3 Tuesday
December 2024
2024 December 3
1446 Joumada II 1

വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ തൊഴില്‍ നൈപുണി വികസനത്തിന് സഹായകരമോ?

ഡോ. ഇസെഡ് എ അഷ്‌റഫ്


കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിന്റെ പ്രധാന പോരായ്മയായി എല്ലാവരും ചൂണ്ടിക്കാട്ടാറുള്ള ഒന്നാണ് കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നവരില്‍ നിന്നു പ്രതീക്ഷിക്കപ്പെടുന്ന തൊഴില്‍ നൈപുണി ആര്‍ജിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുന്നില്ല എന്നത്. ഓരോ വ്യക്തിയുടെയും അഭിരുചിക്ക് ഇണങ്ങുന്ന തൊഴില്‍ നേടാന്‍ പര്യാപ്തമാക്കുക എന്നത് ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നിരിക്കെ ഈ വിമര്‍ശനത്തില്‍ ഏറെ കഴമ്പുണ്ട്. സര്‍വകലാശാലാ പരീക്ഷകളില്‍ ഉന്നത വിജയവും റാങ്കുമൊക്കെ നേടുന്ന വിദ്യാര്‍ഥിക്കു പോലും തൊഴില്‍മേഖലയില്‍ നടക്കുന്ന ഇന്റര്‍വ്യൂകളില്‍ വിജയിക്കാനാവുന്നില്ല. ഒരുവശത്ത് തൊഴിലവസരങ്ങളും മറുവശത്ത് വിദ്യാസമ്പന്നരും നിരവധി ഉണ്ടെങ്കിലും ഇവയെ പരസ്പരം ബന്ധിപ്പിക്കാന്‍ സാധിക്കുന്ന കണ്ണി നഷ്ടപ്പെട്ടിരിക്കുന്നു.
ഈ സാഹചര്യത്തിലാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് ദേശവ്യാപകമായി ബിരുദ കോഴ്‌സുകളുടെ ദൈര്‍ഘ്യം മൂന്നു വര്‍ഷത്തില്‍ നിന്നും നാലു വര്‍ഷമായി വര്‍ധിപ്പിക്കുന്നത്. കേരളത്തിലും ഈ ജൂണ്‍ മുതല്‍ നാലു വര്‍ഷ ബിരുദ കോഴ്‌സുകളിലേക്ക് മാറുകയാണ്. നൈപുണി വികസനം ഒരു പ്രധാന ഘടകമായി വിശദീകരിക്കുന്ന നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ എത്രമാത്രം അതിന്റെ ലക്ഷ്യം നിറവേറ്റും? ഉന്നത വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളായ അറിവുല്‍പാദനവും ഗവേഷണവും സാധ്യമാവുന്നതോടൊപ്പം തൊഴില്‍ നൈപുണിയും ജീവിത നൈപുണിയും ആര്‍ജിച്ചെടുക്കാന്‍ പുതിയ പരിഷ്‌കാരങ്ങള്‍ക്ക് സാധിക്കുമോ? ഒരു അക്കാദമിക വര്‍ഷത്തിന്റെ ആരംഭത്തില്‍ തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യങ്ങളാണിത്.
കേരളത്തില്‍ സര്‍ക്കാര്‍ ഇപ്പോള്‍ തുടക്കം കുറിച്ചിരിക്കുന്ന ഉന്നത വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ അടിസ്ഥാനം കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്ത് (2021ല്‍) നിയമിക്കപ്പെട്ട ശ്യാം ബി മേനോന്‍ അധ്യക്ഷനായ കമ്മീഷന്റെ റിപ്പോര്‍ട്ട് ആണ്. പരിഷ്‌കാരങ്ങളുടെ പ്രഥമ പരിഗണന ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള ഗ്രോസ് എന്റോള്‍മെന്റ് റേഷ്യോ (GER) വര്‍ധിപ്പിക്കുക എന്നതും ഗുണനിലവാരം ഉയര്‍ത്തുക എന്നതുമായിരിക്കണം എന്നാണ് പ്രസ്തുത റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നത്. ഏഋഞ വര്‍ധിപ്പിക്കാന്‍ കൂടുതല്‍ കോളജുകളും കോഴ്‌സുകളും ആരംഭിക്കണമെന്നും ഗുണനിലവാരം ഉയര്‍ത്താന്‍ ഘടനാപരമായ മാറ്റം വേണമെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി നൂറുകണക്കിന് കോളജുകളെ ഒരു സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യുന്ന നിലവിലുള്ള രീതിക്കു പകരം കോണ്‍സ്റ്റിറ്റിയുവന്റ് കോളജ് എന്ന സംവിധാനമാണ് ശ്യാം ബി മേനോന്‍ ആവശ്യപ്പെടുന്നത്. കുറച്ച് കോളജുകള്‍ ചേര്‍ന്ന് സ്വയംഭരണ സ്വഭാവമുള്ള ഒരു സര്‍വകലാശാലയായി പ്രവര്‍ത്തിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ബിരുദം നാലു വര്‍ഷ ഓണേഴ്‌സ് കോഴ്‌സുകളായി മാറുന്നു എന്നത് ഘടനാപരമായി വളരെ പ്രധാനപ്പെട്ട ഒരു മാറ്റമാണ്. ഈ വര്‍ഷം പ്ലസ്ടു കഴിഞ്ഞ് കോളജുകളിലേക്കു വരുന്നവര്‍ പുതുതായി ആരംഭിക്കുന്ന നാലു വര്‍ഷ ഡിഗ്രി പ്രോഗ്രാമിലാണ് പ്രവേശനം ലഭിക്കുക. ഇത് ഗുണനിലവാരം ഉയര്‍ത്താന്‍ എത്രമാത്രം പര്യാപ്തമാണ് എന്നതും തൊഴില്‍ നൈപുണി എത്രമാത്രം ഉള്ളടക്കം ചെയ്തിരിക്കുന്നു എന്നതും പ്രസക്തമായ ചോദ്യങ്ങളാണ്.

കേരളത്തില്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് നിരവധി പരിഷ്‌കാരങ്ങള്‍ അടുത്തിടെ വരുത്തിയിട്ടുണ്ട്. പരിഷ്‌കാരത്തിന്റെ ഭാഗമായി പഠനരീതിയിലും പരീക്ഷയിലും മാറ്റങ്ങളുണ്ടായെങ്കിലും അക്കാദമിക സമൂഹം ലക്ഷ്യമിട്ട തരത്തിലുള്ള ഗുണഫലം ഈ പരിഷ്‌കാരത്തിലൂടെ ലഭിച്ചില്ല എന്നത് വസ്തുതയാണ്. പരിഷ്‌കാരങ്ങളൊന്നും വിദ്യാര്‍ഥികേന്ദ്രിതമല്ല എന്നതായിരുന്നു പ്രധാന കാരണം.
ഇവ പരിഹരിക്കാന്‍ ആവശ്യമായ മാറ്റങ്ങളടക്കം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിദ്യാര്‍ഥികേന്ദ്രിതമായ പാഠ്യപദ്ധതിയാണ് നാലു വര്‍ഷ ബിരുദ കോഴ്‌സിന് തയ്യാറാക്കിവരുന്നത്. നിലവിലുള്ള ഘടന തന്നെ ചോയ്‌സ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം എന്നാണ് അറിയപ്പെട്ടിരുന്നത് എങ്കിലും ക്രെഡിറ്റിന് അത്ര പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, പുതിയ സംവിധാനം പൂര്‍ണമായും ക്രെഡിറ്റ് അടിസ്ഥാനത്തിലാണ് സംവിധാനിച്ചിട്ടുള്ളത്.
ബിരുദം നേടാന്‍ ബന്ധപ്പെട്ട വിഷയത്തില്‍ നിശ്ചിത ക്രെഡിറ്റ്’ ലഭിക്കണം എന്നത് നിര്‍ബന്ധമാണ്. എല്ലാ കോഴ്‌സുകളും പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തില്‍ നിന്നുതന്നെ പൂര്‍ത്തീകരിക്കണമെന്ന നിര്‍ബന്ധമില്ല എന്നത് വളരെ ശ്രദ്ധേയമായ മാറ്റമാണ്. താല്‍പര്യമുള്ള കോഴ്‌സുകളില്‍ സ്വയം പഠിച്ച് ക്രെഡിറ്റ് നേടാനുള്ള സ്വാതന്ത്ര്യം വിദ്യാര്‍ഥികള്‍ക്കുണ്ട്. സ്വന്തം കോളജില്‍ ഇല്ലാത്ത കോഴ്‌സുകളില്‍ മറ്റു സ്ഥാപനങ്ങളില്‍ നിന്നോ ഓണ്‍ലൈന്‍ ആയോ ക്രെഡിറ്റ് നേടാം. നാലു വര്‍ഷ പ്രോഗ്രാമില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്ക് വേണമെങ്കില്‍ മൂന്നാം വര്‍ഷം പഠനം അവസാനിപ്പിക്കാം എന്ന പ്രത്യേകത കൂടിയുണ്ട്. ഇങ്ങനെ എക്‌സിറ്റ് ചെയ്യുന്നവര്‍ 133 ക്രെഡിറ്റുകളുള്ള കോഴ്‌സുകളില്‍ വിജയിച്ചാല്‍ മൂന്നു വര്‍ഷ ബിരുദം ലഭിക്കും. ഇത്തരത്തില്‍ മൂന്നു വര്‍ഷ പഠനത്തിലൂടെ ബിരുദം നേടിയവര്‍ക്ക് നിലവിലുള്ളതുപോലെ രണ്ടു വര്‍ഷ കോഴ്‌സില്‍ ചേര്‍ന്നുകൊണ്ട് പിജി ബിരുദം നേടാനുമാവും.
ബിരുദ പ്രോഗ്രാമിലെ നാലാം വര്‍ഷത്തില്‍ ഗവേഷണത്തിനും തൊഴില്‍ നേടുന്നതിന് ആവശ്യമായ ഇന്റേണ്‍ഷിപ്പിനും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കോഴ്‌സുകളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. നാലാം വര്‍ഷത്തില്‍ തിരഞ്ഞെടുത്ത കോഴ്‌സുകളെ ആസ്പദമാക്കി ബിരുദം (ഓണേഴ്‌സ്) അല്ലെങ്കില്‍ ബിരുദം (ഓണേഴ്‌സ് വിത്ത് റിസര്‍ച്ച്) ഡിഗ്രി ലഭിക്കും. പുതിയ സമ്പ്രദായത്തില്‍ വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കുന്ന മുഖ്യ വിഷയം മേജര്‍ എന്നും മറ്റു വിഷയങ്ങള്‍ മൈനര്‍ എന്നും അറിയപ്പെടും. മേജര്‍, മൈനര്‍ കോഴ്‌സുകള്‍ക്ക് പുറമെ ഫൗണ്ടേഷന്‍ കോഴ്‌സുകള്‍, ക്യാപ്‌സ്റ്റോണ്‍ കോഴ്‌സുകള്‍ എന്നീ മൂന്നു തരത്തിലുള്ള കോഴ്‌സുകളാണുള്ളത്. മേജര്‍, മൈനര്‍ കോഴ്‌സുകള്‍ക്ക് നാല് ക്രെഡിറ്റും ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്ക് മൂന്നു ക്രെഡിറ്റുമാണ്.
ബിരുദ പഠനത്തിന് ഒരു വിദ്യാര്‍ഥിയെ സജ്ജമാക്കാന്‍ ആവശ്യമായ ജനറല്‍ കോഴ്‌സുകളും മേജര്‍, മൈനര്‍ കോഴ്‌സുകള്‍ക്കു സഹായകമാകുന്ന പൊതുധാരണ നല്‍കുന്ന കോഴ്‌സുകളുമാണ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍. നാലു വര്‍ഷ ബിരുദ പഠനത്തില്‍ എല്ലാ വിദ്യാര്‍ഥികളും നിര്‍ബന്ധമായും പഠിച്ചിരിക്കേണ്ട കോഴ്‌സുകളാണിത്. ഇംഗ്ലീഷ് ഭാഷയിലും മലയാളം/ ഹിന്ദി/ അറബിക്/ മറ്റ് ഇന്ത്യന്‍-വിദേശ ഭാഷകളില്‍ വിദ്യാര്‍ഥികളുടെ കഴിവ് വര്‍ധിപ്പിക്കുന്നതിനുള്ള കോഴ്‌സുകള്‍ ഇതില്‍ ഉള്‍പ്പെട്ടതാണ്.
തൊഴില്‍ നേടാന്‍ പര്യാപ്തമായ കമ്യൂണിക്കേഷന്‍/ സോഫ്റ്റ് സ്‌കില്‍ കോഴ്‌സുകള്‍, ജോലിക്കും ജീവിതവിജയത്തിനും ആവശ്യമായ മൂല്യങ്ങള്‍ പകരുന്ന കോഴ്‌സുകള്‍ എന്നിവ ഫൗണ്ടേഷന്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്‌കില്‍ കോഴ്‌സുകള്‍ വിദ്യാര്‍ഥികളുടെ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുമെന്നാണ് കരുതുന്നത്.
വിദ്യാര്‍ഥികള്‍ക്ക് ലഭിച്ച അറിവ് തൊഴില്‍ ഉള്‍പ്പെടെ വിവിധ മേഖലയില്‍ പ്രയോഗിക്കാനും കൂടുതല്‍ പ്രൊഫഷണല്‍ ആകാനും ലക്ഷ്യമിട്ടാണ് ക്യാപ്‌സ്റ്റോണ്‍ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തുന്നത്. തിരഞ്ഞെടുത്ത വിഷയത്തില്‍ ആഴത്തില്‍ അറിവ് നേടാനും പ്രായോഗിക പരിശീലനം നേടാനും സഹായിക്കുന്ന ഇന്റേണ്‍ഷിപ്പുകളും പ്രോജക്ടുകളും ഈ കോഴ്‌സുകളില്‍ ഉള്‍പ്പെടുന്നതാണ്. സാമൂഹിക സേവനങ്ങള്‍, തൊഴില്‍ പരിശീലനം, പ്രൊഫഷണല്‍ പരിശീലനം തുടങ്ങിയവ തൊഴില്‍ പ്രാവീണ്യം ലഭിക്കാന്‍ വിദ്യാര്‍ഥിയെ സഹായിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

ചുരുക്കത്തില്‍, ബിരുദം നേടിയിട്ടും ആവശ്യമായ സ്‌കില്‍ ലഭിക്കുന്നില്ല എന്ന പരാതി പരിഹരിക്കാനുള്ള ശ്രമം പുതിയ ഘടനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷേ, സ്വാഭാവികമായും ഉയരുന്ന ചോദ്യം പ്രയോഗതലത്തില്‍ ഇത് എത്രമാത്രം വിജയം കാണുമെന്നതാണ്. പരിമിതമായ ഡിപാര്‍ട്ട്‌മെന്റുകളുള്ള സര്‍ക്കാര്‍ കോളജുകള്‍ക്കും ചെറിയ സ്വാശ്രയ കോളജുകള്‍ക്കും ഇത് വിജയിപ്പിച്ചെടുക്കാന്‍ ഏറെ പ്രയാസപ്പെടേണ്ടിവരും. പ്രത്യേകിച്ച് സ്ഥിരം അധ്യാപകര്‍ കുറവുള്ള കോളജുകള്‍ക്ക്.
കാമ്പസുകളോടൊപ്പം തൊഴില്‍ പരിശീലന കേന്ദ്രങ്ങളും പ്രായോഗിക പരിശീലനത്തിനായുള്ള കേന്ദ്രങ്ങളും ആരംഭിച്ച് കൊണ്ട് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ സാധിക്കുകയുള്ളൂ.
പഠനത്തോടൊപ്പം തന്നെ ബന്ധപ്പെട്ട മേഖലയില്‍ ജോലി ചെയ്യാനുള്ള അവസരങ്ങള്‍ കൂടി ലഭിക്കുകയാണെങ്കില്‍ മികച്ച പ്രായോഗിക പരിശീലനത്തോടെ പുറത്തിറങ്ങാന്‍ അത് കുട്ടികളെ പ്രാപ്തരാക്കും. കോഴ്‌സുകള്‍ നവീകരിക്കുന്നതോടൊപ്പം തന്നെ ഇത്തരത്തിലുള്ള സംവിധാനങ്ങള്‍ കൂടി ഒരുക്കാന്‍ സര്‍ക്കാരും സ്ഥാപനങ്ങളും തയ്യാറാകേണ്ടതുണ്ട്.

Back to Top