ഇ ഡി ഭരണകൂടത്തിന്റെ ആയുധമാകുമ്പോള്‍
അജാസ് മുഹമ്മദ്
ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തുന്നവരെ വേട്ടയാടുന്നതില്‍ നിന്ന് ഭരണകൂടം ഇപ്പോഴും പിന്നോട്ടു പോയിട്ടില്ല. എതിരുനില്‍ക്കുന്നവരെ ഇ ഡിയെ കാണിച്ച് ഭീഷണിപ്പെടുത്തി വശത്താക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇപ്പോഴും അറുതിവന്നിട്ടില്ല. പത്ര ചൗള്‍ കേസുമായി ബന്ധപ്പെട്ട് ശിവസേന നേതാവ് സഞ്ജയ് റാവത്തിനെ ഈയിടെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ വസതിയിലെത്തിയ ഇ ഡി 11.5 ലക്ഷം രൂപയും രേഖകളും പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണ ഏജന്‍സികള്‍ സ ര്‍ക്കാരിന്റെ കൈയിലെ പാവകളാണെന്ന് പരക്കെ വിമര്‍ശനം ഉയരുന്ന സാഹചര്യത്തില്‍ പ്രതിപക്ഷത്തുള്ള സഞ്ജയ് റാവത്തിനെതിരെ പെട്ടെന്നുള്ള ഇ ഡി നടപടി വന്‍ പ്രശ്നങ്ങള്‍ക്ക് വഴിവെക്കാന്‍ സാധ്യതയുണ്ട്. പേടിയുള്ളതുകൊണ്ടാണ് ബി ജെ പി അദ്ദേഹത്തെ ജയിലിലാക്കിയതെന്നും ഒരു തെളിവും തങ്ങള്‍ക്ക് തന്നിട്ടില്ലെന്നും ശിവസേന എം എല്‍ എ സുനില്‍ റാവത്ത് പറഞ്ഞിരുന്നു.
മുംബൈയിലെ ഗോരെഗാവി ല്‍ 47 ഏക്കര്‍ വരുന്ന പത്ര ചൗള്‍ ഭൂമിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് റാവത്തിനെ അറസ്റ്റ് ചെയ്തത്. സിദ്ധാര്‍ഥ് നഗര്‍ എന്നും പത്ര ചൗള്‍ അറിയപ്പെടുന്നുണ്ട്. 2008ലാണ് അഴിമതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. 672 വീടുകളാണ് അന്ന് പത്രചൗളില്‍ ഉണ്ടായിരുന്നത്. പ്രദേശത്തെ 672 വാടകക്കാരെയും പുനരധിവസിപ്പിക്കാനും വീടുകള്‍ പുനര്‍നിര്‍മാണം നടത്താനും ഗുരു ആശിഷ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡിന് (ജി എ സി പി എല്‍) കരാര്‍ നല്‍കി. മഹാരാഷ്ട്ര ഹൗസിങ് ആന്റ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റി (എം എച്ച് എ ഡി എ) പദ്ധതി ഏറ്റെടുക്കുകയും ചെയ്തു. അന്ന് ജി എ സി പി എല്ലും എം എച്ച് എ ഡി എയും ഒരു ത്രികക്ഷി കരാര്‍ ഒപ്പിട്ടു.
ജി എ സി പി എല്‍ പ്രദേശത്തെ ജനങ്ങള്‍ക്ക് ഫ്ളാറ്റുകള്‍ ന ല്‍കുകയും എം എച്ച് എ ഡി എക്കു വേണ്ടി ഫ്ളാറ്റുകള്‍ നിര്‍മിക്കുകയും, ബാക്കി സ്ഥലം സ്വകാര്യ ഡെവലപര്‍മാര്‍ക്ക് വില്‍ക്കുകയും ചെയ്യണമെന്നായിരുന്നു ആ കരാറില്‍ പറയുന്നത്. ഈ കരാറുമായി ബന്ധപ്പെട്ടാണ് ഇപ്പോഴുള്ള ആരോപണങ്ങളും ഇ ഡി പരിശോധനയുമെല്ലാം. മഹാരാഷ്ട്ര സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി ജെ പി പണം വാരിയെറിഞ്ഞപ്പോഴും താക്കറേക്കൊപ്പം നിന്നതിനാണ് സഞ്ജയ് റാവത്തിനെ വേട്ടയാടുന്നതെന്ന കാര്യം നഗ്‌നമായ യാഥാര്‍ഥ്യമാണ്. അധികാരം നിലനിര്‍ത്താന്‍ ജനാധിപത്യത്തെ വിലയ്ക്കു വാങ്ങുന്ന ബി ജെ പി നേതൃത്വം പൊതുജനങ്ങളുടെ മുഖത്തു നോക്കി കൊഞ്ഞനം കുത്തുകയാണ്.