12 Thursday
December 2024
2024 December 12
1446 Joumada II 10

ഈ കണക്ക് മതിയാകില്ല


കേരളത്തിലെ സര്‍ക്കാര്‍ സര്‍വീസിലെ സാമുദായിക പ്രാതിനിധ്യത്തിന്റെ കണക്ക് പുറത്ത് വന്നിരിക്കുന്നു. പി ഉബൈദുല്ല എം എല്‍ എയുടെ ചോദ്യത്തിന് ഉത്തരമായി മുന്‍ മന്ത്രി കെ രാധാകൃഷ്ണന്‍ നല്‍കിയ മറുപടിയിലാണ് സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച ഏകദേശ കണക്കുകള്‍ സര്‍ക്കാര്‍ പുറത്ത് വിട്ടിരിക്കുന്നത്. കേരള സംസ്ഥാന പിന്നാക്ക വികസന കമ്മീഷന്റെ കീഴിലുള്ള എംപ്ലോയീസ് ഡാറ്റാബേസ് വെബ്‌പോര്‍ട്ടല്‍ വഴിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. വിവിധ സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ വകുപ്പുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, എയ്ഡഡ് സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ബോര്‍ഡ്, കോര്‍പറേഷനുകള്‍ എന്നിങ്ങനെയുള്ള വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ 316 ഓഫിസുകളില്‍ നിന്ന് ശേഖരിച്ച വിവരമാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസിലെ സാമുദായിക പ്രാതിനിധ്യം സംബന്ധിച്ച ഔദ്യോഗികമായി കണക്കുകള്‍ ലഭ്യമാകുന്നത് ആദ്യമായാണ്. മലപ്പുറം നിയോജക മണ്ഡലം എം എല്‍ എ ഉബൈദുല്ലയുടെ ഇടപെടല്‍ അഭിനന്ദനം അര്‍ഹിക്കുന്നു.
കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് ആകെയുള്ളത് 5,45,423 സ്ഥിരം ജീവനക്കാരാണ്. അതില്‍ 36.09 ശതമാനം മുന്നോക്ക വിഭാഗത്തില്‍ നിന്നാണ്. സര്‍വീസിലെ ഒ ബി സി പ്രാതിനിധ്യം 2,85,335 ആണ്. ഇതു മൊത്തം സര്‍വീസിലുള്ളവരുടെ 52.31 ശതമാനമാണ്. പട്ടികജാതി വിഭാഗം 9.49 ശതമാനവും പട്ടികവര്‍ഗം 1.45 ശതമാനവുമാണ്. സര്‍ക്കാര്‍ ജോലിയില്‍ ഏറ്റവും വലിയ കുറവ് നേരിടുന്ന വിഭാഗം മുസ്‌ലിംകളാണ്. മുസ്‌ലിം വിഭാഗത്തില്‍നിന്ന് ആകെയുള്ള ജീവനക്കാരുടെ എണ്ണം 73,774 ആണ്. അതായത് എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലുമായി 13.51 ശതമാനമാണ് മുസ്‌ലിം പ്രാതിനിധ്യം. 2011 ലെ സെന്‍സസ് പ്രകാരം കേരളത്തിലെ ജനസംഖ്യയില്‍ 28.15 ശതമാനമാണ് മുസ്‌ലിം ജനവിഭാഗം. ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിനുള്ള ഒരു ഉപാധിയാണ് സംവരണം. സംവരണമുണ്ടായിട്ടും ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം നേടുവാന്‍ മുസ്‌ലിംകള്‍ക്ക് സാധിച്ചിട്ടില്ല. ജനസംഖ്യാനുപാതികമായ അര്‍ഹത വെച്ച് വിലയിരുത്തുമ്പോള്‍ മുസ്‌ലിം സമുദായത്തിന് 102 ശതമാനത്തിന്റെ കുറവാണ് നിലവിലുള്ളത്.
ചരിത്രപരവും സാമൂഹികവുമായ കാരണങ്ങളാല്‍ പിന്നാക്കമായി പോവുകയും അധികാരത്തില്‍ നിന്ന് പിന്തള്ളപ്പെടുകയും ചെയ്ത വിവിധ സമുദായങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈഴവ, മുസ്‌ലിം, ലത്തീന്‍, നാടാര്‍, ധീവര, വിശ്വകര്‍മ, എസ് ഐ യു സി നാടാര്‍, ഹിന്ദു നാടാര്‍, മറ്റു ക്രൈസ്തവര്‍, മറ്റു പിന്നോക്ക ഹിന്ദുവിഭാഗങ്ങള്‍, പട്ടികജാതി, പട്ടികവര്‍ഗം എന്നീ വിഭാഗങ്ങള്‍ക്കാണ് നിലവില്‍ സംവരണമുള്ളത്. എന്നാല്‍ ഈ സമുദായങ്ങളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നത് മുസ്‌ലിം സമുദായമാണ് എന്നുള്ളത് ഏറെ ഗൗരവമേറിയ വിഷയമാണ്. സംവരണം ലഭിച്ചിട്ടും ജനസംഖ്യാനുപാതിക പ്രാതിനിധ്യം നേടാന്‍ മുസ്‌ലിം സമുദായത്തിന് സാധിച്ചിട്ടില്ല. ഇപ്പോള്‍ സര്‍വീസിലുള്ള അത്രയും എണ്ണം ഇനിയും ഉണ്ടായെങ്കില്‍ മാത്രമേ പ്രാതിനിധ്യം സാര്‍ഥകമാവൂ. അതിനാല്‍ തന്നെ സ്‌പെഷ്യല്‍ പാക്കേജിലൂടെയോ മറ്റോ ഈ കുറവ് നികത്താന്‍ സാധിക്കണം.
എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന കണക്ക് കൊണ്ട് വസ്തുനിഷ്ഠമായ വിശകലനം സാധ്യമാവില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്. കേരളത്തില്‍ ജാതി സെന്‍സസ് നടന്നാല്‍ മാത്രമേ വിവിധ സമുദായങ്ങളുടെ യഥാര്‍ഥ തലയെണ്ണം ലഭിക്കുകയുള്ളൂ. നിലവില്‍ നമ്മുടെ മുമ്പിലുള്ളത് 2011-ലെ സെന്‍സസ് ഡാറ്റയും സാംപിള്‍ സര്‍വേ റിപ്പോര്‍ട്ടുമാണ്. മറ്റൊന്ന്, ലഭ്യമായ കണക്കില്‍ ഒട്ടേറെ അപര്യാപ്തതകള്‍ ഉണ്ട്. വിവിധ ഡിപ്പാര്‍ട്ട്‌മെന്റ്, ബോര്‍ഡ്, കോര്‍പ്പറേഷനുകള്‍ എന്നിവയില്‍ നിന്നുള്ള കണക്കുകള്‍ മിശ്രിതമാണ്. ഡെസിഗ്‌നേഷന്‍ അടിസ്ഥാനപ്പെടുത്തിയുള്ള സമുദായ കണക്ക് ലഭ്യമല്ല. അതുകൂടി ലഭ്യമായാല്‍ മാത്രമേ പോളിസി മേക്കിംഗ് രംഗത്ത് ഇടപെടുന്ന ഗസറ്റഡ് തസ്തികകളില്‍ എത്ര പിന്നാക്ക വിഭാഗങ്ങള്‍ ഉണ്ട് എന്ന് മനസ്സിലാകൂ. തന്ത്രപ്രധാനവും നിര്‍ണായകവുമായ അധികാര കേന്ദ്രങ്ങളിലെ പിന്നാക്ക സാന്നിധ്യം കൂടി ഉറപ്പുവരുത്തിയാലേ സാമൂഹിക നീതി സാധ്യമാകൂ. ഇപ്പോള്‍ ലഭ്യമായ ഡാറ്റ പരിഷ്‌കരിക്കാനും എല്ലാ തലത്തിലുമുള്ള സാമുദായിക കണക്ക് പുറത്ത് കൊണ്ടുവരാനും ആവശ്യമായ സോഫ്റ്റ് വെയറുകള്‍ എളുപ്പത്തില്‍ ചെയ്യാവുന്നതേയുള്ളൂ. സമഗ്രമായ കണക്കെടുപ്പിലൂടെ യഥാര്‍ഥ വസ്തുതകള്‍ പുറത്ത് കൊണ്ടുവരാനും ആവശ്യമായ നടപടികളിലൂടെ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം ഉറപ്പ് വരുത്താനും സര്‍ക്കാര്‍ തയ്യാറകണം.

Back to Top