2 Monday
December 2024
2024 December 2
1446 Joumada II 0

സഫലമാകാത്ത പ്രാര്‍ഥനയില്ല

ഫൈസല്‍ മൂഴിക്കല്‍


പരിഹാരം കണ്ടെത്താന്‍ കഴിയാത്ത പ്രശ്‌നങ്ങള്‍ക്കൊടുവില്‍ പ്രാര്‍ഥിച്ചിട്ട് ഉത്തരം കിട്ടിയില്ല എന്ന് ഖേദം പറയുന്നവരില്ലേ? ഒാപ്പറേഷന്‍ കഴിഞ്ഞ് ഈറനണിഞ്ഞ കണ്ണുമായി ഓടിയെത്തുന്ന ബന്ധുവിനോട് ഡോക്ടര്‍ പറയുന്നതെന്തായിരിക്കും? പ്രാര്‍ഥിക്കാനായിരിക്കും അവര്‍ പറയുക. എന്നിട്ടും കൈവിട്ടുപോവുന്ന ജീവിതങ്ങള്‍. പ്രാര്‍ഥന സഫലമായില്ലെന്ന് വിലപിക്കുന്നവര്‍. പ്രാര്‍ഥന സഫലമായില്ല എന്നു വിലപിക്കുന്നവര്‍ അല്ലാഹുവിനെ എങ്ങനെ കാണുന്നുവെന്നതും പ്രധാനമാണ്. പരിധികളില്ലാത്ത കഴിവിന്റെ, എല്ലാറ്റിനും കഴിയുന്ന നാഥനിലേക്കാണ് പ്രാര്‍ഥന ചെന്നെത്തുന്നത്. നടക്കുമെങ്കില്‍ നടക്കട്ടെ എന്നതാവരുത് പ്രാര്‍ഥനയില്‍ നമ്മുടെ മനസ്സ്. നമുക്ക് ഗുണകരമെങ്കില്‍ അത് തീര്‍ച്ചയായും ലഭിക്കുമെന്ന ശുഭാപ്തിവിശ്വാസം നമുക്കുണ്ടാവണം. പ്രാര്‍ഥനയുടെ കവചം അണിഞ്ഞവരെ ഭയത്തിന്റെ ചെറുകാറ്റു പോലും സ്പര്‍ശിക്കില്ല.
കര്‍മങ്ങള്‍ക്കൊടുവില്‍ പ്രാര്‍ഥനയിലാണ് സാഫല്യമെന്ന് ഇബ്‌റാഹീം നബി(അ)യുടെ ചരിത്രം പഠിപ്പിക്കുന്നു. നാഥന്റെ കല്‍പനയാലാണ് ഇബ്‌റാഹീം നബി ആദ്യ ഗേഹം പണിതത്. എന്നിട്ടും ഈ പ്രവൃത്തി സത്കര്‍മമായി സ്വീകരിക്കണേ എന്നാണ് പ്രാര്‍ഥിച്ചത്. കര്‍മങ്ങള്‍ പാഴാകാതിരിക്കാനും സ്വീകരിക്കാനും പ്രാര്‍ഥന അനിവാര്യമാണ്. നമ്മുടെ ആസൂത്രണങ്ങളോടൊപ്പം കര്‍മങ്ങള്‍ വിജയകരമാവാനും പ്രാര്‍ഥന വേണം. പ്രാര്‍ഥന കര്‍മങ്ങളിലെ പിഴവുകളെ ഇല്ലാതാക്കും.
പാപങ്ങള്‍ ചെയ്യുന്നവര്‍ അതില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ല എന്നത് നേരാണ്. സാഹചര്യങ്ങളാല്‍ വീണ്ടും വീണ്ടും തെറ്റുകളില്‍ വീഴുന്നു. പാപങ്ങള്‍ കുറ്റബോധവും നിരാശയും മാത്രമാണ് ബാക്കിയാക്കുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കണ്ണീരു വീഴുന്ന പ്രാര്‍ഥനകള്‍ കുറ്റബോധത്തെ ഇല്ലാതാക്കും. ഒരടയാളം പോലുമില്ലാതെ നിരാശയെ മായ്ച്ചുകളയും. തെറ്റുകളുടെ സ്ഥാനത്ത് നന്മകള്‍ രേഖപ്പെടുത്തുന്ന അദ്ഭുതം സംഭവിക്കും. കഴിഞ്ഞകാല തെറ്റുകള്‍ പ്രാര്‍ഥനയിലൂടെ കഴുകിക്കളയാനുള്ള സുവര്‍ണാവസരമാണ് റമദാന്‍.
ഏറ്റവും ശക്തമായ പ്രാര്‍ഥന ഏതാണെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ? എല്ലാ വഴിയും അടഞ്ഞുനില്‍ക്കുമ്പോള്‍ കരഞ്ഞു പ്രാര്‍ഥിക്കുന്നതാണോ? അതോ ഉത്തരം കിട്ടുമെന്ന് ഉറപ്പുള്ള സമയത്തും സ്ഥലത്തും കണ്ണീരില്‍ കുതിര്‍ന്നുനില്‍ക്കുന്ന പ്രാര്‍ഥനയാണോ? ഇതൊക്കെയും പ്രാര്‍ഥനയില്‍ ഏറെ പ്രാധാന്യമുള്ളതു തന്നെയാണ്. എന്നാല്‍, ഉത്തരം ലഭിക്കുമെന്ന് പ്രവാചകന്‍ പഠിപ്പിച്ച ഒരു പ്രാര്‍ഥനയുണ്ട്. അത് മറ്റൊരാള്‍ക്കു വേണ്ടി അസാന്നിധ്യത്തില്‍ നിര്‍വഹിക്കുന്ന പ്രാര്‍ഥനയാണ്. മറ്റുള്ളവരുടെ ആവശ്യങ്ങള്‍ അറിഞ്ഞ് ഉയരുന്ന കൈകളാണ് ഏറ്റവും ശക്തമായത്. പ്രാര്‍ഥിക്കുന്നവര്‍ക്കും അതൊരു പുണ്യമായി മാറുന്നു. ആ മറ്റൊരാള്‍ സുഹൃത്തോ കുടുംബാംഗമോ ആരുമാകാം. അവര്‍ ആവശ്യപ്പെടാതെ അപരന്റെ വിഷമം അറിയുന്ന വേളയില്‍ ഉള്ളില്‍ നിന്നുയരുന്ന തേങ്ങല്‍ ഭൂമിയില്‍ കിട്ടാവുന്ന ഏറ്റവും വലിയ സമ്പാദ്യമാണ്. അപരന്റെ തേട്ടങ്ങളില്‍ നമ്മളുണ്ടോ എന്ന് ഓരോരുത്തരും സ്വയം പരിശോധിക്കുക. അപരനു വേണ്ടി തേടാന്‍ നമ്മുടെ കൈ ഉയര്‍ന്നിട്ടുണ്ടോ എന്നും ആലോചിക്കുക. മൂസാ നബിയുടെ ഉമ്മയുടെ പ്രാര്‍ഥനയും ഗുഹാവാസികളുടെ പ്രാര്‍ഥനയും നമ്മുടെ മനസ്സില്‍ എപ്പോഴുമുണ്ടാവണം. ഉത്തരം ലഭിക്കുമെന്ന പൂര്‍ണവിശ്വാസത്തോടെ അവര്‍ നടത്തിയ പ്രാര്‍ഥന അത്ഭുതം സൃഷ്ടിക്കുമ്പോള്‍ അത് നമ്മുടെ മനസ്സിന് ഉള്‍ക്കൊള്ളാനാവുന്നുണ്ടോ? ഉറച്ച ഇത്തരം പ്രതീക്ഷകളാണ് നമ്മെ നയിക്കേണ്ടത്.
പ്രാര്‍ഥനയില്‍ പ്രതീക്ഷയാണ് മുന്നിട്ടുനില്‍ക്കേണ്ടത്. ഉത്തരം ലഭിച്ചാല്‍ മാത്രമല്ല, ലഭിച്ചില്ലെങ്കില്‍ മറ്റൊരു അവസരത്തിനായി മാറ്റിവെച്ചതായി പ്രതീക്ഷിക്കണം. ഇല്ലെങ്കില്‍ അതൊരു പുണ്യകര്‍മമായി രേഖപ്പെട്ടു എന്നതില്‍ സന്തോഷിക്കണം. അതുമല്ലെങ്കില്‍ പ്രാര്‍ഥനയില്‍ ആഗ്രഹിച്ച കാര്യം ദോഷമാണെങ്കില്‍ അത് തടഞ്ഞതില്‍ നാഥനെ സ്തുതിക്കണം. കാര്യങ്ങളെ ഇങ്ങനെ കാണുമ്പോള്‍ സഫലമാകാത്ത ഒരു പ്രാര്‍ഥനയും ഇല്ല എന്ന് തിരിച്ചറിയാനാകും.

Back to Top