1 Tuesday
July 2025
2025 July 1
1447 Mouharrem 5

ദുല്‍ഹുലൈഫയില്‍ നിന്ന് ഇഹ്‌റാമിലേക്ക്‌

എന്‍ജി. പി മമ്മദ് കോയ


മദീനയില്‍ നിന്ന് ഹജ്ജിനും ഉംറക്കും പോകുന്നവര്‍ ഇഹ്‌റാം ചെയ്യേണ്ട മീഖാത്ത് ദുല്‍ഹുലൈഫ ആണ്. ഇപ്പോള്‍ ആ സ്ഥലം അബ്‌യാര്‍ അലി എന്നാണ് അറിയപ്പെടുന്നത്. ഇവിടത്തെ മസ്ജിദുശ്ശജറയില്‍ വലിയ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അനേകം ഹാജിമാര്‍ക്ക് ഒരേസമയം കുളിക്കാനും വസ്ത്രം മാറാനും അംഗശുദ്ധി വരുത്താനും സൗകര്യമുണ്ട്. മദീന മുനവ്വറയില്‍ നിന്ന് വരുന്ന അനേകം ബസ്സുകളും ആയിരക്കണക്കിന് ഹാജിമാരും കൊണ്ട് പള്ളിയും പരിസരവും നിറഞ്ഞു കവിഞ്ഞിരിക്കുകയാണ്.
ഞങ്ങള്‍ താമസ സ്ഥലത്ത് വെച്ച് തന്നെ തയ്യാറായതു കൊണ്ട് കേവലം അംഗശുദ്ധി വരുത്തേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. നമ്മള്‍ യാത്ര ചെയ്യുന്ന ബസ്സിന്റെ നമ്പര്‍ പ്രത്യേകം നോട്ടുചെയ്യേണ്ടതാണ്. ആയിരക്കണക്കിന് ബസ്സുകള്‍ പാര്‍ക്ക് ചെയ്തിടത്താണ് നമ്മുടെ ബസ്സും ഉണ്ടാകുക. തിരിച്ചു ചെല്ലുമ്പോള്‍ കണ്ടുപിടിക്കുക വലിയ പ്രയാസമായിരിക്കും. പ്രത്യേകിച്ച് ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വരുന്നവര്‍ക്ക്. സ്വകാര്യ ഗ്രൂപ്പില്‍ വരുന്നവര്‍ക്ക് അവരുടെ അമീറും അടയാളക്കൊടികളുമൊക്കെയുണ്ടാകും. എന്നാല്‍ ഹജ്ജ് കമ്മിറ്റിയിലുള്ള ഓരോ കവര്‍ ഹെഡും സ്വയം അമീര്‍ ആകുകയേ നിര്‍വാഹമുള്ളൂ.
ഇഹ്‌റാമിലൂടെ ഓരോ വിശ്വാസിയും ലക്ഷ്യമിടുന്നത് ആത്മാവിനെയും മനസ്സിനേയും ശുദ്ധീകരിക്കുന്ന ഉംറയുടെയും ഹജ്ജിന്റെയും മുന്നൊരുക്കമാണ്. ഭൗതികമായ താത്പര്യങ്ങളെല്ലാം വിട്ട്, ഭൂതകാല പാപങ്ങളേറ്റ് പറഞ്ഞു പശ്ചാത്തപിച്ച് ദൈവ സന്നിധിയിലേക്ക് സ്വയം സമര്‍പ്പിതമാകുന്ന പ്രക്രിയയാണ് ഹജ്ജും ഉംറയും. സ്വര്‍ഗലബ്ധിയെന്ന പരമമായ മോക്ഷ പ്രാപ്തിക്കുവേണ്ടി ആത്മാവിനെയും ശരീരത്തെയും ഒരുക്കുകയാണ് ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിലൂടെ വിശ്വാസി ചെയ്യുന്നത്.
അലങ്കാരങ്ങളോ ആര്‍ഭാടങ്ങളോ ഇല്ലാത്ത ലളിതമായ രണ്ട് വെള്ള വസ്ത്രങ്ങളാണ് പുരുഷന്‍മാരുടെ ഇഹ്‌റാം വേഷം. സ്ത്രീകള്‍ക്ക് മുഖവും മുന്‍കൈകളുമൊഴിച്ച് ശരീരം മറയുന്ന ഏതു വസ്ത്രവും ധരിക്കാം. വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നു വരുന്ന, വിവിധ നിറങ്ങളിലും രൂപത്തിലുമുള്ള വസ്ത്രങ്ങള്‍ മാറ്റി എല്ലാ വിശ്വാസികളും ഈ ഏക രൂപ വസ്ത്രമണിയുന്നു.
നഖം, കക്ഷരോമങ്ങള്‍ തുടങ്ങിയവ നീക്കി, ശരീരം വെടിപ്പാക്കണം. പ്രപഞ്ച നാഥന്റെ ആതിഥ്യം സ്വീകരിക്കാന്‍ ഉപചാര വസ്ത്രങ്ങള്‍ അണിഞ്ഞു മാനസികമായി കീഴൊതുങ്ങി തയ്യാറാകണം.
ഈ മീഖാത്തിന് ചരിത്രപരമായ ഒരു പ്രത്യേകതയുണ്ട്. ഇവിടെ വെച്ചാണ് റസൂല്‍ (സ) ഹജ്ജിന് ഇഹ്‌റാമില്‍ പ്രവേശിച്ചത്. പതിനായിരക്കണക്കിന് അനുചരന്മാരോടൊന്നിച്ച് പ്രവാചകന്‍(സ) ഇവിടെ എത്തിച്ചേരുകയും ഒരു ദിവസം ഇവിടെ താമസിക്കുകയും ചെയ്തു. ഇവിടെ വെച്ച് ഇഹ്‌റാമില്‍ പ്രവേശിച്ചതിന് ശേഷം പിറ്റേ ദിവസം മക്ക ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. എട്ടാം ദിവസം മക്കയുടെ സമീപത്തുള്ള ദുതുവ എന്ന സ്ഥലത്ത് എത്തുകയും ഒരു ദിവസം അവിടെ തങ്ങി പിറ്റെ ദിവസം ഉംറ നിര്‍വ്വഹിക്കുകയും ചെയ്തു എന്നാണ് ചരിത്രം.
ഞങ്ങള്‍ അംഗശുദ്ധി വരുത്തി അല്ലാഹുവിന്റെ അനുഗ്രഹത്തിന് പ്രാര്‍ഥിച്ചുകൊണ്ട് മസ്ജിദുശ്ശജറയിലേക്ക് പ്രവേശിച്ചു. ഉംറക്ക് ഇഹ്‌റാമില്‍ പ്രവേശിക്കുന്നതിന് മുന്നോടിയായി രണ്ട് റക്അത്ത് ഐച്ഛിക നമസ്‌കാരം നിര്‍വഹിക്കണം. മനസ്സും ശരീരവും ദൈവസ്മരണയിലേക്ക് ഏകാഗ്രമായി നിലനിര്‍ത്താനാവാം ഈ ഐച്ഛിക നമസ്‌കാരം. ആദ്യ റക്അത്തില്‍ സൂറത്തുല്‍ കാഫിറൂനും രണ്ടാമത്തേതില്‍ സൂറത്തുല്‍ ഇഖ്‌ലാസും പാരായണം ചെയ്യുന്നതാണ് നബിചര്യ!
നമസ്‌കാരാനന്തരം ലബ്ബൈക്ക ഉംറത്തന്‍ എന്ന് പറയുകയും ഞാന്‍ ഉംറ നിര്‍വഹിക്കാന്‍ വേണ്ടി ഇഹ്‌റാമില്‍ പ്രവേശിച്ചിരിക്കുന്നു എന്ന് മനസ്സില്‍ കരുതുകയും ചെയ്യണം. ശേഷം മൂന്നു തവണ തല്‍ബിയ്യത്ത് ചൊല്ലണം. ഇതാണ് ലളിതമായ ഇഹ്‌റാമിന്റെ നടപടി ക്രമങ്ങള്‍. പിന്നീട് തല്‍ബിയത്ത് ചൊല്ലിക്കൊണ്ടേയിരിക്കണം.
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക്ക ലാ ശരീക്ക ലക്ക ലബ്ബൈക്. ഇന്നല്‍ ഹംദ, വന്നിഅ്മത്ത ലക്ക വല്‍ മുല്‍ക്ക ലാ ശരീക്ക ലക്ക (അല്ലാഹുവേ, നിന്റെ ക്ഷണത്തിന് ഞാനിതാ ഉത്തരം നല്‍കിയിരിക്കുന്നു. ഒരു പങ്കുകാരനുമില്ലാത്ത നിനക്ക് ഞാന്‍ ഉത്തരം നല്‍കിയിരിക്കുന്നു. നിശ്ചയമായും സര്‍വ സ്തുതിയും അനുഗ്രഹങ്ങളും രാജാധികാരവും നിനക്കാണ്. നിനക്ക് പങ്കാളിയായി ആരും തന്നെയില്ല.)
അല്ലാഹുവിന്റെ ഏകത്വത്തെയും സര്‍വാധികാരത്തേയും ഉച്ചൈസ്തരം പ്രഘോഷണം ചെയ്യുന്ന അമര മന്ത്രമാണ് തല്‍ബിയത്ത്. ഉംറയുടെ കര്‍മങ്ങള്‍ കഴിഞ്ഞ് ഇഹ്‌റാമില്‍ നിന്ന് വിരമിക്കുന്നത് വരെ ഈ മന്ത്രം ഉരുവിട്ട് കൊണ്ടിരിക്കണം.
വെറുതെ മുദ്രാവാക്യം വിളിക്കുന്ന ലാഘവത്തോടെയല്ല തല്‍ബിയത്ത് ചൊല്ലേണ്ടത്. തന്റെ മനസ്സിനെ പാകപ്പെടുത്താനുള്ള ഒരു പരിശീലനം എന്ന പരിഗണനയിലായിരിക്കണം ഇത് ചൊല്ലേണ്ടത്. ഞാന്‍ അല്ലാഹുവിന്റെ ക്ഷണം സ്വീകരിച്ച് അവന്റെ അതിഥിയായാണ് ഇവിടെ വന്നിരിക്കുന്നത് എന്നത് ഓരോ നിമിഷവും മനസ്സിനെ തെര്യപ്പെടുത്താനാണ് തല്‍ബിയത്ത്. കുടില ചിന്തകള്‍ ഒഴിവാക്കി തന്റെ മനസ്സിനെയും ധിഷണയേയും ആ പ്രപഞ്ച നാഥന്റെ സ്മരണയില്‍ നിലനിര്‍ത്താനുള്ള സമഗ്രമായ ഒരു പരിശീലനം!
ഇഹ്‌റാമില്‍ പ്രവേശിച്ചാല്‍ പുരുഷന്‍മാര്‍ തുന്നിച്ചേര്‍ത്ത വസ്ത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ല. കഠിനമായ തണുപ്പിലും സഹിക്കാവുന്നതിനപ്പുറമുള്ള ചൂടിലും രണ്ട് വെള്ളത്തുണികള്‍ മാത്രമാണ് വസ്ത്രങ്ങള്‍. കുപ്പായമോ സ്വറ്ററോ ബനിയന്‍ പോലുള്ള അടി വസ്ത്രങ്ങളോ പാടില്ല. കാലിന്റെ പുറം ഭാഗം മറക്കുന്ന പാദുകങ്ങള്‍ പോലും പാടില്ല. തികച്ചും ലളിതവും ശുദ്ധിയുമുള്ള ഏക സമാന രൂപ വേഷം!
ഉടുതുണിക്ക് മുകളില്‍ ബെല്‍റ്റോ സമാന രൂപമുള്ള പൗച്ചോ ധരിക്കാവുന്നതാണ്. മൊബൈല്‍, പണം, മറ്റ് അത്യാവശ്യ രേഖകള്‍ എന്നിവ സൂക്ഷിക്കാന്‍ പൗച്ച് ഉപയോഗിക്കുന്നതാണ് അഭികാമ്യം. ടവ്വല്‍, തൊപ്പി എന്നിവ കയ്യില്‍ പോലും കരുതാതിരിക്കുന്നതാണ് സൂക്ഷ്മതക്ക് നല്ലത്. അബദ്ധത്തില്‍ തലമറച്ചു പോകാനുള്ള സാധ്യത ഒഴിവാക്കാം. കുട ചൂടുന്നതിന് വിരോധമില്ല.
സ്ത്രീകള്‍ക്ക് അവര്‍ സാധാരണ ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. മുഖവും മുന്‍കൈകളും മറക്കാന്‍ പാടില്ല. മൂടുപടമണിയുന്നവരും നിഖാബ് ധരിക്കുന്നവരും കൈയുറ ധരിക്കുന്നവരും ഇഹ്‌റാമില്‍ അതൊഴിവാക്കണം. രോഗ വ്യാപനം ഭയക്കുന്ന സമയത്ത് മാസ്‌ക് ധരിക്കുന്നതിന് വിരോധമില്ല.
ഇഹ്‌റാം കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയ ഞാന്‍ ഭാര്യയെ അന്വേഷിച്ചു. നീല കൊടി കെട്ടിയ ഈത്തപ്പനക്കു അടുത്ത് എത്താനായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. പക്ഷേ, ഇപ്പോള്‍ അവിടെ ആ കൊടി കാണുന്നില്ല. ധാരാളം ഈത്തപ്പന തൈകള്‍ ഉള്ള അവിടെ ഏത് ഈത്തപ്പനയുടെ അടുത്ത് പോയി തിരയും. ഞങ്ങളുടെ കൈയില്‍ മൊബൈല്‍ ഫോണ്‍ ഉള്ളതിനാല്‍ പരസ്പരം ബന്ധപ്പെടാനും കണ്ടുമുട്ടാനും സാധിച്ചു. പലരും ഹജ്ജ് കര്‍മങ്ങളിലും ഹറമില്‍ വെച്ചും സെല്‍ഫിയെടുത്ത് കളിക്കുന്നത് കാണാം. ത്വവാഫിന്റെ സന്ദര്‍ഭങ്ങളില്‍ പോലും ഫോണില്‍ സംസാരിക്കുന്നവരുണ്ട്. അച്ചടക്കത്തോടെയും ഭക്തിയോടെയും നിര്‍വഹിക്കേണ്ട കര്‍മങ്ങള്‍ നിസ്സാരമാക്കി കാണുന്നതിനെതിരെ ഹജ്ജ് ക്ലാസ്സുകളിലും മറ്റും ബോധവത്കരണം ഉണ്ടാവാറുണ്ട്.
മസ്ജിദുശ്ശജറയുടെ വിശാലമായ പാര്‍ക്കിങ്ങില്‍ നിന്ന് ഞങ്ങളുടെ ബസ്സ് പുറപ്പെട്ടു. ബസ്സ് പരിശുദ്ധമായ തല്‍ബിയത്തിനെ കൊണ്ട് മുഖരിതമാണ.് പുരുഷന്‍മാര്‍ ശബ്ദമുയര്‍ത്തിയും സ്ത്രീകള്‍ മെല്ലെയുമാണ് ചൊല്ലുന്നത്. ഒരു പ്രത്യേക ഈണത്തില്‍ എല്ലാവരും ഒന്നിച്ചു ചൊല്ലുമ്പോള്‍ ആസ്വാദ്യകരമായ സംഗീതാത്മകതയുണ്ട്.
ബസ്സ് അസീസിയയില്‍ എത്താറായി. ഇഹ്‌റാം വേഷത്തിലുള്ള ഹാജിമാരുടെ തല്‍ബിയത്ത് അല്പം ശബ്ദം കുറഞ്ഞു പോയെങ്കിലും ചൊല്ലിക്കൊണ്ടിരിക്കുന്നുണ്ട്. മുതവ്വിഫിന്റെ ഒരു ജീവനക്കാരന്‍ പാസ്‌പോര്‍ട്ട് സഞ്ചിയുമായി എല്ലാവരുടെയും സീറ്റിനരികില്‍ വന്നു ഓരോരുത്തര്‍ക്കും വിതരണം ചെയ്തു. വെരിഫിക്കേഷനാണ്. ഓരോരുത്തരും അവനവന്റെ പാസ്‌പോര്‍ട്ട് തങ്ങളുടേത് തന്നെ എന്ന് ഉറപ്പു വരുത്തി തിരികെ കൊടുത്തു. മദീനയില്‍ നിന്ന് കേവലം അഞ്ച് മണിക്കൂറു കൊണ്ട് എത്തേണ്ട വഴി ദൂരം പത്തര മണിക്കൂറ് എടുത്താണ് അസീസിയയില്‍ എത്തിയത്. പക്ഷെ പാവനമായ ഉദ്ദേശ്യവും തല്‍ബിയത്തും യാത്ര അരോചകമാക്കിയില്ല എന്നതാണ് സത്യം.

Back to Top