23 Saturday
November 2024
2024 November 23
1446 Joumada I 21

ദൃശ്യവും അദൃശ്യവും ഇസ്‌ലാമിക സമീപനം

അബ്ദുല്‍അലിമദനി


ഒട്ടനേകം സൃഷ്ടികളില്‍ മനുഷ്യന്‍ തികച്ചും വിഭിന്നനാണ്. ഖുര്‍ആന്‍ 95:4ല്‍ മനുഷ്യ സൃഷ്ടിപ്പിലെ അത്ഭുതകരമായ ഘടനയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ഖുര്‍ആന്‍ 17:70ല്‍ മനുഷ്യനെ ആദരിച്ചതും, 2:30ല്‍ ഖലീഫയാക്കിയതുമെല്ലാം വിശദമാക്കുന്നതിനിടയില്‍ അല്ലാഹു മനുഷ്യര്‍ക്കു വേണ്ടതെല്ലാം സൃഷ്ടിച്ചിട്ടുണ്ടെന്ന കാര്യം എടുത്തുപറയുന്നത് കാണാം (ഖു:2:29).
അല്ലാഹു പ്രപഞ്ചത്തെ സംവിധാനിച്ചതിനെപ്പറ്റിയും മനുഷ്യനെന്ന സൃഷ്ടിയുടെ പ്രത്യേകതകളെപ്പറ്റിയും ഓര്‍മിക്കപ്പെടുമ്പോള്‍ മനുഷ്യന്‍ നിര്‍വഹിക്കേണ്ടതും പൂര്‍ത്തീകരിക്കേണ്ടതുമായ കടമകളും കര്‍ത്തവ്യങ്ങളും കടപ്പാടുകളുമെല്ലാം എണ്ണിയെണ്ണി പറയുന്നത് കാണാം. അല്ലാഹുവിന്റെ അപാരമായ കഴിവിനെപ്പറ്റിയും അവന്‍ മനുഷ്യര്‍ക്ക് നല്‍കിയ അനുഗ്രഹങ്ങളുടെ വിലയും നിലയും ഉള്‍ക്കൊണ്ട് ജീവിതത്തെ മഹത്തരമാക്കുകയും അതുവഴി മോക്ഷം പ്രാപിക്കുകയും ചെയ്യും വിധമാണ് മനുഷ്യനെ രൂപപ്പെടുത്തിയിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ അതിലേക്കാണ് വെളിച്ചം പകരുന്നത്. ‘ജിന്നിനെയും ഇന്‍സിനെയും എന്നെ മാത്രം ആരാധിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ലെ’ന്ന് ഖുര്‍ആന്‍ ഉദ്‌ഘോഷിക്കുന്നുണ്ട് (ഖു: 51: 56). ‘ആകാശത്തെയും ഭൂമിയെയും അവ രണ്ടിനുമിടയിലുള്ളതിനെയും നാം കളിയായിക്കൊണ്ട് സൃഷ്ടിച്ചതല്ല’ (ഖു: 21:16) എന്നും അല്ലാഹു പ്രഖ്യാപിക്കുന്നുണ്ട്.
പ്രപഞ്ചസംവിധാനത്തെപ്പറ്റിയും മനുഷ്യസൃഷ്ടിപ്പിലെ അത്ഭുതങ്ങളുമെല്ലാം ഓര്‍മപ്പെടുത്തിക്കൊണ്ട് തുടക്കം മുതല്‍ ഒടുക്കം വരെ ഖുര്‍ആന്‍ പരമമായൊരു സത്യം തുറന്നുപറയുന്നുണ്ട്. മുഴുവന്‍ കാര്യങ്ങളും അനായാസേന മനുഷ്യര്‍ക്ക് നല്‍കിയ ബുദ്ധി കൊണ്ട് കണ്ടെത്താനാവില്ലെന്ന പരമസത്യമാണ് അത്. ജീവികളുടെയും മനുഷ്യരുടെയും ശരീരത്തില്‍ കുടികൊള്ളുന്ന ആത്മാവ് എന്ന പ്രതിഭാസത്തെപ്പറ്റി അതൊരു പരമസത്യമായിട്ടും നാളിതുവരെ മനുഷ്യബുദ്ധി കൊണ്ട് ആര്‍ക്കാണ് കണ്ടെത്താന്‍ കഴിഞ്ഞത്? ശാസ്ത്രലോകം നിസ്സഹായതയോടെ നോക്കിക്കാണുന്ന ഈ പ്രതിഭാസത്തെപ്പറ്റി ഖുര്‍ആന്‍ പറയുന്നു:
”നിന്നോട് അവര്‍ ആത്മാവിനെപ്പറ്റി ചോദിക്കുന്നു. പറയുക: ആത്മാവ് എന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ പെട്ടതാകുന്നു. അറിവില്‍ നിന്ന് അല്‍പമല്ലാതെ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടില്ല” (ഖു: 17:85). മനുഷ്യരുടെ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടും ഗവേഷണശാലകള്‍ കൊണ്ടും കണ്ടെത്താന്‍ കഴിയാത്ത ഒട്ടനേകം വസ്തുതകള്‍ പ്രവാചകന്മാരിലൂടെ അറിയിച്ചിട്ടും പ്രവാചകന്മാര്‍ക്കു പോലും പറയാന്‍ കഴിയാത്ത അറിവുകള്‍ നിലകൊള്ളുന്നുണ്ടെന്ന പരമസത്യം ഖുര്‍ആന്‍ ബോധ്യപ്പെടുത്തുന്നുണ്ട്. മനുഷ്യബുദ്ധിയുടെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി അത്തരം അറിവുകള്‍ പ്രസിദ്ധമാണ്. പ്രവാചകന്മാരിലൂടെ ലഭിക്കുന്ന അറിവുകള്‍ മനുഷ്യരുടെ കണ്ടെത്തലുകള്‍ക്കപ്പുറത്തുള്ളതാണ്. പ്രവാചകന്മാര്‍ക്കു തന്നെയും സ്വയം അറിയിച്ചുതരാനാവാത്ത വസ്തുതകളും ധാരാളമാണ്. അത്തരം ഘട്ടങ്ങളില്‍ പ്രവാചകന്മാര്‍ തങ്ങള്‍ക്ക് അറിയില്ലെന്ന് തുറന്നു സമ്മതിക്കുന്നതും കാണാം.
ഇസ്‌ലാം മനുഷ്യരുടെ ഐഹികവും പാരത്രികവുമായ രക്ഷയ്ക്കും മോക്ഷത്തിനും അടിസ്ഥാനപരമായി ഓര്‍മപ്പെടുത്തുന്നത് സത്യവിശ്വാസവും സത്കര്‍മങ്ങള്‍ അവലംബിക്കാനുമാണ്. സാങ്കേതികമായി ‘അല്‍ഈമാനു വല്‍ അഅ്മാലുസ്സാലിഹ’ എന്നാണതിന് പ്രയോഗിച്ചത്. ഈ കാര്യം ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഖുര്‍ആനും സുന്നത്തും ഊന്നിപ്പറഞ്ഞതാണ്. ഇവയെ സംബന്ധിച്ചെല്ലാം തന്നെ അനവധി വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും കാണാം.
മനുഷ്യര്‍ക്കിടയില്‍ പൊതുവായും വിശ്വാസികള്‍ക്കിടയില്‍ പ്രത്യേകമായും ഒട്ടേറെ ചിന്തകളും ആശയധാരകളും ഇതിനെ ആസ്പദമാക്കി രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം സംഭവിച്ച തര്‍ക്കങ്ങളും സംവാദങ്ങളും നിമിത്തം വിഭാഗീയതകളും ഉടലെടുത്തിട്ടുണ്ട്. ആയതിനാല്‍ ഈമാനും ശരീഅത്തുമെല്ലാം പ്രവാചകനില്‍ നിന്ന് നേരിട്ട് പഠിക്കണമെന്നാണ് മതം പ്രത്യേകം നിര്‍ദേശിച്ചത്.
എന്താണ് ഗൈ്വബ്?
ഇസ്‌ലാമിക വിശ്വാസകാര്യങ്ങളെല്ലാം അന്തിമ വിശകലനത്തില്‍ മറഞ്ഞതിലും അദൃശ്യമായതിലും ഉള്ളതാണ്. അഥവാ ‘ഗൈബി’യായവയാണ്. ദൃശ്യമായവയും പഞ്ചേന്ദ്രിയങ്ങള്‍ക്ക് പ്രാപ്യമായതും ഭൗതിക പദാര്‍ഥ സൃഷ്ടികളായി പ്രകടമായവയും വിശ്വാസകാര്യങ്ങളുമായി ബന്ധപ്പെടുത്തി പറയില്ല. ഈ പ്രപഞ്ചത്തില്‍ ദൃശ്യമായിട്ടുള്ള സൂര്യനും ചന്ദ്രനും നക്ഷത്രക്കൂട്ടങ്ങളും ഗോളങ്ങളും വിമാനങ്ങളും റോക്കറ്റുകളും കായ്കനികളും ധാന്യങ്ങളും ലായനികളുമൊന്നും തന്നെ ഉള്ളതായി ആരും വിശ്വസിക്കുന്നു എന്നു പറയാറില്ലല്ലോ. കാരണം അത്തരം പ്രതിഭാസങ്ങളൊന്നും വിശ്വാസകാര്യങ്ങളുടെ പരിധിയില്‍ വരുന്നവയല്ല. അതുകൊണ്ടുതന്നെ വിശ്വാസമെന്നത് മറഞ്ഞതിലും അദൃശ്യമായതിലും അഭൗതികമായതിലുമാണെന്ന് സിദ്ധാന്തിക്കുന്നു.
ഖുര്‍ആന്‍ ആദ്യഭാഗത്തുതന്നെ അതിന്റെ സന്മാര്‍ഗം ഫലവത്താക്കുന്നവരെപ്പറ്റി വിലയിരുത്തുന്നത് അവര്‍ ‘ഗൈബി’ല്‍ വിശ്വസിക്കുന്നവരായിരിക്കുമെന്നാണ്. അഥവാ ദൃശ്യവും ഗോചരവും പ്രാപ്യവുമായതില്‍ മാത്രമേ താന്‍ വിശ്വസിക്കുകയുള്ളൂ എന്ന് ശാഠ്യം പുലര്‍ത്തുന്നവര്‍ക്ക് വിശുദ്ധ ഖുര്‍ആനിന്റെ സന്മാര്‍ഗ ദര്‍ശനം ഫലിക്കില്ലെന്നാണ് അതിന്റെ ധ്വനി (വി.ഖു: 2:3). ഖുര്‍ആനിലൂടെ വിശദമാക്കിയ മാലാഖമാര്‍, ജിന്നുകള്‍, പിശാചുകള്‍, ആത്മാവ് തുടങ്ങിയവയെല്ലാം ‘ഗൈബി’യായവയിലുള്ളവയാണ്. സ്വര്‍ഗം, നരകം, ദൈവവിധി, വിചാരണ, പരലോകം എന്നിവയെ അംഗീകരിക്കുന്നതും അദൃശ്യവും ഭൗതികവും പഞ്ചേന്ദ്രിയാതീതവുമായ വിഷയവുമായി ബന്ധമുള്ളതാണ്.
ഈമാന്‍ എന്നാല്‍ ‘ഗൈബി’ലുള്ള വിശ്വാസമാണെന്നാണ് ഇസ്‌ലാം ഉദ്‌ഘോഷിക്കുന്നത്. സത്യമായതും അസത്യമായതുമേതെന്ന് വിവരിക്കുന്നതോടൊപ്പം ആചാരമേത് അനാചാരമെന്ത് എന്നെല്ലാം വിശദമാക്കുന്നുണ്ട്. ഖുര്‍ആന്‍ പഠിപ്പിക്കുന്ന ‘ഗൈബി’ലുള്ള വിശ്വാസമെന്നാല്‍ സങ്കല്‍പങ്ങളും ദുരൂഹതകളും അനുഭവ്യമായതും കൂടിക്കലര്‍ത്തുന്നതുമല്ല.
ഇത്തരം അദൃശ്യമായതിലുള്ള യാഥാര്‍ഥ്യങ്ങള്‍ രണ്ടു വിധമുള്ളതായി ഇസ്‌ലാമിക പണ്ഡിതന്മാര്‍ വിവരിച്ചതു കാണാം. ഒന്ന്: അല്ലാഹു മാത്രം അധീനമാക്കിയവ. രണ്ട്: അല്ലാഹു അറിയിച്ചാല്‍ അറിവാകുന്നതും ആപേക്ഷികമായതുമായവ.
അല്ലാഹു അറിയിക്കുന്നത് എന്നാല്‍ പ്രവാചകന്മാരിലൂടെ ജനങ്ങള്‍ക്ക് അറിവായി ലഭിക്കുന്ന ഗൈബിയായ കാര്യങ്ങളായിരിക്കും. അല്ലാഹു മാത്രം അറിഞ്ഞ, അധീനപ്പെടുത്തിയ ഗൈബിയായതൊന്നും ഗവേഷണ നിരീക്ഷണങ്ങളിലൂടെ ആര്‍ക്കും കണ്ടെത്താന്‍ സാധ്യമാവാത്തതും മറഞ്ഞതുമായ കാര്യങ്ങളാണ്. ഇതുമായി ബന്ധപ്പെടുത്തി ഖുര്‍ആന്‍ സൂചിപ്പിക്കുന്ന ചിലത് ഇങ്ങെനയാണ്:
”തീര്‍ച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെപ്പറ്റിയുള്ള അറിവ്. അവന്‍ മഴ പെയ്യിക്കുന്നു. ഗര്‍ഭാശയങ്ങളിലുള്ളത് അവന്‍ അറിയുകയും ചെയ്യുന്നു. നാളെ താന്‍ എന്താണ് പ്രവര്‍ത്തിക്കുക എന്ന് ഒരാളും അറിയില്ല. താന്‍ ഏത് നാട്ടില്‍ വെച്ചാണ് മരിക്കുക എന്നും ഒരാളും അറിയുകയില്ല. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു” (ഖു: 31:34).
അതെ, ഈ സൂക്തങ്ങളിലുള്ള വസ്തുതകളെപ്പറ്റി നാഥനായ അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും സമ്പൂര്‍ണമായൊരറിവും നല്‍കാനാവില്ല തന്നെ.
ഖുര്‍ആന്‍ വ്യക്തമാക്കുന്നു: ”അവന്റെ പക്കലാകുന്നു അദൃശ്യകാര്യത്തിന്റെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല” (ഖു: 6: 59).
ശാസ്ത്രലോകത്തുള്ളവര്‍ക്കോ ജ്യോത്സ്യ ഗണിതക്കാര്‍ക്കോ സിദ്ധന്മാര്‍ക്കോ മാരണക്കാര്‍ക്കോ പറയാന്‍ കഴിയാത്ത ഒട്ടനവധി മറഞ്ഞ കാര്യങ്ങളുണ്ട്. നിഗൂഢമായ അത്തരം അറിവുകളെ സംബന്ധിച്ച് പ്രവചിക്കാന്‍ കഴിയുന്നവരാണെന്ന് പ്രചരിപ്പിച്ച് ഉപജീവനം കഴിക്കുന്ന സമര്‍ഥരുമുണ്ട്. സ്രഷ്ടാവിനല്ലാതെ മറ്റാര്‍ക്കും അറിയാത്തതാണിതെല്ലാം.
അല്ലാഹുവിന്റെ നാമവിശേഷണങ്ങളായി ഖുര്‍ആന്‍ എടുത്തുപറയുന്നത് ഇപ്രകാരമാണ്: ”അവനു മാത്രമാകുന്നു ആധിപത്യം. അദൃശ്യവും ദൃശ്യവും അറിയുന്നവനാണവന്‍. അവന്‍ യുക്തിമാനും സൂക്ഷ്മജ്ഞനുമത്രേ” (ഖു: 6:73). ”പിന്നീട് അദൃശ്യവും ദൃശ്യവും അറിയുന്നവന്റെ അടുത്തേക്ക് നിങ്ങള്‍ മടക്കപ്പെടുന്നതാണ്” (ഖു: 9:94), ”അദൃശ്യവും ദൃശ്യവും അറിയുന്നവനും പ്രതാപിയും കരുണാനിധിയുമാകുന്നു അവന്‍” (ഖു: 32:6).
”താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു” (ഖു: 59:22). ”അവന്‍ അദൃശ്യം അറിയുന്നവനാണ്. എന്നാല്‍ അവന്‍ തന്റെ അദൃശ്യജ്ഞാനം യാതൊരാള്‍ക്കും വെളിപ്പെടുത്തിക്കൊടുക്കുകയില്ല, അവന്‍ തൃപ്തിപ്പെട്ട വല്ല ദൂതനുമല്ലാതെ” (ഖു: 72:26). പ്രവാചകനോട് അദൃശ്യജ്ഞാനമറിയില്ലെന്ന് പറയാന്‍ അല്ലാഹു കല്‍പിക്കുന്നത് കാണുക: ”(നബിയേ) പറയുക: എന്റെ സ്വന്തം ദേഹത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനതയില്‍ പെട്ടതല്ല, അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യകാര്യം അറിയാമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു” (ഖു: 7:188). കാര്യം ഇങ്ങനെയാണെന്നിരിക്കെ സ്വബോധമില്ലാത്ത എത്രയെത്ര വ്യാജസിദ്ധന്മാരാണ് ഇതിനൊക്കെ അവര്‍ക്ക് കഴിയുമെന്ന് വാദിക്കുന്നത്?
അടിസ്ഥാനപരമായി മാലാഖമാര്‍, ജിന്നുകള്‍, പ്രവാചകന്മാര്‍, പുണ്യവാന്മാര്‍, ദാവൂദ് നബി, സുലൈമാന്‍ നബി എന്നിവരൊന്നും ‘ഗൈബ്’ അറിയുന്നവരല്ലെന്നാണ് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നത്. ‘ഹക്കീക്കിയ’യായ അഥവാ പരമ യാഥാര്‍ഥ്യമായതും അല്ലാഹു മാത്രം അറിയുന്നതുമായ അദൃശ്യകാര്യങ്ങളില്‍ പെട്ടതാണ് അല്ലാഹു നബിമാരിലൂടെ അറിയിക്കാന്‍ സാധ്യതയുള്ളത്. എന്നാല്‍ ആപേക്ഷികമായി അദൃശ്യമായതും ഗവേഷണ പഠനത്തിലൂടെ അറിയാന്‍ കഴിഞ്ഞേക്കാവുന്നതുമായ ‘ഗൈബി’ല്‍ എല്ലാവരും ഒരേപോലെയുമാണ്.
അതാണ് നബി(സ)യോട് ”നിനക്ക് നാം സന്ദേശമായി നല്‍കുന്ന അദൃശ്യ വാര്‍ത്തകളില്‍ പെട്ടതത്രേ അത്” എന്ന് (ഖു: 3:44, 12:102) വചനങ്ങളില്‍ പറഞ്ഞത്. മഹാന്മാരുടെ ജീവിതത്തില്‍ എത്രയോ അനുഭവങ്ങള്‍ തെളിവായി നമുക്ക് വായിച്ചെടുക്കാന്‍ കഴിയും. അവരൊന്നും ഇഷ്ടപ്പെടുമ്പോള്‍ അറിയിക്കാന്‍ സാധിക്കും വിധമല്ല അദൃശ്യ കാര്യങ്ങളെന്ന വസ്തുത. വരാനിരിക്കുന്ന ഒന്നും അവര്‍ക്ക് അല്ലാഹു പ്രത്യേകം അറിയിെച്ചങ്കിലല്ലാതെ പറഞ്ഞുതരാനാകില്ല.
ആദമിനും ഹവ്വാക്കും സ്വര്‍ഗത്തില്‍ വെച്ചുണ്ടായ അനുഭവങ്ങള്‍ നേരത്തേ അവര്‍ക്ക് അറിയില്ല. നൂഹിന്റെ (അ) കാലത്തു സംഭവിച്ച തൂഫാനിനെക്കുറിച്ച് നേരത്തെ അദ്ദേഹം അറിഞ്ഞിരുന്നില്ല. ഇബ്രാഹീം(അ), ലൂത്ത്(അ), യഅ്ഖൂബ്(അ), ഈസാ(അ), മൂസാ(അ) നബിമാരൊന്നും അദൃശ്യജ്ഞാനങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിവുള്ളവരായിരുന്നില്ലെന്നതിന് അവരുടെ ജീവിതാനുഭവങ്ങള്‍ സാക്ഷിയാണ്. മര്‍യം(റ), ആയിശ(റ) എന്നിവര്‍ക്കും ഗൈബറിയില്ലെന്ന് വ്യക്തമാണ്. പ്രവാചകന്‍ മുഹമ്മദ് നബി(സ)ക്കും അബൂബക്കര്‍(റ), ഉമര്‍(റ), ഉസ്മാന്‍(റ), അലി(റ), ഹംസ(റ), മുസ്അബ്(റ), ബിലാല്‍(റ), ത്വല്‍ഹത്ത്(റ), സുബൈര്‍(റ) എന്നിവര്‍ക്കാര്‍ക്കും ഗൈബറിയില്ലെന്ന് ചരിത്രപാഠങ്ങളില്‍ നിന്നു വ്യക്തമാണ്. അവരില്‍ ചിലര്‍ ഘാതകരാല്‍ വധിക്കപ്പെടുന്ന കാര്യം പോലും അവര്‍ മുന്‍കൂട്ടി അറിഞ്ഞവരല്ല.
കാര്യം ഇങ്ങനെയൊക്കെയായിട്ടും മുസ്‌ലിംകളില്‍പ്പെട്ട ചിലര്‍ തന്നെ ജ്യോതിഷം, പണിക്കര്‍, സിദ്ധന്‍, കുറവന്‍, കുറത്തി, ബീവി, ബാബ എന്നിവരില്‍ പലര്‍ക്കും ഗൈബറിയുമെന്ന് വിശ്വസിക്കുന്നു. അഗ്‌നിപര്‍വതങ്ങള്‍ പൊട്ടുന്നതും സുനാമി, ഭൂകമ്പം, കൊടുങ്കാറ്റ് എന്നിവയെക്കുറിച്ചും ആര്‍ക്കും വിവരമറിയിക്കാനാവുന്നില്ല. ഭാവി, ഭൂതം എന്നിവ പ്രവചിക്കാനറിയുമെന്ന് വാദിക്കുന്ന ഒരാള്‍ക്കും തന്റെ സ്വന്തം ഭാവിയും ഭൂതവും പറഞ്ഞുതരാന്‍ കഴിയില്ല. ഏലസ്സ്, നൂല്‍, തകിട് എന്നിവയിലൂടെ കൈരേഖക്കാരും കുറത്തികളും ഭാവി പറയാനറിയുന്നവരായി വിലസുന്നുണ്ട്.
അന്ധവിശ്വാസങ്ങളുടെ വിപണി തുറക്കപ്പെട്ടിട്ടുള്ളത് അദൃശ്യവും അഭൗതികവും മറഞ്ഞതുമായ സംഗതികളുടെ മറവിലായാണ്. പ്രവാചകന്മാരും വേദഗ്രന്ഥങ്ങളും മഹാന്മാരും യോഗ്യരുമായ മാതൃകാപുരുഷന്മാരും അറിയിച്ചുതരാത്ത കാര്യങ്ങളുടെ പിന്നാലെയാണ് ദുര്‍ബല വിശ്വാസികള്‍ സഞ്ചരിക്കുന്നത്. തെറ്റായ ദൂരുഹതകള്‍ സ്ഥാപിച്ചെടുക്കാനായി പലരും കിണഞ്ഞു പരിശ്രമിക്കുന്നു. അല്ലാഹു ആര്‍ക്കും അറിയിക്കാതെ ഉടമപ്പെടുത്തിയ അദൃശ്യമായതില്‍ പോലും കയ്യിട്ടുവാരുകയാണ് പുരോഹിതന്മാര്‍.

Back to Top