22 Tuesday
October 2024
2024 October 22
1446 Rabie Al-Âkher 18

ഈച്ച നമ്മില്‍ നിന്ന് കവര്‍ന്നെടുക്കുന്നത്‌

ടി പി എം റാഫി


ഈച്ചകള്‍ (Musca domestica) 66 ദശലക്ഷം വര്‍ഷം മുമ്പ് സിനസോയ്ക് (Cenozoic) യുഗത്തില്‍ പിറന്നവരാണെന്ന് ജീവശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു-സസ്തനികളും പക്ഷികളും പുഷ്പിക്കുന്ന സസ്യങ്ങളും ഭൂമുഖത്തു പരിലസിച്ചു തുടങ്ങിയ കാലത്ത്. മധ്യപൗരസ്ത്യ ദേശമാണ് ഈച്ചകളുടെ ജന്മനാട്. പിന്നീട് ലോകം മുഴുവന്‍ ഇവ വ്യാപിച്ചു. ഭൂമുഖത്ത് ഇന്ന് ഏതാണ്ട് 87,000 സ്പീഷിസുകളുണ്ട്, ഈച്ചകള്‍ക്ക്.
പ്രായപൂര്‍ത്തിയായ ഈച്ചകള്‍ക്ക് ഇളംകറുപ്പു തൊട്ട് കടുംകറുപ്പു വരെ നിറവൈവിധ്യമുണ്ട്. കഴുത്തു മുതല്‍ വയറു വരെ നീളുന്ന നാലു ഇരുണ്ട വരകളും കാണാം. പെണ്ണീച്ചകള്‍ ജീവിതത്തില്‍ പൊതുവെ ഒരിക്കല്‍ മാത്രം ഇണ ചേരുന്നു. ആണീച്ചകളില്‍ നിന്നു കിട്ടുന്ന ബീജങ്ങള്‍ ഭാവിപ്രജനനത്തിനായി ശരീരത്തില്‍ ഇവ കരുതി വെക്കാറുമുണ്ട്. നൂറുമുട്ടകളുള്ള സെറ്റുകളായാണ് ഇവ ഓരോ പ്രാവശ്യവും ഇടുന്നത്. ജീര്‍ണിച്ച ജൈവമാലിന്യങ്ങളിലും മലിനവസ്തുക്കളിലുമാണ് മുട്ടവിരിയുന്നത്.
പാദങ്ങളില്ലാത്ത മഗോട്ട് എന്നു വിളിക്കുന്ന വെളുത്ത ലാര്‍വകളാണ് മുട്ടവിരിഞ്ഞ് ആദ്യം പുറത്തുവരുന്നത്. രണ്ടു മുതല്‍ അഞ്ചുവരെ ദിവസമെടുക്കുന്ന വളര്‍ച്ച. മെറ്റമോര്‍ഫോസ് വഴി ചുവപ്പു കലര്‍ന്ന തവിട്ടുനിറത്തിലുള്ള പ്യൂപ്പയായി ഇവ പരിണമിക്കുന്നു. പിന്നീടാണ് പൂര്‍ണ വളര്‍ച്ചയെത്തിയ ഈച്ചയായിത്തീരുന്നത്. രണ്ടാഴ്ച തൊട്ട് നാലാഴ്ചവരെയാണ് ഈച്ച ജീവിക്കുന്നത്. തണുപ്പുകാലത്ത് ഇവ ‘ഹിബര്‍നേറ്റ്’ ചെയ്ത് ചുരുങ്ങിക്കൂടി കഴിയാറുമുണ്ട്.
ദ്രാവകരൂപത്തിലോ അര്‍ധദ്രാവകരൂപത്തിലോ ഉള്ള ഭക്ഷണം മാത്രമാണ് ഈച്ചകള്‍ കഴിക്കുന്നത്. ഖരഭക്ഷ്യവസ്തുക്കളാണ് കിട്ടുന്നതെങ്കില്‍, ഈച്ചകള്‍ അതിലേക്ക് ഉമിനീര് കലര്‍ത്തി അതിനെ മൃദുലമാക്കി ദ്രാവക രൂപത്തില്‍ തന്നെയാണ് അകത്താക്കുന്നത്. ഈച്ചകള്‍ രോഗാണു വാഹകരാണ് – അവയ്ക്ക് ആ രോഗങ്ങളില്‍ നിന്നു സ്വയം സംരക്ഷണം കിട്ടുന്നുവെങ്കിലും. മഞ്ഞപ്പിത്തം, മലേറിയ, ടൈഫോയ്ഡ്, കോളറ, ഡിസന്ററി, ഗുരുതരമായ കരള്‍രോഗങ്ങള്‍ തുടങ്ങിയവ പരത്തുന്ന രോഗാണുക്കള്‍ ഈച്ചയുടെ ദേഹത്ത് സമൃദ്ധമായി കുടികൊള്ളുന്നുണ്ട്. മിക്ക ഭക്ഷ്യജന്യ അസുഖങ്ങള്‍ക്കും പ്രധാന കാരണക്കാരന്‍ ഈച്ചകളാണ്.
ഇവയുടെ തലയുടെ മുന്‍ഭാഗം വര്‍ത്തുളാകൃതിയിലും പിന്‍ഭാഗം പരന്നതും അല്‍പം കോണാകൃതിയിലുമാണ്. കോമ്പൗണ്ട് കണ്ണുകളാണ് ഇവയ്ക്കുള്ളത്. ആയിരക്കണക്കിന് ചെറുകണ്ണുകള്‍ ചേര്‍ന്ന ഒരു ജോഡി കണ്ണുഗണങ്ങള്‍. ചെറുകണ്ണുകള്‍ സത്യത്തില്‍ സങ്കീര്‍ണമായ ഫോട്ടോ റിസപ്ഷന്‍ യൂണിറ്റുകളാണ്. ഓരോ യൂണിറ്റിലും കോര്‍ണിയയും ലെന്‍സും പ്രകാശ സ്വീകരണിയുമെല്ലാമുണ്ട്. ഇതിനു പുറമെ നെറ്റിത്തടത്തില്‍ മൂന്ന് സാധാരണ കണ്ണുകളും രണ്ട് ചെറു ‘ആന്റിന’കളും ഇവയുടെ ദൃശ്യ-നിര്‍ധാരണ ശേഷിക്ക് മാറ്റുകൂട്ടുന്നു.
ഈച്ചകളുടെ കണ്ണുകളിലൂടെ ലഭിക്കുന്ന പ്രകാശ സിഗ്നലുകള്‍ മനുഷ്യരേക്കാ ള്‍ ഏഴിരട്ടി വേഗത്തില്‍ ഇവയ്ക്ക് നിര്‍ധാരണം ചെയ്‌തെടുക്കാന്‍ കഴിയുമത്രെ. അതുകൊണ്ടുതന്നെ ഈച്ചകള്‍ എളുപ്പത്തില്‍ ആര്‍ക്കും പിടികൊടുക്കാറില്ല. അവയെ വലയില്‍ വീഴ്ത്താന്‍ അത്ര പെട്ടെന്നൊന്നും കഴിയാറില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ പ്രാണികളുടെ ഫ്‌ളിക്കര്‍ ഫ്യൂഷന്‍ നിരക്ക് വളരെ കൂടുതലായതിനാല്‍ മനുഷ്യന്റെ ചലനങ്ങളെ ഇവയ്ക്ക് ‘സ്ലോമോഷനി’ല്‍ കണ്ട് സൂത്രത്തില്‍ രക്ഷപ്പെടാനാവുന്നു. ദര്‍ശനത്തിലെ സൈക്കോഫിസിക്‌സ് ധാരണയെയാണ് ഫ്‌ളിക്കര്‍ ഫ്യൂഷന്‍ നിരക്ക് എന്നു പറയുന്നത്. ഇടവിട്ടു വരുന്ന പ്രകാശത്തോട് സ്ഥിരത പുലര്‍ത്താന്‍ ഒരു ശരാശരി മനുഷ്യ മസ്തിഷ്‌കത്തിനു വേണ്ടിവരുന്ന സമയമൊന്നും ഈച്ചയെടുക്കാത്തതു കൊണ്ട് അവയ്ക്ക് നിഷ്പ്രയാസം കടന്നുകളയാനാവുന്നു.
ദ്രാവകരൂപത്തിലുള്ള ഭക്ഷണം കഴിക്കാനുള്ള സംവിധാനങ്ങള്‍ മാത്രമേ ഇവയുടെ വായയ്ക്കകത്തുള്ളൂ. ധാരാളം സുഷിരനാളികളുള്ള സ്‌പോഞ്ചു പോലുള്ള ‘സ്യൂഡോട്രാക്കി’യിലൂടെയാണ് ഇവ കുടിക്കുന്നത്. കാപ്പിലറി പ്രതിപ്രവൃത്തിയി ലൂടെയാണ് ഫ്‌ളൂയിഡുകള്‍ വലിച്ചെടുക്കുന്നത്. ഈച്ചകളുടെ കാലുകളില്‍ കീമോ റിസപ്‌റ്റേഴ്‌സ് ഉണ്ട്. ഇവ പ്രയോജനപ്പെടുത്തിയാണ് ഈച്ച ‘രുചിച്ച’റിയുന്നത്. പഞ്ചസാരയിലൂടെയും മറ്റും നടക്കുമ്പോള്‍ കാലുകളില്‍ പതിയുന്ന സൂക്ഷ്മാംശങ്ങള്‍ കാലുകള്‍ പരസ്പരം ഉരസി വൃത്തിയാക്കിയ ശേഷം മാത്രമാണ് അടുത്ത പദാര്‍ഥത്തില്‍ ഇവ ചെന്നിരിക്കുന്നത്. പുതിയ പദാര്‍ഥത്തിന്റെ സ്വഭാവം മനസ്സിലാക്കാന്‍ ആദ്യത്തെ പദാര്‍ഥം പൂര്‍ണമായി ‘ക്ലീന്‍’ ചെയ്യണമല്ലോ.
സൂറത്ത് ഹജ്ജില്‍ ഈച്ചയുടെ ഉദാഹരണം ഖുര്‍ആന്‍ അവതരിപ്പിക്കുന്നുണ്ട്. ഖുര്‍ആന്‍ പറയുന്നു: ”മനുഷ്യരേ ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് അവധാനതയോടെ മാത്രം കേള്‍ക്കുക. തീര്‍ച്ചയായും അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെപ്പോലും സൃഷ്ടിക്കുകയില്ല. അവരെല്ലാവരും ഒത്തുചേര്‍ന്നിട്ടും കാര്യമില്ല. ഈച്ച അവരുടെ പക്കല്‍ നിന്ന് വല്ലതും അപഹരിച്ചാല്‍ അതിന്റെ അടുത്തു നിന്ന് അതു വീണ്ടെടുക്കാനും അവര്‍ക്കാവില്ല. തേടുന്നവരും തേടപ്പെടുന്നവരും എത്ര ദുര്‍ബലര്‍.” (22:73)
‘ഈച്ച അപഹരിച്ചത് വീണ്ടെടുക്കാന്‍ അവര്‍ക്കാവില്ല’ എന്ന ഖുര്‍ആനിലെ പ്രയോഗം സൂക്ഷ്മമായി വിശകലനം ചെയ്യേണ്ടതുണ്ട്. സൈക്കോഫിസിക്‌സ് കണ്‍സെപ്റ്റില്‍ ഈച്ചയുടെ ഫ്‌ളിക്കര്‍ ഓഫ് വിഷന്‍ കൂടുതലാണല്ലോ. അതുകൊണ്ടുതന്നെ മനുഷ്യന്റെ ചലനങ്ങളെ ഇവയ്ക്ക് ‘സ്ലോമോഷനി’ല്‍ കണ്ട് രക്ഷപ്പെടാനാവുന്നു. പോരാത്തതിന്, കണ്ണുകളിലൂടെ ലഭിക്കുന്ന ദൃശ്യസിഗ്നലുകള്‍ മനുഷ്യരേക്കാള്‍ ഏഴിരട്ടി വേഗത്തില്‍ ഇവയ്ക്ക് നിര്‍ധാരണം ചെയ്‌തെടുക്കാന്‍ കഴിയുന്നുമുണ്ട് എന്നതാണ് പുതിയ പഠനം. നമ്മുടെ നീക്കങ്ങള്‍ ‘സ്ലോമോഷനി’ല്‍ കണ്ട് സൂത്രത്തില്‍ കടന്നുകളയാനും വിദഗ്ധരാണിവര്‍.
ഈച്ച കവര്‍ന്നെടുത്തത് വീണ്ടെടുക്കാനാവില്ലെന്നു ഖുര്‍ആന്‍ വ്യക്തമാക്കിയതിന്, ഈ ഷഡ്പദത്തെ സംബന്ധിച്ചിടത്തോളം, വേറെയും അര്‍ഥതലമുണ്ട്. ധാരാളം സുഷിരനാളികളുള്ള സ്‌പോഞ്ചുപോലുള്ള ‘സ്യൂഡോട്രാക്കി’യിലൂടെയാണല്ലോ ഇവ കുടിക്കുന്നത്. കാപ്പിലറി പ്രതിപ്രവര്‍ത്തനത്തിലൂടെയാണ് ഈച്ചകളുടെ ആമാശയത്തിലേക്ക് ഫ്‌ളൂയിഡുകള്‍ സ്വയമേവ വലിഞ്ഞു കയറുന്നത്. ഖര ഭക്ഷ്യവസ്തുക്കള്‍ കവര്‍ന്നെടുക്കാതെ, അവയില്‍ ഉമിനീരു കലര്‍ത്തി ലയിച്ചു കിട്ടുന്ന ദ്രാവകം മാത്രമേ ഇവ അകത്താക്കാറുള്ളൂ. അതുകൊണ്ടുതന്നെ, ഈ തലത്തില്‍ നിന്നു നോക്കിയാലും ഈച്ച കവര്‍ന്നെടുക്കുന്നത് അവയില്‍ നിന്നു മോചിപ്പിച്ചെടുക്കുക എന്നത് വിഫല ശ്രമമായിരിക്കുമെന്നാണ് ഖുര്‍ആന്‍ ചേതോഹരമായി ചിത്രീകരിക്കുന്നത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x