22 Wednesday
March 2023
2023 March 22
1444 Ramadân 0

ജാഗരൂകരാവുക; ലഹരി മാഫിയകള്‍അടുത്തുണ്ട്‌

ആപത്താണെന്നു പറഞ്ഞു പഠിപ്പിച്ച നാവിനെ ഇപ്പോള്‍ ട്രെന്‍ഡാണെന്ന് വിശ്വസിപ്പിച്ചു സമൂഹത്തില്‍ വലിയ ഇടം നേടിയ ഒന്നാണല്ലോ ലഹരി. ലഹരി ആരോഗ്യത്തിനു ഹാനികരം എന്നു വായിക്കാത്ത ഒരു ചുണ്ടും ഉണ്ടെന്നു തോന്നുന്നില്ല. പക്ഷേ, ആ വായന ചുണ്ടില്‍ മാത്രം ഒതുങ്ങി എന്നതാണ് സത്യം. മനസ്സിനെയോ ശരീരത്തെയോ പറഞ്ഞു പഠിപ്പിക്കാന്‍ കഴിയാത്ത ഈ വാക്യം വെറുതെയങ്ങ് വായിക്കുന്നതില്‍ എന്ത് പ്രയോജനമെന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
ഓരോ ദിവസത്തെ വാര്‍ത്തകളും ആശങ്ക സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. നവമാധ്യമങ്ങളുടെ അമിതമായ ഉപയോഗം മൂലം നമ്മുടെ കുഞ്ഞുങ്ങളെ വലവീശിപ്പിടിക്കാന്‍ കൈയെത്തും ദൂരത്ത് ഒരു ശക്തമായ ലഹരിമാഫിയ ഉണ്ടെന്ന ബോധം നമുക്ക് ഉണ്ടാവേണ്ടതാണ്. കുഞ്ഞുങ്ങളെ അയക്കുന്ന വിദ്യാലയങ്ങളില്‍ പോലും അവരെ വശത്താക്കാന്‍ പലരും പാത്തും പതുങ്ങിയുമിരിപ്പുണ്ട്. ഇന്ന് ആണ്‍കുട്ടികളെ പോലെത്തന്നെ പെണ്‍കുട്ടികളും ലഹരി ഉപയോഗിക്കുന്നുണ്ട്.
നമ്മുടെ കുഞ്ഞുങ്ങളാണ് നാളത്തെ പൗരന്മാര്‍. അവര്‍ക്ക് മികച്ച വിദ്യാലയവും വിദ്യാഭ്യാസവും ഉറപ്പിക്കല്‍ നമ്മുടെ ഉത്തരവാദിത്തമാണ്. മക്കളെ സ്വാതന്ത്ര്യവും ഒപ്പം നിയന്ത്രണവും കൊടുത്താണ് വളര്‍ത്തേണ്ടത്. അവര്‍ പോകുന്ന വഴിയും ഇടപഴകുന്ന കൂട്ടുകാരെയും നാം കൃത്യമായി നിരീക്ഷിക്കേണ്ടതുണ്ട്. അവരെ തെറ്റേത് ശരിയേത് എന്ന് പഠിപ്പിക്കേണ്ടതുണ്ട്.
എന്റെ മകന്‍ ഒരിക്കലും അങ്ങനെ ചെയ്യില്ല എന്നടിവരയിട്ട് പറയും മുമ്പ് സ്വയം ഒന്ന് വിലയിരുത്തേണ്ടതുണ്ട്. മക്കളെ കൂടുതലറിയേണ്ടതുണ്ട്. മക്കളില്‍ പലപ്പോഴും കണ്ടുവരുന്ന പെട്ടെന്നുള്ള മാറ്റത്തെ കുറിച്ചറിയണം. ലഹരിയിലേക്ക് വ്യതിചലിക്കുന്ന കുട്ടികളില്‍ സ്വഭാവമാറ്റവും പഠനത്തിലെ പിന്നാക്കാവസ്ഥയും ഏകാന്തതയും സംസാരക്കുറവും ഭക്ഷണക്കുറവുമെല്ലാം കണ്ടേ ക്കാം.
ശരീരത്തില്‍ സൂചി കുത്തിയ അടയാളമോ മുറിയില്‍ ദുര്‍ഗന്ധമോ ശരീരത്തില്‍ നിറവ്യത്യാസമോ ഉണ്ടോയെന്ന് കൃത്യമായി നിരീക്ഷിക്കണം. അങ്ങനെ തോന്നിയാല്‍ സ്‌നേഹത്തോടെ അവനെ തിരിച്ചു കൊണ്ടുവരാം. ഇനി തനിക്ക് പറ്റുന്നതിലും അപ്പുറത്തേക്ക് അവന്റെ ശീലം വളര്‍ന്നുവെന്നു തോന്നിയാല്‍ അധ്യാപകരുടെയോ സൈക്യാട്രിസ്റ്റിന്റെയോ ഡീഅഡിക്ഷന്‍ സെന്ററുകളുടെയോ സഹായം തേടുക.
എന്നും നമ്മള്‍ മക്കള്‍ക്ക് മാതൃകയാവണം. മക്കള്‍ക്കെന്തും തുറന്നുപറയാനുള്ള ഒരിടം നമ്മള്‍ക്കിടയില്‍ ഉണ്ടാവുമ്പോള്‍ നല്ല പാത അവര്‍ സ്വീകരിക്കും. തെറ്റിലേക്കുള്ള വഴിയിലേക്കവര്‍ നീങ്ങാന്‍ ഭയക്കും. ഓരോ രക്ഷിതാവിന്റെയും പ്രയത്‌നം മൂലം നമുക്ക് നമ്മുടെ സമൂഹത്തെ ഭദ്രമാക്കാം, ലഹരിവിമുക്തമായ സമൂഹം സൃഷ്ടിക്കാം.
മുര്‍ഷിനിയാസ് സി
ഓമാനൂര്‍

0 0 vote
Article Rating
Back to Top
0
Would love your thoughts, please comment.x
()
x