ഇ ഡിയുടെ ശുഷ്‌കാന്തി
അബ്ദുല്‍ഹാദി
രാഷ്ട്രീയ എതിരാളികളെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് നേരിടുന്ന പ്രവണത 2014 മുതല്‍ വ്യാപകമാണ്. ഉദാഹരണത്തിന് അടുത്തിടെ ചന്ദ്രബാബു നായിഡുവിനെതിരായി വന്ന കേസ് പരിശോധിച്ചാല്‍ മതി. അടുത്തിടെ നായിഡുവിനെ മുഖ്യ പ്രതിയായി പ്രഖ്യാപിച്ച കേസിന്റെ പരിണാമം പരിശോധിക്കുമ്പോള്‍, രാഷ്ട്രീയ പകപോക്കലാണോ അന്വേഷണത്തെ നയിക്കുന്നതെന്ന സംശയം ഉയരുന്നു. കേസിന്റെ യോഗ്യത പരിഗണിക്കാതെത്തന്നെ നായിഡുവിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുള്ള ഇ ഡി പോലുള്ള ഏജന്‍സികളുടെ ശുഷ്‌കാന്തി, പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ അറസ്റ്റുകള്‍ രാഷ്ട്രീയ ആയുധമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കാണേണ്ടതാണ്.
അന്വേഷണങ്ങളില്‍ കൃത്യമായ തെളിവുകളെ ആശ്രയിക്കുന്നതിനു പകരം, സമുന്നതരായ ആളുകളെ അറസ്റ്റു ചെയ്യുന്ന ഇ ഡിയുടെ രീതി ഇപ്പോള്‍ സംസ്ഥാന ഏജന്‍സികളും ആവര്‍ത്തിക്കുന്നു. പദ്ധതിയിലെ ക്രമക്കേടുകളുമായി നായിഡുവിനുള്ള വ്യക്തമായ ബന്ധം തെളിയിക്കേണ്ട ബാധ്യത ഇപ്പോള്‍ എ പി സിഐഡിക്കാണ്.
ക്രമക്കേടുകളും അഴിമതിക്കേസുകളും കൈകാര്യം ചെയ്യുന്നത് സംസ്ഥാന ഏജന്‍സികള്‍ക്ക് അത്ര എളുപ്പമല്ല. പക്ഷേ, ഭരണത്തിലെ അഴിമതി ഇല്ലാതാക്കണമെങ്കില്‍, അന്വേഷണ ഏജന്‍സികള്‍ അധികാരത്തിലുള്ള പാര്‍ട്ടിയുടെ ആജ്ഞാനുവര്‍ത്തികളായി കാണപ്പെടാന്‍ പാടില്ല. ഇത്തരം പെരുമാറ്റങ്ങള്‍ അഴിമതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ സംശയം വളര്‍ത്താനും സ്ഥാപനങ്ങളിലുള്ള അവരുടെ വിശ്വാസത്തെ ദുര്‍ബലപ്പെടുത്താനും മാത്രമേ സഹായിക്കൂ.