സ്റ്റാലിന്റെ സാമൂഹ്യനീതിക്കായുള്ള ഐക്യനിരയില്‍ പ്രതീക്ഷയുണ്ട്
ഇ ടി മുഹമ്മദ് ബഷീര്‍ എം പി /കെ പി ഷെഫീഖ് പുറ്റെക്കാട്
പാര്‍ലമെന്റില്‍ തൊണ്ണൂറ് ശതമാനത്തിലധികം ഹാജരുള്ളത് മൂന്ന് പാര്‍ട്ടികള്‍ക്കാണെന്നുള്ള റിപ്പോര്‍ട്ട്് ഈയിടെ പുറത്ത് വരികയുണ്ടായി. മുസ്‌ലിംലീഗ്, ബി എസ് പി, ജനതാദള്‍ എന്നിവയാണവ. മുസ്‌ലിംലീഗിന്റെ ലോക്‌സഭ നേതാവും പൊന്നാനി എം പിയുമായ ഇ ടി മുഹമ്മദ് ബഷീര്‍ ഡല്‍ഹിയില്‍ വെച്ച് ശബാബിന്് നല്‍കിയ അഭിമുഖത്തില്‍ നിലവിലെ ബഡ്ജറ്റ് സമ്മേളനവും ദേശീയ രാഷ്ട്രീയ സാഹചര്യവും വിശദീകരിക്കുന്നു.
? രാഹുല്‍ഗാന്ധിയുടെ പാര്‍ലമെന്ററി പ്രസംഗത്തെ കുറിച്ച് പരാമര്‍ശിച്ച് തുടങ്ങാം. രാഹുല്‍ പറയുന്ന രണ്ട് ഇന്ത്യയോട് താങ്കള്‍ എങ്ങനെ പ്രതികരിക്കുന്നു.
സാധുക്കളുടെ ഇന്ത്യ, സമ്പന്നരുടെ ഇന്ത്യ -ഇങ്ങനെ രണ്ടു തരത്തിലുള്ള ഇന്ത്യയുണ്ട് ഇക്കാലത്ത്. ഇന്നത്തെ ഇന്ത്യയുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യത്തെ അത്രക്ക് ഭംഗിയായി അതില്‍ അദ്ദേഹം വരച്ചു കാണിക്കുന്നുണ്ട്. ഇന്ത്യയുടെ സമ്പത്തു മുഴുവനും ഏതാനും കുടുംബങ്ങളുടെ കയ്യിലേക്ക് എത്തിയിരിക്കുകയാണ്. സാധുക്കളുടെ കാര്യം പരിതാപകരമാണ്. ജനങ്ങളെ പലതുകൊണ്ടും രണ്ടായി കാണുന്ന ഒരു പ്രവണത ഇന്നത്തെ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഉണ്ട്. ജീവിത സാഹചര്യങ്ങളില്‍ വന്ന അന്തരം, പട്ടിണി സൂചികയില്‍ രാജ്യത്തിന്റെ താഴ്ച തുടങ്ങിയവ ഉദാഹരണമാണ്. സകല രംഗങ്ങളിലും രാജ്യം താഴേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന അവസരങ്ങളിലും ജനങ്ങള്‍ക്കൊപ്പം നില്ക്കാതെ കേന്ദ്രം അംബാനി-അദാനി ഗ്രൂപ്പുകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അത് ഒരേസമയം സങ്കടകരവും പച്ചയായ യാഥാര്‍ഥ്യവുമാണ്.
രാജ്യം സാമൂഹികനീതിയുടെ വ്യത്യസ്ത തലങ്ങളില്‍, പട്ടിണി, തൊഴിലില്ലായ്മ, വിദ്യാഭ്യാസമില്ലായ്മ എന്നിവയിലൊക്കെ ദരിദ്രര്‍ കൂടുതല്‍ ദരിദ്രര്‍ ആയികൊണ്ടേയിരിക്കുകയാണ്. അവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ സമ്പത്ത് സമ്പന്നന്മാരുടെ കയ്യില്‍ അകപ്പെട്ടിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഒക്കെയും ഒന്നിന് പുറകെ ഒന്നായി വിറ്റു കൊണ്ടിരിക്കുകയാണ്. കര്‍ഷകരുടെ കാര്യം നമ്മള്‍ കണ്ടു. അതിഥി തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ നമ്മള്‍ കൊറോണ കാലത്ത് കണ്ടു. ഇതാണ് രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിന്റെ കാതല്‍.
? നന്ദിപ്രമേയ പ്രസംഗത്തില്‍ താങ്കള്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തെ പിന്തുണച്ച്, Governance of Governers എന്നൊരു ആശയം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. ഇന്ത്യന്‍ ഫെഡറല്‍ വ്യവസ്ഥിതിയുടെ ഇപ്പോഴത്തെ അവസ്ഥയെ എങ്ങനെ വിലയിരുത്തുന്നു.
രാഹുല്‍ ഗാന്ധി പറയാന്‍ ശ്രമിച്ചത് ഭരണഘടനയില്‍ വ്യക്തമായി പറഞ്ഞുവെക്കുന്ന ഫെഡറലിസം എന്ന ആശയമാണ്. ഇന്ത്യ എന്നാല്‍ സംസ്ഥാനങ്ങളുടെ ഒരു കൂട്ടമാണ്. ഓരോ സംസ്ഥാനങ്ങള്‍ക്കും ഭരണഘടനാപരമായി ഒരുപാട് അവകാശങ്ങള്‍ കൊടുത്തിട്ടുണ്ട്. ഈ എല്ലാ അവകാശങ്ങളിലും കേന്ദ്ര ഗവണ്മെന്റ് ഇടപെടുകയാണ്. സംസ്ഥാനങ്ങളുമായി യോജിച്ചു ചെയ്യേണ്ട കാര്യങ്ങളില്‍ പോലും അവര്‍ സംസ്ഥാനങ്ങളെ മറികടക്കുകയാണ്. പ്രത്യേകിച്ച്, ബി ജെ പി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ കൊണ്ട് പരസ്യമായി ഭരണത്തില്‍ ഇടപെടല്‍ നടത്തിക്കുന്നു. ആ പ്രവണതയെയാണ് ഞാന്‍ എന്റെ പ്രസംഗത്തില്‍ സൂചിപ്പിച്ച Governance of Governers എന്നതു കൊണ്ട് ഉദ്ദേശിച്ചത്.
ഗവര്‍ണര്‍മാര്‍ക്ക് ഭരണഘടന ചില അധികാരങ്ങള്‍ കൊടുത്തിട്ടുണ്ട്. പക്ഷെ, അത് സംസ്ഥാന ഗവണ്മെന്റുകളോട് കൂടിയാലോചിച്ചു കൊണ്ടുള്ളതാവണം. അല്ലാതെ confrontation അല്ല ഉദ്ദേശിക്കുന്നത്.
? ഈ സാമ്പത്തിക വര്‍ഷത്തിലെ യൂണിയന്‍ ബഡ്ജറ്റിനെ എങ്ങനെ നോക്കിക്കാണുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ ജോലി നഷ്ടപ്പെട്ട പ്രവാസികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന എന്തെങ്കിലും പാക്കേജുകളുണ്ടോ അതില്‍.
പ്രവാസികളുടെ ബുദ്ധിമുട്ടുകള്‍ അനുഭാവപൂര്‍വം പരിഗണിക്കേണ്ട സംഗതിയാണ്. പക്ഷെ, രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വെച്ച് നോക്കുമ്പോള്‍ അകത്തുള്ള പ്രശ്‌നങ്ങള്‍ പോലും വേണ്ട വിധത്തില്‍ അഡ്രസ് ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലൂടെയാണ് കടന്നുപോയികൊണ്ടിരിക്കുന്നത്. തൊഴില്‍ നഷ്ടപ്പെട്ടു വരുന്ന പ്രവാസികളുടെ പുനരധിവാസം വളരെ പ്രധാനപ്പെട്ട പ്രശ്‌നമായി തന്നെ ഗവണ്‍മെന്റ് കാണേണ്ടതുണ്ട്. കൊറോണ കൊണ്ടുവന്ന സാമ്പത്തിക പ്രതിസന്ധി ഗള്‍ഫിലുമുണ്ട്. പല കമ്പനികളും ജീവനക്കാരെ പിരിച്ചുവിടുന്നുണ്ട്. പലരും മടങ്ങിയെത്തിക്കൊണ്ടിരിക്കുന്നു. തുടരുന്നവര്‍ക്ക് തന്നെ ഇപ്പോഴത്തെ ജോലി ചെയ്ത് അവിടെ പിടിച്ചുനില്‍ക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ട്. ഈ സാഹചര്യത്തില്‍ പ്രവാസികളെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതിയും ഈ ബഡ്ജറ്റിലില്ല എന്നുള്ളത് തീര്‍ത്തും നിരാശാജനകമാണ്.
ഇവിടത്തെ തൊഴിലാളികളുടെ അവസ്ഥയും പ്രധാനപ്പെട്ടതാണ്. കേന്ദ്ര ഗവണ്മെന്റ് ഉയര്‍ത്തിക്കാണിക്കുന്ന ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പോയിട്ട്, ഒന്നും ഇവിടെ നടക്കുന്നില്ല. എന്താണ് ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ കൊണ്ട് ഇവര്‍ ഉദ്ദേശിക്കുന്നത്? വിദേശ രാജ്യത്ത് നിന്ന് വസ്തുക്കള്‍ ഇറക്കുമതി ചെയ്ത് അത് ഇന്ത്യയില്‍ വെച്ച് അസംബിള്‍ ചെയ്യുന്നതോ? ഇവിടത്തെ വ്യവസായത്തിന്റെ 70 ശതമാനത്തോളം വരുന്ന ചെറുകിട-ഇടത്തരം വ്യവസായ രംഗം തകര്‍ന്നിരിക്കുകയാണ്. ഇത്തരം സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. ചെറുകിട വ്യവസായികളെ തകര്‍ച്ചയില്‍ നിന്ന് സംരക്ഷിക്കാനുള്ള യാതൊരു പദ്ധതികളും ഈ ബഡ്ജറ്റ് മുന്നോട്ടു വെക്കുന്നില്ല. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഒട്ടും അടിത്തട്ടിലേക്കിറങ്ങാത്ത ഒരു ബഡ്ജറ്റാണിത്.
? രാജ്യത്ത് ബി ജെ പിയുടെ നേതൃത്വത്തില്‍ കൃത്യമായി ഹിന്ദുത്വവത്കരണം അല്ലെങ്കില്‍ കാവിവല്‍ക്കരണം നടക്കുന്നുണ്ടെന്ന ആരോപണമുണ്ടല്ലോ.
ഇത്തരത്തില്‍ കരുതിക്കൂട്ടിയുള്ള ശ്രമം അവരുടെ ഭാഗത്തു നിന്ന് ഉണ്ടെന്നാണ് എനിക്ക് മനസിലാവുന്നത്. ഈ ബജറ്റ് സമ്മേളനത്തിലെ രാഷ്ട്രപതിയുടെ പ്രസംഗം പരിശോധിച്ചാല്‍ അത് വ്യക്തമാവും. ആ പ്രസംഗത്തില്‍ നിര്‍മിച്ചെടുക്കാന്‍ ശ്രമിക്കുന്നൊരു സംസ്‌കാരവും പൈതൃകവുമുണ്ട്. അത് കൃത്യമായി സംഘ്പരിവാര്‍ മുന്നോട്ട് വെക്കുന്ന അത്യന്തം വികലവും പ്രശ്‌നവത്കരിക്കപ്പെടേണ്ടതുമായ ഒരു ഹിന്ദുത്വ-ഇന്ത്യന്‍ ചരിത്രമാണ്. ആ ചരിത്രത്തില്‍, മുസ്ലിം സംഭാവനകള്‍ക്കോ മറ്റു സംസ്‌കാരങ്ങളുടെ ചരിത്രത്തിനോ ഒരു പ്രാധാന്യവുമില്ല.
ബി ജെ പി ഇന്ത്യയെ ഹിന്ദുത്വയിലേക്ക് എങ്ങനെ കൊണ്ടുപോവുന്നു എന്നതിനുള്ള ഏറ്റവും ഒടുവിലത്തേയും നിഷേധിക്കാന്‍ പറ്റാത്തതുമായ ഒരു സ്റ്റേറ്റ്‌മെന്റ് ആയിട്ട് വേണം ഈ പ്രസംഗത്തെ കാണാന്‍. ഇത് സംഘ്പരിവാറിന്റെ പരസ്യനയമാണ്. ഇതിനോടുള്ള പ്രതികരണം അതേ നാണയത്തില്‍ ആവരുത്. മതേതരത്വവും ഭരണഘടനയും രാജ്യത്തിന്റെ മതസഹിഷ്ണുതയും ഉയര്‍ത്തിപിടിച്ചു കൊണ്ടായിരിക്കണം. രാജ്യത്തെ ജനാധിപത്യ വിശ്വാസികളായ എല്ലാവരും അതില്‍ പങ്കുചേര്‍ന്നാല്‍ മാത്രമേ ആസൂത്രിതമായ കാവിവത്കരണത്തെ ചെറുത്തു തോല്‍പിക്കാന്‍ പറ്റൂ.
എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നയങ്ങളും ഭീഷണമാണ്. തങ്ങളുടെ നയങ്ങളെ വിമര്‍ശിക്കുന്നവരെ ദേശദ്രോഹ കുറ്റം ചുമത്തി വിചാരണ തടവുകാരാക്കുകയാണ് ഇവരുടെ രീതി. ഡോ ഹാനി ബാബുവിനെ പോലുള്ള അധ്യാപകര്‍, ഉമര്‍ ഖാലിദിനെ പോലുള്ള വിദ്യാര്‍ഥികള്‍, സിദ്ദീഖ് കാപ്പനെ പോലുള്ള മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവരെല്ലാം ഇതിന് ഉദാഹരണമാണ്. ഈ വിഷയങ്ങളെല്ലാം ഞങ്ങള്‍ പാര്‍ലമെന്റില്‍ വ്യക്തമായി ഉന്നയിക്കുന്നുണ്ട്.
? വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്ല്, കര്‍ണാടകയില്‍ നടന്നു കൊണ്ടിരിക്കുന്ന ഹിജാബ് വിഷയം എന്നിവയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര ഗവണ്മെന്റ് പൗരന്മാരുടെ മൗലിക അവകാശങ്ങളിലേക്ക് കടന്നു കയറുന്നതായി കാണാന്‍ പറ്റുമോ.
ഈ വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ ഇടപെടലുകള്‍ ശുദ്ധ അസംബന്ധമാണ്. വിവാഹ പ്രായത്തിന്റെ വിഷയത്തില്‍, പതിനെട്ട് വയസ്സിന്റെ സമയത്തും ഇരുപത്തിയൊന്ന് ആക്കാന്‍ ശ്രമിക്കുന്ന നേരത്തും ഒരേ നിലപാടാണ് മുസ്ലിംലീഗിനുള്ളത്. ഇതിനെ എതിര്‍ക്കാന്‍ രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഇത് വ്യക്തിയുടെ മൗലികമായ അവകാശമാണ്. രണ്ട്, മുസ്ലിം പേര്‍സണല്‍ ലോയില്‍ പെട്ടതാണ് വിവാഹവും സ്വത്തവകാശവുമെല്ലാം. അതില്‍ സ്റ്റേറ്റിന് നിയമം ഉണ്ടാക്കാന്‍ അവസരമില്ല. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25-ന്റെയും (മതവും വിശ്വാസവും അനുഷ്ഠിക്കാനുള്ള അവകാശം) ആര്‍ട്ടിക്കിള്‍ 21-ന്റെയും (ജീവിക്കാനുള്ള അവകാശം) ലംഘനമാണ് ഇത്തരം ഇടപെടലുകള്‍.
ഇന്ത്യയില്‍ വിവിധ മത- സമുദായ വിഭാഗങ്ങളുണ്ട്. ഇതില്‍ ചെറിയ പ്രായത്തില്‍ വിവാഹം കഴിക്കുന്നവരില്‍ വലിയ വിഭാഗവും മുസ്ലിംകളല്ല. ഇരുപത്തിയൊന്ന് എന്ന് ന്യായീകരിക്കുന്നതില്‍ എന്തെങ്കിലും ലോജിക് ഉണ്ടെന്ന് തോന്നുന്നില്ല. തങ്ങള്‍ സ്ത്രീകളുടെ രക്ഷകരാണെന്നു വരുത്തി തീര്‍ക്കാനുള്ള ചെപ്പടി വിദ്യകള്‍ കാണിക്കുകയാണ് കേന്ദ്ര ഗവണ്‍മെന്റ്. വളരെ നിസാരമായ കാര്യങ്ങള്‍ ഉയര്‍ത്തി രാഷ്ട്രീയ ലാഭത്തിനു ശ്രമിക്കുന്ന കേന്ദ്രം സ്ത്രീകളുടെ യഥാര്‍ഥ പ്രശ്ങ്ങള്‍ക്ക് നേരെ ചെറുവിരല്‍ പോലും അനക്കുന്നില്ല. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് പ്രകാരം, സ്ത്രീകള്‍ ഏറ്റവുമധികം പീഡനം അനുഭവിക്കുന്നത് ഗാര്‍ഹികമായാണ്. സ്വന്തം വീട്ടിലും ഭര്‍ത്താവിന്റെ വീട്ടിലും വെച്ചുമാണ്. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് മദ്യമാണ്. ഇത്തരം കാര്യങ്ങളൊന്നും ചര്‍ച്ച ചെയ്യാതെ വിഷയം വഴി തിരിച്ചു വിടുകയാണ്.
ഹിജാബ് വിഷയം വിവാദമായി നിലനില്‍ക്കേണ്ടത് ബി ജെ പിയുടെ രാഷ്ട്രീയ ലക്ഷ്യമാണ്. ഇത് മനസിലാക്കി സൂക്ഷ്മമായാണ് അതിനോട് പ്രതികരിച്ചത്. പാര്‍ലമെന്റില്‍ കൃത്യമായി സംസാരിച്ചു. ഇപ്പോള്‍ നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഇതിനെ കൂട്ടി വായിക്കണം. ഹിജാബ് ധരിക്കാന്‍ പാടില്ല എന്ന് പറയാന്‍ എന്ത് അവകാശമാണുള്ളത്? ഇല്ലാത്തൊരു പ്രശ്നം കോളജ് അധികൃതര്‍ ഉണ്ടാക്കുമ്പോള്‍ അതിനു കൃത്യമായ ഗവണ്മെന്റ് പിന്തുണയുണ്ടെന്ന് തന്നെ വേണം കരുതാന്‍. രാജ്യത്തിന്റെ മറ്റുള്ള ഭാഗങ്ങളിലേക്ക് പടരാന്‍ ശേഷിയുള്ള ഒരു സംഗതിയാണിത്. ഇത് മറ്റ് പലയിടത്തും ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത് ഗൗരവമുള്ളതാണ്.

????????????????????????????????????
? പൊതുരംഗത്തു പ്രത്യക്ഷപ്പെടുന്ന മുസ്ലിം പെണ്‍കുട്ടികളെ ഓണ്‍ലൈനില്‍ ലേലത്തിന് വെച്ച സുള്ളി ഡീല്‍സ്, ബുള്ളി ബായ് വെബ്‌സൈറ്റുകളിലൂടെ ഹിന്ദുത്വയുടെ പ്രചാരകര്‍ മുസ്ലിം വിദ്വേഷത്തെ പുതിയ രീതികളില്‍ പുനരാവിഷ്‌കരിക്കുകയല്ലേ. ഈ കേസുകളില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരിലേറെയും 25 വയസ്സിന് താഴെ പ്രായമുള്ളവരാണ്. സംഘപരിവാര്‍ മുന്നോട്ട് വെക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം പുതിയ തലമുറയിലേക്കും പകരുന്നു എന്നതിന്റെ തെളിവല്ലേ ഇത്.
ശരിയാണ്. പക്ഷെ വെറുപ്പ് നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും അധികം ആളെ കിട്ടുകയില്ലെന്നാണ് ഞാന്‍ കരുതുന്നത്. പ്രത്യേകിച്ച്, കൃത്യമായി വിദ്യാഭ്യാസം ലഭിച്ച യുവ തലമുറയെ. നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഉള്ളിലേക്ക് അത്ര പെട്ടെന്നൊന്നും സംഘ് പരിവാറിന്റെ വര്‍ഗീയ വിഷ പ്രചാരണങ്ങള്‍ക്ക് ആഴ്ന്നിറങ്ങാന്‍ കഴിയുകയില്ല. മുസ്ലിം സ്ത്രീകളെ ഓണ്‍ലൈന്‍ ആയിട്ട് വില്‍ക്കാന്‍ വെക്കുമ്പോഴും, പശുവിന്റെ പേര് പറഞ്ഞ് നിരപരാധികളായ മുസ്ലിംകളെ അടിച്ചു കൊല്ലുമ്പോഴും അവര്‍ രാജ്യത്തിന്റെ പൊതുമനസാക്ഷിയുടെ മുന്നില്‍ സ്വയം താഴുകയാണ് ചെയ്യുന്നത്.
? വിദ്യാഭ്യാസ ഭരണരംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണല്ലോ താങ്കള്‍. കേന്ദ്രസര്‍ക്കാറിന്റെ വിദ്യാഭ്യാസ നയ ങ്ങളെയും പരിഷ്‌കരണങ്ങളെയും എങ്ങനെ കാണു ന്നു.
ബി ജെ പിയുടെ കാവിവത്കരണ നയപരിപാടിയുടെ ഭാഗമായി കാലങ്ങളായി വിദ്യാഭ്യാസ രംഗത്തെയും അവര്‍ തകര്‍ത്തു കൊണ്ടിരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്, യു ജി സി യുടെ തലപ്പത്തേക്ക് സംഘപരിവാര്‍ അനുഭാവിയായ നിലവിലെ ജെ എന്‍ യു വൈസ് ചാന്‍സിലറെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ്. ചഇഋഞഠ, കഇഒഞ, കകഠ, കകങ, കേന്ദ്ര സര്‍വകലാശാലകള്‍ പോലുള്ള എല്ലാ സ്ഥാപനങ്ങളിലും യോഗ്യത പോലും നോക്കാതെ, ഹിന്ദുത്വ രാഷ്ട്രീയത്തോട് കൂറ് പുലര്‍ത്തുന്നവരെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്. അതിലൂടെ ഇത്തരം പ്രമുഖ സ്ഥാപനങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും ആസൂത്രിതമായി കാവിവല്കരിച്ചുകൊണ്ടേയിരിക്കുകയാണ്.
? യു പി ഉള്‍പ്പെടെ, പ്രധാനപ്പെട്ട അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. കര്‍ഷക സമരം, കൊറോണ പ്രതിസന്ധി, പെട്രോളിന്റെയും അവശ്യ സാധനങ്ങളുടെയും വിലക്കയറ്റം തുടങ്ങിയവയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിഷേധനയം ഇവിടെ ബാധിക്കുമോ.
ഈ സംസ്ഥാനങ്ങളിലൊന്നും കാര്യമായ ബി ജെ പി വിരുദ്ധ തരംഗം ഉണ്ടായിട്ടില്ല എന്നുള്ളത് സത്യമാണ്. പത്രത്തില്‍ വന്നൊരു വാര്‍ത്തയുണ്ട്, കോണ്‍ഗ്രസ് വിതച്ചത് മറ്റുള്ളവര്‍ കൊയ്യുമെന്ന്. കര്‍ഷക സമരം പോലുള്ള വിഷയങ്ങളെ ദേശീയ തലത്തില്‍ ഉയര്‍ത്തി കൊണ്ട് വരാനുള്ള കോണ്‍ഗ്രസിന്റെ പരിശ്രമത്തിന്റെ ഫലങ്ങള്‍, മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാവും ഗുണം ചെയുക എന്നാണ് അത് സൂചിപ്പിക്കുന്നത്.
ലക്‌നോവിലൂടെയാണ് ഡല്‍ഹിയിലേക്ക് എത്തുക എന്ന് പറയാറുണ്ട്. അതുകൊണ്ട് തന്നെ, ബി ജെ പിയെ ദേശീയ തലത്തില്‍ താഴെയിറക്കാന്‍ യു പി തിരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. പക്ഷെ, സംഭവിക്കുന്നത് മറിച്ചാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ബി ജെ പി യെ ഒറ്റക്ക് എതിര്‍ക്കുന്നുണ്ടെങ്കിലും ഇവര്‍ തമ്മില്‍ ഐക്യമുണ്ടായിട്ടില്ല. യു പിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കാണ് മത്സരിക്കുന്നത്. എസ് പി, ബി എസ് പി, കോണ്‍ഗ്രസ് എന്നീ പ്രമുഖ പാര്‍ട്ടികള്‍ക്കു പോലും ഐക്യപ്പെടാന്‍ സാധിച്ചില്ല. ഇത് ബി ജെ പിക്ക് ഗുണം ചെയ്യും. മുസ്‌ലിംലീഗ് അവിടെ വലിയ ശക്തിയല്ല. എന്നിരുന്നാലും, വമന്‍ മിശ്രയുടെ നേതൃതത്തില്‍ ബഹുജന്‍ പരിവര്‍ത്തന്‍ മോര്‍ച്ച എന്ന പത്തോളം വരുന്ന ദളിത്-ബഹുജന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഒരു സഖ്യത്തിലൂടെ മുസ്ലിംലീഗും മത്സര രംഗത്തുണ്ട്. ബി ജെ പിയുടെ ഭിന്നിപ്പിച്ച് ഭരിക്കല്‍ തന്ത്രത്തെ നേരിടാന്‍ ഒരു സഖ്യത്തിന്റെ അഭാവം ഇപ്പോഴുണ്ട്.
? ഈയിടെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍, ദേശീയ രാഷ്ട്രീയ നേതാക്കള്‍ക്കും കക്ഷികള്‍ക്കും സാമൂഹിക നീതിയിലധിഷ്ഠിതമായ ഒരു സഖ്യം രൂപീകരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കി കത്തെഴുതിയിരുന്നു. ‘ആള്‍ ഇന്ത്യാ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്’ എന്ന പ്ലാറ്റ്‌ഫോം ബി ജെ പിയെ നേരിടാനുള്ള മാതൃകയായി പരിഗണിക്കാമോ.
തീര്‍ച്ചയായും. സ്റ്റാലിന്‍ വിളിച്ച യോഗത്തില്‍ ഞാനും പ്രസംഗകനായിരുന്നു. എന്റെ പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത് രാജ്യത്തെ നീതി നിഷേധിക്കപ്പെട്ട ജന വിഭാഗങ്ങള്‍ക്ക് വേണ്ടി, സാമൂഹിക-സാമുദായിക അടിസ്ഥാനത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി എല്ലാം എങ്ങനെ ഒരുമിച്ചു നിന്ന് നമുക്ക് പ്രവര്‍ത്തിക്കാം എന്നതിനെ കുറിച്ചായിരുന്നു. നീറ്റ് വിഷയത്തിന്റെ സാഹചര്യത്തിലാണ് ഈ മീറ്റിംഗ് നടന്നത്. സ്റ്റാലിന്‍ നേതൃത്വം കൊടുക്കുന്ന, ‘ആള്‍ ഇന്ത്യാ ഫെഡറേഷന്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസ്’ എന്ന ആശയത്തിന് മുസ്ലിംലീഗിന്റെ പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതിന്റെ തന്നെ ഭാഗമായി വരാന്‍ പോകുന്ന ഒരു ദേശീയ കോണ്‍ഫറന്‍സിലേക്ക്, മുസ്ലിം ലീഗിന്റെ പ്രാധാന്യം അവര്‍ കൃത്യമായി മനസിലാക്കി ക്ഷണിക്കുക കൂടി ചെയ്തിട്ടുണ്ട്്.
ബി ജെ പിയുടെ ഹിന്ദുത്വ-വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ, നീതി നിഷേധിക്കപെട്ടവരുടെയും, ദളിത്-ആദിവാസി-പിന്നാക്ക-മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെയും വ്യാപകമായൊരു രാഷ്ട്രീയ മുന്നണി ഉയര്‍ന്നു വരണം. അതിന് നിലവിലെ അവസ്ഥയില്‍ നേതൃത്വം കൊടുക്കാന്‍ പറ്റുന്ന പാര്‍ട്ടിയാണ് ഡി എം കെ. അങ്ങനെ, സാമൂഹിക നീതി ഉയര്‍ത്തി കൊണ്ട് വരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ എല്ലാ ശ്രമങ്ങള്‍ക്കും മുസ്ലിംലീഗിന്റെ പിന്തുണയുണ്ടാവും. ഞങ്ങള്‍ക്ക് സാമൂഹിക നീതിയുടെ പ്രാധാന്യത്തെ പറ്റി കൃത്യമായ ബോധ്യവും ബോധവുമുണ്ട്. അതിനു വേണ്ടിയുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളുമായി തന്നെയാണ് മുസ്ലിം ലീഗ് മുന്നോട്ട് പോവുന്നത്.
നമ്മുടെ രാജ്യത്ത് മോദി ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ആസൂത്രിതമായ മുസ്ലിം വംശഹത്യ നടന്നു കൊണ്ടിരിക്കുകയാണ്. ആസാമില്‍ ആളുകളെ തടങ്കല്‍ പാളയത്തില്‍ അടച്ചു തുടങ്ങിയിട്ടുണ്ട്. കൃത്യമായ കണക്കുകള്‍ ഇപ്പോഴും ലഭ്യമല്ല. അതിനൊന്നും മതിയായ മാധ്യമ ശ്രദ്ധയോ പൊതുശ്രദ്ധയോ ലഭിക്കുന്നില്ല. പൗരത്വ വിരുദ്ധ സമരങ്ങള്‍ വീണ്ടും ശക്തമായി മുന്നോട്ട് കൊണ്ടുപോവേണ്ടതുണ്ട്. നമ്മുടെ രാജ്യത്തിന്റെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച്, സംഘപരിവാറിന്റെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തെ ചെറുക്കേണ്ടതുണ്ട്. അതിന് ശക്തമായ പ്രതിപക്ഷ ഐക്യം രൂപപ്പെടേണ്ടതുണ്ട്. അതിനോടൊപ്പം ചേരേണ്ടത് ഈ രാജ്യത്തെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും കടമയാണ്.