7 Thursday
December 2023
2023 December 7
1445 Joumada I 24

ലഹരിയാണ് വില്ലന്‍


പോലീസിനോടൊപ്പം ചികിത്സ തേടിയെത്തിയ വ്യക്തി, ഡ്യൂട്ടിയിലുണ്ടായ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവം വേദനാജനകമാണ്. ചികിത്സിക്കുന്ന ഡോക്ടര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും കൂടെയുണ്ടായിരുന്ന പോലീസുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. വലിയ സ്വപ്‌നങ്ങളുമായി മെഡിക്കല്‍ പ്രൊഫഷണല്‍ രംഗത്തേക്ക് കടന്നുവരുന്ന അനേകം പേരില്‍ ഒരാളാണ് ഡോ. വന്ദന. മാതാപിതാക്കളുടെ ഏകമകള്‍ കൂടിയായ അവരുടെ വേര്‍പാട് കുടുംബത്തിന് തീരാദുഖമാണ് ഉണ്ടാക്കിയിരിക്കുന്നത്.
ഈ സംഭവം ഒരു ഓര്‍മപ്പെടുത്തലാണ്. ഇതിലെ പ്രതി ഒരു അധ്യാപകന്‍ കൂടിയാണ്. ലഹരിക്ക് അടിമപ്പെട്ട് ജീവിതം താളം തെറ്റിയ പ്രതി നിലവില്‍ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഷനിലാണ്. ലഹരി ഉപയോഗത്തിന്റെ പേരില്‍ ജീവിതം നഷ്ടപ്പെടുത്തിയ നമ്മുടെ മുന്നില്‍ ജീവിക്കുന്ന സമീപകാല ഉദാഹരണമാണ് ഇയാള്‍. കിട്ടുന്ന ശമ്പളം മുഴുവന്‍ മദ്യപിച്ചും ലഹരി പദാര്‍ഥങ്ങള്‍ വാങ്ങിയും ധൂര്‍ത്തടിക്കുന്ന ഇയാളുടെ കുടുംബ- സാമൂഹിക ജീവിതം വളരെ മുമ്പ് തന്നെ താറുമാറായിട്ടുണ്ട്. ലഹരി കിട്ടാതെയാകുന്ന സന്ദര്‍ഭങ്ങളില്‍ അക്രമോത്സുകനാവുകയും കണ്ണില്‍ കണ്ടവരെയെല്ലാം ആക്രമിക്കുകയും ചെയ്യുന്ന സ്ഥിതി ഈ നാളുകളില്‍ പതിവായി മാറിയിട്ടുണ്ടായിരുന്നു. അത്തരമൊരു സന്ദര്‍ഭത്തില്‍, പ്രതി സ്വയം പോലീസിനെ വിളിച്ചുവരുത്തിയാണ് ആശുപത്രിയിലേക്ക് പോയത്.
മദ്യം തിന്മകളുടെ മാതാവ് എന്ന ആശയത്തിന്റെ തനിപ്പകര്‍പ്പാണ് ഈ സംഭവം. എല്ലാ തിന്മകളുടെയും സ്രോതസ്സായി ലഹരി വര്‍ത്തിക്കുന്നു. ലഹരി ഒരു വലിയ വില്ലനായി ഇന്ന് നമ്മുടെ ഇടയിലുണ്ട്. ഇടക്കാലത്ത് സര്‍ക്കാര്‍ തലത്തില്‍ തന്നെ ലഹരിക്കെതിരെ വലിയ കാമ്പയിനുകള്‍ സംഘടിപ്പിച്ചിരുന്നു. ജനസംഖ്യയിലെ വലിയൊരു വിഭാഗം ഏതാണ്ട് ലഹരിയെ നോര്‍മലൈസ് ചെയ്യുന്ന വിധത്തിലാണ് മുന്നോട്ടു പോകുന്നത്. അതില്‍ സിന്തറ്റിക് ലഹരി ഉപയോഗവും നിരോധിത വസ്തുക്കളുടെ ഉപയോഗവും മാത്രമാണ് വാര്‍ത്തയാവുകയോ പിടിക്കപ്പെടുകയോ ചെയ്യുന്നത്.
ലഹരിക്കെതിരെയുള്ള കാമ്പയിന്‍ എന്നാല്‍ അതില്‍ നിന്ന് മദ്യം പടിക്ക് പുറത്താണ് എന്നൊരു അബോധ മനസ്സ് പലര്‍ക്കുമുണ്ട്. സുരക്ഷിത മദ്യപാനം എന്ന പേരില്‍ മദ്യം ആരോഗ്യകരമായ രൂപത്തില്‍ ശീലമാക്കണം എന്നാണ് അത്തരക്കാര്‍ പറയുന്നത്. എന്നാല്‍ മദ്യത്തിന്റെ കാര്യത്തില്‍ അങ്ങനെയൊരു അളവ് ഇല്ല എന്നതാണ് യാഥാര്‍ഥ്യം. സുരക്ഷിതം എന്ന് കരുതുന്ന അളവ് മദ്യപാനത്തിന്റെ ശീലം തുടങ്ങുന്ന നാളുകളില്‍ മാത്രമാണ് ഉണ്ടാവുക. പതിയെ പതിയെ അതിന് അടിമപ്പെടുകയും അളവും വീര്യവും വര്‍ധിക്കുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സിന്തറ്റിക് ലഹരികളെപ്പോലെ വളരെ പെട്ടെന്ന് അഡിക്ഷന്‍ ഉണ്ടാക്കില്ലെങ്കിലും ക്രമേണ ആസക്തിയിലേക്കും ആക്രമണോത്സുകതയിലേക്കും എത്തിക്കാന്‍ മദ്യത്തിനും സാധിക്കും. അതുകൊണ്ട് ലഹരിക്കെതിരായ കാമ്പയിനുകളില്‍ നിയമം മൂലം നിരോധിച്ച ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തെക്കുറിച്ചു മാത്രമല്ല, മദ്യം അടക്കമുള്ള ലഹരികളെക്കുറിച്ചു കൂടി ശക്തമായി പറയേണ്ടതുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാവുന്ന സാഹചര്യം നമ്മുടെ ആശുപത്രികളിലുണ്ടാവണം. അതിന് ആവശ്യമായ നിയമനിര്‍മാണം നടത്തണമെന്ന ഏറെ കാലത്തെ ആവശ്യം നടപ്പിലാക്കാന്‍ ഈ സന്ദര്‍ഭത്തിലെങ്കിലും സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. അത് അനിവാര്യമാണ്. തന്റെ മുന്നിലെത്തുന്ന രോഗിയുടെ ജീവന്‍ രക്ഷിക്കാനും രോഗം ഭേദപ്പെടുത്താനുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ ശ്രദ്ധിക്കുക. ഇതിനിടയില്‍ സംഭവിക്കുന്ന ബോധപൂര്‍വമല്ലാത്ത വീഴ്ചകളുടെ പേരില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്ന സ്ഥിതിയുണ്ടാവരുത്. അതേ സമയം, ചികിത്സക്കെത്തുന്ന രോഗികള്‍ക്കും അവകാശങ്ങളുണ്ട്. രോഗികളുടെ അവകാശപത്രിക സംബന്ധിച്ച കരട് സര്‍ക്കാറിന് മുന്നിലുണ്ട്.
സര്‍ജറിക്കിടെ കത്രിക മറന്നുവെച്ചതിന്റെ പേരില്‍ വര്‍ഷങ്ങളോളം വേദന തിന്നുജീവിക്കുന്ന ഒരാള്‍ ഈ ദിവസങ്ങളില്‍ സമരത്തിലാണ്. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ രോഗികളുടെ അവകാശം സംബന്ധിച്ച നിയമവും പ്രാബല്യത്തില്‍ വരേണ്ടതുണ്ട്. ആരോഗ്യപ്രവര്‍ത്തകരും രോഗിയും രോഗിയുടെ ബന്ധുക്കളും പരസ്പരം ശത്രുതയില്‍ കഴിയേണ്ടവരല്ല. വസ്തുതകളെ ബോധ്യപ്പെടുത്താനും യാഥാര്‍ഥ്യം തിരിച്ചറിയാനും അനുയോജ്യമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാനും ഇരുകൂട്ടര്‍ക്കുമിടയില്‍ ഫലപ്രദമായ ആശയവിനിമയം ഉണ്ടാവണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യാന്‍ ആവശ്യമായ നിയമവും സംവിധാനവും, രോഗികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന സമീപനവും ഇവിടെ ഉണ്ടാവണം.

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x