ദ്വിരാഷ്ട്ര പരിഹാരത്തിന് ഭീഷണിയായി ഇസ്‌റാഈലിന്റെ പുതിയ പദ്ധതി
ദ്വിരാഷ്ട്ര പരിഹാരത്തിനും ഫലസ്തീനികളുടെ സ്വതന്ത്ര രാഷ്ട്രമെന്ന അഭിനിവേശത്തിനും വെല്ലുവിളി സൃഷ്ടിക്കുന്ന പുതിയ പദ്ധതിയുമായി ഇസ്‌റാഈല്‍ ഭരണകൂടം. കഫര്‍ അഖബ്, ഖലന്‍ദിയ, റാമല്ലയുടെ തെക്ക് അര്‍റാം എന്നിവക്കിടയില്‍ അതറൂത് വിമാനത്താവളത്തിന് സമീപം 9000 ഭവനങ്ങള്‍ നിര്‍മിക്കാന്‍ ഇസ്‌റാഈല്‍ സര്‍ക്കാര്‍ പദ്ധതിയിട്ടതായി പീസ് നൗ ഓര്‍ഗനൈസേഷന്റെ ആഗസ്റ്റ് 8-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് ദ്വരാഷ്ട്ര പരിഹാരത്തിന് ആഘാതം സൃഷ്ടിക്കുന്നതാണെന്ന് പീസ് നൗ ഓര്‍ഗനൈസേഷന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ 1997-ല്‍ ഹര്‍ ഹോമയില്‍ കുടില്‍ നിര്‍മിച്ചതിന് ശേഷം കിഴക്കന്‍ ജറൂസലമില്‍ നിര്‍മിക്കപ്പെടുന്ന ആദ്യത്തെ കുടിയേറ്റ പദ്ധതിയാണ് ഇതിലൂടെ നടപ്പിലാകുന്നത്. ആസൂത്രണം ചെയ്യപ്പെട്ട സ്ഥലം കിഴക്കന്‍ ജറൂസലമിനും റാമല്ലക്കുമിടയിലെ പ്രാദേശിക ഫലസ്തീന്‍ ഭാഗങ്ങളുടെ ഹൃദയഭാഗത്താണ്. അതിനാല്‍, കിഴക്കന്‍ ജറൂസലം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സാധ്യതയെ അത് തടയുന്നതുമാണ്. സര്‍ക്കാര്‍ കര്‍മപരിപാടിയില്‍ നിന്ന് പദ്ധതി ഉടന്‍ പിന്‍വലിക്കുകയും മാറിനില്‍ക്കുകയും ചെയ്യേണ്ടതാണ് പീസ് നൗ ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. ജറൂസലം ജില്ല ആസൂത്രണ കമ്മിറ്റി ഡിസംബറിന്റെ തുടക്കത്തില്‍ പദ്ധതിയുടെ അന്തിമ അനുമതി ചര്‍ച്ച ചെയ്യുകയും അത് അംഗീകരിക്കുകയും പ്രസിദ്ധപ്പെടുത്തുകയും ചെയ്തുകഴിഞ്ഞാല്‍ കെട്ടിട നിര്‍മാണാനുമതി പുറത്തുവിടുന്നതുമായിരിക്കും.