5 Tuesday
March 2024
2024 March 5
1445 Chabân 24

ദുല്‍ഹിജ്ജയിലെ പത്തു അനുഷ്ഠാനങ്ങള്‍

ഇബ്‌റാഹീം ശംനാട്‌


ഹിജ്‌റ കലണ്ടറിലെ അവസാന മാസമാണ് ദുല്‍ഹിജ്ജ. ഈ മാസത്തിലെ ആദ്യ പത്ത് ദിനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണെന്ന് ഖുര്‍ആനും തിരുവചനങ്ങളും സാക്ഷ്യപ്പെടുത്തുന്നു. പത്ത് ദിനങ്ങളുള്ള മാസമാണിത് എന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച മാസമാണിത് (89:1,2). ഈ ദിവസങ്ങളില്‍ ചെയ്യുന്ന സല്‍കര്‍മങ്ങളെക്കാള്‍ അല്ലാഹുവിന് ഇഷ്ടപ്പെടുന്ന മറ്റൊരു കര്‍മവുമില്ലെന്ന് പ്രവാചകന്‍ (സ) പറഞ്ഞു. ദുല്‍ഹി ജ്ജയിലെ ആദ്യ പത്ത് ദിനങ്ങളില്‍ നാം അനുഷ്ഠിക്കേണ്ട പത്ത് കാര്യങ്ങളാണ് ചുവടെ:
(1). ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളില്‍ ചെയ്യേണ്ട ഏറ്റവും പ്രധാന കര്‍മം ഹജ്ജ് തന്നെയാണ്. സാമ്പത്തികമായും ശാരീരികമായും കഴിവുള്ളവര്‍ ദുല്‍ഹിജ്ജ എട്ടിന് ആരംഭിക്കുന്ന ഹജ്ജ് കര്‍മങ്ങളില്‍ ഭാഗഭാക്കാവുക. അതിന് കഴിയാത്തവര്‍ ഹജ്ജ് അനുഷ്ഠിക്കാന്‍ നിരന്തരമായി പ്രാര്‍ത്ഥിക്കുക. ഹജ്ജ് ചെയ്തവരാകട്ടെ, ഹജ്ജ് നല്‍കിയ അനുഭൂതികള്‍ അയവിറക്കുകയും അതിലെ പാഠങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുകയും ചെയ്യുക.
(2). ഹജ്ജ് അടസ്ഥാനമാക്കി മുസ്‌ലിംകളെ രണ്ടായി വിഭജിക്കാം. ഹജ്ജിന് പോകുന്നവരും പോകാത്തവരും. ഹജ്ജിന് പോവാത്ത ഭൂരിപക്ഷം പേര്‍, ഈ ദിവസങ്ങളില്‍ ഹാജിമാരെ പോലെ പുണ്യങ്ങളാര്‍ജിക്കാന്‍ പല കാര്യങ്ങളും ചെയ്യാം. ദുല്‍ഹിജ്ജയിലെ ആദ്യ ഒമ്പത് ദിവസങ്ങളില്‍ നോമ്പനുഷ്ഠിക്കുന്നത് ഉത്തമമാണ്. വിശിഷ്യാ അറഫാ ദിനത്തില്‍. ഈ നോമ്പ് ചെയ്തതും വരാനിരിക്കുന്നതുമായ പാപങ്ങളെ പൊറുക്കുമെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്.
(3). ദിക്‌റുകള്‍ അധികരിപ്പിക്കുക. നബി(സ) പറഞ്ഞു: നല്ല പ്രവൃത്തികള്‍ ചെയ്യാന്‍ ഈ പത്ത് ദിവസത്തെക്കാള്‍ അല്ലാഹുവിന് ഇഷ്ടപ്പെട്ട ദിനങ്ങളില്ല. അതിനാല്‍ തഹ്‌ലീല്‍ (ലാ ഇലാഹ ഇല്ലല്ലാഹ്), തക്ബീര്‍ (അല്ലാഹു അക്ബര്‍), തഹ്മീദ് (അല്‍ഹംദുലില്ലാഹ്). വീടിലും പള്ളികളിലും വഴിയോരങ്ങളിലുമെല്ലാം ധാരാളമായി ചൊല്ലുക. അല്ലാഹുവിനോട് കൂടുതല്‍ അടുക്കാനും മനസ്സമാധാനം കൈവരിക്കാനും ദിക്‌റിലൂടെ സാധിക്കുന്നതാണ്.
(4). ‘തഹജ്ജുദ്’ പതിവാക്കുക. രാത്രിയുടെ അന്ത്യയാമങ്ങളില്‍ അല്ലാഹു ഒന്നാം ആകാശത്തേക്ക് ഇറങ്ങിവരുകയും അടിമകളുടെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുമെന്ന് ഹദീസുകളില്‍ കാണാം. ”എന്നോട് പ്രാര്‍ത്ഥിക്കുന്ന ആരെങ്കിലുമുണ്ടോ? അങ്ങനെയുണ്ടെങ്കില്‍ ഞാന്‍ അവന്റെ പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നതാണ്. എന്നോട് ചോദിക്കുന്ന ആരെങ്കിലുമുണ്ടെങ്കില്‍, ഞാന്‍ അവന്റെ അപേക്ഷ പരിഗണിക്കുന്നതാണ്. എന്നോട് ആരെിലും മാപ്പിരക്കുകയാണെങ്കില്‍, ഞാന്‍ അവന് മാപ്പ് നല്‍കുന്നു.”
(5). ഖുര്‍ആനിലേക്ക് മടങ്ങാനുള്ള മികച്ച അവസരമായി പത്ത് ദിനങ്ങളെ പ്രയോജനപ്പെടുത്താം. ഈ മാസത്തോടെ ഒരു ഹിജ്‌റ വര്‍ഷം കൂടി ജീവിതത്തോട് വിട പറയുകയാണ്. വരും ദിനങ്ങളില്‍ ഖുര്‍ആന്‍ പഠനം തുടരുമെന്ന പ്രതിജ്ഞ എടുക്കുക. അതിന്റെ സന്ദേശം ഗ്രഹിക്കാന്‍ ശ്രമിക്കുക. അതിലുള്ള കല്‍പനകള്‍ നടപ്പിലാക്കുക. ഖുര്‍ആനുമായുള്ള ബന്ധം ഐഹിക ജീവിതത്തിലും മരണാനന്തരവും വിജയത്തിലേക്കുള്ള വാതിലുകള്‍ തുറക്കും.
(6). ബന്ധങ്ങള്‍ ശക്തിപ്പെടുത്തുക. പലതരം ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുന്നവരാണ് മനുഷ്യര്‍. എല്ലാ ബന്ധങ്ങളും അറ്റുപോയികൊണ്ടിരിക്കുന്ന കാലമാണിത്. കുടുംബ ബന്ധങ്ങള്‍ വിശേഷിച്ചും. ഒന്നിച്ച് നില്‍ക്കല്‍ അപാര ശക്തിയാണ്. കെട്ടിടത്തില്‍ വിള്ളലുണ്ടായാല്‍ പൊളിഞ്ഞ് വീഴും. കുടുംബം, സ്ഥാപനങ്ങള്‍, ചാരിറ്റി ട്രസ്റ്റുകള്‍, രാഷ്ട്രങ്ങള്‍ എല്ലാം തകരുന്നതിന്റെ തുടക്കം ബന്ധങ്ങളിലെ വീഴ്ചകളാണ്.
(7). നന്മകള്‍ വര്‍ധിപ്പിക്കുക. ഹജ്ജ് ചെയ്യാന്‍ കഴിയാത്തവര്‍ മറ്റ് ധാരാളം സല്‍കര്‍മങ്ങളനുഷ്ഠിച്ച് നന്മയുടെ തൂക്കം വര്‍ധിപ്പിക്കുക. നമസ്‌കാരം, സദഖ, നോമ്പ് തുടങ്ങിയ ഉമ്മഹാത്തുല്‍ ഇബാദാത് (ആരാധനകളിലെ മാതാക്കള്‍) എന്ന് വിശേഷിപ്പിക്കപ്പെട്ട കര്‍മങ്ങള്‍ ചൈതന്യവത്തായ രൂപത്തില്‍ നിര്‍വ്വഹിക്കുക. ഖുര്‍ആന്‍ പറയുന്നു: ”അണുത്തൂക്കം നന്മ ചെയ്തവന്‍ അത് കാണും. അണുത്തൂക്കം തിന്മ ചെയ്തവന്‍ അതും കാണും.” (99:7,8)
(8). ബലി അറുക്കുക. കഴിവുള്ളവര്‍ക്ക് ഉദ്ഹിയ്യത്ത് നിര്‍ബന്ധമാണെന്ന് അഭിപ്രായപ്പെട്ട പണ്ഡിതനാണ് ഇമാം അബൂഹനീഫ. അത് പ്രബലമായ സുന്നത്താണെന്ന കാര്യത്തില്‍ പണ്ഡിതന്മാരെല്ലാം ഏകാഭിപ്രായക്കാരാണ്. ദുല്‍ഹിജ്ജ 10-ന് ഈദ് നമസ്‌കാരം മുതല്‍ 13 പ്രദോഷം വരെ ഇബ്‌റാഹീം നബിയുടെ ചര്യ പിന്‍പറ്റി ബലിയറുക്കുന്നത് പ്രബലമായ സുന്നത്താണ്.
മദീനയിലായിരിക്കെ നബി(സ) എല്ലാ വര്‍ഷവും മൃഗബലി നടത്തിയതായി ഇബ്‌നു ഉമര്‍ (റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാംസം മൂന്ന് ഓഹരിയാക്കി വിതരണം ചെയ്യുക. ബലിയറുത്ത ആള്‍ക്ക്, പാവപ്പെട്ടവര്‍ക്ക്, സമ്മാനമായും ഒരു ഓഹരി. ഖുര്‍ആന്‍ പറയുന്നു: ‘ആ ബലിമാംസം നിങ്ങള്‍ തിന്നുക. പ്രയാസക്കാര്‍ക്കും പാവങ്ങള്‍ക്കും തിന്നാന്‍ കൊടുക്കുക. (22:28)
(9). ഈദ് നമസ്‌കാരത്തില്‍ പങ്കാളികളാവുക. പത്ത് ദിവസത്തെ ഹൃദ്യമായ ഇബാദത്തുകള്‍ക്ക് ശേഷം അല്ലാഹു നമുക്ക് ആഘോഷിക്കാനുള്ള അവസരം നല്‍കിയിരിക്കുന്നു. ഇസ്‌ലാമിക പരിധികള്‍ പാലിച്ച് ഈ സുദിനം ആഘോഷിക്കുക. നബി(സ)യുടെ ഹജ്ജത്തുല്‍ വിദാഇല്‍ (വിടവാങ്ങല്‍ ഹജ്ജ്) നിര്‍വ്വഹിച്ച പ്രഭാഷണം കുടുംബവുമൊത്ത് വായിക്കുകയും അതിലെ കാര്യങ്ങള്‍ നടപ്പാക്കുകയും ചെയ്യുക.
(10). അല്ലാഹുവിന് നന്ദി രേഖപ്പെടുത്തുക. സര്‍വ്വോപരി നമ്മെ സന്മാര്‍ഗത്തിലാക്കിയ അല്ലാഹുവിന് ഈ സുദിനങ്ങളില്‍ മുകളില്‍ വിവരിച്ച പ്രകാരം ധാരാളമായി നന്ദി രേഖപ്പെടുത്തുക.
ഖുര്‍ആന്‍ പറയുന്നു: ”നിങ്ങളെ നേര്‍വഴിയിലാക്കിയതിന്റെ പേരില്‍ നിങ്ങള്‍ അല്ലാഹുവിന്റെ മഹത്വം കീര്‍ത്തിക്കാനും അവനോട് നന്ദിയുള്ളവരാകാനുമാണ്.” (2:185)

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x