15 Saturday
June 2024
2024 June 15
1445 Dhoul-Hijja 8

ഇ കെ ഇമ്പിച്ചി ബാവ ജീവിതം പോരാട്ടമാക്കിയ വിപ്ലവനായകന്‍

ഹാറൂന്‍ കക്കാട്‌


കറകളഞ്ഞ വിശ്വാസ്യതയും നിസ്വാര്‍ഥമായ ജനക്ഷേമവും മുഖമുദ്രയായി സ്വീകരിച്ച ജനപ്രിയ നേതാവായിരുന്നു പൊന്നാനിയില്‍ ഉദിച്ചുയര്‍ന്ന ഇ കെ ഇമ്പിച്ചി ബാവ എന്ന വികസന നായകന്‍. നേതാവും അണികളും തമ്മില്‍ വിടവുകളില്ലാത്ത അടുപ്പം പകര്‍ന്നുനല്‍കിയ ജനപ്രതിനിധി കൂടിയായിരുന്നു അദ്ദേഹം.
1917 ജൂലൈ 17-ന് പൊന്നാനിയിലെ തുറമുഖ തൊഴിലാളിയായിരുന്ന ഏഴുകുടിക്കല്‍ അബ്ദുല്ലയുടെ മകനായാണ് ഇമ്പിച്ചി ബാവയുടെ ജനനം. സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. അക്കാലത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഇടയില്‍ രൂപംകൊണ്ട സ്റ്റുഡന്റ്‌സ് യൂണിയനിലെ അംഗമായാണ് പൊതു പ്രവര്‍ത്തനം തുടങ്ങിയത്.
വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് ഇ കെ ഇമ്പിച്ചിബാവ രാഷ്ട്രീയ രംഗത്തെത്തുന്നത്. സ്വാതന്ത്ര്യസമര കാലത്ത് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ഇമ്പിച്ചി ബാവ വൈകാതെ ഇടതുപക്ഷ പ്രസ്ഥാനത്തിലേക്ക് അടുക്കുകയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തകനായി മാറുകയും ചെയ്തു. കേരള വിദ്യാര്‍ഥി സമ്മേളനത്തിന്റെ സംഘാടനത്തിലൂടെ അദ്ദേഹം പി കൃഷ്ണപിള്ളയുടെ ശ്രദ്ധ പിടിച്ചു പറ്റി. കൃഷ്ണപിള്ളയാണ് ഇമ്പിച്ചി ബാവയെ രാഷ്ട്രീയത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയത്. പിന്നീട് മലബാറില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ അംഗമായിരുന്ന ഇമ്പിച്ചി ബാവ, 1964-ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി ഐ എമ്മിന്റെ കൂടെ നിന്നു.
എന്നും മനുഷ്യപ്പറ്റുള്ള ജീവിതമായിരുന്നു ഇമ്പിച്ചി ബാവയുടേത്. തന്റെ മുമ്പിലെത്തുന്ന ഏതു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ അദ്ദേഹം ഉത്സാഹം കാണിച്ചു. വിവിധ ആവശ്യങ്ങളുമായി എത്തുന്നവര്‍ക്ക് പരമാവധി സഹായങ്ങള്‍ നല്‍കാന്‍ ശ്രമിച്ചു. പൊന്നാനിയിലെ ‘ലാല്‍ഭവന്‍’ വീട് ആര്‍ക്കും കയറിച്ചെല്ലാവുന്ന തരത്തില്‍ തുറന്നിട്ടതായിരുന്നു. പൊതുജന ആവശ്യങ്ങളോടും പ്രശ്‌നങ്ങളോടും അപ്പപ്പോള്‍ പ്രതികരിക്കുന്ന അദ്ദേഹത്തിന്റെ ശൈലി ഏതൊരു പൊതുപ്രവര്‍ത്തകനും അനുകരണീയമായ മാതൃകയാണ്.
1951-ല്‍ നടന്ന പൊതു തിരഞ്ഞെടുപ്പില്‍ ഇമ്പിച്ചിബാവ മദിരാശി നിയോജകമണ്ഡലത്തില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജ്യസഭയില്‍ മലയാളത്തില്‍ പ്രസംഗിച്ച് അദ്ദേഹം ചരിത്രം സൃഷ്ടിച്ചു. രാജ്യസഭാംഗമായിരിക്കെയാണ് ഇമ്പിച്ചി ബാവയുടെ വിവാഹം നടന്നത്. കൊണ്ടോട്ടിയിലെ ഭാര്യാവീട്ടിലേക്ക് വരുമ്പോള്‍ അദ്ദേഹത്തിനു പിന്നാലെ അറസ്റ്റ് വാറന്റുമായി പോലീസെത്തുകയും ജയിലിലടക്കുകയും ചെയ്തു. 1940- ലും 1942-ലും ഇമ്പിച്ചി ബാവ ജയില്‍വാസമനുഭവിച്ചിട്ടുണ്ട്.
1962-ല്‍ പൊന്നാനിയില്‍ നിന്ന് ഇമ്പിച്ചി ബാവ ലോക്‌സഭയിലെത്തി. 1967-ല്‍ മണ്ണാര്‍ക്കാട് നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സപ്തകക്ഷി മുന്നണി രൂപീകരിച്ച ഇ എം എസ് മന്ത്രിസഭയില്‍ ഇമ്പിച്ചി ബാവ ഗതാഗത വകുപ്പ് മന്ത്രിയായി. ഈ സര്‍ക്കാറിന്റെ കാലത്താണ് മലപ്പുറം ജില്ല രൂപീകരിച്ചത്. 1980-ല്‍ കോഴിക്കോട് നിന്ന് ലോകസഭയിലേക്ക് വിജയിച്ചു. 1991-ല്‍ പൊന്നാനിയില്‍ നിന്ന് വീണ്ടും നിയമസഭയിലെത്തി.
പൊന്നാനി എം ഇ എസ് കോളജിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ ഊര്‍ജവും കോളജിന്റെ വൈസ് പ്രസിഡണ്ടുമായിരുന്നു ഇമ്പിച്ചിബാവ. കോളജ് യാഥാര്‍ഥ്യമായത് ഇമ്പിച്ചി ബാവയുടെ വിശ്രമമില്ലാത്ത പോരാട്ടത്തിലൂടെയായിരുന്നു. കോളജിന് ആവശ്യമായ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു എം ഇ എസ് പ്രസിഡന്റ് ഡോ. പി കെ അബ്ദുല്‍ഗഫൂര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി. പൊന്നാനി കടപ്പുറത്ത് സര്‍ക്കാറിന്റെ അധീനതയിലുള്ള സ്ഥലത്ത് നിന്ന് കോളജിന് ആവശ്യമായ 35 ഏക്കര്‍ ഭൂമി അന്നത്തെ റവന്യൂ മന്ത്രി ഗൗരിയമ്മയില്‍ സമ്മര്‍ദം ചെലുത്തിയാണ് ഇമ്പിച്ചി ബാവ നൂറു വര്‍ഷത്തെ പാട്ടത്തിന് ലഭ്യമാക്കിയത്.
തീരദേശ മേഖലയായ പൊന്നാനിയിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതി ഇമ്പിച്ചി ബാവയുടെ മുഖ്യ അജണ്ടയായിരുന്നു. അതിന്റെ സാഫല്യത്തിനായി അദ്ദേഹം നിരന്തരം യത്നിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ഫാത്തിമ ടീച്ചര്‍ പൊന്നാനി സ്‌കൂളിലെ അധ്യാപികയായിരുന്നു. പ്രദേശത്തെ മുഴുവന്‍ പെണ്‍കുട്ടികളെയും സ്‌കൂളിലേക്കെത്തിക്കാന്‍ അദ്ദേഹം ടീച്ചര്‍ക്ക് പ്രത്യേകം അസൈന്‍മെന്റ് നല്‍കി.
സ്ത്രീ വിദ്യാഭ്യാസത്തിനെതിരെ മുസ്ലിം സമുദായത്തില്‍ നിന്ന് തന്നെ ശക്തമായ വിലക്കുണ്ടായിരുന്ന അക്കാലത്ത് വൈജ്ഞാനിക മേഖലയില്‍ വമ്പിച്ച മുന്നേറ്റമാണ് ഇമ്പിച്ചി ബാവയുടെ ഈ നിലപാടുകള്‍ നിമിത്തം സംജാതമായത്.
പൊന്നാനി വ്യവസായ തുറമുഖമായിരുന്ന കാലത്ത് പത്തേമാരിയിലെ തൊഴിലാളികളുടെ കൂലിക്കു വേണ്ടി നിലകൊണ്ട അതേ ഊര്‍ജസ്വലതയോടെ, പിന്നീട് വ്യാവസായിക തുറമുഖമെന്ന പദവി നഷ്ടമായ പൊന്നാനിക്ക് മത്സ്യബന്ധനത്തിലൂടെ നവജീവന്‍ പകരാനും അദ്ദേഹത്തിനായി. മിച്ചഭൂമി സമരത്തിന് മലപ്പുറം ജില്ലയില്‍ നേതൃത്വം നല്‍കിയത് ഇമ്പിച്ചി ബാവയായിരുന്നു.
1973-ല്‍ പൊന്നാനിയില്‍ സംഘടിപ്പിച്ച ദശദിന ഇസ്‌ലാഹി പ്രഭാഷണ പരമ്പരയില്‍ നാലാം ദിവസം പ്രസംഗിക്കാനെത്തിയ പ്രമുഖ മതപണ്ഡിതന്‍ രണ്ടത്താണി സെയ്ദ് മൗലവി ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായി. പിറ്റേ ദിവസം ഇ കെ ഇമ്പിച്ചി ബാവയുടെ നേതൃത്വത്തില്‍ ഇതിനെതിരെ ശക്തമായ സര്‍വകക്ഷി പ്രതിഷേധ യോഗം പൊന്നാനിയില്‍ സംഘടിപ്പിച്ചു. ശേഷിക്കുന്ന ആറ് ദിവസത്തെ പ്രഭാഷണം കൂടി നടത്താന്‍ ഇമ്പിച്ചി ബാവ ധീരമായി പ്രഖ്യാപിച്ചത് യാഥാസ്ഥിതിക വിഭാഗത്തിന് കനത്ത തിരിച്ചടിയായി. പ്രദേശത്ത് നവോത്ഥാന പ്രസ്ഥാനത്തിന്റെ ശക്തമായ മുന്നേറ്റത്തിന് വഴിതുറന്ന ഈ പ്രഭാഷണ പരമ്പരയുടെ ലക്ഷ്യസാക്ഷാത്കാരത്തിന് ഇമ്പിച്ചി ബാവയുടെ സന്ദര്‍ഭോചിതമായ ഇടപെടലാണ് നിമിത്തമായത്.
ആറ് പതിറ്റാണ്ടോളം കാലം ഉദാത്തമായ പൊതുജീവിതത്തിന് ഉടമയായിരുന്നു ഇമ്പിച്ചി ബാവ. ജീവിതം തന്നെ പോരാട്ടമാക്കി മാറ്റിയ, ലക്ഷ്യബോധവും ആദര്‍ശബോധവും സാഹസികതയും സമന്വയിച്ച ആ ജീവിതം മരണം വരെ കര്‍മനിരതമായിരുന്നു. നര്‍മരസം തുളുമ്പുന്ന സംഭാഷണം പോലെ സരളവും ആശയ സമ്പുഷ്ടവുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍. ന്യൂനപക്ഷ വിഭാഗത്തിലെ വിധവകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയവര്‍ എന്നിവര്‍ക്ക് വീടും മറ്റു സൗകര്യങ്ങളും സൗജന്യമായി നല്‍കാന്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഇമ്പിച്ചി ബാവ ഭവന നിര്‍മാണപദ്ധതി അദ്ദേഹത്തിന് ലഭിച്ച നിരവധി ബഹുമതികളില്‍ ഒന്നാണ്.
1995 മാര്‍ച്ച് അവസാന വാരം പാര്‍ട്ടി കോണ്‍ഗ്രസിനായി ചണ്ഡീഗഡിലേക്ക് പോയത് രോഗം ബാധിച്ച് ക്ഷീണിതനായ അവസ്ഥയിലായിരുന്നു. ഈ യാത്ര വേണോയെന്ന് ഭാര്യ ഫാത്തിമ ടീച്ചര്‍ ഉള്‍പ്പടെ പലരും ആശങ്ക പ്രകടിപ്പിച്ചെങ്കിലും, പാര്‍ട്ടി കോണ്‍ഗ്രസിന് പോകണമെന്നത് അദ്ദേഹത്തിന് നിര്‍ബന്ധമായിരുന്നു. രോഗപീഡകള്‍ വകവയ്ക്കാതെ അദ്ദേഹം പൊന്നാനിയില്‍ നിന്ന് പുറപ്പെട്ടു.
പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ ശേഷം പൊന്നാനി തുറമുഖ കാര്യം യാഥാര്‍ഥ്യമാക്കാന്‍ വേണ്ടി അദ്ദേഹം ഡല്‍ഹിയില്‍ തങ്ങി. കേന്ദ്ര തുറമുഖ മന്ത്രാലയവുമായി അദ്ദേഹം കൂടിക്കാഴ്ച്ച നടത്തി. 1995 ഏപ്രില്‍ 11-ന് രോഗം മൂര്‍ച്ഛിച്ച് ഇമ്പിച്ചി ബാവ ഡല്‍ഹിയില്‍ നിര്യാതനായി. എഴുപത്തിയെട്ടാം വയസ്സിലായിരുന്നു ദു:ഖാര്‍ദ്രമായ ആ വിയോഗം. അദ്ദേഹത്തിന്റെ ഭൗതികശരീരം പൊന്നാനി സിയാറത്ത് പള്ളി ഖബര്‍സ്ഥാനിലാണ് സംസ്‌കരിച്ചത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x