26 Friday
July 2024
2024 July 26
1446 Mouharrem 19

ഇ അഹ്മദ് മലയാളത്തിന്റെ വിശ്വശബ്ദം

ഹാറൂന്‍ കക്കാട്‌


കേരളത്തിന്റെ ഏറ്റവും സൗമ്യവും ദീപ്തവുമായ ഒരു മുഖമായിരുന്നു എടപ്പകത്ത് അഹമദ് എന്ന ഇ അഹമദ് സാഹിബ്. നഗരസഭാ ചെയര്‍മാനും എം എല്‍ എയും എം പിയും കേന്ദ്ര, സംസ്ഥാന മന്ത്രി പദവികളും വഹിച്ചപ്പോഴും സാധാരണ പ്രവര്‍ത്തകരുമായി ആത്മബന്ധം കാത്തുസൂക്ഷിച്ച അപൂര്‍വ ജീവിതത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങളുടെ യശസ്സുയര്‍ത്താന്‍ കഠിനാധ്വാനം ചെയ്ത കര്‍മയോഗി !
കണ്ണൂരിലെ ഓവിന്റകത്ത് അബ്ദുല്‍ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസ ബീവിയുടെയും മകനായി 1938 ഏപ്രില്‍ 29നാണ് ഇ അഹമദിന്റെ ജനനം. കണ്ണൂരിലെ മഅ്ദനുല്‍ ഉലൂം മദ്രസ, തലശ്ശേരി മിഷന്‍ ഹൈസ്‌കൂള്‍, കണ്ണൂര്‍ മുനിസിപ്പല്‍ ഹൈസ്‌കൂള്‍, ഗവണ്‍മെന്റ് ബ്രണ്ണന്‍ കോളജ്, എറണാകുളം ലോകോളജ്, തിരുവനന്തപുരം ലോകോളജ് എന്നിവിടങ്ങളില്‍നിന്ന് വിദ്യാഭ്യാസം നേടി. വിദ്യാര്‍ഥിയായിരിക്കെ ചന്ദ്രിക ദിനപത്രത്തിന്റെ ലേഖകനായിരുന്നു. തലശ്ശേരി ജില്ലാ കോടതിയിലും കേരള ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു.
ഒരു അഭിഭാഷകനാകണമെന്നായിരുന്നു ഇ അഹമദിന്റെ ജീവിതാഭിലാഷം. കോളേജ് അധ്യാപകനാകണമെന്ന് അദ്ദേഹത്തിന്റെ വീട്ടുകാരും ആഗ്രഹിച്ചു. എന്നാല്‍, രാഷ്ട്രീയ സപര്യയായിരുന്നു അദ്ദേഹത്തിന്റെ ഗതി നിര്‍ണയിച്ചത്. അതിലേക്ക് വഴിതുറന്നത് സി എച്ച് മുഹമ്മദ് കോയ സാഹിബുമായുള്ള ബന്ധമായിരുന്നു. ഖാഇദെ മില്ലത്ത് ഇസ്മായില്‍ സാഹിബിനും ബാഫഖി തങ്ങള്‍ക്കും കെ എം സീതി സാഹിബിനും സി എച്ചിനുമൊപ്പം പ്രവര്‍ത്തിച്ച അനുഭവത്തിന്റെ കരുത്ത് അദ്ദേഹത്തിലും പ്രകടമായിരുന്നു.
മുസ്ലിം സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ (എം എസ് എഫ്) സ്ഥാപകനേതാവായി കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇടം നേടിയ ഇ അഹമദ് മലബാര്‍ ജില്ലാ സെക്രട്ടറിയായും പ്രഥമ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
1967ല്‍ 29ാം വയസ്സിലാണ് ഇ അഹമദ് ആദ്യമായി നിയമസഭയിലെത്തുന്നത്. കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു ജനവിധി തേടിയത്. 1977ല്‍ കൊടുവള്ളിയെയും മൂന്ന് തവണ താനൂര്‍ മണ്ഡലത്തെയും പ്രതിനിധീകരിച്ചു. 1982- 87ല്‍ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രിയായി. കേരളത്തില്‍ ഗ്രാമങ്ങളുടെ മുഖച്ഛായ മാറ്റുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും നടപ്പിലാക്കുന്നതിനും വേണ്ടി രൂപവല്‍ക്കരിച്ച റൂറല്‍ ഡെവലപ്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എന്ന നിലയില്‍ അച്യുതമേനോന്‍ മന്ത്രിസഭയുടെ കാലത്ത് ഇ അഹമ്മദ് മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. കണ്ണൂര്‍ നഗരസഭ ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
1991ല്‍ മഞ്ചേരിയില്‍ നിന്നാണ് ലോക്‌സഭയിലേക്ക് ഇ അഹമദ് ആദ്യമായി മല്‍സരിച്ചത്. നാല് തവണ മഞ്ചേരിയില്‍ നിന്നും ഒരു തവണ പൊന്നാനിയില്‍ നിന്നും രണ്ട് തവണ മലപ്പുറത്ത് നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
2014ല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഇ അഹമദ് നേടിയ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷം അക്കാലത്തെ സംസ്ഥാന തിരഞ്ഞെടുപ്പു ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമായിരുന്നു.
ഒന്നാം യു പി എ മന്ത്രിസഭയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായി. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗിന്റെ ആദ്യ കേന്ദ്രമന്ത്രി സ്ഥാനമായിരുന്നു ഇത്. രണ്ടാം യു പി എ മന്ത്രിസഭയില്‍ വിവിധ കാലയളവുകളില്‍ റെയില്‍വേ, വിദേശകാര്യം, മാനവശേഷി വികസനം തുടങ്ങിയ വകുപ്പുകളില്‍ സഹമന്ത്രിയായി. പാര്‍ലമെന്ററി അഷുറന്‍സ് കമ്മിറ്റി, ഫുഡ് മാനേജ്മെന്റ് കമ്മിറ്റി ഉള്‍പ്പെടെ വിവിധ സമിതികളുടെ അധ്യക്ഷനായിരുന്നു.
വിദേശ കാര്യ സഹമന്ത്രി എന്ന നിലയില്‍ പ്രവാസി മലയാളികള്‍ക്ക് അഹമദ് ചെയ്ത സഹായങ്ങള്‍ നിരവധിയാണ്. പലപ്പോഴും ഗള്‍ഫ് രാജ്യങ്ങളുമായുള്ള ചര്‍ച്ചകള്‍ക്ക് എതിരാളികള്‍ പോലും അഹമദിനെ നിയോഗിച്ചിരുന്നു എന്നത് അക്കാര്യത്തില്‍ അദ്ദേഹത്തിന് ഉണ്ടായിരുന്ന കഴിവിനുള്ള അംഗീകാരമായിരുന്നു.
നയതന്ത്ര രംഗത്ത് ഇ അഹമദ് നടത്തിയ ഇടപെടലുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്യുജ്വലമായ അധ്യായങ്ങളാണ്. 1984ല്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഉന്നതതല വാണിജ്യ വ്യാപാര പ്രതിനിധി സംഘത്തെ നയിച്ചത് ഇ അഹമദായിരുന്നു.
വ്യത്യസ്ത പ്രധാനമന്ത്രിമാരുടെ നിര്‍ദ്ദേശാനുസരണം ഐക്യരാഷ്ട്രസഭയില്‍ ആറ് തവണ ഇന്ത്യയെ പ്രതിനിധീകരിച്ചു പ്രസംഗിക്കാന്‍ ഇ അഹമദിന് അവസരം ലഭിച്ചിട്ടുണ്ട്. ഇന്ത്യയുടെ മഹത്വം ലോകരാജ്യങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ഇതുവഴി അദ്ദേഹത്തിന് സാധിച്ചു. ഏറ്റവും കൂടുതല്‍ കാലം കേന്ദ്രമന്ത്രിയായ മലയാളിയാണ് ഇ അഹമദ്.
ലോകസഭാംഗമാകും മുമ്പേ അഹമദ് ദേശീയ രാഷ്ട്രീയത്തില്‍ സാന്നിധ്യമറിയിച്ചിരുന്നു. 1984ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കേ, ഇന്ത്യയുടെ പ്രത്യേക ദൂതനായി ഗള്‍ഫ് രാഷ്ട്രത്തലവന്മാരെ സന്ദര്‍ശിക്കാന്‍ നിയോഗിക്കപ്പെട്ടു. 1995ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന ലോക സോഷ്യലിസ്റ്റ് ഉച്ചകോടി തൊട്ട് കൊളംബോ, നെയ്‌റോബി, മൌറീഷ്യസ്, അള്‍ജിയേഴ്‌സ്, ഓസ്ലോ, ജക്കാര്‍ത്ത, ഗള്‍ഫ് തുടങ്ങി നിരവധി രാജ്യങ്ങളിലും അന്താരാഷ്ട്ര സമ്മേളനങ്ങളിലും ഇന്ത്യന്‍ പ്രതിനിധിയായി അദ്ദേഹം പങ്കെടുത്തു. 2008ലെ മുംബൈ ഭീകരവാദി ആക്രമണത്തിന് ശേഷം നടന്ന യു എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ അദ്ദേഹം നടത്തിയ ഇടപെടല്‍ ഉജ്വലമായിരുന്നു. മുംബൈ ഭീകരാക്രമണത്തിന്റെ ഉത്തരാവാദിത്തം പാക്കിസ്ഥാനാണെന്ന് അദ്ദേഹം വ്യക്തമാക്കി.
1995ല്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായി ഇ അഹമദ് ചുമതലയേറ്റു. 2008ല്‍ ജി എം ബനാത്ത് വാല അന്തരിച്ചപ്പോള്‍ അദ്ദേഹത്തെ സംഘടനയുടെ ദേശീയ പ്രസിഡന്റായി തെരഞ്ഞെടുത്തു. സ്വന്തം സമുദായം വിവിധ പ്രശ്‌നങ്ങള്‍ അഭുമുഖീകരിക്കുമ്പോള്‍ രക്ഷാദൂതനായി ഓടിയെത്തുന്ന നേതാവായിരുന്നു ഇ അഹമദ്. ഗുജറാത്ത് കലാപം, കോയമ്പത്തൂര്‍ കലാപം തുടങ്ങിയവ ഉദാഹരണം.
മുസ്ലിംലീഗ് പ്രതിസന്ധിയെ അഭിമുഖീകരിച്ചപ്പോഴൊക്കെ പതറാതെ ഉറച്ചുനില്‍ക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. മുസ്ലിംലീഗ് തന്നെയായിരുന്നു അദ്ദേഹത്തിന്റെ മുഴുസമയ ജീവിതം. സമുദായ സ്നേഹവും രാഷ്ട്രബോധവും കര്‍മ്മകുശലതയും സമം ചേര്‍ന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. ബഹുസ്വര സമൂഹത്തിലെ മുസ്ലിം ജീവിതത്തിന്റെ വലിയ പാഠമായിരുന്നു ആ നാള്‍വഴികള്‍. മത ന്യൂനപക്ഷങ്ങളുടെ ഉന്നമനത്തിനും പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയിട്ടുണ്ട്.
മികച്ച എഴുത്തുകാരനായിരുന്നു ഇ അഹമദ്. വിഭിന്ന മേഖലകളിലെ അനുഭവങ്ങളും പരന്ന വായനയും ലോകസഞ്ചാരവും അദ്ദേഹത്തിന്റെ എഴുത്തിനെ പോഷിപ്പിച്ചു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിരവധി പംക്തികളും പരമ്പരകളുമെഴുതി.
‘ഒരു വിദേശയാത്രയും കുറെ ഓര്‍മകളും’, ‘ഇന്ത്യന്‍ മുസ്ലിംകളുടെ നവോത്ഥാനത്തിന്റെ കഥ’, ‘ഞാനറിയുന്ന നേതാക്കള്‍’ തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചു. ഐക്യരാഷ്ട്ര പൊതുസഭയില്‍ ഇ അഹമദ് നടത്തിയ പ്രസംഗങ്ങളുടെ സമാഹാരമാണ് ‘ഇന്ത്യാസ് വോയ്സ് അറ്റ് യുണൈറ്റഡ് നേഷന്‍സ്’ എന്ന പുസ്തകം. അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ ഇന്ത്യയിലെ മുസ്ലിം രാഷ്ട്രീയത്തിന്റെ കൂടി ചരിത്രമാണ്.
വിശ്രമമില്ലാത്ത രാഷ്ട്രീയ ജീവിതമായിരുന്നു ഇ അഹമദിന്റേത്. അദ്ദേഹത്തിന്റെ വിയോഗവും എക്കാലവും ഓര്‍ക്കുംവിധമായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം കേട്ടുകൊണ്ടിരിക്കേ ഹൃദയാഘാതം വന്ന് കുഴഞ്ഞുവീണ ഇ അഹമദ്, 2017 ഫെബ്രുവരി ഒന്നിന് എഴുപത്തിയെട്ടാം വയസ്സില്‍ ഡല്‍ഹിയിലെ രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ വെച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം കണ്ണൂര്‍ സിറ്റി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x