29 Friday
March 2024
2024 March 29
1445 Ramadân 19

വിദ്യാഭ്യാസത്തിന്റെ ഏത് തലങ്ങളെയാണ് പരിഷ്‌കരിക്കേണ്ടത്?

ഡോ. അമൃത് ജി കുമാര്‍


പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേരളത്തില്‍ വലിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പൊതുസമൂഹം പോലും വളരെ ക്രിയാത്മകമായി ഈ ചര്‍ച്ചകളില്‍ പങ്കാളികളാവുന്നുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ ഇ പി) ഭാഗമായി പ്രവര്‍ത്തിച്ച വ്യക്തിയെന്ന നിലയില്‍ പാഠ്യപദ്ധതി പരിഷ്‌കരണത്തെ നിരീക്ഷിക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാറിന് ഈ കാര്യത്തില്‍ അനാവശ്യ ധൃതി ഉള്ളതായി കാണാന്‍ കഴിയുന്നുണ്ട്.
പുതിയ ദേശീയ വിദ്യാഭ്യാസ നയം സ്‌കൂള്‍ ഘടനയെ തന്നെ മാറ്റിമറിച്ചുകൊണ്ട് ഫൗണ്ടേഷണല്‍, പ്രിപ്പറേറ്ററി, മിഡില്‍, സെക്കന്‍ഡറി എന്നിങ്ങനെ തരംതിരിച്ചു കൊണ്ടുള്ള രീതിയാണ് മുന്നോട്ടുവെക്കുന്നത്. ഇങ്ങനെ വേര്‍തിരിച്ച ഓരോ തലങ്ങള്‍ക്കും ആവശ്യമായ പാഠ്യപദ്ധതിയുടെ രൂപീകരണവും നടന്നുവരുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു പാഠ്യപദ്ധതി പരിഷ്‌കരണം കൊണ്ടുവരുമ്പോള്‍ അത്, എന്‍ ഇ പി നിര്‍ദേശിച്ച ഏത് ലെവലിലേക്കുള്ളതാണെന്ന് പ്രത്യേകം പരാമര്‍ശിക്കണം. നിര്‍ഭാഗ്യവശാല്‍ ഇതുവരെ അങ്ങനെയൊരു കൃത്യത ഈ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കാണാന്‍ കഴിഞ്ഞിട്ടില്ല.
എന്താണ് ഇങ്ങനെ ഒരു പരിഷ്‌കരണത്തിന്റെ ആവശ്യകത എന്ന ചോദ്യത്തിന് നമുക്ക് ലഭിക്കുന്ന മറുപടി ‘ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംസ്ഥാനങ്ങളോട് പാഠ്യപദ്ധതി ചട്ടക്കൂട് ഉണ്ടാക്കി നല്‍കണം എന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്’ എന്നാണ്. എന്താണ് അതിനര്‍ഥം? കേന്ദ്ര വിദ്യാഭ്യാസനയത്തെ പൂര്‍ണാര്‍ഥത്തില്‍ നമ്മള്‍ അംഗീകരിച്ചു എന്നല്ലേ? കേന്ദ്രം അങ്ങനെയൊരു ആവശ്യം ഉന്നയിച്ച അന്നുതന്നെ ഇത്തരത്തിലൊരു പാഠ്യപദ്ധതി പരിഷ്‌കരണ പരിപാടി തുടങ്ങിയതിനെയാണ് മുകളില്‍ ‘ഒരു അനാവശ്യ ധൃതി’ എന്ന് വിശേഷിപ്പിച്ചത്. കേരളം ഒരു ദേശീയ വിദ്യാഭ്യാസ പദ്ധതി തന്നെ കൊണ്ടുവരും എന്ന് പ്രഖ്യാപിച്ച മന്ത്രിയടക്കമുള്ളവരാണ് കേന്ദ്രം ഒരു പാഠ്യപദ്ധതി ചട്ടക്കൂട് കൊണ്ടുവരൂ എന്ന് ആവശ്യപ്പെട്ടപ്പോള്‍ ഉടനെത്തന്നെ പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്‌കൂള്‍ ഘടന മുകളില്‍ സൂചിപ്പിച്ചതുപോലെ വ്യത്യസ്ത തലങ്ങളായി വേര്‍തിരിക്കുകയാണെങ്കില്‍ കേരളത്തിനു മാത്രമായി അതില്‍ നിന്ന് മാറിനില്‍ക്കുക അസാധ്യമാണ്. അങ്ങനെ മാറിനിന്നാല്‍ തന്നെ നമ്മുടെ കുട്ടികള്‍ക്ക് കേന്ദ്ര സര്‍വകലാശാലകളിലോ ഐ ഐ ടി പോലുള്ള കേന്ദ്ര വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കാനുള്ള അവസരം നഷ്ടപ്പെടും.
നിലവില്‍ യൂനിവേഴ്‌സിറ്റികളിലും മറ്റു ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ 10+2 എന്നത് നിര്‍ബന്ധമാണ്. അതായത് പത്താം തരം പാസായി ശേഷം പ്ലസ്ടുവോ തത്തുല്യമായ മറ്റേതെങ്കിലും കോഴ്‌സോ പൂര്‍ത്തീകരിക്കണം. ദേശീയ വിദ്യാഭ്യാസ നയം നടപ്പാവുകയും സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഘടന മുകളില്‍ സൂചിപ്പിച്ച പോലെ ഫൗണ്ടേഷണല്‍, പ്രിപ്പറേറ്ററി, മിഡില്‍, സെക്കന്‍ഡറി എന്നിങ്ങനെ വേര്‍തിരിക്കപ്പെടുകയും ചെയ്താല്‍ യൂണിവേഴ്‌സിറ്റികളിലും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അഡ്മിഷന്‍ ലഭിക്കാന്‍ ഫൗണ്ടേഷണല്‍ + പ്രിപ്പറേറ്ററി + മിഡില്‍ + സെക്കന്‍ഡറി എന്നീ തലങ്ങള്‍ പൂര്‍ത്തീകരിക്കല്‍ നിര്‍ബന്ധമാകും. നമ്മള്‍ ആ ഘടനയിലേക്ക് മാറിയില്ല എങ്കില്‍ തീര്‍ച്ചയായും നമ്മുടെ വിദ്യാര്‍ഥികള്‍ക്ക് അത്തരം സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കില്ല. അഡ്മിഷന്‍ ലഭിക്കാത്തതില്‍ നമുക്ക് പ്രതിഷേധിക്കാന്‍ പോലും അവസരം ഉണ്ടാകില്ല. ഇത്തരം ഒരു പ്രശ്‌നം വരുമെന്ന് അറിഞ്ഞുകൊണ്ടാണ് നമ്മള്‍ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായുള്ള സ്‌കൂള്‍ ഘടന പരിഷ്‌കരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ദേശീയ വിദ്യാഭ്യാസ നയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വിയോജിക്കാനുള്ള അവസരം ഉണ്ടായിരിക്കെത്തന്നെ ഇത്തരത്തില്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധിതരാവുന്നുണ്ട്. ഇങ്ങനെയൊരു നിര്‍ബന്ധിതാവസ്ഥയില്‍ ഫൗണ്ടേഷന്റെയാണോ പ്രിപ്പറേറ്ററിയുടെയാണോ മിഡിലിന്റെയാണോ സെക്കന്‍ഡറിയുടേതാണോ എന്ന് വ്യക്തമാക്കാത്ത ഒരു പാഠ്യപദ്ധതി ചട്ടക്കൂടാണ് നമ്മുടെ മുന്നിലേക്ക് വന്നിരിക്കുന്നത്. അതായത് സ്‌കൂള്‍ ഘടന കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി മാറിയാല്‍ ഓരോ തലങ്ങളിലേക്കും വേണ്ട പാഠ്യപദ്ധതി ചട്ടക്കൂട് ഇനിയും നമ്മള്‍ ഉണ്ടാക്കേണ്ടിവരും. ഇവിടെയാണ് മുകളില്‍ സൂചിപ്പിച്ച അനാവശ്യ ധൃതി നമുക്ക് വ്യക്തമായി കാണാന്‍ കഴിയുന്നത്.
കേന്ദ്ര സര്‍ക്കാരോ ഇതര സംസ്ഥാനങ്ങളോ ഇത്തരത്തില്‍ ഒരു പാഠ്യപദ്ധതി പരിഷ്‌കരണം നടപ്പാക്കുന്നതിനു മുമ്പ് എന്തിനാണ് കേരളം ധൃതിപിടിച്ച് ഇത്തരത്തിലുള്ള ഒരു പാഠ്യപദ്ധതി ചട്ടക്കൂട് നിര്‍മിക്കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. എന്നാല്‍ ഈ ചോദ്യത്തിന്റെ ഉത്തരം വളരെ നിസ്സാരമാണ്. കേരളത്തിന്റെ വിദ്യാഭ്യാസരംഗം മത്സരാത്മകമായി ഏറെ മുന്നിലാണ് എന്ന് കാണിക്കാന്‍ വേണ്ടിയുള്ള ഒരു വ്യഗ്രതയാണ് ഈ ധൃതിക്കു കാരണം. അതായത് നമ്മുടെ വിദ്യാഭ്യാസ നിലവാരം ഏറെ മുന്നിലാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കേണ്ട ഒരവസ്ഥയില്‍ നമ്മള്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
1817-ല്‍ തിരുവിതാംകൂര്‍ മഹാറാണിയായിരുന്ന ഗൗരി പാര്‍വതി ഭായി ഒരു ‘നീട്ട്’ ഇറക്കുന്നു. ആ നീട്ടില്‍ പറയുന്നത് എന്റെ ഭരണപ്രദേശത്തുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണം എന്നാണ്. കേണല്‍ മണ്‍റോ ഈ നീട്ടിനെ കുറിച്ച് എഴുതിയിട്ടുണ്ട്.
ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിയില്‍ പോലും സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുന്നതിനു മുമ്പ് കേരളത്തിന്റെ തിരുവിതാംകൂറിന്റെ റാണി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം നല്‍കണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. അതായത് ഹാര്‍വാഡ് യൂനിവേഴ്‌സിറ്റിക്കു പോലും അപ്രാപ്യമായ ഒരു വിദ്യാഭ്യാസ പാരമ്പര്യം കേരളത്തിനുണ്ട്. നമ്മുടെ വിദ്യാഭ്യാസ പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ക്ക് ഒരു അബോധഘടനയുണ്ട്. ആ അബോധഘടനയിലുണ്ടാകുന്ന തോന്നലുകളാണ് നമുക്കു മുമ്പിലെത്തണം മുമ്പിലെത്തണമെന്ന ഒരു വ്യഗ്രതയെ സൃഷ്ടിക്കുന്നത് എന്ന് നമുക്ക് കാണാന്‍ കഴിയും.
വിജ്ഞാന സമൂഹം
പരിഷ്‌കരിച്ച പാഠ്യപദ്ധതിയിലെ ചില പോയിന്റുകള്‍ പരിശോധിക്കാം: വളരെ പ്രധാനപ്പെട്ട ഒരു പോയിന്റായി ഇതില്‍ ഉള്‍പ്പെടുത്തിയത് ‘നമുക്കൊരു വിജ്ഞാന സമൂഹമായി മാറണം’ എന്നാണ്. ഈ കരടില്‍ അതിനെ വിശദീകരിച്ചിരിക്കുന്നത് ‘നിരന്തരം അറിവ് സൃഷ്ടിക്കുന്ന സമൂഹമാണ് വിജ്ഞാന സമൂഹം’ എന്നാണ്. ഒരര്‍ഥത്തില്‍ ഒരു പരിധി വരെ അത് ശരിയാണ്. എന്നാല്‍ അത് പൂര്‍ണമായും ശരിയാണെന്നു പറയുക സാധ്യമല്ല. അത് വിജ്ഞാന സമൂഹം എന്നതിന്റെ വളരെ പരിമിതമായ അര്‍ഥം മാത്രമാണ്.
യഥാര്‍ഥത്തില്‍ വിജ്ഞാന സമൂഹം എന്ന് പറയുന്നത് അറിവ് സൃഷ്ടിക്കുകയും ആ അറിവ് പൂര്‍ണമായും സൗജന്യമായി എല്ലാവരിലേക്കും വിതരണം ചെയ്യപ്പെടുകയും, അങ്ങനെ വിതരണം ചെയ്യപ്പെട്ട അറിവ് ഒരു വിഭവമായി പരിണമിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തെയാണ് വിജ്ഞാന സമൂഹം എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ പാഠ്യപദ്ധതി ചട്ടക്കൂടില്‍ അറിവിന്റെ വിതരണവും വിഭവവത്കരണവും നാം ഉള്‍പ്പെടുത്താന്‍ മറന്നുപോയിരിക്കുന്നു. ക്ലാസ്മുറികളില്‍ അറിവ് ഉല്‍പാദിപ്പിക്കപ്പെടുക എന്നതിനെ നിസ്സാരമായി കാണാന്‍ നമുക്ക് സാധിക്കില്ല. എന്നാല്‍ ഈയൊരു അറിവ് ഉല്‍പാദനം നടത്താന്‍ വേണ്ടി നമ്മള്‍ മുന്നോട്ടുവെക്കുന്ന പദ്ധതികളും അതിനെ പ്രയോഗവത്കരിക്കാനുള്ള രീതികളും കാണുമ്പോള്‍ തമാശയായി തോന്നാറുണ്ട്.
മുമ്പ് സോഷ്യല്‍ കണ്‍സ്ട്രക്റ്റീവ് മെത്തേഡ് നടപ്പാക്കിയ സമയത്ത് സംഭവിച്ച പോലെ ടീച്ചര്‍ ക്ലാസിലേക്ക് വരും, കുട്ടികളെ ഗ്രൂപ്പാക്കി തിരിക്കും, കുട്ടികള്‍ക്ക് പുസ്തകത്തില്‍ നിന്നുള്ള എന്തെങ്കിലുമൊക്കെ ടാസ്‌ക് നല്‍കും, കുട്ടികള്‍ പാഠപുസ്തകത്തില്‍ നിന്ന് അത് കണ്ടെത്താനുള്ള ശ്രമം നടത്തും, ടീച്ചര്‍ അവരുടേതായ മറ്റു കാര്യങ്ങളില്‍ മുഴുകും- ഇതില്‍ എവിടെയാണ് അറിവ് ഉല്‍പാദിപ്പിക്കപ്പെടുന്നത്? ഇനി ഓരോ ക്ലാസുകളിലും അറിവ് ഉല്‍പാദിപ്പിക്കപ്പെടുന്നുവെന്നുതന്നെ കരുതാം. എങ്കില്‍ ഈ ഉല്‍പാദിപ്പിക്കപ്പെടുന്ന അറിവ് എങ്ങോട്ടാണ് പോകുന്നത്?
അറിവ് എന്നത് ഒരു ചരിത്ര ഉല്‍പന്നമാണ് അല്ലെങ്കില്‍ ഒരു സാംസ്‌കാരിക ഉല്‍പന്നമാണ്. അതായത് ഓരോ വ്യക്തിക്കും അവന്റെ അനുഭവങ്ങളും അവന്റെ സാംസ്‌കാരിക ചുറ്റുപാടുകളുമാണ് അവന്റെ അറിവിന്റെ ആധാരമായി മാറുന്നത്. അത്തരം ഒരു സാംസ്‌കാരിക പശ്ചാത്തലം ഒരാള്‍ക്ക് ലഭിക്കാത്തിടത്തോളം കാലം അവനിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന അറിവ് കടല്‍മീനിനെ എടുത്ത് പുഴയിലിട്ടതുപോലെ ആയിരിക്കും.
ഉദാഹരണത്തിന് ഒരു റോസാപ്പൂവിനെ ഒരു കവി നോക്കിക്കാണുന്നതും ഒരു കാമുകന്‍ നോക്കിക്കാണുന്നതും ഒരു പൂജാരി നോക്കിക്കാണുന്നതും മൂന്നു വീക്ഷണകോണിലൂടെയായിരിക്കും. ഇങ്ങനെ ക്ലാസ്മുറികളില്‍ നിന്ന് വ്യത്യസ്തരായ വിദ്യാര്‍ഥികള്‍ വ്യത്യസ്തങ്ങളായ വീക്ഷണകോണിലൂടെ ആര്‍ജിച്ചെടുത്ത അറിവ് എങ്ങനെയായിരിക്കും നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥിതിക്കുള്ളില്‍ നിന്നുകൊണ്ട് ഒരു അധ്യാപകന്‍ ക്രോഡീകരിക്കുക. അങ്ങനെ ക്രോഡീകരിക്കാനും അതിനെ അഡ്രസ് ചെയ്യാനുമുള്ള ഒരു ത്രാണി ഈ പറഞ്ഞ വിദ്യാഭ്യാസ ചട്ടക്കൂടിനുണ്ടോ എന്ന് നാം ആലോചിക്കേണ്ടതുണ്ട്.
മത്സരലോകം
മറ്റൊരു പോയിന്റായി പാഠ്യപദ്ധതി കരടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്, മത്സരാത്മകമായ ഒരു ലോകമാണ് നമ്മുടേത് എന്നും അതുകൊണ്ട് നാം വിദ്യാര്‍ഥികളെ മത്സരാത്മക സമൂഹമായി വളര്‍ത്തേണ്ടതുണ്ട് എന്നുമാണ്. ഇവിടെ ഒരു വൈരുധ്യമുണ്ട്. പത്ത് കുട്ടികള്‍, പത്ത് ഗാര്‍ഹിക പശ്ചാത്തലം, പത്ത് സാംസ്‌കാരിക ചുറ്റുപാട്- ഇവര്‍ നിര്‍മിച്ചെടുക്കുന്നത് പത്ത് തരത്തിലുള്ള അറിവുകളായിരിക്കും. നാം മുകളില്‍ സൂചിപ്പിച്ച പോയിന്റ് പ്രകാരം ഈ 10 അറിവുകളെയും പരിഗണിക്കുകയും ബഹുമാനിക്കുകയും വില വെക്കുകയും ചെയ്യണം. ശേഷം പറയുകയാണ് മത്സരാത്മക സമൂഹമായി വിദ്യാര്‍ഥികളെ വളര്‍ത്തണമെന്ന്. ഈ വൈരുധ്യത്തെ നമ്മള്‍ എങ്ങനെയാണ് അഡ്രസ് ചെയ്യുക?
ഇനി ഏറ്റവും പ്രധാനപ്പെട്ടത് എന്ന് എനിക്ക് തോന്നിയ മറ്റൊരു പോയിന്റ്. വിദ്യാസമ്പന്നമായ ഒരു പ്രദേശത്തിന് ചേരാത്ത പലതും നമ്മുടെ ഇടയില്‍ നിലനില്‍ക്കുന്നുണ്ട് എന്ന് പറഞ്ഞാണ് ആ പോയിന്റ് തുടങ്ങുന്നത്. അത് വളരെ ശരിയാണ്. അത് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും നിലനില്‍ക്കുന്നുണ്ട്. കേരളത്തില്‍ ഏകദേശം ഒരു ലക്ഷത്തോളം അധ്യാപകര്‍ ജോലി എടുക്കുന്നത് എയ്ഡഡ് സ്‌കൂളുകളിലാണ്. ഏതാണ്ട് അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിലുള്ള അധ്യാപകര്‍ ഗവണ്മെന്റ് സ്‌കൂളുകളിലും. എന്നാല്‍ ഇതിനു പുറമേ ഒരു ലക്ഷത്തില്‍പരം അധ്യാപകര്‍ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്നുണ്ട്. അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ഈ ഒരു ലക്ഷത്തില്‍പരം അധ്യാപകര്‍ പണിമുടക്കിയാല്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയാകമാനം സ്തംഭിക്കും. ഈ ആളുകള്‍ ജോലി ചെയ്യുന്നത് എത്ര രൂപ ശമ്പളത്തിനാണ് എന്നറിയുമോ? 5000 രൂപ, പ്രീപ്രൈമറി തലത്തില്‍ ആണെങ്കില്‍ 2000 രൂപ ശമ്പളത്തിനാണ് ഇവര്‍ ജോലി ചെയ്യുന്നത്! ഏറ്റവും ഉയര്‍ന്ന ശമ്പളം 8000 രൂപയൊക്കെയാണ്. ഈ അധ്യാപകരുടെ ക്വാളിഫിക്കേഷന്‍ ബിഎഡ്, എംഎഡ്, എംഎസ്‌സി തുടങ്ങി ഉയര്‍ന്ന നിലവാരത്തില്‍ ഉള്ളതാണുതാനും.
ഈയിടെ വിദ്യാഭ്യാസത്തെക്കുറിച്ച് പഠിക്കാന്‍ നമ്മുടെ ഒരു സംഘം ഫിന്‍ലന്‍ഡിലേക്ക് പോയിരുന്നു. ഫിന്‍ലന്‍ഡില്‍ നിന്ന് ഉള്‍ക്കൊണ്ട ഏതെങ്കിലും ഒരു മാറ്റം കേരളത്തില്‍ നടപ്പാക്കുന്നുണ്ട് എങ്കില്‍ ആദ്യം നടപ്പാക്കേണ്ടത് ഈ അരക്ഷിതരായ അധ്യാപക സമൂഹത്തെ സുരക്ഷിതരാക്കുക എന്നതാണ്.
‘വിദ്യാസമ്പന്നമായ ഒരു പ്രദേശത്തിന് ചേരാത്ത’ എന്ന കരടിലെ പോയിന്റ് അധ്യാപക സമൂഹത്തിന്റെ ശമ്പളം, അധ്യാപകര്‍ക്ക് നല്‍കുന്ന ബഹുമാനം, അധ്യാപകരുടെ നിയമനരീതി എന്നീ കാര്യങ്ങളിലേക്കുകൂടി ഊന്നല്‍ നല്‍കി നല്ല ഒരു വിദ്യാഭ്യാസ സംവിധാനത്തെ സൃഷ്ടിക്കട്ടെയെന്ന് നമുക്ക്പ്രത്യാശിക്കാം.
ലേഖനാവിഷ്‌കാരം:
ജൗഹര്‍ അരൂര്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x