമ്മെ സഹായിക്കുന്നതിനു ചില വ്യത്യാസങ്ങള്‍ പരിശോധിക്കാം. ആത്മീയമായി നയിക്കുന്ന ആത്മവിശ്വാസം വഴി സാധ്യമായ ഫലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈഗോ നയിക്കുന്ന ആത്മവിശ്വാസം സ്വീകരിക്കുന്നതിന്റെ ചില അനന്തര ഫലങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.
സ്വയാര്‍ജിത ആത്മവിശ്വാസവും
തവക്കുലും

ആത്മവിശ്വാസത്തിനും വിജയത്തിനുമുള്ള ഇന്നത്തെ സൂത്രവാക്യങ്ങള്‍ പിന്തുടരുന്നതിലെ ഏറ്റവും വലിയ ആശങ്കകളിലൊന്ന്, അത് അല്ലാഹുവിനെ മറക്കാനുള്ള അപകട സാധ്യതയിലേക്ക് നമ്മെ എത്തിക്കുന്നു എന്നതാണ്. ഇത് വളരെ സൂക്ഷ്മമായ ഒരു പ്രക്രിയയാണ്. നമ്മള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ നമ്മള്‍ പോലും അറിയാതെത്തന്നെ സംഭവിക്കാം.
‘എല്ലാം എന്റെ മേലാണ്’ എന്ന ആശയവുമായി നമ്മള്‍ പൊരുത്തപ്പെടുന്ന നിമിഷം നിരവധി പ്രശ്‌നങ്ങള്‍ക്ക് ഇരയാകുന്നു. ഈ ചിന്താഗതിയില്‍ വിജയത്തിന്റെ ഭാരം നമ്മില്‍ മാത്രമായിരിക്കും. അത് ഉത്കണ്ഠ, സമ്മര്‍ദം തുടങ്ങിയ മാനസിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ഫലങ്ങളോട് വളരെ സെന്‍സിറ്റീവായി പ്രതികരിക്കുകയും ചെയ്യും. ഉദാഹരണത്തിന്, ഒരു വ്യക്തി ഒരു പ്രസന്റേഷന്‍ നല്‍കുകയും നെഗറ്റീവ് ഫീഡ്ബാക്ക് ലഭിക്കുകയും ചെയ്താല്‍, അത് വളരെ വ്യക്തിപരമായി എടുക്കാന്‍ സാധ്യത കൂടുതലാണ്. ഇത് സ്വയം വെറുപ്പിനും നിഷേധാത്മകമായ സ്വയം സംസാരത്തിനും ആളുകളെ സന്തോഷിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തിലുള്ള കൃത്രിമ പെരുമാറ്റത്തിനും വഴിയൊരുക്കുന്നു. അവതരണത്തിന് മികച്ച ഫീഡ്ബാക്ക് ലഭിച്ചാല്‍ വിനയമില്ലാതെയുള്ള, ഫലം അല്ലാഹുവിലേക്ക് തിരിച്ചുവിടാതെയുള്ള, ഏത് സ്തുതിയും അവരുടെ അഹന്തയെ വര്‍ധിപ്പിക്കും. അത് അഹങ്കാരവും തന്നിലും അവരുടെ കഴിവിലും അനാരോഗ്യകരമായ വിശ്വാസവും സൃഷ്ടിക്കും.
അല്ലാഹു പറയുന്നു: ”ഭൂമിയില്‍ നിങ്ങള്‍ അഹങ്കാരം കാണിക്കരുത്. നിങ്ങള്‍ തീര്‍ച്ചയായും ഭൂമിയെ പിളര്‍ത്തുകയില്ല. ഉയരത്തില്‍ നിങ്ങള്‍ പര്‍വതങ്ങളോട് മത്സരിക്കുകയുമില്ല” (ഖുര്‍ആന്‍ 17:37).
അഹങ്കാരത്തിന്റെ അപകടങ്ങള്‍
നമ്മുടെ സ്വന്തം കഴിവ്, പരിശ്രമം, ആത്മവിശ്വാസം എന്നിവ മാത്രമാണ് ജീവിതത്തിലെ ഘടകങ്ങളെന്നു ചിന്തിക്കുന്ന കെണിയില്‍ നാം അകപ്പെട്ടേക്കാം. നാം അല്ലാഹുവിന്റെ അടിമകളാണെന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് ഇത് നമ്മെ വിച്ഛേദിക്കുന്നു. കൂടാതെ ആത്മീയമായ ഒരു സ്ഥലത്തുനിന്ന് ലക്ഷ്യബോധത്തോടും വിനയത്തോടും കൂടി പ്രവര്‍ത്തിക്കുന്നതിനു പകരം, അത് ബാഹ്യമായ സാധൂകരണത്തിനായു അഹംഭാവത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വ്യക്തിത്വം സ്ഥാപിക്കുന്നു.
നബി(സ) പറഞ്ഞു: ”ഹൃദയത്തില്‍ ഉറുമ്പിന്റെ തൂക്കം അഹങ്കാരം ഉള്ളവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല” (സ്വഹീഹ് മുസ്‌ലിം). ഇസ്‌ലാമിക പാരമ്പര്യം എന്നാല്‍ ഈഗോയെ ഊതിപ്പെരുപ്പിക്കാതിരിക്കലാണ്. ഇതിനെ ജിഹാദുന്‍ നഫ്‌സ് അഥവാ സ്വന്തത്തോട് സമരം ചെയ്യുക എന്ന് പറയാം. അല്ലാഹുവില്‍ നിന്ന് സ്വതന്ത്രമായ ഒരു ചിന്താഗതി സ്വീകരിക്കുന്നതില്‍ നിന്നുള്ള സംരക്ഷണമാണിത്.
”ലജ്ജാശീലനും അഹങ്കാരിയും അറിവ് പഠിക്കുകയില്ല” (സ്വഹീഹുല്‍ ബുഖാരി). ഈ ഹദീസില്‍ നമുക്ക് കാണാന്‍ കഴിയുന്നതുപോലെ, അഹങ്കാരം ഹൃദയത്തിലേക്ക് കടന്നാല്‍ അത് മൂല്യവത്തായ പഠനത്തിലേക്കും ഉള്‍ക്കാഴ്ചകളിലേക്കുമുള്ള വാതില്‍ അടയ്ക്കുന്നു. വ്യക്തിപരമായ വളര്‍ച്ചയ്ക്കും വികാസത്തിനും വേണ്ടി സത്യസന്ധമായ ആത്മവിചിന്തനം (മുഹാസബ) ചെയ്യാന്‍ കഴിയാത്തതിന്റെ അപകടവുമുണ്ട് ഒരുഭാഗത്ത്. അഹങ്കാരം ഒരാളില്‍ ഉണ്ടാക്കുന്ന അനഭിലഷണീയമായ സ്വഭാവങ്ങളും സാമൂഹിക പെരുമാറ്റവും നാം പരിഗണിക്കണം. അവര്‍ മറ്റുള്ളവരുടെ വികാരങ്ങളില്‍ ശ്രദ്ധാലുവാണോ, അതോ സ്വന്തം പ്രതിച്ഛായ സംരക്ഷിക്കുന്നതില്‍ മാത്രം കൂടുതല്‍ ആകുലരാണോ?
അല്ലാഹു നമുക്ക് കഴിവുകള്‍ നല്‍കി അനുഗ്രഹിച്ചിട്ടുണ്ടെങ്കിലും ആത്യന്തികമായി, അല്ലാഹുവിന്റെ കാരുണ്യത്താലും അത് സംഭവിക്കാന്‍ അവന്‍ ആഗ്രഹിച്ചതിനാലും മാത്രമാണ് നാം വിജയം കൈവരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം. എന്റെ കഴിവ്, നൈപുണികള്‍, പ്രയത്‌നങ്ങള്‍ എന്നിവയ്‌ക്കൊപ്പം അല്ലാഹുവിന്റെ സഹായവും ശക്തിയുമാണ് പ്രധാനം എന്നു തിരിച്ചറിഞ്ഞുകൊണ്ട്, ആഴത്തിലുള്ള ബോധത്തോടെ ആ ചിന്താഗതിയെ യോജിപ്പിക്കുമ്പോള്‍, ഉയര്‍ന്ന ആത്മവിശ്വാസത്തോടെ ഏത് സാഹചര്യത്തിലേക്കും കടന്നുപോകാന്‍ നമുക്ക് കൂടുതല്‍ സാധിക്കും. അല്ലാഹുവിന്റെ സഹായമുണ്ടെങ്കില്‍ എന്തിനെ ഭയപ്പെടണം എന്ന ചിന്തയാണ് വേണ്ടത്.
അല്ലാഹു പറയുന്നു: ”അവന് ഒരിക്കലും സങ്കല്‍പിക്കാന്‍ കഴിയാത്ത ഉറവിടങ്ങളില്‍ നിന്ന് അവന്‍ അവന് ഉപജീവനം നല്‍കുന്നതാണ്. വല്ലവനും അല്ലാഹുവില്‍ ഭരമേല്‍പിക്കുന്നപക്ഷം അവന് അല്ലാഹു തന്നെ മതിയാകുന്നതാണ്. തീര്‍ച്ചയായും അല്ലാഹു തന്റെ കാര്യം പ്രാപിക്കുന്നവനാകുന്നു. ഓരോ കാര്യത്തിനും അല്ലാഹു ഒരു ക്രമം ഏര്‍പെടുത്തിയിട്ടുണ്ട്” (ഖുര്‍ആന്‍ 65:3).
ഈ ആന്തരിക ആത്മവിശ്വാസത്തില്‍ അടിയുറച്ചു നില്‍ക്കുന്നവര്‍ക്ക് മറ്റുള്ളവരെ കേള്‍ക്കാനുള്ള ധൈര്യമുണ്ട്. എല്ലാ കാഴ്ചപ്പാടുകളില്‍ നിന്നുമുള്ള നല്ല ഫലങ്ങള്‍ നമുക്ക് സ്വീകരിക്കാം. മറ്റുള്ളവരുടെ അഭിപ്രായങ്ങളെ വിവേചിച്ചറിയാനുള്ള കഴിവ് നമുക്ക് നേടാനാവും. ”ഒരു ചിന്തയെ അംഗീകരിക്കാതെ അതിനെ രസിപ്പിക്കാന്‍ കഴിയുന്നത് വിദ്യാസമ്പന്നനായ ഒരു മനസ്സിന്റെ ലക്ഷണമാണ്” എന്ന് അരിസ്റ്റോട്ടില്‍ പറഞ്ഞിട്ടുണ്ട്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x