8 Tuesday
July 2025
2025 July 8
1447 Mouharrem 12

അസാന്നിധ്യത്തിലെ പ്രാര്‍ഥന


അബൂദര്‍ദാഅ്(റ) പറയുന്നു: നബി(സ) പറഞ്ഞിരിക്കുന്നു: തന്റെ സഹോദരനുവേണ്ടി അവന്റെ അസാന്നിധ്യത്തില്‍ ആരെങ്കിലും പ്രാര്‍ഥിച്ചാല്‍, അതുകൊണ്ട് ഭരമേല്‍പിക്കപ്പെട്ട മലക്ക് പറയും: ആമീന്‍, അതുപോലുള്ളത് നിനക്കും ഉണ്ടാവട്ടെ. (മുസ്‌ലിം)

മനസുകളെ തമ്മില്‍ ഇണക്കിച്ചേര്‍ക്കുന്ന ശക്തമായ ഒരു വികാരമാണ് സ്‌നേഹം. ഭൂമിയില്‍ ആഴത്തില്‍ വേരൂന്നിയ ഒരു വടവൃക്ഷം കണക്കെ സ്‌നേഹം മനസിലേക്ക് ആഴ്ന്നിറങ്ങുമ്പോള്‍ അതിന്റെ നന്മകള്‍ മറ്റുള്ളവര്‍ക്ക് അനുഭവിക്കാന്‍ കഴിയുമെന്നത് സ്വാഭാവികം. സ്‌നേഹം ഒരിക്കലും പരസ്പരം ലാഭം കൊയ്യാനുള്ള ഒരു കച്ചവടമല്ല. ആത്മാര്‍ഥതയും നിഷ്‌കളങ്കതയുമാണ് അതിന്റെ കാതല്‍. പരസ്പരം പകര്‍ന്നുനല്‍കാനുള്ള കരുത്തും കരുതലുമാണ് സ്‌നേഹം. ബന്ധങ്ങള്‍ ശക്തിപ്പെടുന്നതും സുദൃഢമാകുന്നതും ഇങ്ങനെയുള്ള സ്‌നേഹത്തിലൂടെയാണ്.
വിശ്വാസികളുടെ സ്‌നേഹം ഇത്തരത്തിലുള്ളതാവണമെന്ന വിശുദ്ധ ഖുര്‍ആനിന്റെ നിര്‍ദേശം ശ്രദ്ധേയമത്രേ. സ്‌നേഹിക്കപ്പെടുന്നവര്‍ക്കുവേണ്ടി എന്തും ചെയ്യാനുള്ള മനോഭാവം മനുഷ്യസഹജമാണ്. സ്‌നേഹം ദൈവത്തിനു വേണ്ടിയാവുമ്പോള്‍ അതിലെ ത്യാഗം ശക്തമായിരിക്കും. സേവനം നിഷ്‌കളങ്കവുമായിരിക്കും. ഒരു കാപട്യത്തിന്റെയും ലാഞ്ഛനയില്ലാതെ മനസ് ശുദ്ധമാക്കിക്കൊണ്ട് തന്റെ സഹോദരന് നന്മയുണ്ടാകുവാനുള്ള വിശ്വാസിയുടെ പ്രാര്‍ഥന പ്രതിഫലാര്‍ഹവും പ്രതീക്ഷാനിര്‍ഭരവുമാവുന്നത് അതുകൊണ്ടാണ്.
ആദര്‍ശബന്ധമുള്ള സഹോദരങ്ങള്‍ക്കുവേണ്ടി ഉപജീവന സൗകര്യങ്ങളും വാസസ്ഥലവും ഒരുക്കുകയും സ്വദേഹങ്ങളേക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാധാന്യം നല്‍കാനും ശ്രദ്ധിച്ച ഒരു സമൂഹത്തെ പ്രശംസിച്ചതിനുശേഷം (59:9) ഖുര്‍ആന്‍ പറയുന്നത് തുടര്‍ന്നും നിലനില്‍ക്കുന്ന ശക്തമായ ബന്ധത്തെക്കുറിച്ചാണ്. ”ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ക്കും വിശ്വാസത്തോടെ ഞങ്ങള്‍ക്കു മുമ്പ് കഴിഞ്ഞുപോയിട്ടുള്ള ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തുകൊടുക്കേണമേ. സത്യവിശ്വാസം സ്വീകരിച്ചവരോട് ഞങ്ങളുടെ മനസ്സുകളില്‍ നീ ഒരു വിദ്വേഷവും ഉണ്ടാക്കരുതേ” (59:10) എന്ന പ്രാര്‍ഥന ആദര്‍ശബന്ധമുള്ള ഒരു സമൂഹത്തിന്റെ എക്കാലത്തെയും സഹവര്‍ത്തിത്തവും സാഹോദര്യവും വരച്ചുകാണിക്കുന്നു. സഹോദരന്റെ വേദന തന്റേതുകൂടിയായി കണക്കാക്കുകയും അവന്റെ നന്മകള്‍ക്കായി പരിശ്രമിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നത് ഉദാത്തമായ സ്‌നേഹത്തിന്റെ മാതൃകയാകുന്നു.
വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമാണ് പ്രാര്‍ഥന. അത് ദൈവസ്‌നേഹം ലഭിക്കാനുള്ള കാരണവുമാണ്. പ്രാര്‍ഥനാ വേളയില്‍ തന്റെ സഹോദരനെ കൂടി ഓര്‍ക്കുന്നത് ഇരുവര്‍ക്കുമിടയിലുള്ള സ്‌നേഹബന്ധത്തിന്റെ ഗാഢതയെ സൂചിപ്പിക്കുന്നു. അത് അവന്റെ അസാന്നിധ്യത്തില്‍ കൂടിയാണെങ്കില്‍ അതിന്റെ പ്രതിഫലം മഹത്തരമാണെന്ന് ഈ നബിവചനം പഠിപ്പിക്കുന്നു. കാരണം ബന്ധത്തിലെ ആത്മാര്‍ഥതയാണ് ആ പ്രാര്‍ഥനയുടെ പ്രേരണ. സഹോദരനുവേണ്ടി നാം ചോദിക്കുന്ന ഏതൊരു കാര്യവും നമുക്കും ലഭിക്കുവാന്‍ വേണ്ടി മലക്കുകള്‍ പ്രാര്‍ഥിക്കുമെന്ന ഈ തിരുവചനം ഇരുവരുടെയും സ്‌നേഹത്തെ അല്ലാഹു എത്രത്തോളം വിലമതിക്കുന്നുവെന്നതിന്റെ തെളിവത്രേ.

Back to Top