ഈ റമദാന്‍ പാഴായിപ്പോകരുത്
റമദാന്‍ വന്നെത്തിയിരിക്കുന്നു. മനസ്സും ശരീരവും വീടും പരിസരവും എല്ലാം അതിലേക്കായി നാം ഒരുങ്ങിക്കഴിഞ്ഞു. വിശ്വാസിയെ സംബന്ധിച്ചേടത്തോളം ഏത് വേനല്‍ചൂടിലും കുളിര് പകരുന്ന ആശ്വാസമാണ് റമദാന്‍. യഥാര്‍ഥത്തില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജവും കരുത്തും നേടുന്ന ഇടവേളയാണ് റമദാന്‍. ഒരു മാസത്തെ വ്രതാനുഷ്ഠാനത്തിലൂടെ അനുവദനീയമായ കാര്യങ്ങളെ പോലും നീട്ടിവെക്കാനുള്ള പരിശീലനം നേടിയെടുക്കുന്ന വിശ്വാസി, തുടര്‍ന്നുള്ള ജീവിതത്തില്‍ അതിന്റെ ചൈതന്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. മാസങ്ങള്‍ കഴിയുമ്പോള്‍ ആ കരുത്തിന് മാറ്റ് കുറയുക സ്വാഭാവികമാണ്. നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തെ പുതുക്കികൊണ്ടിരിക്കണം എന്ന് ഹദീസില്‍ പറയുന്നുണ്ട്. ഇങ്ങനെ ഓരോ വര്‍ഷവും കടന്നുവരുന്ന റമദാന്‍ വിശ്വാസികള്‍ക്ക് ഒരവസരമാണ് നല്‍കുന്നത്. കഴിഞ്ഞുപോയ ജീവിതത്തിലെ പാപങ്ങളില്‍ നിന്ന് പശ്ചാത്തപിച്ച് മടങ്ങാനും പുതിയ ജീവിതത്തിന് ഊര്‍ജം പകരാനും റമദാനിന് സാധിക്കും.
റമദാനുമായി ബന്ധപ്പെട്ട് ഇസ്ലാമിക പ്രമാണങ്ങളില്‍ വന്ന പ്രത്യേകതകളും ശ്രേഷ്ഠതകളും പട്ടികപ്പെടുത്തിയാല്‍ തന്നെ അവ ധാരാളമുണ്ട്. ഇസ്ലാമിലെ അഞ്ച് നിര്‍ബന്ധ കാര്യങ്ങളില്‍ നാലാമത്തേതാണ് നോമ്പ്. നോമ്പ് നിര്‍ബന്ധമാക്കപ്പെട്ട മാസമാണ് റമദാന്‍. ലോകര്‍ക്ക് മുഴുവന്‍ മാര്‍ഗദര്‍ശനമായി ഖുര്‍ആന്‍ അവതരിപ്പിച്ച മാസമാണിത്. ഈ നിലക്കുള്ള റമദാനിന്റെ പ്രസക്തി വിവരണാതീതമാണ്. ഖുര്‍ആന്‍ ലോകത്തുണ്ടാക്കിയ പരിവര്‍ത്തനവും അത് മുന്നോട്ട് വെക്കുന്ന മാതൃകാ സമൂഹവും ഭക്തിയുടെ ജീവിതവും എല്ലാം റമദാനുമായി ബന്ധമുള്ളതാണ്. റമദാനിലെ പകലും രാത്രിയും വ്യത്യാസമില്ലാതെ ഖുര്‍ആന്‍ പാരായണവും പഠനവും ഈ മാസത്തിലെ പ്രത്യേകതയാണ്. കേവല പാരായണത്തില്‍ നിന്ന് മാറി, ആശയവും വിവരണവും മനസ്സിലാക്കിയുള്ള പഠനത്തിന് വേണ്ടി ഈ മാസം ചെലവഴിക്കാന്‍ നാം തയ്യാറാകണം. ദൈനംദിന ജീവിത തിരക്കുകളില്‍ പെട്ട് സമയം നഷ്ടമാകുന്ന നമുക്ക് റമദാന്‍ മാസത്തിലെങ്കിലും ഒഴിഞ്ഞിരിക്കാന്‍ സാധിക്കണം. റമദാന്‍ വരുമ്പോള്‍ മാത്രം നന്നാകാനുള്ള പ്രവണത എന്ന് ഇതിനെ തെറ്റിദ്ധരിക്കേണ്ടതില്ല. മാത്രമല്ല, ആരെങ്കിലും റമദാന്‍ വരുമ്പോള്‍ മാത്രം പള്ളിയില്‍ സജീവമാവുകയും ആരാധനകര്‍മങ്ങളില്‍ നിരതരാവുകയും ചെയ്യുന്നുണ്ടെങ്കില്‍ അവരെ പരിഹസിക്കുന്ന പ്രവണത നമ്മുടെ നാടുകളിലുണ്ട്. ആ പ്രവണത ആരോഗ്യകരമല്ല. വിശ്വാസിയെ സംബന്ധിച്ചേടത്തോളം ഈമാന്‍ പുതുക്കുവാനും ആരാധനയില്‍ സജീവമാകാനുമുള്ള അവസരം തന്നെയാണ് റമദാന്‍. ഈ അവസരത്തില്‍ അതുപയോഗപ്പെടുത്തുന്നവര്‍ തുടര്‍ന്നും ഈ വെളിച്ചത്തില്‍ ജീവിതം നയിക്കുമോ ഇല്ലയോ എന്നത് നാം ആകുലപ്പെടേണ്ട കാര്യമല്ല. റമദാന്‍ തുടങ്ങിയതിന് ശേഷം പള്ളിയില്‍ എത്തുന്നവരെ പരിഹാസച്ചിരിയോടെ നോക്കാന്‍, എല്ലാം തികഞ്ഞവരാണോ നാമെന്ന് ഓരോരുത്തരും ആലോചിക്കുക. സന്മാര്‍ഗത്തിന്റെ സൗന്ദര്യവും വിശ്വാസത്തിന്റെ മാധുര്യവും ഭാവി ജീവിതത്തില്‍ ആര്‍ക്കാണ് തുണയാവുക എന്ന് നമുക്ക് അറിയില്ലല്ലോ.
റമദാന്‍ സമാഗതമായാല്‍ പ്രവാചകന്‍(സ) അതിന് വേണ്ടി സ്വന്തത്തെയും കുടുംബത്തെയും തയ്യാറാക്കുമായിരുന്നു. സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കപ്പെടുകയും നരകത്തിന്റെ വാതിലുകള്‍ അടയ്ക്കപ്പെടുകയും ചെയ്യുന്ന ഈ മാസം ഉപയോഗപ്പെടുത്താന്‍ നമുക്ക് സാധിക്കണം. ഏതൊരു മാസത്തെയും പോലെയാണ് റമദാനും കടന്നുപോകുന്നതെങ്കില്‍ അതൊരു നഷ്ടമായിരിക്കും. ഐഹിക ജീവിതത്തിന്റെ തിരക്കുകള്‍ ഒഴിഞ്ഞതിന് ശേഷം, തിരിഞ്ഞുനോക്കുമ്പോള്‍ നമുക്ക് ഖേദം തോന്നും എന്നതാണ് മുന്‍കാല അനുഭവങ്ങള്‍ നമ്മോട് പറയുന്നത്. അതിനാല്‍, കഴിഞ്ഞ കാലങ്ങളില്‍ റമദാനിന് വേണ്ടി പ്രത്യേകം സമയം ചെലവഴിക്കാന്‍ സാധിച്ചിട്ടില്ലെങ്കില്‍, നിരാശരായി നില്‍ക്കേണ്ടതില്ല. ഈ റമദാനില്‍ ആരോഗ്യത്തോടെ കഴിയാന്‍ അനുഗ്രഹം ലഭിച്ചവര്‍ ഒരു നിമിഷം പോലും പാഴാക്കാനില്ല എന്ന തിരിച്ചറിവോടെ ആത്മസംസ്‌കരണത്തിന്റെ വഴിയില്‍ മുന്നേറുക.