17 Thursday
July 2025
2025 July 17
1447 Mouharrem 21

ഡ്രൈവിംഗ് ടെസ്റ്റും റോഡ് സംസ്‌കാരവും

മുഹമ്മദ് നസീം

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങളാണ് ഉണ്ടായത്. ഒരു പരിഷ്‌കാരവും വേണ്ട, ഇപ്പോഴുള്ളതുതന്നെ ധാരാളം എന്നു പറയുന്നവരും, ടെസ്റ്റിന്റെ പോരായ്മയാണ് ഡ്രൈവിങ് പാളിച്ചകള്‍ക്ക് കാരണമെന്നു കരുതുന്നവരും രംഗത്തുണ്ട്. ഡ്രൈവിങ് അറിയാത്തവര്‍ക്കും ലൈസന്‍സ് കിട്ടുന്നു എന്ന യാഥാര്‍ഥ്യം നിലനില്‍ക്കെത്തന്നെ, അതു മാത്രമാണോ പ്രശ്‌നം എന്ന ആലോചന പ്രസക്തമാണ്. നിലവിലെ ടെസ്റ്റുകള്‍ ഡ്രൈവിംഗിനു വേണ്ട നൈപുണി കൃത്യമായി അളക്കാന്‍ പര്യാപ്തമല്ല എന്നത് ശരിയാണ്. അത് പരിഷ്‌കരിക്കേണ്ടതുണ്ട്. കയറ്റത്തില്‍ നിര്‍ത്തിയ വണ്ടി നീക്കാന്‍ ശ്രമിക്കുമ്പോള്‍ പിന്നോട്ട് ഉരുളുക, റിവേഴ്‌സ് പാര്‍ക്ക് ചെയ്യാന്‍ കഴിയാതെവരിക എന്നിങ്ങനെ പല പ്രശ്‌നങ്ങളും പരിഹരിക്കാന്‍ പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് കൊണ്ട് കഴിഞ്ഞേക്കും. ശരിയായ റോഡു പെരുമാറ്റം അറിയാത്തതുകൊണ്ട് മാത്രം ചെയ്യാത്തവര്‍ക്ക് അത് തിരുത്താനും ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം ഉപകരിച്ചേക്കും.
അതോടൊപ്പം നമ്മുടെ റോഡ് സംവിധാനം എത്രത്തോളം കാര്യക്ഷമമാണ് എന്ന ചോദ്യവും വളരെ പ്രസക്തമാണ്. വേണ്ടത്ര വീതിയില്ലാത്ത, മികച്ചതല്ലാത്ത റോഡുകള്‍ കൂടി പരിഷ്‌കരിക്കേ ണ്ടതുണ്ട്, ഒപ്പം ഓടകളും. എന്നാല്‍, വാഹനത്തെ കൃത്യമായി കൈകാര്യം ചെയ്യാന്‍ അറിയാത്തതല്ല നമ്മള്‍ റോഡില്‍ നേരിടുന്ന പ്രധാന പ്രശ്‌നം. അത് റോഡു പെരുമാറ്റത്തിലെ അഹങ്കാരമാണ്, നിയമങ്ങളോടുള്ള പുച്ഛമാണ്. അമിതവേഗം, വരിയും സൈഡും തെറ്റിച്ച് ഓടിക്കല്‍, സിഗ്നല്‍ തെറ്റിക്കല്‍, വണ്‍വേ തെറ്റിച്ച് പോകല്‍, അലക്ഷ്യമായ പാര്‍ക്കിങ്, ഫുട്പാത്തിലൂടെ വണ്ടിയോടിക്കല്‍, മദ്യപിച്ച് വണ്ടിയോടിക്കല്‍ എന്നിങ്ങനെ റോഡില്‍ അപകടമാകുന്ന മിക്ക കാര്യങ്ങള്‍ക്കും ഡ്രൈവിങ് സ്‌കില്ലുമായല്ല, ഡ്രൈവിങ് മനോഭാവവുമായിട്ടാണ് ബന്ധം. പരിഷ്‌കരണ ത്വരക്കാര്‍ ഇക്കാര്യങ്ങള്‍ കൂടി അറിയേണ്ടതുണ്ട്.

Back to Top