ഈ ജനത ഇതാണോ അര്‍ഹിക്കുന്നത്?
അസ്ഹര്‍ മലപ്പുറം
രാജ്യം 74-ാം റിപബ്ലിക് ദിനത്തിലൂടെ കടന്നുപോയി. ഓരോ റിപബ്ലിക് ദിനം ആചരിക്കുമ്പോഴും ഭരണഘടനാ ശില്‍പികള്‍ ആഗ്രഹിച്ച ആ സമത്വ സുന്ദര റിപബ്ലിക് പുലര്‍ന്നോ എന്ന ചൊദ്യം ഉയരാറുണ്ട്. വോട്ടു ചെയ്യാനല്ലാതെ പൊതുജനങ്ങളെ മറ്റൊന്നിനും ആവശ്യമില്ലെന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളും വോട്ടു ചെയ്തിട്ടെന്ത് എന്നു ചിന്തിക്കുന്ന പുതുതലമുറയും നമുക്കു മുമ്പിലുണ്ട്. ജനാധിപത്യം എന്ന ആശയത്തിന്റെ മെലി ഞ്ഞ അസ്ഥികൂടം മാത്രമാണ് ദര്‍ശിക്കാനാവുന്നത്.
തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷം പോലും ഏതു കക്ഷിയില്‍ നില്‍ക്കുമെന്ന് ഉറപ്പില്ലാത്ത സാമാജികര്‍ ഇന്നത്തെ സ്ഥിരം കാഴ്ചയാണ്. പണമെറിഞ്ഞ് ചാക്കിട്ടുവാരുന്ന റിസോര്‍ട്ട് രാഷ്ട്രീയം പണക്കൊതി പൂണ്ടവരെ നിറയ്ക്കുകയും ആദര്‍ശവും ആത്മാര്‍ഥതയുമുള്ളവരെ പുറംതള്ളുകയുമാണ് ചെയ്യുന്നത്. ഏതു നിമിഷവും തകര്‍ന്നുവീഴാവുന്ന ഭരണസംവിധാനങ്ങളാണ് നമുക്കു ചുറ്റും. സംസ്ഥാന ഭരണം മാറുന്നതുപോലും മണിക്കൂറുകള്‍ക്കുള്ളിലാണ്. ഉത്തര്‍പ്രദേശില്‍ 1998ല്‍ കല്യാണ്‍ സിങ് നേതൃത്വം നല്‍കിയ ബി ജെ പി ഗവണ്‍മെന്റിനെ ഗവര്‍ണര്‍ പിരിച്ചുവിട്ടപ്പോള്‍, ജഗദംബികാ പാലിന്റെ സമയം തെളിഞ്ഞു. കോണ്‍ഗ്രസ് എം എല്‍ എമാരുടെ സ്വഭാവദൂഷ്യം അറിയാമായിരുന്ന ജഗദംബികാ പാല്‍, എം എല്‍ എമാരെ ‘നാടുകടത്തി.’ സഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ട ദിവസമാണ് അവര്‍ മടങ്ങിയെത്തിയത്. അങ്ങനെ ജഗദംബികാ പാല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
ബിഹാറില്‍, 2000ല്‍ അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്-ആര്‍ ജെ ഡി സഖ്യം പ്രതിസന്ധിയിലായപ്പോള്‍ ജെ ഡി യു നേതാവ് നിതീഷ് കുമാറിന് ഗവണ്‍മെന്റ് ഉണ്ടാക്കാന്‍ ക്ഷണം ലഭിച്ചു. പട്‌നയിലെ ഒരു ഹോട്ടലിലേക്കായിരുന്നു അന്ന് കോണ്‍ഗ്രസ്-ആര്‍ ജെ ഡി എം എല്‍ എമാര്‍ പലായനം ചെയ്തത്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നിതീഷ് കുമാറിന് ഒരാഴ്ചക്കാലം മാത്രമേ ആ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞുള്ളൂ.
2002ല്‍ കുതിരക്കച്ചവടം തടയാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ് റാവു ദേശ്മുഖ് 71 എം എല്‍ എമാരെ മൈസൂരിലേക്കാണ് കടത്തിക്കൊണ്ടുപോയത്. അന്ന് മഹാരാഷ്ട്രയില്‍ ഈ നാടകത്തിന്റെ സംവിധാനം ബി ജെ പി-ശിവസേന സഖ്യമാണ് നിര്‍വഹിച്ചത്. പിന്നീട് ഇത് പരീക്ഷിക്കപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്.
തമിഴ്‌നാട്ടിലും മുഖ്യമന്ത്രി പനീര്‍ സെല്‍വം രാജിവെച്ചപ്പോള്‍ അപകടം മണത്ത ശശികല, തന്നോടൊപ്പമുള്ള എം എല്‍ എമാരെ ചെന്നൈക്കടുത്തുള്ള ഗോള്‍ഡന്‍ ബേ റിസോര്‍ട്ടിലേക്ക് കടത്തി. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികല ജയിലിലേക്ക് പോയപ്പോള്‍ എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റു.
ഇങ്ങനെ എത്രയോ രാഷ്ട്രീയ കുതിരക്കച്ചവടങ്ങള്‍ 74 റിപബ്ലിക് ദിനങ്ങള്‍ക്കിടയില്‍ രാഷ്ട്രം കണ്ടു. ഇനിയും സ്വപ്‌നം കാണുക എന്നല്ലാതെ മൂല്യമുള്ള ഒരു റിപബ്ലിക് യാഥാര്‍ഥ്യമാകുമെന്ന് കരുതുന്നതില്‍ അര്‍ഥം കാണുന്നില്ല. ഈ ജനത ഇതാണോ അര്‍ഹിക്കുന്നത് എന്നതാണ് പ്രധാന ചോദ്യം.