20 Saturday
April 2024
2024 April 20
1445 Chawwâl 11

അധ്യാപകരുടെയും സമൂഹത്തിന്റെയും ബാധ്യത


ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഗുരുതരമായ ഒരു പ്രശ്‌നമായി ലഹരി ഉപയോഗം മാറിയിരിക്കുന്നു. ശാരീരികവും മാനസികവും വൈകാരികവുമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്ന നിയമവിരുദ്ധമായ ഈ പ്രവൃത്തി ഇളം തലമുറയെ കൂടി ഗ്രസിച്ചിട്ടുണ്ട്. മയക്കുമരുന്ന് ഉപയോഗം എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ലിംഗഭേദത്തെയും സാമൂഹിക-സാമ്പത്തിക പശ്ചാത്തലത്തെയും ബാധിക്കുമെന്നാണ് പുതിയ സംഭവങ്ങള്‍ നമ്മോട് പറയുന്നത്. ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെ സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉപയോഗിച്ച് ലഹരി മാഫിയ ശൃംഖലകള്‍ സജീവമാകുന്നുണ്ട്. കോഴിക്കോട് നഗരപരിധിയിലെ ഒരു സ്‌കൂളില്‍ നിന്ന് സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തത് ദിവസങ്ങള്‍ക്കു മുമ്പാണ്.
ഇളം തലമുറയെ ലഹരി മാഫിയകളുടെ വലക്കണ്ണികളില്‍ ചേര്‍ക്കുന്നതിനുവേണ്ടി ആസൂത്രിത ശ്രമങ്ങള്‍ തന്നെ നടക്കുന്നുണ്ട്. നിയമപാലകരുടെ കണ്ണ് വെട്ടിക്കാനും പിടിക്കപ്പെട്ടാല്‍ തന്നെ ചെറിയ ശിക്ഷകളില്‍ രക്ഷപ്പെടാനുമാണ് പ്രായപൂര്‍ത്തിയാകാത്തവരെ ഉപയോഗിക്കുന്നത്. ഈ കാര്യത്തില്‍ രക്ഷിതാക്കളെ പോലെ തന്നെ സമൂഹത്തിനും ഏറെ ഉത്തരവാദിത്തമുണ്ട്. ഒരു സ്‌കൂള്‍ പ്രായത്തിലുള്ള വിദ്യാര്‍ഥി വീട്ടിലുണ്ടാകുന്നതിനേക്കാള്‍ കൂടുതല്‍ സമയം പുറത്തായിരിക്കും. സ്‌കൂള്‍ പഠനം, ട്യൂഷന്‍, മറ്റ് കലാകായിക വിദ്യാഭ്യാസം തുടങ്ങിയവ ഒത്തുചേരുമ്പോള്‍ രാവിലെ വീട്ടില്‍ നിന്നിറങ്ങുന്ന വിദ്യാര്‍ഥികള്‍ ഏറെ വൈകിയാണ് വീട്ടിലെത്തുന്നത്. ഈ സമയമത്രയും മക്കളെ നിരീക്ഷിക്കുക എന്നത് രക്ഷിതാക്കളെ സംബന്ധിച്ചേടത്തോളം വെല്ലുവിളിയാണ്. മാത്രമല്ല, രക്ഷിതാക്കള്‍ക്ക് പരിചിതമല്ലാത്ത സാമൂഹിക മാധ്യമങ്ങളും ടെക്‌നോളജിയും ഉപയോഗിച്ചാണ് ലഹരി മാഫിയകളുമായി ആശയവിനിമയം നടത്തുന്നത്.
പല വിധത്തിലുള്ള ബോധവത്കരണ പരിഹാര തന്ത്രങ്ങള്‍ ഇക്കാര്യത്തില്‍ വേണം. ഏറ്റവും ഫലപ്രദമായി ഇതില്‍ ഇടപെടാന്‍ സാധിക്കുക അധ്യാപകര്‍ക്കാണ്. മാതൃകായോഗ്യമായ റോള്‍ മോഡലുകളായി വിദ്യാര്‍ഥികളെ സ്വാധീനിക്കാന്‍ അധ്യാപകര്‍ക്ക് സാധിക്കും. കൃത്യമായ വിവരങ്ങളും ആരോഗ്യകരമായ തിരഞ്ഞെടുപ്പുകളും ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തും ബോധ്യപ്പെടുത്തി അവരെ സഹായിക്കുന്നതിന് അധ്യാപകര്‍ക്ക് അവസരമുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യം ഇന്നത്തെ സ്‌കൂളുകളിലുണ്ടോ എന്നത് മറ്റൊരു ചോദ്യമാണ്. വിദ്യാര്‍ഥികളുടെ ഏതെങ്കിലും വ്യക്തിപരമായ കാര്യങ്ങള്‍ അന്വേഷിക്കാനോ മറ്റോ ഭയക്കുന്ന സാഹചര്യമാണുള്ളത്. കാരണം, അത്തരമൊരു ഇടപെടലിന്റെ പേരില്‍ അധ്യാപകര്‍ ക്രൂശിക്കപ്പെടുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ സുരക്ഷിതമായ ഒഴിഞ്ഞുനില്‍ക്കലിനാണ് അധ്യാപകര്‍ താല്‍പര്യപ്പെടുന്നത്. ഇത് വളര്‍ന്നുവരുന്ന തലമുറയ്ക്ക് സിലബസിനപ്പുറത്ത് ദിശാബോധം നല്‍കുന്നതില്‍ വീഴ്ച വരുത്തു ന്നു.
ലഹരിമാഫിയകളുടെ കെണികളില്‍ പെട്ടുപോകുന്നതില്‍ നിന്ന് ഇളം തലമുറയെ രക്ഷിക്കാന്‍ സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. ഓരോ സ്‌കൂള്‍ പരിസരവും കേന്ദ്രീകരിച്ച് ലഹരി മരുന്നുവിതരണം ചെയ്യുന്ന ആളുകളെ തിരിച്ചറിയാന്‍ അതത് നാട്ടുകാര്‍ക്കു സാധിക്കും. നഗരപ്രദേശങ്ങളിലാണെങ്കില്‍ റസിഡന്റ് അസോസിയേഷനുകള്‍ക്കും ക്ലബ്ബുകള്‍ക്കും ഈ ദൗത്യം നിര്‍വഹിക്കാന്‍ സാധിക്കും.
ഓരോ പ്രദേശത്തും ലഹരി മരുന്ന് എത്തിച്ചുകൊടുക്കുന്ന ആളുകളെ തിരിച്ചറിഞ്ഞ് അവരെ തടയാനും ആവശ്യമായ നിയമനടപടികള്‍ക്ക് സഹായം നല്‍കാനും നാട്ടുകാര്‍ തയ്യാറാവണം. വിദ്യാലയങ്ങളില്‍ അധ്യാപകരും വിദ്യാലയത്തിനു പുറത്ത് സമൂഹവും ഒരുമിച്ച് കൈകോര്‍ത്ത് പ്രയത്‌നിച്ചാല്‍ ലഹരിയെ നാടുകടത്താ ന്‍ സാധിക്കും. അതോടൊപ്പം തന്നെ ഈ രണ്ട് മേഖലകളിലും പ്രവര്‍ത്തിക്കുമ്പോള്‍ ഓരോ വിഭാഗത്തെയും നേരിടേണ്ടത് എങ്ങനെയാണെന്ന കൃത്യമായ പരിശീലനം അധ്യാപകരും സാമൂഹിക പ്രവര്‍ത്തകരും നേടിയെടുക്കേണ്ടതുണ്ട്. എല്ലാവരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തുന്ന പാരമ്പര്യ പോലീസിംഗ് ബുദ്ധിയല്ല ഇവിടെയുണ്ടാകേണ്ടത്. പ്രത്യേകിച്ച് കൗമാരപ്രായത്തിലുള്ളവരെ കൈകാര്യം ചെയ്യുമ്പോള്‍ മാനസിക-വൈകാരിക തലങ്ങളില്‍ ദോഷങ്ങളുണ്ടാക്കാത്ത വിധം അതിനെ നേരിടണം. ലഹരി മാഫിയകളുടെ കൈകളില്‍ നിന്ന് രക്ഷപ്പെടുത്താന്‍ വേണ്ടി എന്നെന്നേക്കും ക്രിമിനലാക്കുന്ന വിധം കുറ്റപ്പെടുത്തലോ അപമാനിക്കലോ ഉണ്ടാവാന്‍ പാടില്ല. നമുക്ക് വേണ്ടപ്പെട്ട മക്കളാണ് നമ്മുടെ മുന്നിലുള്ളത് എന്ന ബോധ്യത്തോടെയാവണം എല്ലാവരും ഇടപെടേണ്ടത്.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x