ലഹരിക്ക് അടിമപ്പെട്ട ജീവിതങ്ങള്‍
പുതിയ ലോകക്രമത്തില്‍ മയക്കുമരുന്ന് സ്വാഭാവികമെന്നോണം പ്രചാരം നേടിയിരിക്കുകയാണ്. ലോകത്തിന്റെ താളം തന്നെ നഷ്ടപ്പെടുത്തുന്ന രീതിയിലാണ് അതിന്റെ വളര്‍ച്ച. സമൂഹത്തില്‍ ദുരന്തങ്ങളല്ലാതെ മറ്റൊന്നും അതിന് സമ്മാനിക്കാനാവില്ല. മനുഷ്യ ബുദ്ധിയെ തകരാറിലാക്കുകയും ബന്ധങ്ങളെ താറുമാറാക്കുകയും ചെയ്യുന്ന ഈ വിപത്തിനെ മാനുഷികതയെ നെഞ്ചേറ്റിയ ഒരാള്‍ക്കും പുല്‍കാന്‍ സാധിക്കുകയില്ല.
ലഹരി മുന്നില്‍ വെക്കുന്ന വിപത്തുകള്‍ ചിന്തിക്കാവുന്നതിനുമപ്പുറമാണ്. പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലാത്ത ഒരു വ്യക്തി തലയുയര്‍ത്തി നടക്കുകയെന്ന മികച്ച വ്യക്തിത്വത്തെ ജീവിതത്തിലൊരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ മരിക്കും. കലയ്ക്കും കായികത്തിനും സാഹിത്യത്തിനും ശാസ്ത്രത്തിനും പൊതു സമൂഹത്തിനും നേട്ടമായി ലഭിക്കാവുന്ന ഒട്ടനവധി സ്രോതസ്സുകളാണ് പ്രായഭേദമന്യെയുള്ള ലഹരിയുപയോഗം നിമിത്തം നഷ്ടമാകുന്നത്. വിദ്യാര്‍ഥി സമൂഹത്തിലും ലഹരിയുപയോഗം വര്‍ധിക്കുകയും പെണ്‍കുട്ടികള്‍ വരെ അടിമപ്പെടുകയും ചെയ്തിട്ടുണ്ട്.
അധികൃതരുടെ അറിവോടെയും അനധികൃതമായും കാപ്‌സ്യൂള്‍ രൂപത്തിലും വ്യത്യസ്തമായ ഭാവത്തിലും വില്ക്കപ്പെടുകയോ പ്രചരിക്കപ്പെടുകയോ ചെയ്യുന്നതെല്ലാം ബുദ്ധിയും ചിന്തയും വിവേക ശക്തിയുമുള്ള മനുഷ്യ സമൂഹത്തോടുള്ള തികഞ്ഞ വെല്ലുവിളികളാണ്. ഓരോ വ്യക്തിയും തന്റെ ശരീരത്തെയും അതില്‍ അടങ്ങിയ അതിശയിപ്പിക്കുന്ന സംവിധാനത്തെയും പൂര്‍ണമായും തിരിച്ചറിഞ്ഞാല്‍ ഒരിക്കല്‍ പോലും യാതൊരുവിധ ലഹരികള്‍ക്കും കീഴ്‌പ്പെടില്ല. കുടുംബനാഥന്റെ മയക്കുമരുന്നുപയോഗം നിമിത്തം സ്വസ്ഥമായ അന്തിയുറക്കം നഷ്ടപ്പെടുന്ന പതിനായിരക്കണക്കിനു വീട്ടമ്മമാരെയും ഭീതിയോടെ മരവിച്ച് കഴിയുന്ന മക്കളെയും നാം കാണാതെ പോകരുത്. നല്ല ചിന്തകളും മികച്ച ആശയങ്ങളും സമര്‍പ്പിച്ച് ഉത്തമ സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ യുവാക്കളുടെ ഊഴം വലുതാണ്. അവര്‍ ലഹരിയിലമരുന്നതോടെ രാഷ്ട്ര സ്വപ്‌നങ്ങളാണ് കത്തിയമരുന്നത്. മൂന്നിലൊന്നു ആത്മഹത്യകള്‍ക്കും ശ്രമങ്ങള്‍ക്കും ഹേതു ലഹരിയുപയോഗമാണെന്ന് 1968ല്‍ യു എസ് ആരോഗ്യ വകുപ്പിന്റെ പഠനം തെളിയിച്ചിട്ടുണ്ട്.
നിരവധി തര്‍ക്കങ്ങള്‍ക്കും സംഘട്ടനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും മോഷണ പ്രവണതയ്ക്കും സ്ത്രീ പീഡനങ്ങള്‍ക്കും ഇതു കാരണമായിട്ടുണ്ട്. മാനസിക സ്വാസ്ഥ്യത്തിന് വേണ്ടി മയക്കുമരുന്നുപയോഗിച്ച് അസ്വാസ്ഥ്യം ഏറ്റുവാങ്ങുന്നവരാണ് പുതിയ സമൂഹം. അതിന് പിന്നില്‍ പ്രാദേശിക തലത്തിലും ദേശീയ അന്തര്‍ദേശീയ തലത്തിലും വന്‍ റാക്കറ്റുകളും സജീവമാണ്. വലിയ തരത്തിലുള്ള കൗണ്‍സിലുകള്‍ പരിഹാരമായി അനിവാര്യമാണ്. ലഹരി ഉപയോഗക്കാര്‍ക്ക് സര്‍ക്കാര്‍ തൊഴിലില്‍ പ്രവേശനം നിഷേധിക്കുക, വിദ്യാര്‍ഥികളെ നിരീക്ഷിക്കുക, കടുത്ത ശിക്ഷ നല്കുക, സര്‍ക്കാര്‍ ആനുകൂല്യങ്ങളും സഹായങ്ങളും തടയുക തുടങ്ങിയ അനിവാര്യതയിലേക്ക് കാര്യം നീക്കേണ്ടിവരും. ലഹരിക്കെതിരെ നാം ഒരുമിച്ച് നില്‍ക്ക ണം. അതുവഴി ലഹരി വിമുക്ത നവലോകം നമുക്ക് വാര്‍ത്തെടുക്കണം.
മജീദ് കൂളിമാട്