അയല്‍വീട്ടിലെ അഴുക്ക് വസ്ത്രങ്ങള്‍
സി കെ റജീഷ്
ഭാര്യയും ഭര്‍ത്താവും ഒന്നിച്ചിരുന്ന് ഉച്ചഭക്ഷണം കഴിക്കുകയാണ്. വിഭവങ്ങളെല്ലാം തീന്‍മേശയില്‍ നിരത്തി വെച്ചിട്ടുണ്ട്. അതിലേക്കൊന്നും ഭാര്യ കാര്യമായി നോക്കിയില്ല. ജനല്‍ കണ്ണാടിയില്‍ കൂടി അടുത്ത വീട്ടിലെ മുറ്റത്തേക്കാണ് നോട്ടം. അവിടെ വസ്ത്രങ്ങള്‍ ഉണക്കാന്‍ വിരിച്ചിട്ടിരിക്കുന്നു.
അത് നോക്കി അവര്‍ പറഞ്ഞു: നോക്കൂ, നമ്മുടെ അയല്‍ക്കാര്‍ അത്ര ശുചിത്വബോധമുള്ളവരല്ല എന്ന് തോന്നുന്നു. എത്ര വൃത്തിഹീനമായിട്ടാണ് ആ തുണികള്‍ അവിടെ കഴുകിയിട്ടിരിക്കുന്നത്.
ഇതു കേട്ടപ്പോള്‍ ഭര്‍ത്താവ് പറഞ്ഞു: നമുക്ക് ഭക്ഷണം കഴിക്കാം. എന്തൊക്കെ വിഭവങ്ങളാണ് ഇന്നുണ്ടാക്കിയിരിക്കുന്നത്? നമ്മുടെ അടുക്കള വളരെ സൗകര്യപ്രദമാണല്ലോ? -ഭാര്യ പറഞ്ഞ വിഷയത്തില്‍ നിന്ന് അവരുടെ ശ്രദ്ധ പിന്തിരിപ്പിക്കാനായിരുന്നു അദ്ദേഹം ശ്രമിച്ചത്.
അയല്‍ക്കാര്‍ അലക്കിയ വസ്ത്രം ഉണക്കാന്‍ ഇടുമ്പോഴെല്ലാം അത് ഭാര്യയുടെ ശ്രദ്ധയില്‍ പെടും. അവര്‍ വൃത്തിബോധമില്ലാത്തവരാണെന്ന് വിമര്‍ശിച്ചുകൊേണ്ടയിരിക്കും. ഒരു ദിവസം അവര്‍ വ്യത്യസ്തമായ അഭിപ്രായം പറഞ്ഞു: വസ്ത്രം എങ്ങനെ കഴുകി വെടിപ്പാക്കണമെന്നത് അവര്‍ പഠിച്ചിരിക്കുന്നു. ആ തുണികളൊക്കെ എത്ര ഭംഗിയുള്ളതായിരിക്കുന്നു.
ഇതുകേട്ട് ഭര്‍ത്താവ് ചിരിച്ചുകൊണ്ട് പറഞ്ഞു: നീ പറഞ്ഞത് ശരിയാണ്. ഇന്നു രാവിലെ ഞാന്‍ വളരെ ഭംഗിയായി നമ്മുടെ ജനലുകളുടെ കണ്ണാടികള്‍ തുടച്ചു വെടിപ്പാക്കി.
സ്വന്തം വീട്ടിലെ ജനല്‍ കണ്ണാടികള്‍ അഴുക്കു പിടിച്ചതിനാലാണ് അയല്‍ക്കാരന്റെ വെണ്‍മയാര്‍ന്ന വസ്ത്രം വൃത്തിഹീനമായി തോന്നിയത് എന്ന് അപ്പോഴാണ് ഭാര്യക്ക് മനസ്സിലായത്.
ഹൃദയമാകുന്ന കണ്ണാടി തുടച്ചുവെടിപ്പാക്കിയില്ലെങ്കില്‍, നാം കാണുന്ന കാഴ്ചകള്‍ക്കും വെണ്‍മയുണ്ടായിരിക്കില്ല. അപരന്റെ കണ്ണിലെ കരട് നീക്കാന്‍ വ്യഗ്രത കാണിക്കുന്ന ചിലരുണ്ട്. സ്വന്തം മനസ്സാക്ഷിയുടെ അഴുക്ക് പിടിച്ചതിനെക്കുറിച്ച് ചിന്തയില്ലാതെ, അപരന്റെ പോരായ്മ ചികയുന്നവരാണ് ഇക്കൂട്ടര്‍. മറ്റുള്ളവരുടെ നേരെ വിമര്‍ശനത്തിന്റെ ചൂണ്ടുവിരലുയര്‍ത്തുന്നതിന് മമ്പ് ആത്മപരിശോധനക്ക് അവസരമൊരുക്കുന്നവര്‍ എത്ര പേരുണ്ട്?
ആത്മപരിശോധന എന്നത് അനുദിനം സ്വജീവത്തില്‍ അനുവര്‍ത്തിക്കേണ്ട ഒന്നാണ്. ഓരോ ദിവസവും ഉറങ്ങുന്നതിന് മുമ്പ് ചെയ്ത പ്രവര്‍ത്തനങ്ങളെ, പറഞ്ഞ വാക്കുകളെ എല്ലം ഒരു റിവ്യൂവിന് വിധേയമാക്കണം. രണ്ടാം ഖലീഫ ഉമര്‍(റ) പറഞ്ഞ വാക്കുകള്‍ ഏറെ പ്രസക്തമാണ്: ‘നിങ്ങള്‍ വിചാരണ ചെയ്യപ്പെടുന്നതിന് മുമ്പ് സ്വയം വിചാരണക്ക് വിധേയമാക്കുക. ‘നിങ്ങള്‍ (കര്‍മങ്ങള്‍) അളന്ന് തൂക്കും മുമ്പ് സ്വയം അതിനെ ഒന്ന് തൂക്കിനോക്കുക. ഇന്ന് നിങ്ങള്‍ ആത്മവിചാരണ നടത്തിയാല്‍ നാളത്തെ നിങ്ങളുടെ വിചാരണ ലഘുവായിരിക്കും.’
എല്ലാ കാര്യങ്ങളിലും തികവുള്ളവരാകാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ സ്വന്തം പോരായ്മകളെ തിരിച്ചറിഞ്ഞ് തിരുത്താനായാല്‍ നമുക്ക് മികവിലേക്ക് എത്താനാവും. എന്നിലെ പോരായ്മകളെ ഞാന്‍ പരിഹിക്കേണ്ടിയിരിക്കുന്നുവെന്ന് മേനാഭാവമാണ് നമുക്കുണ്ടാവേണ്ടത്. നമുക്ക് അറിവും അഭിരുചിയും ഉണ്ടായത് കൊണ്ടുമാത്രം അഭ്യുന്നതി ഉണ്ടാവുകയില്ല. തന്റെ പിഴവിനെ തിരിച്ചറിഞ്ഞ് തിരുത്താനുള്ള സന്നദ്ധതയാണ് നമ്മെ ഉയരങ്ങളിലേക്ക് എത്തിക്കുന്നത്. നോര്‍മന്‍ കസിന്‍സ് എന്ന ഡോക്ടര്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ എപ്പോഴും ഇങ്ങനെ ഉണര്‍ത്താറുണ്ടായിരുന്നു: ”നമ്മുടെ ജീവിതത്തിന്റെ നിയന്ത്രണ കേന്ദ്രം നമ്മുടെ മനോഭാവമാണ്. സ്വന്തം പിഴവിനെ തിരിച്ചറിഞ്ഞ് തിരുത്താനുള്ള മനോഭാവമാണ് ഏറ്റവും ഫലപ്രദമായ ചികിത്സ.”