ഈമാനിന്റെ മാധുര്യം നഷ്ടപ്പെടുന്നുവോ
ഷഹീന്‍ അരീക്കോട്
കൊറോണാ കാലം ഒരു പരീക്ഷണ കാലമാണ്. പല കാര്യങ്ങളിലും പലതരം മാറ്റങ്ങളുണ്ടായി. ഭരണകൂടം നിര്‍ദേശിച്ച പല നിയന്ത്രണങ്ങളിലും ഇളവുകള്‍ വന്നു. പഴയ ജീവിതത്തിലേക്ക് പതിയെ പതിയെ നാം മടങ്ങാന്‍ തുടങ്ങി. പല കാര്യങ്ങളിലും നാം പൂര്‍ണതയില്‍ എത്തിയെങ്കിലും മതപരമായ കാര്യങ്ങളില്‍ നമ്മുടെ സമൂഹം പൂര്‍ണ സ്ഥിതിയിലെത്തിയില്ല. പള്ളികളിലേക്കുള്ള വഴികള്‍ പലരും മറന്നു. വരാത്തവര്‍ക്ക് പറയാന്‍ കാരണമുണ്ട്. എന്നാല്‍ മറ്റു സ്ഥലങ്ങളിലേക്ക് പോവാന്‍ തടസ്സമാവുന്നില്ല. സാമൂഹിക അകലവും വൃത്തിയും കാത്തു സൂക്ഷിക്കുന്ന പള്ളികളോട് കാണിക്കുന്ന വിമുഖത അങ്ങനെയുള്ളവരുടെ മനസ്സിന്റെ ദീനീബോധത്തെയാണ് വിലയിരുത്തുന്നത്. പള്ളികളില്‍ ജുമുഅ തുടങ്ങിയിട്ടും പള്ളികളുടെ വാതില്‍ കാണാത്തവര്‍ ഇനിയുമുണ്ട്. ഈമാനിന്റെ മാധുര്യം നമ്മില്‍ നിന്നും നമ്മുടെ കുടുംബത്തില്‍ നിന്നും നഷ്ടപ്പെടുന്ന അവസ്ഥ ഇല്ലാതിരിക്കാന്‍ നാം ജാഗ്രതയുള്ളവരാവേണ്ടതുണ്ട്. ന്യൂജെന്‍ പുതിയ ലോകത്താണ്. ന്യൂജെന്‍ മക്കള്‍ക്കനുസരിച്ച് തന്റെ ശീലങ്ങളും മാറ്റുന്ന ന്യൂജെന്‍ രക്ഷിതാക്കളെയും ഇന്ന് കണ്ടുവരുന്നുണ്ട്. മക്കള്‍ക്ക് നാം മാതൃകയാവേണ്ടതുണ്ട്. ഓരോ പ്രായങ്ങളിലും കൃത്യമായ ഇടപെടല്‍ രക്ഷിതാക്കളുടെ അടുക്കല്‍ നിന്നുണ്ടാവണം. ഇതിനായി രക്ഷിതാക്കളുടെ തയ്യാറെടുപ്പ് അനിവാര്യമെന്ന് ചുരുക്കം.