നേതൃസ്ഥാനത്തിരിക്കുന്നവര്‍ പക്വമതികളാകണം
റോമാ സാമ്രാജ്യം കത്തിയെരിയുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെക്കുറിച്ച് പറയാറുണ്ട്. അവിടെ ചോദ്യം ചെയ്യപ്പെടാത്ത രാജാധികാരമായിരുന്നെങ്കില്‍ കേരളത്തില്‍ അങ്ങനെയല്ല. ജനായത്ത ക്രമത്തിലൂടെ ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണകൂടമാണ്. അതുകൊണ്ടുതന്നെ ജനങ്ങളോട് മിനിമം ചില ഉത്തരവാദിത്തങ്ങളെങ്കിലും നിര്‍വഹിക്കാന്‍ സര്‍ക്കാറിനും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ബാധ്യതയുണ്ട്. കോവിഡ് വ്യാപനത്തിന്റെ ദുരിതത്തില്‍ നാട് കത്തിയെരിയുമ്പോഴാണ് ബ്രണ്ണന്‍ കോളജിലെ പഴയ വീരകഥകള്‍ വിളമ്പി മുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനും സാമാന്യ ജനത്തെ കൊഞ്ഞനം കുത്തുന്നത്. കെ പി സി സി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കെ സുധാകരന്‍ ഒരു വാരികക്ക് നല്‍കിയ അഭിമുഖമാണ് വിവാദങ്ങളുടെ തുടക്കം. വീണത് വിദ്യയെന്ന പോലെ, ഭരണം തുടങ്ങും മുമ്പെ മരംമുറി വിവാദത്തില്‍ നാണം കെട്ട് നില്‍ക്കുന്ന മുഖ്യമന്ത്രി, വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കെ പി സി സി അധ്യക്ഷന്റെ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളെ ഏറ്റെടുത്ത് മറുപടി വിളമ്പി. അതും കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഓരോ ദിവസവും സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങളെക്കുറിച്ച് അറിയാന്‍ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാര്‍ത്താ സമ്മേളനത്തിന് കാത്തിരിക്കുന്ന ജനങ്ങള്‍ക്ക് മുന്നില്‍. ഒന്നോ രണ്ടോ വാക്കുകളിലല്ല, നാല്‍പത് മിനുട്ട് നേരം. അടുത്ത ദിവസം വീണ്ടും കെ പി സി സി അധ്യക്ഷന്റെ മറുപടി. മഹാദുരന്തത്തിന്റെ താണ്ഡവത്തില്‍ നട്ടെല്ലൊടിഞ്ഞ് നില്‍ക്കുന്ന ജനത്തിനു മുന്നിലാണ്, സാറേ, ഇവനെന്നെ പിച്ചി, തോണ്ടി, തല്ലി എന്നെല്ലാം പറയുന്ന എല്‍ കെ ജി കുട്ടികളുടെ നിഷ്‌കളങ്കതയോടെ മുഖ്യമന്ത്രിയും കെ പി സി സി അധ്യക്ഷനും പോരടിക്കുന്നത്. എത്രമേല്‍ പരിഹാസ്യമാണ് ഇതെന്ന് ആലോചിക്കണം. എന്താണ് ഇന്നത്തെ കേരളത്തിന്റെ അവസ്ഥയെന്ന് ഇപ്പറഞ്ഞവര്‍ താഴെ തട്ടിലിറങ്ങി ഒന്ന് അന്വേഷിച്ചിട്ടുണ്ടോ. സൗജന്യ റേഷനിലും കിറ്റിലും എല്ലാ ബാധ്യതകളും തീര്‍ക്കുന്ന ഭരണകൂടം അരപ്പട്ടിണിയും മുഴുപ്പട്ടിണിയും കാരണം നരകയാതന അനുഭവിക്കുന്ന മനുഷ്യരുടെ കാര്യം ഓര്‍ക്കാത്തത് എന്തുകൊണ്ടാണ്. മഹാവ്യാധിക്കു മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് മനുഷ്യനും ശാസ്ത്രവും ഒരുപോലെ. ഏതു നിമിഷവും ആരെയും തേടിയെത്താവുന്ന മഹാമാരി. ആര്‍ക്കും ജീവന്‍ നഷ്ടപ്പെടാവുന്ന അവസ്ഥ. പ്രായംപോലും അതിന് മാനദണ്ഡമാകുന്നില്ല. രോഗവ്യാപനം തടയാനെന്ന പേരില്‍ ഭരണകൂടം നടത്തുന്ന അടച്ചിടലുകള്‍. ബലപ്രയോഗങ്ങള്‍, അടിച്ചേല്‍പ്പിക്കലുകള്‍, അടഞ്ഞുകിടക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍, നിശ്ചലമായ തൊഴില്‍ മേഖലകള്‍, നിരത്തിലിറങ്ങാന്‍ കഴിയാത്ത ബസ് സര്‍വീസുകള്‍, ഓട്ടോ തൊഴിലാളികള്‍, കൂലിപ്പണിക്കാരനു പോലും നിത്യജീവിതത്തിന് വകയില്ലാത്ത അവസ്ഥ, ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ ഞെരിഞ്ഞമരുന്ന കുട്ടികളുടെ പഠനം.
ചെയ്യുന്ന തൊഴിലില്‍ അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തിയാല്‍ മിച്ചം വെക്കാനില്ലാത്ത വലിയൊരു വിഭാഗം ജനങ്ങള്‍, അവരുടെ കുടുംബത്തിന്റെ പ്രാഥമിക ആവശ്യങ്ങള്‍, മക്കളുടെ പഠനം, വിവാഹം, ഭക്ഷണം, വസ്ത്രം, ബാങ്ക് വായ്പകള്‍, ചിട്ടികള്‍…, ഈ ബാധ്യതകള്‍ക്കു നടുവില്‍ നടുനിവര്‍ത്താന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സാധാരണ ജനങ്ങള്‍. അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റത്തില്‍ നിര്‍മാണ മേഖല പൂര്‍ണമായും സ്തംഭിച്ചിരിക്കുകയാണ്. എല്ലാ നിലയിലും ദുരിത കാലം. വായ്പ നല്‍കിയവന് പണം തിരിച്ചു നല്‍കാന്‍ കഴിയാത്തതിന്റെ നാണക്കേടില്‍ നില്‍ക്കുന്ന മനുഷ്യര്‍, ആത്മഹത്യയുടെ വക്കോളം എത്തി നില്‍ക്കുന്ന മറ്റു ചിലര്‍. അവര്‍ക്കു മുന്നിലാണ് ഈ വീണ വായന എന്നോര്‍ക്കണം. അതും യാതൊരു സാഹചര്യ പ്രസക്തിയുമില്ലാത്ത ഒരു വിഷയത്തില്‍ കടിച്ചുതൂങ്ങിക്കിടന്ന്. ഇത്തരം ഭരണാധികാരികളെ ഓര്‍ത്ത് ലജ്ജിച്ചു തലതാഴ്ത്തുകയേ തരമുള്ളൂ.
ആറുമാസമായിട്ടും എങ്ങുമെത്താത്ത വാക്‌സിനേഷന്റെ വീഴ്ചയാണ് അടച്ചിടലെന്ന നാടകത്തിലൂടെ ജനത്തിനുമേല്‍ വീണ്ടും വീണ്ടും തുടര്‍ന്നു കൊണ്ടിരിക്കുന്നത്. മാസ്‌ക് ധരിച്ചില്ലെങ്കിലും സാമൂഹിക അകലം പാലിച്ചില്ലെങ്കിലും ഭരണകൂട വേട്ടയാടലുകള്‍ ഭയന്ന് പുറത്തിറങ്ങാന്‍ ഭയക്കുന്ന മനുഷ്യര്‍ ഒരു ഭാഗത്ത്. ഒരു കോവിഡ് പ്രോട്ടോകോളും ബാധകമല്ലാത്ത ബിവറേജസ് ഔട്ട്‌ലെറ്റുകളുടേയും വിദേശ മദ്യഷോപ്പുകളുടേയും പരിധികള്‍ മറുവശത്ത്. മാസ്‌ക് ധരിക്കാതെ മകളുടെ തൊട്ടടുത്തുള്ള വീട്ടിലേക്ക് പോയ മലപ്പുറത്തെ ആയിഷത്താത്താനെ പിടിച്ചുനിര്‍ത്തി വിരട്ടുന്ന സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ വാഹനം ഒരിക്കലും ബീവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലെ നീണ്ട വരികള്‍ കാണില്ല. ഇതിനേക്കാള്‍ വലിയ എന്ത് ഭരണകൂട ദുരന്തമാണാവോ ഇനി കാണാനുള്ളത്. ദുരന്ത കാലത്ത് ഭരണകൂടത്തില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്ന മിനിമം ചില കാര്യങ്ങളുണ്ട്. നരകയാതനക്ക് ആശ്വാസമാകുന്ന നടപടികളാണ് ഇതില്‍ പ്രധാനം. കേവലം സൗജന്യ റേഷനിലോ കിറ്റിലോ ഒതുങ്ങുന്ന ഒന്നല്ല അത്. പെട്രോളിന്റേയും ഡീസലിന്റേയും വില വര്‍ധനവിലൂടെ ലഭിക്കുന്ന അധിക നികുതി വരുമാനം പോലും വേണ്ടെന്നു വെക്കാന്‍ കൂട്ടാക്കാത്ത ഭരണകൂടമാണ് നമുക്കുള്ളത്. പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരുന്നവന്റെ മനോഭാവം. അതിനൊപ്പമാണ് പുതുതലമുറയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഈ ബ്രണ്ണന്‍ തള്ളു കൂടി സഹിക്കേണ്ടി വരുന്നത്. സ്വയം തിരുത്തിയില്ലെങ്കില്‍ ജനം തിരുത്തുന്ന കാലം വരുമെന്ന ഓര്‍മ്മയെങ്കിലും ഇക്കൂട്ടര്‍ക്ക് ഉണ്ടായെങ്കില്‍… .