ദുരന്തഭൂമിയായി മാറുന്ന കേരളം: മനുഷ്യനിര്‍മിത പരിസ്ഥിതി വികസന സങ്കല്പങ്ങളുടെ സൃഷ്ടി തന്നെ
ആഷിക്ക് കെ പി
ലോകത്തിലെ ഏറ്റവും സുന്ദരമായ കാലാവസ്ഥ, മഴയും വെയിലും മഞ്ഞും കൃത്യമായി തേടിയെത്തുന്ന ഭൂമി,’മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്’ എന്ന കവി വര്‍ണനയുള്ള ആ നല്ല കാലം നമുക്ക് അന്യമായിക്കൊണ്ടിരിക്കുന്നു. ദുരന്ത ഭൂമിയായി, ദുരന്തങ്ങള്‍ തീരാകഥയായി മാറുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.എപ്പോള്‍ മറ്റൊരു പ്രളയം, ഉരുള്‍പൊട്ടല്‍, മഹാമാരിഎന്നത്പ്രവചിക്കാന്‍ കഴിയാത്ത രീതിയില്‍ പന്ത്രണ്ട് മാസവും നാം നിസ്സഹായരായി നോക്കി നില്‍ക്കുന്നു. അതിനിടയില്‍ നഷ്ടപ്പെടുന്ന മനുഷ്യജീവനുകള്‍, പാര്‍പ്പിടങ്ങള്‍, കൃഷി,സമ്പത്ത് എന്നിവയുടെ ആഘാതം താങ്ങാവുന്നതിലപ്പുറം തന്നെ. തെക്ക് മുതല്‍ വടക്ക് വരെ കൃത്യമായെത്തുന്ന നാം സ്‌നേഹപൂര്‍വം കാത്തിരിക്കുന്ന ‘മോസം’ എന്ന് വിളിക്കുന്ന മണ്‍സൂണ്‍ ഇന്ന് ന്യൂനമര്‍ദ്ദം കൊണ്ട്, പുതിയ മേഘ വിസ്‌ഫോടനങ്ങള്‍ കൊണ്ട് അപ്രസക്തമായി പോവുകയാണ്.
എവിടെയാണ് നമുക്ക് തെറ്റിയത്.എവിടെയാണ്നാം ശ്രദ്ധിക്കാതിരുന്നത്.നമ്മുടെ പരിസ്ഥിതി സങ്കല്പവും വികസന സങ്കല്പവും എവിടെയോ എങ്ങനെയോ വിരുദ്ധ ദിശയിലായി മാറിയില്ലേഎന്ന ചിന്ത എന്തുകൊണ്ടാണ് ഇപ്പോഴും നമ്മുടെ മുഖ്യ അജണ്ടയായി മാറാത്തത്. 60 വര്‍ഷത്തിനിടയില്‍ ഉണ്ടായ ഏറ്റവും മികച്ച മഴയാണ് ഈ വര്‍ഷം സംസ്ഥാനത്തിന് ലഭിച്ചത്. പക്ഷെ അതൊന്നും നമുക്ക് സംരക്ഷിക്കാനോ റീചാര്‍ജ് ചെയ്യുവാനോ കഴിയുന്നില്ല. അതിവേഗം വളരുന്ന കോര്‍പ്പറേറ്റുകള്‍ക്ക് മുന്നില്‍, പെട്ടെന്ന് സമ്പന്നരാവാനുള്ള സ്വാര്‍ഥതയ്ക്ക് മുന്നില്‍, കാഴ്ചപ്പാടില്ലാത്ത,സുസ്ഥിര വികസന സങ്കല്‍പം എന്ന അജണ്ടയേയില്ലാത്ത ഭരണാധികാരികളുടെ തീരുമാനങ്ങള്‍ക്ക് മുന്നില്‍,നമ്മുടെ നാട് ഏതു ശരി ഏതു തെറ്റ് എന്ന് അറിയാത്ത രീതിയില്‍ മെല്ലെ അഗാധതയിലേക്ക് മുങ്ങിതാഴ്ന്നുകൊണ്ടിരുന്നു.
വിദ്യാഭ്യാസവും സംസ്‌കാരവും കൊണ്ട് ഉയര്‍ന്ന നാട് എന്ന നമ്മുടെ ധാരണ,എല്ലാം രാഷ്ട്രീയ കണ്ണോടെ നോക്കുന്ന നമ്മുടെ വികസന സങ്കല്പം,കേവലം അതിസമ്പന്നരായ അഞ്ച് ശതമാനത്തില്‍ താഴെയുള്ളവരെ മാത്രം ലക്ഷ്യമാക്കിയുള്ള വികസന ചിന്തകള്‍, അതിനപ്പുറം ജീവിക്കാന്‍ പാടുപെടുന്നകോടിക്കണക്കിന്,95% സാധാരണക്കാരന്, ജീവിക്കാന്‍ ഇരിക്കുന്ന വലിയൊരു തലമുറക്ക്,അവരുടെസങ്കല്പങ്ങളുടെ മേല്‍ ആണിക്കല്ല് അടിക്കുന്ന രീതിയില്‍ ആവരുത് എന്ന് പറയാന്‍ നാം എന്തുകൊണ്ട് മടിക്കുന്നു. ഒരു ചെറിയ മഴ നമ്മുടെ പട്ടണങ്ങളെ വെള്ളത്തിനടിയിലാക്കുന്നു.
മേഘവിസ്‌ഫോടനങ്ങളിലൂടെ താളം തെറ്റി പെയ്യുന്ന മേഘവര്‍ഷം ദുരന്തങ്ങള്‍ വിതയ്ക്കുന്നു. മരങ്ങള്‍ വെട്ടിയും പാറകള്‍ പൊട്ടിച്ചും മലകള്‍തകര്‍ത്തും വാണിജ്യ കൃഷികളും ഹോട്ടലുകളും റിസോര്‍ട്ടുകളും പണിതുകൊണ്ടിരിക്കുന്നു. നദികളിലെ മണല്‍ വാരല്‍ നിയന്ത്രിച്ചപ്പോള്‍ കരിങ്കല്‍ ക്വാറികള്‍ (2018-നു ശേഷം 233 പുതിയ കരിങ്കല്‍ ക്വാറികളാണ് ഉണ്ടായത്)ഉണ്ടാക്കി സൃഷ്ടിച്ച പുതിയസംവിധാനം, ബദല്‍ മാര്‍ഗം നാം നമ്മെത്തന്നെ പറ്റിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയായി മാറുന്നു.പ്രകൃതി വിഭവങ്ങള്‍ എന്താണെന്നുംഅവയുടെ ഉപയോഗം എങ്ങനെയായിരിക്കണമെന്നും പഠിപ്പിക്കാത്ത,പഠിക്കാത്ത വിദ്യാഭ്യാസം,ഭൂവിനിയോഗം ഗ്രാമ-നഗര ആസൂത്രണങ്ങളുടെ അഭാവം,ദുരന്തങ്ങള്‍ എങ്ങിനെ നേരിടണമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ ഇല്ലാതിരിക്കല്‍, എല്ലാ അത്യാഹിതങ്ങളും വികാരപരമായി, അശാസ്ത്രീയമായി കൈകാര്യം ചെയ്യല്‍,പരസ്പരം കുറ്റപ്പെടുത്തല്‍,എവിടെവീടുവയ്ക്കാം, എവിടെ കൃഷിചെയ്യാം, എവിടെ ഏതുമരം നടാന്‍ പറ്റും, എവിടെ ഹോട്ടലുകള്‍,എവിടെ വ്യവസായങ്ങള്‍ എന്നതിനൊന്നും ഒരു പ്രാധാന്യവും നല്‍കാതെ കവളപ്പാറയും, പുത്തു മലയും, പെട്ടിമുടിയും, കൂട്ടിക്കല്‍, കൊക്കയാര്‍ തുടങ്ങി ഒട്ടേറെ ദുരന്തങ്ങള്‍മനുഷ്യനിര്‍മിത തുടര്‍ക്കഥകളാവുകയും ചെയ്യുന്നു.
നഷ്ട പരിഹാരങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും കൊണ്ട് പരിഹരിക്കാവുന്നതല്ല അതൊന്നും എന്ന യാഥാര്‍ഥ്യവും നമുക്കറിയാം. നമ്മുടെ മലനിരകള്‍, വയലുകള്‍,തണ്ണീര്‍ത്തടങ്ങള്‍ പുഴകള്‍, വനങ്ങള്‍ എന്നിവയുടെ ശാസ്ത്രീയവും സുസ്ഥിരവുമായസംരക്ഷണത്തിന് എന്തു പദ്ധതികളാണ് കൃത്യമായി നമുക്കുള്ളത് എന്ന് അന്വേഷിക്കുമ്പോഴാണ് ഓരോ പദ്ധതികളും പല കാരണങ്ങള്‍ കൊണ്ടു അട്ടിമറിക്കപ്പെടുകയും ദുരന്തങ്ങള്‍ ഇരുട്ടുകൊണ്ടു ഓട്ടയടക്കുന്ന പൊടിക്കൈകള്‍ പ്രയോഗിച്ച് തടിയൂരുന്നതിലുള്ള മിടുക്ക് രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ഉണ്ടെന്നുള്ളതും നമുക്ക് മനസ്സിലാവുക.
നിങ്ങള്‍ക്ക് ഒരു ആവലാതിയോ വേവലാതിയോഉണ്ടെങ്കില്‍ അത് ധരിപ്പിക്കേണ്ടത് ഒന്നുകില്‍ അത് അനുഭവിച്ച ഒരാളോടോ അല്ലെങ്കില്‍ അല്പമെങ്കിലും അതിലൂടെ കടന്നുപോയ ഒരാളോടോ ആയിരിക്കണമെന്നും അല്ലെങ്കില്‍ അയാളുടെ മുന്നില്‍ നിങ്ങള്‍ ഒരു കോമാളിയോ അപഹാസ്യനോ ആയി മാറും എന്നതുമാണ് തത്വം. അയര്‍ലണ്ടിന്റെ പ്രസിഡന്റും പരിസ്ഥിതി വാദിയുമായ മേരി റോബിന്‍സെന്‍ തന്റെ പേരക്കുട്ടിയുടെ ഭാവിയെ കുറിച്ച് ഓര്‍ത്തപ്പോഴാണ് ഭൂമിയെക്കുറിച്ചും അത്നേരിടുന്ന വിപത്തിനെക്കുറിച്ചുംമനുഷ്യന്റെ ഇടപെടലുകളെക്കുറിച്ചും ആലോചിച്ചത് എന്ന്വികാര നിര്‍ഭരമായി പറഞ്ഞിട്ടുണ്ട്.ലോകശ്രദ്ധ പിടിച്ചുപറ്റിയ അവരുടെ കാലാവസ്ഥ,നീതി,മനുഷ്യനിര്‍മിത ഇടപെടല്‍ എന്ന പുസ്തകത്തിന്റെ പ്രേരക ഘടകം ഇതാണ്.
ലോകത്തെ 600 കോടി ജനങ്ങളെയും ബന്ദികള്‍ആക്കുക. ഒരിടത്തും പോകാന്‍ കഴിയാതെ,ഒന്നും ചെയ്യാന്‍ കഴിയാതെ,യാചകര്‍ മുതല്‍ രാഷ്ട്ര മേധാവികള്‍ വരെ കേവലം വളരെ സൂക്ഷ്മമായ ഒരു വൈറസിന് മുന്‍പില്‍ പകച്ചു നില്‍ക്കുക.ജീവിയ ഘടകങ്ങള്‍ ധാരാളമുള്ള ഈ ഭൂമിയില്‍ മനുഷ്യന് മാത്രം ഈ ദുര്‍ഗതി. ഈയൊരുവീട്ടുതടങ്കല്‍ സ്വയം നാം ആരാണെന്ന തിരിച്ചറിവിലേക്ക് നമ്മെ കൊണ്ട് എത്തിക്കണം. പ്രപഞ്ചമെന്ന മഹാ സത്യത്തിനു മുമ്പില്‍ ബുദ്ധിപരമായ മേല്‍ക്കോയ്മ കൊണ്ട് മാത്രം ലോകത്തെ നിയന്ത്രിച്ചു വരുതിയിലാക്കാനുള്ള ധാര്‍ഷ്ട്യം പ്രകൃത്യാ തന്നെ നിയന്ത്രിക്കുന്നകാഴ്ച. പ്രകൃതി ഒരു ഉപഭോഗ വസ്തുവാണെന്നും തോന്നിയപോലെചൂഷണം ചെയ്യുക എന്നത് ജന്മാവകാശമാണെന്നും തോന്നിപ്പോയ മനുഷ്യന് കിട്ടിയ പ്രഹരമാണീ കൊറോണ വൈറസ് ദുരന്തമെന്നു പറയാം.സമൂഹം എന്നാല്‍ മനുഷ്യരുടെ മാത്രം സമൂഹം എന്ന തോന്നലിനെതിരെയുള്ളപ്രകൃതിയുടെസംഹാരം. ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യന്റെ നിലനില്‍പ്പിന് എന്നതിലുപരിയായി മനുഷ്യന്റെ ഒടുങ്ങാത്ത ദാഹം ശമിപ്പിക്കാന്‍ ഉള്ള മാര്‍ഗമായി പ്രകൃതിയെ നോക്കി കണ്ടതിനുള്ള ശിക്ഷ.ഇത് കേവലം ഒരു തിരിച്ചറിവാണ്. നാം ആരാണെന്നുംഈ പ്രപഞ്ചത്തില്‍ നമ്മുടെ പങ്ക് എന്താണെന്നും ഉള്ളതിനെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍.
വ്യത്യസ്തവും വൈവിധ്യവുമാണ് പ്രകൃതി. പരിസ്ഥിതി എന്ന പദം നാംനിര്‍വചിക്കുമ്പോള്‍ നാം ജീവിക്കുകയുംപ്രവര്‍ത്തിക്കുകയും ചെയ്യുന്ന നമ്മുടെ ചുറ്റുപാട് എന്ന് പറയാറുണ്ട്. എന്താണീ ചുറ്റുപാട് എന്നും ആരാണീ നാം എന്നും ഒരിക്കലുംനോക്കാറില്ല. അറിയാന്‍ ശ്രമിച്ചിട്ടില്ല. തിരക്കുപിടിച്ച ജീവിതമത്സരയോട്ടങ്ങളില്‍ഏര്‍പ്പെട്ടു കൊണ്ട് പ്രകൃതിയിലുള്ളതിനെയെല്ലാം കാല്‍ക്കീഴിലാക്കുവാനുള്ള വ്യഗ്രതയില്‍ നാംമറന്നു പോയത് അതിജീവനം എന്ന ധര്‍മ പാഠം ആയിരുന്നു. അത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നതു പ്രകൃതിയെ അനുസരിക്കാനും മറ്റു ജീവീയ അജീവീയ ഘടകങ്ങളോടൊപ്പം സംതുലിതമായി നീങ്ങാനുമാണ്.
നാം നിലനില്‍ക്കുന്ന ഈ പരിസ്ഥിതിയെ നാമൊന്നറിയാന്‍ശ്രമിക്കുക. മനുഷ്യര്‍,മൃഗങ്ങള്‍,ഇഴജന്തുക്കള്‍ തുടങ്ങി എത്ര സൂക്ഷ്മജീവികള്‍. എത്ര വലിയ ജീവികള്‍. ആയിരം മനുഷ്യനെ ഒരു തള്ളലില്‍ മീറ്ററുകളോളം ദൂരത്തില്‍ വലിച്ചെറിയാന്‍ ശക്തിയുള്ള ആനയും എല്ലുകള്‍ പോലും ബാക്കി വയ്ക്കാതെ സംഹരിക്കാന്‍ ശക്തിയുള്ള മത്സ്യങ്ങളും അടങ്ങിയതാണ് ഈ പ്രകൃതി. ഒപ്പം മലകളും നദികളും കാടുകളും ഒട്ടേറെ അജീവിയ ഘടകങ്ങളും. വൈവിധ്യങ്ങളായ ഇത്തരം ഒരു അവസ്ഥയാണ് പരിസ്ഥിതി എന്ന് നാം വിശേഷിപ്പിക്കുന്നത്. അതിനൊരു താളവും ലയവുമുണ്ട്.ഒന്ന് മറ്റൊന്നിനെ ഉറപ്പിച്ചു നിര്‍ത്തുന്നു. ജീവീയ ഘടകങ്ങള്‍ മാത്രമല്ല, ജീവീയ ഘടകങ്ങളും അജീവീയ ഘടകങ്ങളും ജീവീയ ഘടകങ്ങള്‍ തമ്മില്‍ തന്നെയും ഇത്തരത്തിലൊരു പരസ്പര ബന്ധമുണ്ട്.
അതുകൊണ്ടുതന്നെ ഒന്നിന്റെ നിലനില്‍പ്പ് മറ്റൊന്നിന്റെനിലനില്‍പ്പിന്അടിസ്ഥാന ഘടകമായി പ്രവര്‍ത്തിക്കുന്നു. ഇതിനെയാണ് ലോ ഓഫ് നേച്ചര്‍ (പ്രകൃതിനിയമം) എന്നു പറയുന്നത്. എല്ലാ ജീവികളും ഈനിയമമനുസരിച്ചാണ് ജീവിക്കുന്നത്. ദത്താപഹാരംഎന്ന വി ജെ ജെയിംസ് ന്റെ നോവലില്‍ കൂട്ടുകാരനെ തേടിപ്പോയവരുടെമുന്നിലെത്തിയ വരയന്‍ കടുവ തങ്ങളെഒന്നും ചെയ്യാതെ പോകാന്‍ അനുവദിച്ചത് ആതിഥ്യ മര്യാദ കൊണ്ടല്ലെന്നും തൊട്ടു മുന്‍പാണു അത് വേറൊരു ഇരയെ ഭക്ഷിച്ചതു എന്നും വിവരിക്കുന്നുണ്ട്.ഇത് ആരും പഠിപ്പിച്ചിട്ടില്ല, മറിച്ച് ഓരോ ജീവിക്കും അതിന്റെഅതിജീവനംഎങ്ങനെയാണെന്ന് അറിയാം. ലോകത്തെ എല്ലാ ജീവികള്‍ക്കും അതറിയാം.പഞ്ചസാരചാക്കിലകപ്പെട്ട ഉറുമ്പ് അതിന്റെ മധുരത്തെ ആസ്വദിക്കുന്നതിനേക്കാള്‍രക്ഷപ്പെടാനുള്ള വ്യഗ്രതയാണ്കാണിക്കുക.എന്നാല്‍ ദുര മൂത്തജീവിതത്തിന്റെ പരക്കംപാച്ചിലിനിടയില്‍ എല്ലാം തന്റെതാക്കണം എന്ന തോന്നല്‍ പ്രകൃതിയെ അറിയാതെ, മറ്റു ജീവികളെ അറിയാതെ,സ്വന്തം സമൂഹത്തെ അറിയാതെ, എന്തിനധികം നാം ആരാണെന്നറിയാതെ നമ്മെ ഓടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. എന്നാല്‍ നാം അറിയാത്ത,അറിയില്ലെന്ന് ഭാവിക്കുന്നഒരു പ്രകൃതിനിയമം ഉണ്ട്.
റോബര്‍ട്ട് മാല്‍ത്യുസ് തന്റെസാമ്പത്തിക ശാസ്ത്രത്തില്‍ജനസംഖ്യയും പ്രകൃതിവിഭവങ്ങളുടെ ലഭ്യതയെയും കുറിച്ച് വിവരിക്കുന്നുണ്ട്.ജനസംഖ്യ വര്‍ധനവ് ഇതേ രീതിയില്‍ വളരെ വളരുകയും പരിമിതമായ പ്രകൃതിവിഭവങ്ങളുടെ അന്തിമ രേഖയില്‍ (രമൃൃ്യശിഴ രമുമരശ്യേ) അത് സ്പര്‍ശിക്കുകയും ചെയ്യുമ്പോള്‍ തീര്‍ച്ചയായും അത് മനുഷ്യജീവിതത്തെ അല്ലെങ്കില്‍ വളര്‍ച്ചയെ തടയും എന്നും അത് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഭക്ഷ്യ ക്ഷാമം, രോഗങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയാവാമെന്നും അദ്ദേഹം ഉത്കണ്ഠപ്പെടുന്നു. ധവള വിപ്ലവത്തിലൂടെയും ശാസ്ത്ര പുരോഗതിയിലൂടെയും നാമിതു തെറ്റാണെന്നു വിമര്‍ശിച്ചെങ്കിലും അതില്‍ വാസ്തവമില്ലേയെന്നു നമുക്ക് ചിന്തിക്കാനുള്ള അവസരമാണിത്.ഈയൊരു തിരിച്ചടി കൂട്ടി വെച്ച നമ്മുടെ സമ്പത്തിനെ തകര്‍ക്കുക തന്നെ ചെയ്യും.
മലിനീകരണങ്ങള്‍,യുദ്ധവും ദാരിദ്ര്യവും സൃഷ്ടിക്കും. ഭൗതികമായ ഐശ്വര്യത്തിന്റെ കൊടുമുടിയില്‍ എത്തി നില്‍ക്കുമ്പോഴും വായുമലിനീകരണവും ജലമലിനീകരണവും എത്ര ദുസ്സഹമാണെന്നുഎന്തുകൊണ്ട് നാം തിരിച്ചറിയാതെ പോകുന്നു. അമ്ല മഴ മൂലം കാടുകള്‍ കരിഞ്ഞു നാമാവശേഷമായതു എങ്ങിനെ നാം ശ്രദ്ധിക്കാതെ പോയി. വെള്ളത്തിന്റെനിസ്സര്‍ഗ്ഗ ശക്തി കുറഞ്ഞു പോയത് എങ്ങിനെ നാംഅറിയാതെ പോയി. ഭൂമിയില്‍ പിറക്കുന്നസകല ചരാചരങ്ങളുടെയുംജന്മാവകാശം ആയിരുന്ന ഭൂമി നമ്മുടേത്മാത്രമാണെന്നു നാം കരുതിയവിഡ്ഢിത്തം എങ്ങനെ നാം അറിയാതെ പോയി. മനുഷ്യന്‍ എന്നും കാംക്ഷിക്കുന്നത് ശാന്തിയും സ്വസ്ഥതയും സത്യ സാക്ഷാത്കാരവുമാണ്.
മനുഷ്യ ദുഃഖത്തിന്റെ മൂലകാരണങ്ങള്‍ ആരാഞ്ഞ ബുദ്ധന്റെ കണ്ടെത്തലുംഈ ദുരതന്നെ എന്നാണ്. വ്യാവസായിക വിപ്ലവത്തിന്റെ മൂര്‍ധന്യത്തില്‍ നമുക്ക്മുന്നറിയിപ്പ് നല്‍കിയ റസ്‌കിന്റെ, ടോള്‍സ്റ്റോയിയുടെ, തോറോയുടെ അനേകംചിന്തകരുടെ ദീനരോദനങ്ങള്‍ നമ്മള്‍ എന്തുകൊണ്ട്കേട്ടില്ല. ജലലഭ്യതയെ കുറിച്ച് ആധികാരികമായി ഗവേഷണം നടത്തിയ വേള്‍ഡ് വാച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സാന്ദ്ര പോസ്റ്റന്‍ഇന്നത്തെ കാലാവസ്ഥ വ്യതിയാനം നൂറ്റാണ്ടിലെ അവസാനത്തില്‍ ലോകത്ത് ഉണ്ടാക്കുന്നത് രൂക്ഷമായ കുടിവെള്ള ക്ഷാമമായിരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിരുന്നു.
പതിനഞ്ചു ലക്ഷത്തോളം സസ്യങ്ങള്‍ക്കും ജന്തുക്കള്‍ക്കും അടുത്ത പതിനഞ്ച് വര്‍ഷങ്ങള്‍ക്കകം വംശ നാശം സംഭവിക്കും എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. ആര്‍ക്കു വേണ്ടിയാണീ നാശം?നമുക്കു വേണ്ടി. ഈ കൂട്ടക്കൊലക്ക് ശേഷവും നാം സന്തുഷ്ടരായിരിക്കുമെന്നു നിങ്ങള്‍കരുതുന്നുണ്ടോ.വ്യക്തിപരമായസംതൃപ്തിയുടെ കൂട്ടായബഹിര്‍സ്ഫുരണമാണ് ശാന്തി എന്നു ഗാന്ധിജിപറഞ്ഞു. അതിനെ സംസ്‌കാര സമ്പന്നതയുമായി കൂട്ടിവായിക്കണം. എന്താണ് സംസ്‌കാര സമ്പന്നത എന്ന് ഗാന്ധിജിയോട് ചോദിച്ചപ്പോള്‍ ഗാന്ധിജി പറഞ്ഞത്സംസ്‌കാരസമ്പന്നമായ സമൂഹത്തിന്റെ ലക്ഷണം അതില്‍എല്ലാവരും ശാന്തിയോടുംസമാധാനത്തോടും കൂടി ജീവിക്കുന്നു എന്നതാണ്. മറ്റുള്ളവരെകുറിച്ചുള്ള ബോധം, കരുതല്‍ എന്നിവയാണ് ഈശ്വര മാര്‍ഗം എന്നുംഅത്ഈ പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളാണെന്നും ഫുക്കുവോക്ക പറയുന്നു.
പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകളെ പുനര്‍നിര്‍വ്വചിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമ്പോള്‍അവിടെ നിങ്ങള്‍ക്ക് നിങ്ങളെ കാണാന്‍ കഴിയും. നിങ്ങളോടൊപ്പം മറ്റു ജീവീയ അജീവീയ ഘടകങ്ങളെ കാണാന്‍ കഴിയും. പറവകളെയും മൃഗങ്ങളെയും മലകളെയും വനങ്ങളെയും നദികളെയും നക്ഷത്രങ്ങളെയും കാണാന്‍ കഴിയും. അത്തരം കാഴ്ചകള്‍പ്രകൃതിയെ അറിഞ്ഞു, മറ്റുള്ളവരെ അറിഞ്ഞു കരുതലോടെ ജീവിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കും. ഒരുപക്ഷേ നാമതില്‍ ഒറ്റപ്പെട്ടേക്കാം.അല്ലെങ്കില്‍ ഒരു സര്‍ഗ്ഗാത്മക ന്യൂനപക്ഷമായി മാറിയേക്കാം.സര്‍ഗ്ഗാത്മകമല്ലാത്തഭൂരിപക്ഷത്തെകൂടി തങ്ങളോടൊപ്പം കൊണ്ടുപോകാനുള്ള കഴിവും ഉണ്ടായിരിക്കണം.
വികസനങ്ങള്‍ ആവശ്യമാണ്. പുരാതന ശിലായുഗത്തില്‍ നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പരിണാമംവികസനത്തിലൂടെ തന്നെയാണ്. അതിന്പ്രകൃതി വിഭവങ്ങളെ ചൂഷണം ചെയ്യുകയും വേണം. എന്നാല്‍ അത് കേവലം ചുരുങ്ങിയ ശതകോടീശ്വരന്‍മാരുടെ അതിസമ്പന്നതയ്ക്കു വേണ്ടിയാകുന്നതിനപ്പുറം ഏറ്റവും താഴെത്തട്ടിലുള്ള കോടിക്കണക്കിന് നിസ്സഹായരായ ജനങ്ങളെ പരിഗണിച്ചു കൂടിയാവണം. അങ്ങനെ ചെയ്യുമ്പോള്‍ നമ്മുടെ വന, ജല, ഭൂ നയങ്ങള്‍ പരിസ്ഥിതിയെയും വികസനത്തെയും ഒരേ അളവില്‍ തുലനം ചെയ്തു മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയും.
(ദേശീയ ഹരിതസേന സംസ്ഥാന റിസോഴ്‌സ് പേഴ്‌സണും
അധ്യാപകനും എഴുത്തുകാരനുമാണ് ലേഖകന്‍ )