29 Friday
March 2024
2024 March 29
1445 Ramadân 19

നാണം മറയ്ക്കാന്‍ മതിലു പണിയുന്ന ഭരണാധികാരികള്‍

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാരാജ്യം സന്ദര്‍ശിക്കാന്‍ വരികയാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരമാണ് വരുന്നത്. ഇതില്‍ അതിശയത്തിന് യാതൊരു വകയുമില്ല. രാഷ്ട്രാന്തരീയ ബന്ധങ്ങളും മര്യാദകളും പാലിക്കുന്നതില്‍ നമ്മുടെ രാജ്യം മോശമല്ല; ആവരുത്. എന്നാല്‍ ട്രംപ് സന്ദര്‍ശനം വാര്‍ത്തയില്‍ ഇടം നേടിയത് അതിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ടല്ല. ഉഭയകക്ഷികള്‍ ഒപ്പുവെയ്ക്കാന്‍ പോകുന്ന കരാറുകളുടെ മഹത്ത്വം കൊണ്ടുമല്ല. മറിച്ച് ജാടപ്രിയരായ രണ്ടു ഭരണത്തലവന്മാരുടെ നിലവാരമില്ലാത്ത നിലപാടുകള്‍ മൂലമാണ്.
തന്റെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ അവിടെ കഴിഞ്ഞുകൂടുന്ന ഇന്ത്യക്കാരെ വിളിച്ചുവരുത്തി ‘ഹൗഡി മോഡി’ നടത്തിയതിനു ബദലായി, ഇവിടെ ട്രംപ് വരുമ്പോള്‍ സ്വീകരിക്കാന്‍ എഴുപതു ലക്ഷം ആളുകള്‍ അണിനിരക്കുമെന്നാണ് നമ്മുടെ പ്രധാനമന്ത്രി തട്ടിവിട്ടത്. എന്നാല്‍ സ്വീകരണം നടക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക വിശദീകരണം വന്നുകഴിഞ്ഞു. വഴിയോര കാണികളുള്‍പ്പെടെ ഏഴു ലക്ഷമാളുകള്‍ ഉണ്ടാവുമെന്ന്. ഇത്തരം വില കുറഞ്ഞ ജാടകളാണോ രാഷ്ട്രീയത്തലവന്‍മാരോ ഭരണപ്രതിനിധികളോ ഇതര രാഷ്ട്രങ്ങളിലെത്തുമ്പോള്‍ ഉയര്‍ന്നുവരേണ്ടത്!
ഇന്ത്യയിലെത്തുന്ന അമേരിക്കന്‍ പ്രസിഡന്റിന് സ്വീകരണമേര്‍പ്പെടുത്തിയിരിക്കുന്നത് ഗുജറാത്തിലെ അഹ്മദാബാദിലാണ്. ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മനാടാണ് എന്ന പ്രാധാന്യമല്ല സ്വീകരണമൊരുക്കുന്ന ‘വെന്യൂ’വിന്റെ പ്രസക്തി; ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം നാടാണ് എന്നതാണ്. അതെല്ലാം സ്വാഭാവികം. എന്നാല്‍ ഏതൊരിന്ത്യക്കാരനെയും വേദനിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ട്രംപ് റോഡ് ഷോ കടന്നുപോകുന്ന ‘രാജപാത’യുടെ ഓരം ചേര്‍ന്നു കിടക്കുന്ന ചേരിപ്രദേശം ട്രംപിന്റെ ദൃഷ്ടിയില്‍ നിന്ന് മറയ്ക്കുവാനായി ചേരിക്കും പാതയ്ക്കുമിടയില്‍ ഏഴടി ഉയരത്തില്‍ മതില്‍ കെട്ടി മറയ്ക്കുകയാണത്രെ!
സ്വാതന്ത്ര്യം കിട്ടി ഏഴു പതിറ്റാണ്ടു പിന്നിട്ടു എന്നിട്ടും ദാരിദ്ര്യം മറയ്ക്കാന്‍ ഏഴടി പൊക്കത്തില്‍ മതില്‍ പണിയേണ്ടിവരുന്നു. മതിലിന്നു പിന്നില്‍ മറച്ചുവെയ്ക്കാവുന്നതാണോ രാജ്യത്തിന്റെ ദൈന്യം! ഗ്രാമങ്ങളും അടിസ്ഥാന വര്‍ഗങ്ങളുമാണ് ഇന്ത്യയുടെ ജീവന്‍ എന്നു പഠിപ്പിച്ച രാഷ്ട്രപിതാവിനെ മറക്കരുത്. വികസനത്തിന്റെ ഗുജറാത്ത് മോഡല്‍ എന്ന് സ്വന്തം സംസ്ഥാനത്തെപ്പറ്റി ഇന്ത്യക്കു മാതൃകയായി മേനിപറഞ്ഞ മോദിയാണ് നാണം മറയ്ക്കാന്‍ മതിലു പണിയുന്നത്! അതും താന്‍ മുഖ്യമന്ത്രിയായി ഏറെക്കാലം ഭരിച്ച സംസ്ഥാനത്ത്.
മതില്‍ കെട്ടി മറച്ചാല്‍ ദാരിദ്ര്യം ഇല്ലാതാവില്ല. പ്രജകളുടെ അടിസ്ഥാനാവശ്യം നിറവേറ്റുക എന്നതാണ് പ്രജാപതിയുടെ ധാര്‍മിക ഉത്തരവാദിത്വം. വിശപ്പടക്കാന്‍ ഗതിയില്ലാത്ത പരകോടി ജനങ്ങള്‍ ഇന്ത്യയിലുണ്ട്. അതൊരു യാഥാര്‍ഥ്യമാണ്. ആരു ഭരണത്തില്‍ കയറിയാലും പ്രഥമ പരിഗണന ഇക്കാര്യത്തിലാണു വേണ്ടത്. ശാസ്ത്ര – ഗവേഷണ – വ്യവസായ രംഗങ്ങളിലെല്ലാം വളര്‍ച്ച പ്രാപിക്കേണ്ടതുണ്ട്. ലോകത്തിനു മുന്നില്‍ ശക്തി കൈവരിക്കുകയും പ്രകടിപ്പിക്കുകയും വേണ്ടതുണ്ട്. എന്നാല്‍ അതിന്റെയൊക്കെ കൂടെ പ്രജാക്ഷേമം ഉറപ്പുവരുത്തണം. ഒരു നേരത്തെ ആഹാരത്തിനുവേണ്ടി കൈനീട്ടാന്‍ പോലും ഗതിയില്ലാത്ത അനേക ലക്ഷങ്ങള്‍ ഓരോ സംസ്ഥാനത്തുമുണ്ട്. രാജ്യ തലസ്ഥാനത്തുപോലും ഈ ദയനീയ ദൃശ്യം സുലഭമാണ്. ഈ പശ്ചാത്തലത്തിലാണ് ജനങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്ന ഡല്‍ഹി മുഖ്യമന്ത്രി ശ്രദ്ധേയനാവുന്നത്.
സ്വതന്ത്ര ഇന്ത്യ ഏഴു പതിറ്റാണ്ടു പിന്നിട്ടിട്ടും ദാരിദ്ര്യം പിടിമുറുക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്. അതംഗീകരിക്കുന്നതിനു പകരം മറ്റുള്ളവരില്‍ നിന്ന് മതില്‍ കെട്ടിമറയ്ക്കുന്നത് കാപട്യമാണ്. ഈ ദരിദ്ര കോടികള്‍ക്കു മുന്നില്‍ പത്തു ലക്ഷത്തിന്റെ കോട്ടു ധരിച്ച് ജാട കാണിക്കുന്ന ഭരണാധികാരിയുടെ മനസ്ഥിതിയോ; അപഹാസ്യവും.
ലോകത്തിലെ വന്‍ ശക്തിയാണ് അമേരിക്ക. ഏറ്റവും ശക്തനായ ഭരണാധികാരിയാണ് അമേരിക്കന്‍ പ്രസിഡന്റ്. അദ്ദേഹത്തിന് മുന്നില്‍ നമ്മുടെ ചേരികള്‍ മറച്ചുവെച്ചാല്‍ അദ്ദേഹത്തിന് അതും മനസ്സിലാവും. കാരണം ‘ഇത്ര വലിയ’ അമേരിക്കയിലും ദാരിദ്ര്യം കളിയാടുന്ന ചേരികളുണ്ട്. പണക്കൊഴുപ്പിന്റെ പറുദീസയും ധൂര്‍ത്തിന്റെയും ദുര്‍വൃത്തികളുടെയും കൂത്തരങ്ങുമായ അമേരിക്കന്‍ പട്ടണമായ ഘമ്െലഴമ െന്റെ തൊട്ടപ്പുറം അതിദയനീയമായ ചേരിപ്രദേശമാണെന്ന് പ്രസിദ്ധ ജാലവിദ്യക്കാരനായ ഗോപിനാഥ് മുതുകാട് സ്വന്തം അനുഭവത്തില്‍ നിന്ന് ഓര്‍ത്തെടുക്കുന്നു. അപ്പോള്‍ എന്തിനീ കാപട്യം!
ലോകരാജ്യങ്ങള്‍ ചുറ്റിക്കറങ്ങി നടക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഈ കാപട്യത്തിന്റെ യാഥാര്‍ഥ്യം അറിഞ്ഞിരിക്കേണ്ടതാണ്. ജമ്മു കശ്മീരില്‍ ഇന്ന് ‘കളിയാടുന്ന സമാധാനം’ കാണിച്ചു കൊടുക്കാന്‍ ലോകപ്രതിനിധികളെ വിളിച്ചുകൊണ്ടു വന്നതിലെ ആത്മാര്‍ഥതയും ചേര്‍ത്തുവായിക്കാം. സ്വന്തം പ്രജകളുടെ ദൈന്യം മൂടിവെച്ച്, ഒരു വിഭാഗത്തെ അപരവത്ക്കരിച്ച്, മറ്റുള്ളവരുടെ മുന്നില്‍ മേനി നടിക്കുന്ന ഭരണാധികാരികള്‍ മാറിച്ചിന്തിക്കണമെന്നുണര്‍ത്തുന്നു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x